Wed. Jan 22nd, 2025
ഡബ്ലിൻ :

അനാഥയായി ജീവിച്ചവൾ വാർദ്ധക്യത്തിൽ ആദ്യമായി പെറ്റമ്മയെ കണ്ട് മുട്ടുക. എത്ര ഹൃദ്യമായിരിക്കും ആ രംഗം. സ്കോട്ട്ലൻഡിലാണ് അവിശ്വസനീയമായ ഈ സംഭവം നടന്നത്.

82 വയസ്സുള്ള ഐലീൻ മക്കീൻ എന്ന ഐറിഷുകാരി ജനിച്ചപ്പോൾ മുതൽ അയർലൻഡ് തലസ്ഥാനമായ ഡബ്ലിനിലെ ഒരു അനാഥശാലയിലായിരുന്നു വളർന്നത്. ആരാണ് അവരുടെ മാതാപിതാക്കൾ എന്ന് അനാഥശാലയിലും രേഖകൾ ഉണ്ടായിരുന്നില്ല. തന്റെ ഇരുപതാം വയസ്സ് മുതൽ അമ്മയെ കണ്ടെത്താൻ നിരവധി പരിശ്രമങ്ങൾ ഐലീൻ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.

കാലങ്ങൾ കടന്നു പോയി. ഐലീൻ ഒരു കുടുംബിനിയായി. എങ്കിലും കഴിഞ്ഞ അറുപതു വർഷമായി അമ്മയെ കണ്ടുമുട്ടാനുള്ള പ്രതീക്ഷ അവർ കൈവെടിഞ്ഞിരുന്നില്ല. ഐലീൻ കഴിഞ്ഞ വർഷം റേഡിയോ ചാനലായ RTEയുടെ ലൈവ് ലൈൻ എന്ന പ്രോഗ്രാമിൽ പങ്കെടുത്തതാണ് അവരുടെ ജീവിതത്തിൽ വഴിത്തിരിവായത്. അമ്മയെ കണ്ടെത്താത്തതിലുള്ള തന്റെ ദുഖവും, പരിശ്രമങ്ങളും വികാര നിർഭരമായി റേഡിയോ അവതാരകനായ ജോ ഡഫിയോട് ഐലീൻ അവതരിപ്പിച്ചത് പുറം ലോകം ഏറ്റെടുക്കുകയായിരുന്നു.

എങ്കിലും കാര്യങ്ങൾ അത്ര എളുപ്പമല്ലായിരുന്നു. 1937 ഇൽ ജനിച്ച ഐലീന്റെ ‘അമ്മ ജീവിച്ചിരിപ്പുണ്ടോ? എന്നാൽ തന്നെ എവിടെയായിരിക്കും? എന്നതിനെ കുറിച്ചൊന്നും ആർക്കും ഒരു ഊഹവും ഉണ്ടായിരുന്നില്ല. എന്നാൽ യാദൃശ്ചികമായി ഈ വാർത്ത കണ്ട ഒരു നരവംശ ശാസ്ത്രജ്ഞൻ ഐലീനെ സഹായിക്കാൻ മുന്നോട്ടു വരികയായിരുന്നു. ഒരു വർഷത്തെ നിരന്തര പരിശ്രമത്തിലൂടെ ഒടുവിൽ ഐലീന്റെ അമ്മയായ എലിസബത്തിനെ സ്കോട് ലാൻഡിൽ കണ്ടെത്തിയപ്പോൾ ഐലീന്റെ ജീവിതത്തിലെ ചിരകാല സ്വപ്നം പൂവണിയുകയായിരുന്നു.

അമ്മയെ അന്വേഷിച്ചു ഭർത്താവിനും മക്കൾക്കുമൊപ്പം സ്കോട് ലാൻഡിൽ എത്തിയ ഐലീൻ കാണുന്നത് നൂറ്റി നാലാം പിറന്നാൾ ആഘോഷിക്കുന്ന തന്റെ അമ്മയെയാണ്. രണ്ടു ആൺമക്കളോടോപ്പം ജീവിക്കുന്ന എലിസബത്തിന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും പിറന്നാൾ സമ്മാനമായിരുന്നു തന്റെ ആദ്യ മകളുമായുള്ള പുനസമാഗമം.

വികാര നിർഭരമായ രംഗങ്ങളായിരുന്നു അമ്മയും മകളും തമ്മിൽ വീണ്ടും കണ്ടുമുട്ടിയപ്പോൾ സംഭവിച്ചത്. താൻ അയർലണ്ടിൽ വന്നതാണെന്ന് ഐലീൻ പറഞ്ഞപ്പോൾ തന്നെ എലിസബത്തിന്റെ കണ്ണുകൾ വിടർന്നു. തന്റെ രക്തത്തെ അവർ ഉടൻ തിരിച്ചറിഞ്ഞു. ഐലീനും സന്തോഷം അടക്കാനായില്ല. മണിക്കൂറുകളോളം അവർ സംസാരിച്ചു. “നിനക്ക് വേണ്ടി ഒരു ചായ ഉണ്ടാക്കി തരണം എന്നെനിക്കു ആഗ്രഹമുണ്ട്. പക്ഷെ എഴുനേൽക്കാൻ വയ്യാത്ത എനിക്കതിനു കഴിയില്ലല്ലോ” എന്നായിരുന്നു എലിസബത്ത് സങ്കടത്തോടെ തന്റെ മകളോട് പറഞ്ഞത്. എന്തായാലും മൂന്ന് ദിവസം അമ്മയോടൊപ്പം താമസിച്ചിട്ടാണ് ഐലീനും കുടുംബവും അയർലണ്ടിലേക്ക് തിരിച്ചു പോയത്.

Leave a Reply

Your email address will not be published. Required fields are marked *