Sun. Dec 22nd, 2024
#ദിനസരികള്‍ 763

ലോകത്തെ മാറ്റിത്തീര്‍ക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചത് യേശുക്രിസ്തു, സിഗ്മണ്ട് ഫ്രോയിഡ്, കാള്‍ മാര്‍ക്സ്, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്നിങ്ങനെ നാലു പേരാണ്. ഈ നാലു യഹൂദന്മാരില്‍ ഒരാളുടെയെങ്കിലും പേരു കേള്‍ക്കാത്ത ഒരോണം കേറാ മൂലയും ലോകത്തിന്റെ ഒരു ഭാഗത്തുമുണ്ടാവില്ലെന്ന് നമുക്ക് സുനിശ്ചിതമായും പറയാം. ഈ പ്രശസ്തരില്‍ കൂടുതല്‍ പ്രശസ്തന്‍ യേശു തന്നെയാകണം. കാരണം അദ്ദേഹത്തിന്റെ അനുയായികള്‍ ലോകത്തിന്റെ എല്ലാ ഭാഗത്തും എത്തിച്ചേര്‍ന്നിട്ടുണ്ട്. രണ്ടാമത്തവനായി വരുന്ന കാള്‍ മാര്‍ക്സായിരിക്കും. യേശുവിന്റെ പ്രതിയോഗി കൂടിയായ അദ്ദേഹവും യേശുവിനോടൊപ്പം ഏകദേശം പ്രദേശങ്ങളിലും ചെന്നെത്തിയിട്ടുണ്ട്. അനുയായികള്‍ക്കും പ്രതിയോഗികള്‍ക്കുമിടിയില്‍ ഒരുപോലെ അദ്ദേഹം ചര്‍ച്ച ചെയ്യപ്പെടുന്നു. ഇനിയുള്ള രണ്ടുപേരില്‍ ഫ്രോയിഡാണോ ഐന്‍സ്റ്റീനാണോ ഏറെ പ്രശസ്തന്‍? ഏകദേശം തുല്യരെന്ന് കരുതുക.

ഏതായാലും ഈ നാലുപേരും നമ്മുടെ ഇന്നലെകളോടും ഇന്നിനോടും നാളെകളോടും നിര്‍മാണാത്മകമായി നിരന്തരം സംവദിച്ചുകൊണ്ടേയിരിക്കുന്ന ഈ നാല്‍വര്‍ സംഘം ഒരു സായാഹ്നത്തില്‍ ഒരു കോഫി ടേബിളിനു ചുറ്റും കൂടിയിരുന്ന സംവദിക്കുവാന്‍ തീരുമാനിക്കുന്നുവെന്ന് വിചാരിക്കുക. എന്തൊരു രസകരമായ അനുഭവമായിരിക്കും അത് ലോകത്തിന് നല്കുക? അവര്‍ക്ക് എന്തായിരിക്കും സംസാരിക്കാനുള്ളത്?

സൃഷ്ടിയെക്കുറിച്ച്, സ്രഷ്ടാവിനെക്കുറിച്ചുമൊക്കെ തീര്‍ച്ചയായും യേശു സംസാരിക്കാതിരിക്കില്ല. മാര്‍ക്സാകട്ടെ ഒരു സ്രഷ്ടാവിനെ സ്ഥാപിച്ചെടുത്തുകൊണ്ട് പാവപ്പെട്ട മനുഷ്യരെ ചൂഷണം ചെയ്യുന്ന രീതികളെ ചോദ്യം ചെയ്യാതിരിക്കില്ല. മാര്‍ക്സിനോട് മയത്തിലും സ്നേഹത്തിലും സംസാരിച്ചാലും ഫ്രോയിഡിന്റെ മുഖത്തു നോക്കാതെയായിരിക്കും യേശു ഇടപെടുക. എന്നാലോ കിട്ടുന്ന സന്ദര്‍ഭങ്ങളിലൊക്കെയും ഈഡിപ്പസ് കോംപ്ലക്സിനെക്കുറിച്ചും സെക്സിന് മനുഷ്യ ജീവിതത്തിലുള്ള പ്രാധാന്യത്തെക്കുറിച്ചുമൊക്കെ ഉപന്യസിച്ചുകൊണ്ട് ഫ്രോയിഡ് യേശുവിനെ തോണ്ടിക്കൊണ്ടേയിരിക്കും. യേശുവിനെ കുഴപ്പത്തിലാക്കാന്‍ ഇതുരണ്ടും ധാരാളം മതിയെന്ന് ഫ്രോയിഡിന് നന്നായി അറിയാം. അതുകാണുമ്പോള്‍ മാര്‍ക്സിന് ചിരിയൊഴിഞ്ഞിട്ടു നേരമുണ്ടാകില്ല. കൂട്ടത്തില്‍ ചേരേണ്ട ഒരാള്‍ ഡാര്‍വിനായിരുന്നു. അയാള്‍ കൂടി വന്നിരുന്നുവെങ്കില്‍ യേശു കൂടുതല്‍ പ്രതിസന്ധിയിലാകുമായിരുന്നു.

ഈ നാലുപേരേയും ക്ഷണിച്ചുകൊണ്ടുവന്ന് ഒരു വട്ടമേശക്കു ചുറ്റുമിരുത്തി സംസാരിപ്പിക്കുകയാണ് വിപ്ലവകാരികളായ നാല് യഹൂദന്മാര്‍ എന്ന ലേഖനത്തില്‍ നിത്യ ചൈതന്യ യതി ചെയ്യുന്നത്. ഏറെ രസകരമായ ഭാവന നിറഞ്ഞ ഒന്നായിട്ടാണ് ആ ലേഖനം എനിക്ക് അനുഭവപ്പെട്ടത്. യതിക്ക് സ്വതവേ ആത്മീയതയോടുള്ള ഒര താല്പര്യംകൊണ്ട് ഒരല്പം പക്ഷപാതം വന്നിരിക്കുന്നുവെങ്കിലും അവര്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ മനുഷ്യനെ കൂടുതല്‍ കൂടുതലായി ജീവിതത്തോട് അടുപ്പിക്കുന്നവ തന്നെയാണ്. ഈ നാലുപേരെയും കുറിച്ച് (കൂട്ടത്തില്‍ തീര്‍ച്ചയായും ഡാര്‍വിനും) കൃത്യവും വ്യക്തവുമായി മനസ്സിലാക്കാതെ നമുക്ക് മനുഷ്യന്‍ ഇന്നെത്തി നില്ക്കുന്ന ലോകങ്ങളെക്കുറിച്ചൊരു ധാരണയുണ്ടാകുകയില്ല.

യേശുവും മാര്‍ക്സുമാണ് ചര്‍ച്ച ആരംഭിക്കുന്നത്. സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് മാര്‍ക്സ് തുടങ്ങുന്നത്.

മാര്‍ക്സ്: ‘വിപ്ലവം കൊണ്ട് കരഗതമാകുന്ന ലോകത്തെ താങ്കള്‍ ദൈവരാജ്യമെന്ന് വിളിച്ചു. ഞാനതിനെ വര്‍ണരഹിതമായ സാമാജിക വ്യവസ്ഥിതിയെന്ന് വിളിക്കുന്നു.’

യേശു: ‘എന്തു പേരു വേണമെങ്കിലും നമുക്ക് കൊടുക്കാം. അതല്ല കാര്യം. സ്ഥിതി ഇപ്രകാരം തുടര്‍ന്നു പോയാല്‍ ജനത്തിന് ഈ വ്യവസ്ഥിതിയെ എതിര്‍ക്കാതിരിക്കാന്‍ കഴിയുകയില്ല. ദൈവദൂതന്മാര്‍ പുറപ്പെട്ട് നീതിമാന്മാരുടെയിടയില്‍ നിന്നും ദുഷ്ടന്മാരെ വേര്‍തിരിച്ച് തീച്ചൂളയിലിട്ടുകളയും. അന്നവിടെ കരച്ചിലും പല്ലുകടിയുമുണ്ടാകും.’

മാര്‍ക്സ്: ‘ഞാന്‍ കുറേക്കൂടി ആധുനികതനായതുകൊണ്ട് ഞങ്ങളുടെ ഭാഷയില്‍ കുറച്ച് മാറ്റം വന്നിട്ടുണ്ട്. വര്‍ഗ്ഗസമരം വിജയിച്ചാല്‍ കള്ളനും കരിഞ്ചന്തക്കാരനും വഞ്ചകനും ജനദ്രോഹിയാണെന്ന് ജനകീയ കോടതി വിധിക്കും. അവരെ നിരത്തി നിറുത്തി വെടി വെയ്ക്കുകയോ മരുപ്രദേശങ്ങളില്‍ കഠിനമായ ജോലികള്‍ക്കു വേണ്ടി നിയോഗിക്കുകയോ ചെയ്യും. തത്ത്വത്തില്‍ നമ്മള്‍ രണ്ടുപേരും പറയുന്നത് ഒന്നു തന്നെയാണ്. വഞ്ചന പാടില്ല. മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യരുത്.’

ചര്‍ച്ച വളരെ രസകരമായിട്ടാണ് പുരോഗമിക്കുന്നത്. ഓരോ ചിന്തകന്റേയും ഉള്ളിലേക്ക് കൂടുതല്‍ വെളിച്ചം വീശാവുന്ന തരത്തില്‍ ഈ നാലുപേരെയും യതി നന്നായി അഭ്യസിച്ചിട്ടുണ്ട് എന്ന കാര്യം നമുക്ക് ബോധ്യമാകുന്നു. നേരത്തെ പറഞ്ഞതുപോലെ ഫ്രോയിഡും യേശുവും തമ്മിലുള്ള തര്‍ക്കങ്ങളെയൊക്കെ എത്ര ഭാവനാത്മകമായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്? നമ്മുടെ ചരിത്രത്തേയും വര്‍ത്തമാനത്തേയും സൃഷ്ടിച്ചവരെ ഇതുപോലെ ഓരോ വട്ടമേശക്കു ചുറ്റുമിരുത്തി സംസാരിപ്പിക്കുകയും അവരവരുടെ അനുയായികള്‍ തുറന്ന മനസ്സോടെ അതിനെ ഉള്‍‌ക്കൊള്ളുകയും ചെയ്യുകയാണെങ്കില്‍ ഇന്നു കാണുന്ന പല കുഴപ്പങ്ങളേയും അവസാനിപ്പിച്ചെടുക്കുവാന്‍ നമുക്ക് കഴിയുക തന്നെ ചെയ്യും.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *