ഭോപ്പാൽ:
ഗാന്ധിജിയെ വധിച്ച നാഥൂറാം ഗോഡ്സേ ദേശസ്നേഹിയാണെന്ന് ബി.ജെ.പി. സ്ഥാനാർത്ഥി പ്രജ്ഞ സിങ് ഠാക്കൂർ പറഞ്ഞു. “നാഥൂറാം ദേശസ്നേഹി ആയിരുന്നു, ദേശസ്നേഹി ആണ്, ദേശസ്നേഹിയായി തുടരുകയും ചെയ്യും” എന്നാണ് പ്രജ്ഞ സിങ് പറഞ്ഞത്.
നാഥൂറാം ഗോഡ്സേ ഇന്ത്യയിലെ ആദ്യത്തെ ഹിന്ദു തീവ്രവാദി ആയിരുന്നു എന്നു കമൽഹാസൻ പറഞ്ഞതിനെക്കുറിച്ചു ചോദിച്ചപ്പോഴാണ് അവർ അങ്ങനെ പറഞ്ഞത്.
2011 ലെ മുംബൈ ഭീകരാക്രണണത്തില്‍ കൊല്ലപ്പെട്ട ഭീകര വിരുദ്ധ സേനാ തലവന്‍ ഹേമന്ത് കര്‍ക്കറയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടത് തന്റെ ശാപം കൊണ്ടാണെന്നായിരുന്നു ഭോപ്പാലിലെ ഒരു തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രജ്ഞ പറഞ്ഞിരുന്നു.
“രാമൻ എവിടെയാണോ ജനിച്ചത്, അതേ സ്ഥലത്തുതന്നെ രാമക്ഷേത്രം പണിയും. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണപ്രവർത്തനങ്ങളിൽ ഞാൻ നേരിട്ടു പോയി സഹായിക്കും.” തർക്കസ്ഥലമായ അയോദ്ധ്യയിലെ രാമക്ഷേത്രത്തെക്കുറിച്ച് കഴിഞ്ഞ വർഷം ഇങ്ങനെയും അവർ പറഞ്ഞിരുന്നു.
മധ്യപ്രദേശിലെ ഭോപ്പാൽ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ പ്രജ്ഞ സിങ്ങിന്റെ മുഖ്യ എതിരാളി, കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് ആണ്.