Sun. Dec 22nd, 2024
#ദിനസരികള്‍ 770

കൊടുങ്കാറ്റുകളൊടുങ്ങിയ കെ.ഇ.എന്‍. സൌമ്യ ശാന്തനായി ചിന്താവിഷ്ടയായ സീത വായിക്കുന്നത് കൌതുകത്തോടെയാണ് കേട്ടു നിന്നത്. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ കേട്ടിട്ട് ഏറെ കാലമായിരിക്കുന്നു. പരിചയമുള്ള കെ.ഇ.എന്നിന്റെ ഒരു നിഴല്‍ ആ പ്രഭാഷണത്തിലൂടനീളം കൂടെ നിന്നു എന്നതൊഴിച്ചാല്‍ സ്ഫോടനാത്മകമായ ആശയങ്ങള്‍ നിറഞ്ഞ സീതയുടെ ആത്മാവിനെ തൊട്ടുണര്‍ത്താന്‍‌ അശക്തനായ ഒരുവനായി അദ്ദേഹം ഒതുങ്ങിപ്പോയെന്ന് പറയേണ്ടി വരുന്നത് ഖേദകരം തന്നെയാണ്. വയനാട് ജില്ലയിലെ ടി.എസ്. പഠന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ചിന്താവിഷ്ടയായ സീതയുടെ നൂറുവര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ആശാന്റെ സീത, രാജാവ് പ്രജകളുടെ ഇംഗിതങ്ങളെ അംഗീകരിക്കേണ്ടി വന്നതിന്റെ ഗതികേടാണെന്ന് ഒരു പക്ഷേ പി.പരമേശ്വരന്‍ പോലും സമ്മതിച്ചുവെന്നു വരും. ക്ഷിതിപാലകപട്ടബദ്ധമാം മതിയോ ചർമ്മകഠോരമെന്നുമാം എന്ന് കെ.ഇ.എന്നിനെപ്പോലെ അദ്ദേഹവും കാവ്യത്തില്‍ നിന്നും ഉദ്ധരിച്ച് രാജാസനങ്ങളെ ന്യായീകരിച്ചുവെന്നും വരാം. സീത ഉപേക്ഷിക്കപ്പെടാനുള്ള കാരണങ്ങളെ അന്വേഷിക്കുന്നത്, പക്ഷേ നാം അവിടെ അവസാനിപ്പിക്കുകയാണെങ്കില്‍, അല്ലെങ്കില്‍ അവിടം കൊണ്ട് അവസാനിപ്പിക്കണം എന്ന തിട്ടൂരങ്ങളെ ആദരിക്കുകയാണെങ്കില്‍ ഒരിക്കലും കെ.ഇ.എന്നിനെന്നല്ല ആര്‍ക്കും തന്നെ സീതാകാവ്യത്തിന്റെ ഉള്ളറകളിലേക്ക് പ്രവേശനം ലഭ്യമാകുകയില്ല. നിര്‍ഭാഗ്യവശാല്‍ പുറംതോടുകളുടെ ഭംഗി ആസ്വദിച്ച് കാടും പടലും തല്ലി സമയം കളയുന്ന നിര്‍മമനായ ഒരു യോഗീശ്വരനെയാണ് ഇവിടെ കെ.ഇ.എന്‍. അനുസ്മരിപ്പിച്ചത്. സീത പുലര്‍ത്തിയ കാവ്യാത്മകമായ ആക്രമണോത്സുകതപോലും അദ്ദേഹം പ്രകടിപ്പിച്ചില്ല എന്നത് സീതാപക്ഷത്തോടു ചെയ്ത നീതികേടുകൂടിയാകുന്നു.

ഏറ്റവും അടിസ്ഥാനമായ ചോദ്യം എന്തുകൊണ്ട് സീത ഉപേക്ഷിക്കപ്പെട്ടുവെന്നും അങ്ങനെ ഉപേക്ഷിക്കപ്പെടാന്‍ ന്യായാസനങ്ങള്‍ കണ്ടെത്തിയ ആരോപണങ്ങളെ സീത അംഗീകരിക്കുന്നുണ്ടോയെന്നും ഇല്ലെങ്കില്‍ അവയെ ഖണ്ഡിച്ചുകൊണ്ട് എന്തെല്ലാം പ്രതിവാദങ്ങളാണ് സീത ഉന്നയിക്കുന്നതെന്നുമാണ്. അവ വിശദമായി വിലയിരുത്തിയാലേ സീത, ഏതു കാലത്തും സ്ത്രീപക്ഷത്തു നില്ക്കുന്ന ഒരു കൃതിയാണെന്ന വസ്തുത നമുക്ക് ബോധ്യമാകുകയുള്ളു. അത്തരമൊരു വിലയിരുത്തലിന്റെ അഭാവമാണ് കെ.ഇ.എന്നിന്റെ പ്രഭാഷണത്തെ അസാധുവാക്കുന്നത്.

ജനാപവാദമെന്നതല്ലാതെ മറ്റൊന്നുംതന്നെ സീതാപരിത്യാഗത്തിന്റെ കാരണമായി രാജപക്ഷം പറയുന്നില്ല. ജനം പറഞ്ഞു അതുകൊണ്ട് ഉപേക്ഷിച്ചു എന്നല്ലാതെ മറ്റൊന്നും തന്നെ അന്നും ഇന്നും കാരണമായി നിങ്ങള്‍ പറയുന്നില്ലല്ലോ എന്ന് ശ്രീകണ്ഠന്‍ നായര്‍ ഭരതനെക്കൊണ്ട് ശ്രീരാമന്റെ മുഖത്തു നോക്കി ചോദിപ്പിക്കുന്നുണ്ട്. രാമന്‍ പറയുന്ന അഴകൊഴമ്പന്‍ മറുപടികളെയപ്പാടെ ഭരതന്‍ അപ്പോള്‍ത്തന്നെ നിരസിക്കുന്നുമുണ്ട്. ഉപേക്ഷിക്കപ്പെടാന്‍ ജനാപവാദം കാരണമായി എന്ന വാദത്തെ ഖണ്ഡിക്കാതെ നമുക്കൊരിക്കലും സീതയെ തൊട്ടറിയാനാകില്ല. ജനവാദമപാർത്ഥമെന്നതി- ന്നനഘാചാരയെനിക്കു സാക്ഷി ഞാൻ എന്ന് സീത തന്നെ മുന്നിട്ടിറങ്ങുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

സീതയുടെ നിഷേധത്തോട് നാം ഐക്യപ്പെടുന്നില്ലെങ്കില്‍ രാജപക്ഷത്തോടു ചേര്‍ന്നു നില്ക്കുന്നുവെന്നാണ് അര്‍ത്ഥം. അത് സ്ത്രീപക്ഷത്തോടു ചെയ്യുന്ന അനീതിയാകും. കാരണം അധികാരസ്ഥാനത്തിരിക്കുന്നവര്‍ക്ക് എങ്ങനേയും പെരുമാറാനുള്ള ഉപകരണങ്ങള്‍ എന്ന നിലയ്ക്കപ്പുറത്തേക്ക് ഒരു കാലത്തും സ്ത്രീയെ പരിഗണിക്കാത്ത സാമൂഹ്യഘടനയുടെ, പുരുഷകേന്ദ്രിതമായ വ്യക്തിമനസ്സുകളുടെ പ്രകടനമാണ് സീതാപരിത്യാഗത്തിലേക്ക് എത്തിച്ചേരുന്നത്.ആ മനസ്സിനെ സാധൂകരിപ്പാനായി മാത്രമാണ് അപവാദവാദങ്ങളെ കൂട്ടുപിടിക്കുന്നത്. അപ്പോള്‍ അപവാദമല്ല, മറിച്ച് സാമൂഹ്യഘടനയാണ് കാരണം എന്ന് നില വെളിപ്പെട്ടു വന്നാലേ ആശാന്റെ സീത ഏതുകാലത്തോടും സംവേദനക്ഷമതയുള്ള ഒന്നായി മാറുകയുള്ളു. അല്ലായെങ്കില്‍ കേവലമായ അടുക്കള കുശുമ്പുകളോടുള്ള പ്രതികരണമായി തരം താഴും. ഇതു തിരിച്ചറിഞ്ഞിട്ടു തന്നെയാണ് സീതയെക്കൊണ്ട് ആശാന്‍

ശരി, ഭൂപതി സമ്മതിക്കണം
ചരിതവ്യത്തിൽ നിജപ്രജാമതം;
പിരിയാം പല കക്ഷിയായ് ജനം
പരിശോധിച്ചറിയേണ്ടയോ നൃപൻ? എന്ന ചാട്ടുളി എറിയിക്കുന്നത്.

സീതാകാവ്യത്തിലെ സ്ത്രീവിരുദ്ധമായ, ഫാസിസ്റ്റുന്‍മുഖമായ ആശയങ്ങളെ
അടപടലേ കണ്ടെത്തി നിഷേധിക്കുന്നുവെങ്കില്‍ മാത്രമേ ഇന്നും നമുക്ക് സീതാകാവ്യം ചര്‍ച്ചക്ക് എടുക്കാന്‍ കഴിയുകയുള്ളു എന്ന് കണ്ടുവല്ലോ. ആ കാര്യത്തില്‍ കെ.ഇ.എന്‍. ശ്രദ്ധിച്ചില്ലെന്നു മാത്രവുമല്ല പരിഗണിച്ചു പോലുമില്ല എന്നതാണ് ദയനീയമായിരിക്കുന്നത്. അത്തരമൊരു പരിഗണന ഉണ്ടാകാതിരുന്നാലുണ്ടാകുന്ന മറ്റൊരപകടം സീതാവിചാരത്തിലെ ഓരോ വരികളിലും തിളച്ചു നില്ക്കുന്ന പ്രതിഷേധങ്ങളെ നാം കണ്ടെത്താതിരിക്കുകയും പകരം ഉപേക്ഷിക്കപ്പെട്ടവളുടെ കേവലമായ വിലാപം മാത്രമായി മാറുകയും ചെയ്യും എന്നതാണ്.

അങ്ങനെ പറയേണ്ടി വരുമ്പോള്‍ രാമനെതിരെ പറയേണ്ടിവരും. ശ്രീരാമനെ നിഷേധിക്കാതെ സീതയെ കണ്ടെത്താന്‍ കഴിയില്ല. ആ നിഷേധം വര്‍ത്തമാനകാലത്തുണ്ടാക്കുന്ന വൈഷമ്യങ്ങളെക്കുറിച്ച് ചിലപ്പോള്‍ കെ.ഇ. എന്‍ വ്യാകുലപ്പെട്ടിരിക്കാം. എന്നാല്‍ സീതാകാവ്യത്തിന്റെ ഒരു ഘട്ടത്തില്‍‌പ്പോലും സീത രാമനെ ന്യായീകരിക്കാന്‍ വെപ്രാളപ്പെടുന്നില്ലെന്ന് കാണാം. സീത രാമനോട് ക്ഷമ ചോദിക്കുന്നുണ്ട്. എന്നാല്‍ ആ ക്ഷമാപണത്തില്‍ പോലും കത്തിജ്ജ്വലിച്ചുയരുന്ന ആത്മബോധത്തിന്റെ ഉജ്ജ്വലമായ മാതൃകയാണ് തിളങ്ങി നില്ക്കുന്നത്.

ക്ഷുഭിതേന്ദ്രിയ ഞാൻ ഭവാനിലി-
ന്നുപദർശിച്ച കളങ്കരേഖകൾ
അഭിമാനിനിയാം സ്വകാന്തയിൽ
കൃപയാൽ ദേവ! ഭവാൻ ക്ഷമിക്കുക.

കേവലമൊരു മാപ്പല്ല സീത ചോദിക്കുന്നത്. ഞാന്‍ അഭിമാനിനിയാണ് എന്ന തിരിച്ചറിവ് താങ്കള്‍ക്കുണ്ടാകണമെന്നാണ് സീത പറയുന്നത്. അങ്ങനെയൊരു തിരിച്ചറിവുണ്ടാകുകയാണെങ്കില്‍ സ്വാഭാവികമായും താങ്കള്‍ക്ക് ഞാന്‍ പറഞ്ഞത് ക്ഷമിക്കാനാകും എന്നാണ്. എന്നുവെച്ചാല്‍ സീത രാമനിലേക്കല്ല രാമന്‍ സീതയിലേക്ക് വരണം, തന്റെ ആത്മാഭിമാനത്തെ മാനിക്കണം എന്നാണ് സീത ആവശ്യപ്പെടുന്നത്.
കെ.ഇ.എന്നിനെപ്പോലെയൊരാള്‍ക്ക് പാഠത്തിന്റെ പക്ഷങ്ങളെ തിരിച്ചറിയാനാവുന്നില്ലെങ്കില്‍ ഇനിയാരെയാണ് നാം പ്രതീക്ഷിക്കുക? നിരവധി ശ്ലോകങ്ങളെ ഉദ്ധരിച്ചുകൊണ്ട് കാവ്യത്തിലെ അത്യുജ്ജ്വലമായ മുഹൂർത്തങ്ങളുടെ സാമൂഹികത വെളിപ്പെടുത്തുന്നുണ്ടെങ്കിലും സീതാവിചാരത്തിലെ പ്രതിവിചാരത്തെക്കുറിച്ച് വേണ്ടത്ര ശ്രദ്ധ പുലര്‍ത്തിയില്ല എന്നത് അദ്ദേഹത്തിന്റെ വായനകളിളെ പോരായ്മ തന്നെയാണ്. അതുകൊണ്ടാണ് കെ.ഇ.എന്‍. വായിക്കാത്ത സീതാകാവ്യമാണ് നിലവിലുള്ളത് എന്നു പറയേണ്ടി വരുന്നത്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *