Sun. Dec 22nd, 2024
പാലക്കാട് :

ഇടതു കോട്ടയായ ആലത്തൂരിൽ നിന്നും പാട്ടും പാടി ജയിച്ചിരിക്കുകയാണ് ഈ തിരഞ്ഞെടുപ്പ് കാലത്ത് സോഷ്യൽ മീഡിയയിൽ “പെങ്ങളൂട്ടിയായി” വാഴ്ത്തപ്പെട്ട രമ്യ ഹരിദാസ്. കേരളത്തിൽ നിന്നുള്ള ഏക വനിതാ എം.പി കൂടിയാണ് രമ്യ. മാത്രമല്ല 28 വർഷത്തിന് ശേഷമാണ് കേരളത്തിൽ നിന്നും കോൺഗ്രസ്സ് ടിക്കറ്റിൽ ഒരു വനിത ലോക്സഭയിലേക്ക് ജയിക്കുന്നത്. 1991 ഇൽ പഴയ മുകുന്ദപുരം മണ്ഡലത്തിൽ ജയിച്ച സാവിത്രി ലക്ഷ്മൺ ആയിരുന്നു ഇതിനു മുൻപ് ‘കൈപ്പത്തി’ ചിഹ്നത്തിൽ ലോക്സഭയിലേക്ക് ജയിച്ച വനിത.

കേരളത്തിൽ ഒരിക്കലും ഇളകില്ലെന്നു ഇടതു പക്ഷം ഉറച്ചു വിശ്വസിച്ചിരുന്ന ചുരുക്കം മണ്ഡലങ്ങളിൽ ഒന്നാണ് ആലത്തൂർ. സി.പി.എമ്മിന് താഴെത്തട്ടിൽ ഏറ്റവും മികച്ച സംഘടനാ സംവിധാനങ്ങൾ ഉള്ള മണ്ഡലം. ചരിത്രവും, മറ്റു എല്ലാ ഘടകങ്ങങ്ങളും ഇടതു മുന്നണിക്കായിരുന്നു അനുകൂലം. അഭിപ്രായ സർവേകളിലും അവസാന നിമിഷം പി.കെ ബിജു ജയിച്ചു കയറും എന്നായിരുന്നു പ്രവചനങ്ങൾ. എന്നിട്ടും വൻ ഭൂരിപക്ഷത്തിന്റെ തോൽവി ഏറ്റു വാങ്ങിയതിന് ന്യായീകരണം കണ്ടെത്താൻ പോലും കഴിയാതെ വിഷമിക്കുകയാണ് ഇടതു കേന്ദ്രങ്ങൾ.

2009 ലും, 2014 ലും വിജയി ആയിരുന്ന പി.കെ ബിജുവിന്റെ മൂന്നാം അങ്കം ആയിരുന്നു ഇത്തവണ. 2009 നു മുന്നേ ഒറ്റപ്പാലം മണ്ഡലം ആയിരുന്ന ഇവിടെ 1991 ഇൽ കെ. ആർ നാരായണൻ ജയിച്ചതിനു ശേഷം 28 വർഷത്തിന് ശേഷമാണ് കോൺഗ്രസ്സ് മണ്ഡലം തിരിച്ചു പിടിക്കുന്നത്.

പഞ്ചായത്തു തിരഞ്ഞെടുപ്പിന് അപ്പുറത്തു മത്സര പരിചയമില്ലാത്ത രമ്യക്ക് ഒരിക്കലും ഇടതു കോട്ട പിടിച്ചെടുക്കാൻ കഴിയില്ലെന്ന ഇടതു മുന്നണിയുടെ അമിത ആത്മവിശ്വാസമാണ് ആലത്തൂരുകാർ തകർത്തെറിഞ്ഞത്. കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചാണ് കെ.പി.സി.സി നേതൃത്വത്തിന്റെ നിർദ്ദേശമനുസരിച്ച് രമ്യ ജനവിധിക്കായി കാത്തിരുന്നത്.

കലാകാരി കൂടിയായ രമ്യ തിരഞ്ഞെടുപ്പ് യോഗങ്ങളിലെല്ലാം തന്നെ പാട്ടുകൾ പാടി വ്യത്യസ്തമായ രീതിയിലായിരുന്നു വോട്ടർമാരെ സമീപിച്ചത്. ഇതോടെ സോഷ്യൽ മീഡിയ രമ്യയെ പെങ്ങളൂട്ടിയായി ഏറ്റെടുക്കുകയായിരുന്നു.

രമ്യക്ക് സോഷ്യൽ മീഡിയയിൽ കിട്ടുന്ന അമിത പ്രാധാന്യം പ്രതിരോധിക്കാൻ ഇടതു ബുദ്ധി ജീവികളും സൈബർ പോരാളികളും ഇറങ്ങിയതോടെ ആലത്തൂരിലെ മത്സരം സംസ്ഥാന ശ്രദ്ധ ആകർഷിച്ചു. അശ്ലീല പരാമർശവുമായി ഇടതു മുന്നണി കൺവീനർ എ. വിജയരാഘവൻ രമ്യയെ കളിയാക്കാൻ പോലും തയ്യാറായി. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം രമ്യാ ഹരിദാസ് കുഞ്ഞാലിക്കുട്ടിയെ കാണാൻ പോയത് ചൂണ്ടിക്കാട്ടിയായിരുന്നു വിജയരാഘവന്റെ അശ്ലീല പരാമർശം. രമ്യാ ഹരിദാസ് പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി .കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെൺകുട്ടിയുടെ കാര്യം എന്താവുമെന്ന് പറയുന്നില്ലെന്നും വിജയരാഘവൻ കളിയാക്കി.

കവിത മോഷണത്തിലൂടെ വിവാദത്തിൽ അകപ്പെട്ടു സി.പി.എം പിന്തുണക്കായി സൈബർ പോരാളിയായി മാറിയ ദീപ നിശാന്തും രമ്യ ഹരിദാസിനെ അപഹസിക്കുന്ന പരാമർശങ്ങളുമായി രംഗത്തു വന്നിരുന്നു. ‘ഐഡിയ സ്റ്റാർ സിംഗർ” മത്സരമല്ല എന്നായിരുന്നു ദീപ നിശാന്തിന്റെ വിമർശനം. ഇത്തരത്തിൽ സുനിത ദേവദാസ് ഉൾപ്പടെ സി.പി.എം പ്രവർത്തകരും അനുഭാവികളും രമ്യയുടെ ആത്മ വിശ്വാസം തകർക്കാൻ വ്യാപക പ്രചാരണമാണ് ഒരു മാസത്തോളം നടത്തിയത്. സത്യത്തിൽ ഇത്തരം കളിയാക്കലുകൾ രമ്യക്ക് അനുകൂലമായ ഒരു തരംഗമാണ് മണ്ഡലത്തിൽ ഉണ്ടാക്കിയത്.അതിനാലാണ് എല്ലാ വെല്ലുവിളികളെയും അതിജീവിച്ചു യു.ഡി.എഫിന് ചരിത്ര വിജയം നേടിക്കൊടുക്കാൻ രമ്യക്ക് കഴിഞ്ഞത്.

നെന്മാറയിലാണ്​ യു.ഡി.എഫിന്​ ഏറ്റവും ഉയർന്ന ലീഡ്​, 30,221 വോട്ടുകൾ. ന്യൂനപക്ഷ വോട്ടുകൾ ​യു.ഡി.എഫിന്​ അനുകൂലമായത്​ ഒരു പരിധിവരെ രമ്യയുടെ ലീഡ്​ ഉയരാൻ കാരണമായതായി വിലയിരുത്തപ്പെടുന്നു. പട്ടികജാതി കോളനികളും പിന്നാക്ക, കുടിയേറ്റ ഗ്രാമങ്ങളുമേറെയുള്ള ആലത്തൂരിൽ യു.ഡി.എഫ്​ 22,000ൽപരം വോട്ടുകളുടെ ലീഡാണ്​ ഇക്കുറി ലഭിച്ചത്​.

മുൻ നിയമസഭ സ്​പീക്കറും മുൻ മന്ത്രിയുമായ കെ. രാധാകൃഷ്​ണ​​​ന്റെ മണ്ഡലമായ ​ ചേലക്കരയിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 10,200 വോട്ടി​​ന്റെ ഭൂരിപക്ഷത്തിൽ സി.പി.എം ജയിച്ച മണ്ഡലത്തിൽ ഇത്തവണ രമ്യയിലൂടെ യു.ഡി.എഫ്​ 23,600ൽപരം വോട്ടുകളുടെ ലീഡാണ്​ നേടിയത്​.

മന്ത്രി എ.സി. മൊയ്​തീൻ നിയമസഭയിൽ ​പ്രതിനിധീകരിക്കുന്ന കുന്ദംകുളത്തിൽ രമ്യയുടെ ലീഡ്​ 14,322 ആണ്. കോൺഗ്രസ്​ എം.എൽ.എ അനിൽ അക്കരയുടെ മണ്ഡലമായ വടക്കാഞ്ചേരിയിൽ രമ്യ ഹരിദാസ്​ ഭൂരിപക്ഷം ഉയർത്തി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വെറും 43 ​വോട്ടിന്​ വിജയിച്ച അനിൽ അക്കരയുടെ മണ്ഡലത്തിൽ 19,540 വോട്ടുകളുടെ ഭൂരിപക്ഷമാണ്​ രമ്യ കരസ്ഥമാക്കിയത്​.

മന്ത്രി എ.കെ. ബാലന്റെ മണ്ഡലമായ തരൂരിൽ രമ്യക്ക്​ ലഭിച്ച 24,000ൽ പരം വോട്ടുകളുടെ ​ലീഡ്​ സി.പി.എമ്മിന്റെ കേഡർ വോട്ടുകൾ യു.ഡി.എഫിലേക്ക്​ മറിഞ്ഞുവെന്നതി​​ന്റെ വ്യക്​തമായ തെളിവാണ്​.

 

2011ൽ രാഹുൽ ഗാന്ധി സംഘടിപ്പിച്ച ടാലൻറ് ഹണ്ടിലെ മികച്ച പ്രകടനമാണ് രമ്യയുടെ രാഷ്ട്രീയ ജീവിതത്തിൽ വഴിത്തിരിവായത്. 2012ൽ ഡൽഹിയിൽ നടന്ന യൂത്ത് കോൺഗ്രസ് ദേശീയ സമ്മേളനത്തിൽ സംസാരിക്കാൻ കിട്ടിയ അവസരത്തിലൂടെ രാഹുലി​​​​ന്റെ അനുമോദനം നേടി. യൂത്ത് കോൺഗ്രസ് കോഴിക്കോട് ലോക്സഭ മണ്ഡലം സെക്രട്ടറിയായത് ഇതോടെയാണ്. 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പൂവാട്ടുപറമ്പ് ഡിവിഷനിൽനിന്നാണ് കന്നി അങ്കം. ഉന്നത വിജയം നേടി 29ാമത്തെ വയസ്സിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ സ്ഥാനത്തേക്ക്. തുടർന്നാണ്​ ലോക്​സഭ സ്​ഥാനാർഥിത്വം തേടിയെത്തിയത്​.

Leave a Reply

Your email address will not be published. Required fields are marked *