Sun. Dec 22nd, 2024
#ദിനസരികള്‍ 771

പ്രൊഫസര്‍ എം.എന്‍. വിജയന്‍, കലയുടെ ലോകം, പുതിയ ലോകം എന്ന ലേഖനത്തില്‍ “രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അപചയങ്ങളും വൈഷമ്യങ്ങളും ഒരാന്തരജീവിതത്തിന് ഊന്നല്‍ കൊടുത്തിട്ടുണ്ടിപ്പോള്‍ . അതിനാല്‍ കലകള്‍ കൊണ്ട് കൂടുതലെന്തെങ്കിലും സാധിക്കാം എന്ന ധാരണയ്ക്ക് ആഴം കൂടിയിരിക്കുകയാണ്. ഇപ്പോള്‍ യാഥാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ജീവിതത്തില്‍ മാറ്റം വരുത്തുവാന്‍ കഴിയുന്നില്ല എന്ന ഘട്ടം വരികയും മനുഷ്യന്‍ ഉള്‍വലിഞ്ഞ് കലാപരമായ പ്രതീകവത്കരണത്തിന് തുനിയുകയും ചെയ്യുന്നു. ഇവിടെ മാത്രമല്ല ലോകത്തില്‍ ഇടതുപക്ഷ ഗ്രുപ്പുകളെല്ലാം പണ്ടുള്ളതിലേറെ വിശ്വാസം ഇപ്പോള്‍ കലയിലര്‍പ്പിക്കുന്നുണ്ട്” എന്നെഴുതുന്നുണ്ട്.

ഇത് നമുക്ക് നന്നായി അറിയാവുന്ന ഒട്ടും പുതുമയില്ലാത്ത കാര്യമാണ്. കലയ്ക്ക് സമൂഹത്തില്‍ നന്നായി പ്രവര്‍ത്തിക്കാനും പ്രഹരശേഷിയെ വിനിയോഗിക്കാനും കഴിയുമെന്ന കാര്യം അറിയാവുന്നതുകൊണ്ടുതന്നെയാണ് ഇടതുപക്ഷത്തോട് ഒപ്പം നിരവധി കലാസാംസ്കാരിക സംഘടനകള്‍ നിലനിന്നു പോകുന്നത്. 1930 കള്‍ മുതല്‍ ഈ സംഘടനകള്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിട്ടുണ്ട്. അത്തരം സംഘടനകളെ നമ്മുടെ ആശയപ്രചാരണത്തിന് ഇടതുപക്ഷം വിദഗ്ദ്ധമായി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.

കല കലയ്ക്കുവേണ്ടിയല്ല മറിച്ച് ജീവിതത്തിനു വേണ്ടിയാണ് എന്ന പ്രഖ്യാപനം നടത്തിയ ആ സംഘടനകള്‍, എന്നാല്‍ ഇന്ന് പുലര്‍ത്തുന്ന നിസ്സംഗതകളെ നാം കാണാതിരുന്നു കൂടാ. കേവലം കാട്ടിക്കൂട്ടലുകളായി ഒടുങ്ങിപ്പോകുന്ന പരിപാടികളുണ്ട്. എന്നാല്‍ അവയ്ക്കും അപ്പുറം ചര്‍ച്ച ചെയ്യപ്പെടേണ്ടതായ ആശയങ്ങളെ സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് നിരന്തരം കൊണ്ടുവരുവാനും പ്രശ്നവത്കരിച്ച് സജീവമാക്കി നിലനിറുത്തുവാനും അവര്‍ക്കു കഴിയുന്നില്ല എന്നത് ഖേദകരം തന്നെയാണ്.

ചോദ്യം നേതൃത്വപരമായ പങ്കുവഹിക്കാന്‍ ശേഷിയുള്ള പുരോഗമന കലാസാഹിത്യ സംഘം പോലെയുള്ള സംഘടനകളോടു തന്നെയാണ്. സാധ്യതകളെ പരമാവധി വിനിയോഗിച്ചുകൊണ്ട് സമൂഹത്തില്‍ ഇടപെടേണ്ടുന്ന ഘട്ടങ്ങളില്‍ നിങ്ങള്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്/ചെയ്തുകൊണ്ടിരുന്നത്? നേരിട്ട് രാഷ്ട്രീയം പറയാന്‍ ഏറെ വൈഷമ്യങ്ങളുള്ള ഇക്കാലത്ത് കഥകളിലൂടെ കവിതകളിലൂടെ ചിത്രങ്ങളിലൂടെ തെരുവു നാടകങ്ങളിലൂടെ – അങ്ങനെ നമ്മുടെയൊക്കെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന നിരവധി നിരവധിയായ മേഖലകളിലൂടെ ഇടപെടേണ്ടതിനു പകരം നിരാശജനകമായ മുരടിപ്പുമായി ഏതിരുണ്ട കാലത്തെ വരവേല്ക്കാനാണ് പടുതിരിയുമായി നിങ്ങള്‍ കാത്തുനില്ക്കുന്നത്?

അതുകൊണ്ട് ഇരുണ്ടകാലങ്ങളെ വെല്ലുവിളിച്ചുകൊണ്ട്, ദന്തസിംഹാസനങ്ങളെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് നമ്മുടെ തെരുവുകളില്‍ മനുഷ്യന്‍ പാടണം, ആടണം. അവന്റെ സ്വരസാഗരം തീര്‍ക്കുന്ന ഗര്‍ജ്ജനങ്ങളില്‍ ഉണ്ടുറങ്ങിക്കഴിയുന്ന ന്യായാസനങ്ങള്‍ വിറകൊള്ളണം. അരികുകളിലേക്ക് നീക്കിനിറുത്തപ്പെട്ട മനുഷ്യപ്പറ്റങ്ങളെ നഗരചത്വരങ്ങളിലേക്ക് നാം കയറ്റി നിറുത്തണം. മനുഷ്യരോടൊപ്പം നമ്മളും മനുഷ്യരാകുകതന്നെ വേണം.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *