ഭോപ്പാൽ:
നടന്നുകൊണ്ടിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ, ബി.ജെ.പിയുടെ വിജയം പ്രവചിച്ചതിന്, അച്ചടക്ക നടപടി എന്ന നിലയിൽ, ഉജ്ജയിനിലെ വിക്രം സർവകലാശാലയിലെ ഒരു സംസ്കൃതം അദ്ധ്യാപകനെ, മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ സസ്പെൻഡു ചെയ്തു. അദ്ധ്യാപകനായ രാജേശ്വർ ശാസ്ത്രി മുസൽഗാവ്കർ ആണ് ജ്യോതിശാസ്ത്രത്തെ അടിസ്ഥാനമാക്കി പ്രവചനം നടത്തി ഏപ്രിലിൽ ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തത്. പോസ്റ്റിൽ, ബി.ജെ.പി 300 സീറ്റോളവും, എൻ.ഡി.എ. 300 ലും കൂടുതലും എന്നാണ് എഴുതിയിരുന്നത്.
ഉജ്ജയിനിലെ ഒരു കോൺഗ്രസ് പ്രവർത്തകനാണ്, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്കു മുന്നിൽ പരാതി എഴുതി നൽകിയത്. ഒരു പ്രത്യേക പാർട്ടിയെ പിന്തുണച്ചുകൊണ്ടുള്ള, ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ പ്രവചനം മാതൃകാപെരുമാറ്റ ചട്ടലംഘനം ആണെന്നും അതുകൊണ്ടുതന്നെ ശിക്ഷാർഹമാണെന്നുമായിരുന്നു വാദം.
ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ സസ്പെൻഷന്റെ നിർദ്ദേശം നൽകുകയും, ഡിവിഷനൽ കമ്മീഷണർക്ക് എഴുതുകയും ചെയ്തു. മെയ് 7 നു മുസൽഗാവ്കറെ സസ്പെൻഡു ചെയ്തു.
തനിക്കു വാദിക്കാൻ ശരിയായ അവസരം കിട്ടിയില്ലെന്നും, സസ്പെൻഷനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും മുസൽഗാവ്കർ പറഞ്ഞു.
മുസൽഗാവ്കർ, പ്രവചനം നടത്തിയത് ഏപ്രിൽ 29 നാണെന്നും, ആ സമയത്ത് സംസ്ഥാനത്ത് ആദ്യഘട്ട വോട്ടെടുപ്പായിരുന്നെന്നും പരാതിക്കാരനായ ബബ്ലു ഖിഞ്ചി പറഞ്ഞു.
മധ്യപ്രദേശ് സർവകലാശാല ആക്റ്റ്, 1973 പ്രകാരമുള്ള അച്ചടക്കനടപടികളെടുക്കാനാണ് സംസ്ഥാനസർക്കാരിന്റെ ഉന്നതവിദ്യാഭ്യാസവകുപ്പ് നിർദ്ദേശിച്ചിരിക്കുന്നത്.