Fri. Nov 22nd, 2024
#ദിനസരികള്‍ 769

ചോദ്യം: രണ്ടായിരത്തി പത്തൊമ്പതിലെ ലോകസഭ ഇലക്ഷന്‍ കഴിഞ്ഞിരിക്കുന്നു. എന്താണ് കേരളത്തില്‍ സംഭവിക്കുന്നത്?

ഉത്തരം: ക്ഷേത്രപ്രവേശനങ്ങളെയാണ് നാം ആഘോഷിക്കാറുള്ളത്. അല്ലാതെ ക്ഷേത്രത്തില്‍ നിന്നും പിന്തിരിഞ്ഞു നടക്കുന്നതിനെയല്ല. നവോത്ഥാന മുന്നേറ്റങ്ങളുമായി ബന്ധപ്പെട്ട് നാം നടത്തിയ ക്ഷേത്ര പ്രവേശനങ്ങളെ ജനത വലിയ ആഘോഷമാക്കി മാറ്റി. ബ്രാഹ്മണനൊപ്പം അവന്റെ ആരാധാനാലയങ്ങളില്‍ പ്രവേശനം കിട്ടുക എന്ന ജന്മാഭിലാഷം സാധിക്കപ്പെട്ടതിന്റെ നിര്‍വൃതിയില്‍ നാം കോള്‍മയിര്‍‌ക്കൊണ്ടു. മാടനേയും മറുതയേയുമൊക്കെ ആരാധിച്ചിരുന്ന അവര്‍ണ പാരമ്പര്യങ്ങള്‍ സവര്‍ണ ദൈവങ്ങള്‍ക്കുമുന്നില്‍ സാഷ്ടാംഗം പ്രണമിച്ചുവീണു.

ഒരു സാമൂഹിക മുന്നേറ്റത്തിന്റെ പരിണതികളില്‍ ഇത്തരമൊരു വ്യായാമം നല്ലതുതന്നെയാണ്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള വ്യത്യാസങ്ങള്‍ ഒരു പരിധിവരെ അതുകൊണ്ട് ഇല്ലാതെയാകുകയാണെങ്കിലോ? അതുകൊണ്ട് ക്ഷേത്ര പ്രവേശനം നാം സ്വാഗതം ചെയ്യുക. എന്നാല്‍ ദളിതനെ കൊണ്ടുപോയി ബ്രാഹ്മണന്റെ കാല്‍ച്ചുവട്ടിലേക്ക് നടയിരുത്തിയതോടെ നമ്മുടെ ദൌത്യം നാം കൈവെടിഞ്ഞു. ദളിതന്‍ ക്ഷേത്രത്തില്‍ കയറിയാല്‍ വലിയ മുന്നേറ്റമായിക്കഴിഞ്ഞു എന്ന് നാം ചിന്തിച്ചു.

ബ്രാഹ്മണന്‍ നിശ്ചയിച്ച രീതികളില്‍ ആരാധിക്കാന്‍ തുടങ്ങിയതോടെ അത്രകാലം ആരാധിച്ചുപോന്ന സ്വന്തം ദൈവങ്ങള്‍ പോലും ദളിതനെ കൈവിട്ടു. ബ്രാഹ്മണന്‍ സങ്കല്പിച്ചു വെച്ച സവര്‍ണ ദൈവങ്ങള്‍ സര്‍വ്വാഭരണ ഭൂഷിതരായി അവരുടെ ജീവിതത്തിലേക്ക് കയറി വന്നു. എന്റെ തൈവേ എന്ന വിളിക്കുപകരം ബ്രാഹ്മണന്റെ സംസ്കൃതസമ്പന്നമായ മന്ത്രങ്ങള്‍ പകരമായി.

ഇത് നിങ്ങളുടെ ദൈവങ്ങളല്ല എന്നു പറഞ്ഞാല്‍ ദളിതന്‍ പോലും കയര്‍ക്കുന്ന കാലമായി. ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കപ്പെട്ട ആര്‍ജ്ജവത്തോടെ അവിടെ നിന്നും ഇറക്കികൊണ്ടു വരാന്‍ നാം ശ്രമിച്ചില്ല. ഫലമോ? പൊതുവേ നമ്മുടെ സമൂഹം വിശ്വാസികളുടേതായ ഒന്നായി നിലകൊണ്ടു എന്നതാണ്.

ഇനി നാം പഠിപ്പിക്കേണ്ടത് പിന്‍തിരിഞ്ഞു നടക്കാനാണ്. വര്‍ത്തമാന കാല അവസ്ഥയില്‍ അതൊട്ടുംതന്നെ എളുപ്പമായ സംഗതിയല്ല. മാത്രവുമല്ല നഷ്ടങ്ങള്‍ ഏറെ സഹിക്കേണ്ടി വരും. മുന്നിട്ടിറങ്ങുന്നവര്‍ക്ക് ജീവിതം നല്കേണ്ടിവരും.

ക്ഷേത്ര പ്രവേശനങ്ങള്‍ക്കു ശേഷം തുടര്‍ച്ചകള്‍ അവസാനിച്ചു പോയ നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് ഇനി തുടര്‍ച്ചകള്‍ ഉണ്ടാക്കുക എന്നതായിരിക്കണം ലക്ഷ്യം. അതുപോലെതന്നെ നാം മനസ്സിലാക്കേണ്ട ഏറ്റവും വലിയ കാര്യം, നവോത്ഥാനങ്ങളുടെ ആത്യന്തിക ലക്ഷ്യം ക്ഷേത്രങ്ങളിലേക്ക് പ്രവേശിക്കുക എന്നതായിരുന്നില്ല മറിച്ച് ക്ഷേത്രങ്ങളില്‍ നിന്നും പിന്തിരിഞ്ഞു നടക്കുക എന്നതായിരുന്നു.

1800 ന്റെ ആദ്യപാദങ്ങള്‍ മുതല്‍ വൈകുണ്ഠസ്വാമികളുടെ നേതൃത്വത്തില്‍ ആരംഭിച്ച ആ മുന്നേറ്റങ്ങളുടെ തുടര്‍ച്ചയെ നാം നമ്മുടെ രാഷ്ട്രീയ സങ്കുചിതത്വങ്ങള്‍ കൊണ്ട് അട്ടിമറിച്ചു. അതെല്ലാംകൂടി ഒരു ചുഴലിക്കാറ്റായി ഇപ്പോള്‍ നമ്മെ കടപുഴക്കുന്നു.

ചോദ്യം: അല്ല, ഞാന്‍ ചോദിച്ചത് ഇലക്ഷനെപ്പറ്റിയല്ലേ?
ഉത്തരം: നല്ല ഇലയടയും കരുപ്പെട്ടിക്കാപ്പിയുമുണ്ട് എടുക്കട്ടെ?

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *