Sun. Dec 22nd, 2024
ജോഹന്നസ്ബര്‍ഗ് :

പുരുഷ ഹോര്‍മോണ്‍ സ്വാഭാവികമായി കൂടുതലുള്ള വനിതാ താരങ്ങളെ മത്സരങ്ങളില്‍ നിന്ന് നിയന്ത്രിക്കുന്ന വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് ദക്ഷിണാഫ്രിക്കയുടെ സ്‌പോര്‍ട്‌സ് മന്ത്രാലയം പ്രഖ്യാപിച്ചു. രാജ്യാന്തര അത്‌ലറ്റിക്‌സ് അസോസിയേഷന്റെ ചട്ടത്തിനെതിരെ വനിത ഒളിംപിക്, ലോക ചാമ്പ്യന്‍ കാസ്റ്റര്‍ സെമന്യ രാജ്യാന്തര സ്‌പോര്‍ട്‌സ് കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിയിരുന്നു. ഇതിനെതിരെ സ്വിറ്റ്‌സര്‍ലന്റ് ഫെഡറല്‍ ട്രൈബ്യൂണലില്‍ ദക്ഷിണാഫ്രിക്ക അപ്പീല്‍ സമര്‍പ്പിക്കും. രാജ്യാന്തര സ്‌പോര്‍ട്‌സ് കോടതി സ്വിറ്റ്‌സര്‍ലന്റ് ഫെഡറല്‍ ട്രൈബ്യൂണലിന്റെ പരിധിയിലാണ്.

ശരീരത്തില്‍ സ്വാഭാവികമായുണ്ടാകുന്ന പുരുഷ ഹോര്‍മാണായ ടെസ്റ്റോസ്റ്റിറോണ്‍ ലെവല്‍ കൂടുതൽ ആകുന്നതാണ് സെമന്യക്കു വിനയായത്. സ്ത്രീയാണെന്ന് ലോകവും രാജ്യാന്തര കോടതി നിയമിച്ച മൂന്നംഗകമ്മിറ്റിയും അംഗീകരിക്കുന്നുണ്ടെങ്കിലും മരുന്നുകൾ കഴിച്ച് ഹോര്‍മോണ്‍ നില കുറച്ചതിനുശേഷം മാത്രം മല്‍സരിച്ചാല്‍ മതിയെന്നാണ് രാജ്യാന്തര കായിക കോടതി വിധിച്ചിട്ടുള്ളത്.

കായിക കോടതിയുടെ വിധി വിവേചനപരമെന്നു പരക്കെ ആക്ഷേപമുണ്ട്. പ്രശസ്തരായ കായികതാരങ്ങള്‍ ഉള്‍പ്പെടെുള്ളവർ എതിര്‍പ്പും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. പ്രതിഭയുള്ള ഒരു കായികതാരത്തിന്റെ ആത്മവിശ്വാസം തന്നെ ഇല്ലാതാക്കുന്നതാണ് വിധി എന്നാണ് പൊതു വികാരം. ഒറ്റനോട്ടത്തില്‍ത്തന്നെ വിവേചനപരമായ വിധി വിവേചനം തന്നെയെന്ന് കോടതിയും സമ്മതിക്കുന്നു. പക്ഷേ, കായികരംഗത്തിന്റെ മഹത്വത്തിനുവേണ്ടിയും വനിതാ കായികതാരങ്ങളുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനും ചില വിവേചനങ്ങള്‍ ആവശ്യമാണെന്നാണു കോടതിയുടെ വാദം.

അത്‌ലറ്റുകളില്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവിന് പരിധി നിശ്ചയിച്ചില്ലെങ്കില്‍ വനിതാ വിഭാഗത്തില്‍ നീതിപൂര്‍വമായ മത്സരം നടക്കില്ലെന്നാണ് ഐ.എ.എ.എഫിന്റെ നിലപാട്. പുതിയ നിബന്ധന 2018 നവംബറില്‍തന്നെ പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കിയിരുന്നില്ല. 2012, 2016 ഒളിംപിക്‌സുകളില്‍ വനിത വിഭാഗത്തിൽ 800 മീറ്ററില്‍ സ്വര്‍ണ്ണം നേടിയിട്ടുള്ള താരമാണ് സെമന്യ. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നു തവണയും(2009, 2011, 2017) സെമന്യ സ്വര്‍ണ്ണം നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *