Wed. Jan 22nd, 2025

കലൂർ :

കൊച്ചിയിലെ കലൂരിലുള്ള പി.വി.എസ് ആശുപത്രിയിൽ അഞ്ഞൂറോളം വരുന്ന ജീവനക്കാർക്ക് ഒരു വർഷത്തോളമായി ശമ്പളം കൊടുക്കുന്നില്ലെന്നു പരാതിയുമായി ജീവനക്കാർ പ്രതിഷേധ സമരത്തിൽ. കഴിഞ്ഞ രണ്ടു വർഷമായി പി.വി.എസ് ആശുപത്രിയിലെ ജീവനക്കാർ ശമ്പള പ്രശ്‌നം നേരിടുകയാണ്. കഴിഞ്ഞ എട്ടു മാസമായി ശമ്പളം പൂർണമായി മുടങ്ങുകയും ചെയ്തിരിക്കുന്നു.

‘മാതൃഭൂമി’ പത്രം ഉടമ പി.വി ചന്ദ്രന്റെ മകൾ പി.വി മിനിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് പ്രശസ്തമായ ഈ ആശുപത്രി. അതിനാൽ തന്നെ മുഖ്യധാര മാധ്യമങ്ങളെല്ലാം ‘മാതൃഭൂമി’ ഉടമകൾക്കെതിരായ ഈ വാർത്ത മുക്കിയിരിക്കുകയാണ്.

ജീവനക്കാരുടെ പരാതി സംബന്ധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും, യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനും പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ടെങ്കിലും നിഷേധാത്മക നിലപാടാണ് ആശുപത്രി മാനേജ്‌മെന്റ് സ്വീകരിക്കുന്നത്.

കൊച്ചിയുടെ ഹൃദയഭാഗത്തു കലൂരിൽ ദേശീയ പാതയോട് ചേർന്ന് ആറേക്കറിൽ 14 നിലകളിൽ വ്യാപിച്ചു നിൽക്കുന്ന ആശുപത്രി മറിച്ച് വിൽക്കാനാണ് ആശുപത്രി മാനേജ്മെന്റ് ശ്രമിക്കുന്നത് എന്നാണ് സൂചന. അതിനു മുന്നേ നിലവിലുള്ള ജീവനക്കാരെ പുകച്ചു ചാടിക്കുകയാണ് മാനേജ്‌മെന്റിന്റെ ലക്‌ഷ്യം. 600 കോടിയോളം വിലമതിക്കുന്ന ഈ ആശുപത്രി സമുച്ചയം ഏറ്റെടുപ്പിക്കാൻ വിവിധ ആശുപത്രി ഗ്രൂപ്പുകളുമായി മാനേജ്‌മെന്റ് ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ ചർച്ചകൾ ഇതുവരെ ഫലവത്തായിട്ടില്ല. അതിനിടയിൽ കോഴിക്കോട്ടുള്ള പ്രമുഖ ആശുപത്രിക്ക് ഇവർ പി.വി.എസ് ആശുപത്രി കൈമാറാൻ തീരുമാനിച്ചിരുന്നു. എന്നാൽ തുക കുറഞ്ഞതിനാൽ ആ നീക്കം പരാജയപ്പെട്ടു.

തുടർന്ന് മാനേജ്‌മെന്റ് ആശുപത്രിയുടെ ഓരോ ഫ്‌ളാറുകൾ ഇപ്പോൾ അടച്ചുപൂട്ടിക്കൊണ്ടിരിക്കുകയാണ്. ഡോക്ടർമാർക്ക് ശമ്പളം മുടങ്ങിയതോടെ ഡോക്ടർമാരിൽ പലരും വിവിധ ആശുപത്രികളിൽ ജോലിക്ക് കയറി. സ്റ്റാഫുകൾ യൂണിഫോം കൂടി ഇല്ലാതെയാണ് ഇപ്പോൾ ജോലിചെയ്യുന്നത്. യൂണിഫോം അടച്ചിട്ട ഫ്‌ളോറുകളിലാണ്.

ജീവനക്കാരെ മുഴുവൻ പുകച്ചു പുറത്താക്കുക. ശമ്പളവും ആനുകൂല്യങ്ങളും തടഞ്ഞു വയ്ക്കുക. രാജി വയ്ക്കാൻ പ്രേരിപ്പിക്കുക. പിരിഞ്ഞു പോകുന്നവർക്ക് ഒരാനുകൂല്യവും നൽകാതിരിക്കുക. ആശുപത്രി പുതിയ മാനേജ്മെന്റിന് കൈമാറും മുൻപ് നിലവിലെ എല്ലാ ജീവനക്കാരെയും പറഞ്ഞുവിടുക. ക്ളീൻ ആയ ആശുപത്രി കോടികൾക്ക് പുതിയ ഗ്രൂപ്പിന് കൈമാറുക. ഇതാണ് മാനേജ്‌മെന്റ് തന്ത്രം എന്നാണ് ജീവനക്കാർ പറയുന്നത്.

പുറത്തുനിന്നു വരുന്ന രോഗികളെ മാനേജ്മെന്റ് തടയുകയാണ്. പുതിയ ബുക്കിങ് എടുക്കുന്നില്ല. ഉള്ള രോഗികളെ വരെ പറഞ്ഞുവിടാൻ ശ്രമിക്കുകയും ചെയ്യുന്നു. ആശുപത്രി ഐ.സി.യു വരെ ഇപ്പോൾ പ്രവർത്തിക്കാത്ത അവസ്ഥയിലാണ്. അതിനിടയിൽ പി.വി ചന്ദ്രന് ആരോഗ്യമേഖലയിലെ സമഗ്ര സേവനങ്ങൾക്ക് ഉള്ള എം.എൻ.രാഘവൻ സ്മാരക പുരസ്‌കാരം ലഭിച്ചത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

പക്ഷെ ജീവനക്കാർ സമരത്തിനില്ല. ശമ്പളമില്ലാതെ ജോലി ചെയ്യുകയാണ്. മാനേജ്‌മെന്റ് പ്രതിനിധികൾ തിരിഞ്ഞു നോക്കുന്നുമില്ല. വണ്ടിക്കൂലിക്കു പോലും പൈസ കടം വാങ്ങിയാണ് പലരും ജോലിക്കു വരുന്നത്. ചിലർ വായ്പകൾ തിരിച്ചടക്കാനാകാതെ ജപ്തി ഭീഷണികൾ നേരിടുന്നു.

സ്വകാര്യ മേഖലയിൽ ആരോഗ്യ രംഗത്തു നടമാടുന്ന വൻ ചൂഷണമാണ് പി.വി.എസ് ജീവനക്കാരുടെ പ്രശ്നങ്ങളിലൂടെ പുറത്തു വന്നിട്ടുള്ളത്. പണവും, അധികാരവും ഉപയോഗിച്ച് കുത്തകകൾ സ്വകാര്യ ആശുപത്രി ജീവനക്കാരെ ചൂഷണം ചെയ്യുന്നതു നിത്യ സംഭവമായിട്ടുണ്ട്. മിനിമം വേതനം നടപ്പിലാക്കുന്നതിന് നഴ്‌സുമാരുടെ വൻ പ്രതിഷേധ സമരങ്ങളും, ലോങ്ങ് മാർച്ചും എല്ലാം നടന്നെങ്കിലും മിക്കയിടത്തും പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ല. ഉള്ള ജോലി കൂടി ഇല്ലാതാകുമെന്ന് ഭയന്ന് സമരത്തിന് പോലും ഇറങ്ങാത്തവരാണ് ഭൂരിഭാഗവും.എന്തായാലും സർക്കാരിന്റെ ഭാഗത്തു നിന്ന് പ്രശ്നങ്ങൾക്ക് ഒരു പരിഹാരം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് പി.വി.എസ് ആശുപത്രി ജീവനക്കാർ .

Leave a Reply

Your email address will not be published. Required fields are marked *