Sun. Sep 8th, 2024
#ദിനസരികള്‍ 765

നാളെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കപ്പെടും. ആശങ്കകള്‍ നിരവധിയുണ്ട്. പ്രധാനമായും ഇലക്ഷനു മുമ്പ് ഒരു സഖ്യമുണ്ടാക്കി ഒറ്റക്കെട്ടായി മതവര്‍ഗ്ഗീയതക്കെതിരെ പോരാടാന്‍ കഴിയാത്ത, മതേതരരെന്ന് സ്വയം വിശേഷിപ്പിക്കുന്ന കക്ഷികളുടെ നിലപാടുകളെച്ചൊല്ലിയാണ്. താന്‍‌പോരിമയും അല്പത്തരങ്ങളും അമിത പ്രതീക്ഷയും കൊണ്ട് പരസ്പരം ഒരു വിട്ടു വീഴ്ചകള്‍ക്കും തയ്യാറാകാതെ അവര്‍ ബി.ജെ.പിക്കു വെറുതെ കൊടുത്ത സീറ്റുകള്‍ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ വിവരക്കേടുകളുടെ സാക്ഷ്യപത്രങ്ങളാകും. ഇലക്ഷന്‍ കഴിയുന്നതിനു മുമ്പുതന്നെ പ്രധാനമന്ത്രി സ്ഥാനം പോലും വേണ്ടായെന്നു വെച്ച കോണ്‍ഗ്രസിന് പക്ഷേ അത്തരത്തിലൊരു മനോഭാവം ഇലക്ഷനു മുമ്പൊരു സഖ്യമുണ്ടാക്കുന്നതിലുണ്ടായില്ല എന്നത് ഖേദകരം തന്നെയാണ്. ഹിന്ദി മേഖലയില്‍ നന്നും രാഹുലിന്റെ പിന്മാറ്റവും വയനാട് പ്രവേശനവും അഖിലേന്ത്യാ തലത്തില്‍ ആ പാര്‍ട്ടിക്കുണ്ടാക്കിയ തിരിച്ചടികളെന്തൊക്കെയാണെന്ന് ഇനിയും മനസ്സിലാക്കാത്തവര്‍ ഈ അവസാന മണിക്കൂറുകളില്‍ സര്‍ഗ്ഗാത്മകമായി ചിന്തിക്കുമെന്ന് പ്രതീക്ഷിക്കുകയല്ലാതെ മറ്റെന്തു ചെയ്യാന്‍!

എക്സിറ്റ് പോളുകളെ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റിക്കൊണ്ട് ഫലപ്രഖ്യാപനത്തിനു മുമ്പ് പ്രതിപക്ഷ പാര്‍ട്ടികളുടെ ഒരു ഐക്യനിര കെട്ടിപ്പടുക്കുന്നതില്‍ നിന്നും അവരെ തടയാന്‍ ബി.ജെ.പിക്കു കഴിഞ്ഞു എന്നത് അവരുടെ നേട്ടം തന്നെയാണ്. അത് കച്ചവടത്തിന്റെ വലിയ സാധ്യതകളെ അവശേഷിപ്പിക്കുന്നു. അതുതന്നെയാണ് ബി.ജെ.പിയും കൂട്ടരും പ്രതീക്ഷിച്ചതും. റിസല്‍ട്ടു വരുന്നതുവരെ ശിഥിലീകരിച്ചു നിറുത്തുകയും റിസല്‍ട്ടിനു ശേഷം സാധ്യതകള്‍ നോക്കി വലുതും ചെറുതുമായ കക്ഷികളെ കൂടെ നിറുത്തുവാന്‍ ആവശ്യമായ ചരടുവലികള്‍ നടത്തുകയും ചെയ്യുക എന്നതിനു വേണ്ടിയാണ് എക്സിറ്റു പോളുകള്‍ക്കു വേണ്ടി അമിത് ഷാ കോടികള്‍ മുടക്കിയത്. അതും വിജയിച്ചു നില്ക്കുകയാണ്. രാഷ്ട്രിയത്തില്‍ ഏതു തരത്തിലുള്ള കളികള്‍ക്കും തയ്യാറായി നില്ക്കുന്ന അക്കൂട്ടര്‍ ഏതു നീക്കവും നടത്തുമെന്നത് നാം വിസ്മരിച്ചു പോകരുത്.

മതേതരത്വവും ജനാധിപത്യവും അപകടത്തില്‍ എന്ന് വിലപിക്കുന്നവരുടെ ആത്മാര്‍ത്ഥത ഇലക്ഷനു മുന്നേ നാം കണ്ടു കഴിഞ്ഞു. ഇനിയെങ്കിലും അവര്‍ സ്വന്തമായി ഒരു അജണ്ട നിശ്ചയിക്കുമെന്ന അവസാനത്തെ പ്രതീക്ഷയിലാണ് ഇന്ത്യന്‍ ജനത. ഇന്ത്യയില്‍ ഒരൊറ്റ പ്രധാനമന്ത്രിയേയുള്ളുവെന്ന് മനസ്സിലാക്കി എല്ലാവരും ആ കസേരയിലേക്ക് കണ്ണുനടുന്ന പരിപാടി അവസാനിപ്പിക്കാനാണ് ആദ്യമായും അവസാനമായും അവര്‍ തയ്യാറാകേണ്ടത്. ഐകകണ്ഠ്യേന ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചെടുക്കാന്‍ ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ കഴിഞ്ഞാല്‍ത്തന്നെ മറ്റു നീക്കങ്ങള്‍ സുഗമമാവും. പ്രതിപക്ഷ നിര ഐക്യപ്പെട്ടു തുടങ്ങിയാല്‍ ചാഞ്ചാട്ടങ്ങളെ ഒരു പരിധിവരെ പിടിച്ചു നിറുത്തുവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുക.

ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നുള്ള വീമ്പൊക്കെ ഷായും കൂട്ടരും പറയുന്നുണ്ടെങ്കിലും കാര്യം അത്രക്ക് പന്തിയല്ലെന്ന് അവര്‍ക്കുതന്നെ അറിയാം. ഒരു നിലപാടിലേക്കും ഒറ്റക്കെട്ടായി ചെന്നെത്താന്‍ കഴിയാത്ത പ്രതിപക്ഷത്തിലാണ് അവര്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത്. തമ്മില്‍ത്തല്ലി താഴെ വീഴുന്നതിനെ മാത്രം പെറുക്കാന്‍ നില്ക്കുന്ന കൌശലക്കാരനായ കുറുക്കനാകുവാനാണ് ബി.ജെ.പി തീരുമാനിച്ചിരിക്കുന്നതെങ്കില്‍ ആ കാത്തിരിപ്പിനെ വിഫലപ്പെടുത്താനാണ് നാം ശ്രമിക്കേണ്ടതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ബി.ജെ.പിയെ മാറ്റി നിറുത്തുക എന്ന മുഖ്യ അജണ്ടയ്ക്ക് അപ്പുറം ബാക്കിയുള്ളതെല്ലാം ഒഴിവാക്കപ്പെടണം. അഭിനയങ്ങള്‍ അവസാനിപ്പിച്ച് ഒരു നാടിനോടും ഭരണഘടനയോടുമുള്ള കടപ്പാടിനെ വെളിപ്പെടുത്താനുമുള്ള സുവര്‍ണ അവസരങ്ങളാണ് മുന്നിലുള്ളത്. ഇലക്ഷനു മുന്നേ കഴിയാത്തത് ശേഷമെങ്കിലും കഴിഞ്ഞില്ലെങ്കില്‍ നാം പിന്നെ വിലപിക്കുവാന്‍ കൂടി അവശേഷിക്കുമെന്ന് കരുതേണ്ടതില്ല. പ്രതിപക്ഷത്തു നിന്നും കരുതലോടെയുളള തീരുമാനങ്ങളുണ്ടാകുവാന്‍ ഇന്ത്യ കാത്തിരിക്കുന്നു.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *