#ദിനസരികള്‍ 772
കടുത്ത പനി. ഇന്നലെ മുതല്‍ തുടങ്ങിയതാണ്. പനി എത്ര പെട്ടെന്നാണ് ശരീരത്തെ ഭാരമില്ലാത്തതാക്കി മാറ്റുന്നത്? ആലില പോലെ വിറച്ചു തുള്ളുന്നു. അതോടൊപ്പം ജലദോഷവുമുണ്ട്. അതുകൊണ്ട് എന്തുപനിയാണെന്ന് വേവലാതി കൊണ്ടില്ല. ഭാര്യ വലിയ കലത്തില്‍ എന്തൊക്കെയോ പച്ചിലകളും വേരുകളും പറിച്ചിട്ട് തിളപ്പിച്ച് ഒരു പുതപ്പ് തലവഴി മൂടിയിരുത്തി ആവി പിടിച്ചു. അങ്ങനെ മൂന്നാലു തവണ ചെയ്തു. പനിയും ജലദോഷവും കുറയുമത്രേ! കുറയട്ടെ, കുറഞ്ഞാല്‍ നല്ലത്. അല്ലെങ്കില്‍ എല്ലാവര്‍ക്കും പനിയും ജലദോഷവും പകര്‍ന്നു കിട്ടും. ആവി പിടിക്കാന്‍ തിളപ്പിക്കാനിട്ടവയുടെ കൂട്ടത്തില്‍ തെരുവപ്പുല്ലുമുണ്ടെന്ന്
തോന്നുന്നു. പുല്‍തൈലത്തിന്റെ നല്ല രസകരമായ ഗന്ധം.
പനിക്കിടക്കയില്‍ എനിക്ക് പലപ്പോഴും കൂട്ടാവുക എന്റെ പ്രിയപ്പെട്ട കവി സച്ചിദാനന്ദനാണ്; എന്റെ പനിക്കാലങ്ങളിലൊക്കെ എന്നെ തണുപ്പിച്ചത് ആ കവിതയുമാണ്. കാരണം ഞാന്‍ പേറുന്ന പനിച്ചൂടിനെക്കാള്‍ വലിയചൂട് എനിക്ക് ആ കവിതകളില്‍ കണ്ടെത്താന്‍ കഴിയുന്നു. നമ്മെ തപിപ്പിക്കുന്ന, പനിപ്പിപ്പിക്കുന്ന ഒരു ഉള്‍ച്ചൂട് സച്ചിദാനന്ദന്റെ കവിതകളുടെ അന്തര്‍ദ്ധാരയായി വര്‍ത്തിക്കുന്നുണ്ട്.
മനുഷ്യന്‍ മനുഷ്യനെ നെഞ്ചോടു ചേര്‍ത്തു പിടിക്കുമ്പോഴാണ് സച്ചിദാനന്ദന്റെ കവിത ചൂടു കണ്ടെത്തുന്നത്. ഇരുട്ടും തണുപ്പും നിറഞ്ഞ നിരാശ ജനകമായ കാലങ്ങളേയും ഈ ചുടുകൊണ്ട് മനുഷ്യപക്ഷത്തേക്ക്
ആകര്‍ഷിച്ചെടുക്കാന്‍ അദ്ദേഹത്തിന് അസാമാന്യമായ പാടവമുണ്ട്. വിരുദ്ധപക്ഷത്തു നിലകൊള്ളുന്നവനോടു പോലും അദ്ദേഹം സംസാരിക്കുന്നത് അതേ ഉള്‍ച്ചൂടൂകൊണ്ടാണ്. നീ എന്നില്‍ നിന്നും നിന്നും അകലുകയാണെങ്കില്‍ നാം ചേര്‍ന്നു നില്ക്കുമ്പോഴുണ്ടാകുന്ന ചൂട് ഇല്ലാതെയാകുന്നുവെന്നും അതുകൊണ്ട് പരമാവധി ചേര്‍ന്നു നില്ക്കുക എന്നാണ് ആ കവിത ആഹ്വാനം ചെയ്യുന്നത്.
അവര്‍ മറ്റാരുമാവില്ല
നിന്റെ സുഹൃത്ത്
സഹവിദ്യാര്‍ത്ഥി
അയല്‍ക്കാരന്‍
പ്രണയി
നിന്റെ സ്വന്തം സഹോദരന്‍
അഥവാ ആര്‍ക്കറിയാം ഒരു പക്ഷേ നീ തന്നെ!
കവിക്ക് ഒരിക്കലും ചേര്‍ന്നു നില്ക്കാനാകാത്ത ഫാസിസത്തോട് സംവദിക്കുമ്പോഴും ചൂടിലൊട്ടിയിരിക്കുന്നവനെപ്പോലും സംശയിച്ചു പോകേണ്ടിവരുന്ന കെട്ട കാലത്തില്‍ നിലകൊള്ളുമ്പോഴും അവനെ അന്യനായി കരുതി അകറ്റി മാറ്റുവാനല്ല അക്കവിത വ്യഗ്രതപ്പെടുന്നത് മറിച്ച് കൂടുതല്‍ കൂടുതല്‍
ചേര്‍ത്തു പിടിക്കുവാനാണ്. അങ്ങനെ മനുഷ്യ പക്ഷത്തിന്റെ ചൂടിലേക്ക് ഇണക്കി നിറുത്തിക്കൊണ്ട് അപരങ്ങളുടെ ഇരുട്ടുകളിലേക്കുള്ള ഒഴുക്കുകള്‍ക്ക് തടയിടുകയാണ് സച്ചിദാനന്ദന്‍.
മഹാഗുരുക്കന്മാരും മഹാകാവ്യങ്ങളും നയിക്കുന്ന ഒരു രാജ്യത്തിന്റെ വര്‍ത്തമാന കാലത്തിരുന്നുകൊണ്ട് നമുക്ക് ആരെയാണ് ഓര്‍മിക്കുക? ഏകലവ്യനേയും ശംബൂകനേയുമല്ലാതെ? ഗുരുക്കന്മാരുടെ
മഹാകാവ്യങ്ങളില്‍ നിന്ന് അവര്‍ വേര്‍പെട്ടു പോയവരാണ്. എന്നാല്‍ വേര്‍പെട്ടു പോയവരാണ് മനുഷ്യന്റെ ഉള്‍ച്ചൂട് നമ്മെ അനുഭവിപ്പിക്കുന്നതും മാനുഷ്യകത്തോടു ചേര്‍ന്നു നില്ക്കുന്നതും. ഏകലവ്യനും ശംബൂകനും അങ്ങനെയാണ് ഒന്നാകുന്നത്. ഒന്നിച്ചു നിറുത്താന്‍ അറിയാത്ത മര്യാദാപുരുഷോത്തമന്മാരും
മഹാഗുരുക്കളും നമുക്ക് വേണ്ട എന്ന തീര്‍പ്പിലേക്ക് അങ്ങനെയാണ് ഏകലവ്യനും ശംബൂകനും എത്തിച്ചേരുന്നത്.
സച്ചിദാനന്ദന്‍ എനിക്ക് ചൂടു പകരുന്നു. പനി ശമിക്കുന്നു. പകല്‍ പടരുന്നു.
മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.
അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.