Sun. Dec 22nd, 2024
ന്യൂഡൽഹി:

തീഹാർ ജയിലിലെ ഹിന്ദുക്കളായ 150 തടവുകാരെങ്കിലും ഇത്തവണ റംസാൻ വ്രതം ആചരിക്കുന്നുണ്ട്. വ്രതം ആചരിയ്ക്കുന്നവരുടെ എണ്ണം ഈ വർഷം കൂടുതലാണെന്ന് ജയിൽ അധികാരികൾ മാധ്യമങ്ങളെ അറിയിച്ചു. കഴിഞ്ഞ വർഷം 59 തടവുകാർ നോമ്പെടുത്തിരുന്നു.

തീഹാറിലെ പല ജയിലുകളിലും ഉള്ള 16,665 തടവുകാരിൽ, ഹിന്ദുക്കളും മുസ്ലീങ്ങളും ആയ 2658 പേരെങ്കിലും നോമ്പ് ആചരിയ്ക്കുന്നുണ്ടെന്ന് അറിയുന്നു. നോമ്പെടുക്കുന്ന ജയിൽ പുള്ളികളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാളും, മൂന്നുമടങ്ങെങ്കിലും ഈ വർഷം വർദ്ധിച്ചിട്ടുണ്ടെന്ന് ജയിൽ വക്താവ് പറയുന്നു.

പല ജയിലുകളിലുമുള്ള ഹിന്ദുക്കൾ മെയ് ആദ്യവാരം തന്നെ അവരുടെ ജയിൽ സൂപ്രണ്ടിനെ കണ്ട് വ്രതമെടുക്കുന്ന കാര്യം അറിയിച്ചിരുന്നു. അതിനുള്ള ഒരുക്കങ്ങൾ നടത്തിക്കൊടുക്കാനായി അപ്പോൾത്തന്നെ അവരുടെ കണക്ക് അധികാരികൾ എടുത്തിരുന്നു.

റംസാൻ വ്രതം അനുഷ്ഠിക്കാൻ പല കാരണങ്ങളാണ് ഹിന്ദുക്കളായ തടവുകാർ പറയുന്നതെന്നു ജയിൽ അധികാരികൾ പറയുന്നു. “അധികപേരും പറയുന്നത് അവരുടെ മുസ്ലീം സുഹൃത്തുക്കൾക്ക് ഐകദാർഢ്യം എന്ന നിലയിലാണ് ഇതു ചെയ്യുന്നതെന്നാണ്. കുറച്ചുപേർ പറയുന്നത്, ദൈവത്തോടു പ്രാർത്ഥിച്ചാൽ അവരെ വേഗം ജയിലിൽ നിന്നു വിടുമെന്നു വിശ്വസിക്കുന്നുവെന്നാണ്.” മുതിർന്ന ഒരു ജയിൽ അധികാരി പറഞ്ഞു.

നവരാത്രിയുടെ സമയത്തും ഇത്തരമൊരു കാഴ്ച കാണാറുണ്ടെന്ന് ഒരു ഓഫീസർ പറയുന്നു. ഹിന്ദുക്കളായ തടവുകരുടെ കൂടെ മുസ്ലീങ്ങളായ തടവുകാരും, നവരാത്രിയുടെ സമയത്ത് വ്രതം അനുഷ്ഠിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മതപണ്ഡിതന്മാരെയൊക്കെ വിളിച്ചുവരുത്തി, ജയിൽ പുള്ളികളുടെ കൂടെ പ്രാർത്ഥിക്കാനുള്ള ഒരുക്കങ്ങളും ഇത്തവണ പ്രത്യേകമായി നടത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *