Wed. Nov 6th, 2024
ലണ്ടന്‍:

അവസാന മത്സരം വരെ ഉദ്വേഗം നിറഞ്ഞ കാത്തിരിപ്പിനൊടുവിൽ ലിവർപൂളിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്. 38 മത്സരങ്ങളില്‍ 98 പോയന്റുമായാണ് മാഞ്ചസ്റ്റര്‍ സിറ്റി കിരീടത്തിലെത്തിയത്. ലിവര്‍പൂള്‍ ഇത്രയും മത്സരങ്ങളില്‍ നിന്ന് 97 പോയന്റും നേടി.

പോയിന്റ് നിലയിൽ രണ്ടാം സ്ഥാനത്തുള്ള ലിവർപൂളുമായി ലീഗിന്റെ ആരംഭം മുതൽ കടുത്ത പോരാട്ടത്തിലായിരുന്നു മാഞ്ചസ്റ്റർ സിറ്റി. ഓരോ ആഴ്ചയിലും ലീഗിലെ ഒന്നാം സ്ഥാനം മാഞ്ചസ്റ്റർ സിറ്റിയും, ലിവർപൂളും മാറി മാറി കൈവശം വെച്ച് കൊണ്ടിരിക്കുകയായിരുന്നു. ഒടുവിൽ നിര്‍ണായക മത്സരത്തില്‍ ബ്രൈട്ടണെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് സിറ്റി കിരീടം ഉറപ്പിച്ചത്.

ജയിച്ചാൽ കീരീടമെന്ന ലക്ഷ്യവുമായാണ് സിറ്റി ബ്രൈട്ടണെതിരെ മത്സരത്തിനിറങ്ങിയത്. സിറ്റിക്കായി സെർജിയോ അഗ്യൂറോ (28), അയ്മെറിക് ലപോർട്ടെ (38), റിയാദ് മഹ്റസ് (63), ഇകെ ഗുഡോകൻ (72) എന്നിവരാണു ഗോളുകൾ നേടിയത്. ഗ്ലെൻ മറേ (27) ബ്രൈട്ടണിന്റെ ആശ്വാസ ഗോൾ സ്വന്തമാക്കി.

മാഞ്ചസ്റ്റർ സിറ്റി തോൽക്കുകയോ സമനിലയിൽ കുരുങ്ങുകയോ ചെയ്താൽ ഒരു വിജയത്തിലൂടെ കിരീടമുയർ‌ത്താമെന്നതായിരുന്നു ലിവർപൂളിന്റെ സ്വപ്നം. പക്ഷേ സിറ്റി വിജയിച്ചതോടെ ലിവർപൂളിന്റെ സ്വപ്‌നങ്ങൾ തകർന്നു. എങ്കിലും അവസാന മത്സരത്തില്‍ വോള്‍വ്സിനെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത ലിവര്‍പൂള്‍ ഒരു പോയന്റ് വ്യത്യാസത്തില്‍ സിറ്റിക്ക് പിന്നില്‍ രണ്ടാമതായി.

72 പോയിന്റുമായി ചെൽസിയാണ് ലീഗിൽ മൂന്നാമതെത്തിയത്. മുൻ നിര ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇത്തവണ 66 പോയിന്റുമായി ലീഗിൽ ആറാമത് എത്താനേ സാധിച്ചുള്ളൂ. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് സിറ്റി പ്രീമിയര്‍ ലീഗ് കിരീടം ചൂടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *