മലപ്പുറം:
മഞ്ചേരി മെഡിക്കൽ കോളജില്‍ ആളുമാറി ശസ്ത്രക്രിയ ചെയ്ത് ഗുരുതര ചികില്‍സാ പിഴവ്. കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് മഞ്ഞളപ്പാറയിലെ തയ്യിൽ മജീദിന്റെ മകൻ ഡാനിഷ്(7)ന്റെ ശസ്ത്രക്രിയയാണ് ആള് മാറി ചെയ്തത്. മൂക്കിൽ ദശവന്നതിനെ തുടർന്നാണ് സീനിയർ സർജനായ ഡോ.സുരേഷിനെ കാണിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ ശേഷം വയറിന് താഴെ സ്റ്റിച്ച് കണ്ടപ്പോഴാണ് രക്ഷിതാവ് ശസ്ത്രക്രിയ മാറിയിട്ടുണ്ടെന്ന കാര്യം മനസ്സിലാക്കിയത്.
തുടർന്നായിരുന്നു മണ്ണാർക്കാട് സ്വദേശിയായ ആറര വയസ്സുകാരൻ ധനൂഷിന് ചെയ്യേണ്ടിയിരുന്ന ഹെർണിയയുടെ ശസ്ത്രക്രിയയാണ് ഡോക്ടറുടെയും, തിയേറ്റർ ജീവനക്കാരുടെയും അശ്രദ്ധമൂലം ഡാനിഷിന് മാറി ചെയ്തതെന്നു കണ്ടെത്തിയത്. ഡാനിഷും, ധനുഷും തമ്മിലുള്ള പേരിലുള്ള സാമ്യവും, ഒരേ പ്രായവും മൂലം ആശുപത്രി ജീവനക്കാർക്ക് രോഗികളെ തമ്മിൽ മാറിപ്പോയി എന്നായിരുന്നു ഡോക്ടർ ഇതിനു നൽകിയിട്ടുള്ള വിചിത്രമായ വിശദീകരണം.
സംഭവം പുറത്തറിഞ്ഞതോടെ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ടിന് നേരെ പ്രതിഷേധം ഉണ്ടായി. പേരും വയസ്സും, സാമ്യമായതാൽ അധികൃതർക്ക് വന്ന പിഴവാണെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം. ആളുമാറി ചെയ്തതാണെന്ന റിപ്പോർട്ടാണു ലഭിച്ചതെന്നു മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ സക്കീന അറിയിച്ചു. കുട്ടിക്കു നൽകേണ്ട ചികിത്സ പിന്നീട് ലഭ്യമാക്കിയിട്ടുണ്ടെന്നും, വിഷയം ലഘൂകരിച്ചു കാണുന്നില്ലെന്നും ഡി.എം.ഒ പറഞ്ഞു.