കോട്ടയം:
കെ.എം മാണിയുടെ മരണത്തോടെ ആരംഭിച്ച കേരളാ കോൺഗ്രസിലെ അധികാര തർക്കം പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു. പാർട്ടിയിൽ പുതിയ നിയമനം കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പാര്‍ട്ടി ജനറൽ സെക്രട്ടറി ജോയ് ഏബ്രഹാം കത്ത് നല്കി. കേരള കോണ്‍ഗ്രസ്-എം ചെയര്മാന് പി.ജെ ജോസഫാണെന്നും, ജോയ് എബ്രഹാം ജനറൽ സെക്രട്ടറിയും ആണെന്നുമാണ് കത്തിൽ പറയുന്നത്. മൂന്ന് എംഎൽഎമാർ തങ്ങൾക്കൊപ്പമെന്നും ജോസഫ് വിഭാഗം കത്തിൽ പറയുന്നുണ്ട്. ജോസ് .കെ. മാണിയെ അറിയിക്കാതെയാണ് ജോസഫ് വിഭാഗത്തിന്റെ പുതിയ നീക്കം.
പി.ജെ ജോസഫിനെ ചെയർമാനായി തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചാൽ പിന്നെ അവരായിരിക്കും ഔദ്യോഗിക പക്ഷം. ജോസ് .കെ. മാണി വിഭാഗം വിമതരാകും. ഇതോടെ ജോസഫ് വിഭാഗത്തിന്റെ നടപടികളില്‍ ജോസ്.കെ.മാണി വിഭാഗം കടുത്ത അമര്ഷത്തിലായിരിക്കുകയാണ്. നിയമസഭ സമ്മേളനത്തിൽ പി.ജെ. ജോസഫിന് കക്ഷി നേതാവിന്റെ കസേര നൽകിയത് സംബന്ധിച്ച് ജോസ്.കെ.മാണി പക്ഷം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
ചെയർമാനെയും പാർലമെന്ററി പാർട്ടി ലീഡറെയും തിരഞ്ഞെടുക്കാൻ കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി യോഗം വിളിക്കണമെന്ന് വർക്കിങ് ചെയർമാൻ പി.ജെ. ജോസഫിനു ജോസ്.കെ.മാണി വിഭാഗം കത്തു നൽകിയിട്ടുണ്ട്. പക്ഷെ സംസ്ഥാന കമ്മറ്റിയിൽ ന്യൂനപക്ഷമായ ജോസഫ് വിഭാഗം അതിനു തയ്യാറല്ല . സംസ്ഥാന കമ്മിറ്റി യോഗം വിളിക്കാതെ, പാർലമെന്ററി പാർട്ടി, ഹൈപവർ കമ്മിറ്റി യോഗങ്ങൾ കൊച്ചിയിൽ ചേരാനാണു ജോസഫ് വിഭാഗത്തിന്റെ തീരുമാനം.
സെക്രട്ടറിയായ ജോയ് എബ്രഹാമിനെ തങ്ങളുടെ പക്ഷത്തേക്ക് എത്തിക്കാനായതു ജോസഫ് വിഭാഗത്തിന് നേട്ടമായിട്ടുണ്ട്. സി.എഫ് തോമസും, മോൻസ് ജോസഫുമടക്കം മൂന്ന് എംഎൽഎമാരുടെ പിന്തുണയും ജോസഫ് വിഭാഗം അവകാശപ്പെടുന്നു. ഈ ബലത്തിലാണ് സംസ്ഥാന കമ്മറ്റി വിളിക്കാതെ തന്നെ പി.ജെ.ജോസഫ് ചെയർമാനാകാൻ ശ്രമിക്കുന്നത്. പക്ഷെ 435 അംഗ സംസ്ഥാന കമ്മിറ്റിയിൽ ഭൂരിപക്ഷം പേരും ജോസ്.കെ. മാണിയെ അനുകൂലിക്കുന്നവരാണ്.
ഇതോടെ വീണ്ടും ഒരു പിളർപ്പിലേക്ക് കേരള കോൺഗ്രസ്സ് പോകുകയാണെന്നാണ് സൂചനകൾ. പക്ഷെ ചെയർമാനും ജനറൽ സെക്രട്ടറിയും മറുപക്ഷത്ത് നിൽക്കുന്നതിനാൽ പാർട്ടി വിടുന്നവർക്ക് കേരള കോൺഗ്രസ് (എം) അംഗത്വവും പാർട്ടി സ്വത്തുക്കളും നഷ്ടമാകും. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള നടപടികളും നേരിടേണ്ടി വരും.