തിരുവനന്തപുരം:
നെയ്യാറ്റിന്‍കര മാരായമുട്ടത്തു ജപ്തി ഭീഷണിയെ തുടർന്ന് അമ്മയും മകളും തീ കൊളുത്തി ആത്മഹത്യക്കു ശ്രമിച്ചു. മകൾ വൈഷ്ണവി(19) സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു. തൊണ്ണൂറ് ശതമാനത്തിലേറെ പൊള്ളലേറ്റ അമ്മ ലേഖ(40)യെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്.
നെയ്യാറ്റിൻകര കാനറാ ബാങ്ക് ശാഖയിൽ നിന്ന് അഞ്ച് ലക്ഷം രൂപയാണ് പതിനഞ്ച് വര്‍ഷം മുൻപ് ഇവര്‍ വായ്പ എടുത്തിരുന്നത്. ഇതുവരെ എട്ടു ലക്ഷം രൂപ തിരിച്ചടച്ചു. 4 ലക്ഷം കൂടി അടയ്ക്കാനുണ്ടെന്നു ബാങ്ക് ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്നാണ് ലേഖയുടെ ഭർത്താവ് ചന്ദ്രൻ പറയുന്നത്. വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് അധികൃതർ നിരന്തരം ഭീഷണിപ്പെടുത്തിയെന്നാണ് ചന്ദ്രൻ പറയുന്നത്.
അതിനിടെ കുടുംബം ബാങ്കിന് എഴുതി നൽകിയ കത്തും പുറത്തു വന്നിട്ടുണ്ട്. 6,80000 രൂപ ഉടൻ അടച്ചു തീർക്കാമെന്നാണ് കുടുംബം ബാങ്കിന് എഴുതി നൽകിയിട്ടുള്ളത്. അല്ലാത്ത പക്ഷം ജപ്തി നടപടിയുമായി മുന്നോട്ട് പോകാമെന്നും എഴുതി നൽകിയിട്ടുണ്ട്. കത്തിൽ ഒപ്പിട്ടിരിക്കുന്നത് അച്ഛൻ ചന്ദ്രനും അമ്മ ലേഖയും മകൾ വൈഷ്ണവിയുമാണ്.
ജപ്തി നോട്ടീസ് ലഭിച്ചത് മുതൽ അമ്മയും മകളും വലിയ മാനസിക പ്രയാസത്തിലായിരുന്നു എന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്.2010ലാണ് തിരിച്ചടവ് മുടങ്ങിയത്. ചന്ദ്രന് വിദേശത്ത് ജോലിയുണ്ടായിരുന്നു. ആ ജോലി നഷ്ടപ്പെട്ടതോടെ കുടുംബം ആകെ സാമ്പത്തിക പ്രതിസന്ധിയിലായി. ഭൂമി വിറ്റ് വായ്പ തിരിച്ചടക്കാൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. ഇന്ന് ജപ്തി നടപടികൾ ഉണ്ടാകുമെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് അമ്മയും മകളും ആത്മഹത്യക്ക് ശ്രമിച്ചത്.
എന്നാൽ ഒരു തരത്തിലും ജപ്തി നടപടികൾക്ക് സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നാണ് കാനറാ ബാങ്ക് അധികൃതർ പറയുന്നത്.