Mon. Dec 23rd, 2024
#ദിനസരികള്‍ 750

മൈക്കിള്‍ പുവ്വത്തിങ്കലാണെന്ന് തോന്നുന്നു പണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ മൂന്നോ നാലോ ലക്കങ്ങളിലായി യേശുവിനെ കൊന്നത് കല്ലെറിഞ്ഞാണെന്ന് സ്ഥാപിച്ചു കൊണ്ട് ലേഖനങ്ങളെഴുതിയത്. വാദപ്രതിവാദങ്ങളുമായി അത് കുറച്ചുകാലം ആഴ്ചപ്പതിപ്പിലുണ്ടായിരുന്നു. സുവിശേഷങ്ങള്‍ പറയുന്നതും കാലങ്ങളായി നാം വിശ്വസിച്ചു പോരുന്നതുമല്ല ശരിയെന്ന് സ്ഥാപിച്ചെടുക്കാനുള്ള മൈക്കിളിന്റെ ശ്രമത്തിനെതിരെ വിശ്വാസികളില്‍ നിന്നെങ്കിലും കലാപമുണ്ടാകുക സ്വാഭാവികമാണല്ലോ. എന്നു മാത്രവുമല്ല ആ ലേഖനത്തിലൂടെ വെല്ലുവിളിക്കപ്പെടുന്നത് ക്രൈസ്തവമതത്തിന്റെ, പുത്രന്‍ ഒറ്റിക്കൊടുക്കപ്പെടുമെന്നും, കുരിശില്‍ കൊല്ലപ്പെടുമെന്നും, മൂന്നാം നാള്‍ ഉയര്‍‌ത്തെഴുന്നേല്ക്കപ്പെട്ട് സ്വര്‍ഗ്ഗം പ്രാപിക്കുമെന്നുമുള്ള അടിസ്ഥാന സങ്കല്പങ്ങളെയാണ്.

കൂടാതെ ലോഞ്ജിനസ് കുന്തംകൊണ്ട് വിലാപ്പുറത്ത് കുത്തിനോക്കി മരണം സംഭവിച്ചുവെന്ന് ഉറപ്പാക്കിയ ശേഷമാണ് കുരിശില്‍ നിന്നും ഇറക്കി പിലാത്തോസിന്റെ കുടുംബ കല്ലറയിലേക്ക് മാറ്റുന്നത്. പിന്നീട് ആ കല്ലറ പലവിധ നാടകങ്ങളുടെ കേന്ദ്രമായി എന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. അവിടെ വെച്ച് അതിവിദഗദ്ധ ചികിത്സ ലഭിച്ച യേശു മൂന്നാം നാള്‍ സുഖപ്പെട്ട് പുറത്തുവന്നുവെന്ന് ഒരു കൂട്ടര്‍ അല്ല, മരിച്ചവന്‍ മൂന്നാം നാള്‍ ജീവന്‍ വെച്ച് ഉയര്‍‌ത്തെഴുന്നേറ്റുവെന്ന് മറ്റേ കൂട്ടര്‍. ചികിത്സ കൊണ്ട് മറ്റെല്ലാ മുറിവുകളും ഉണങ്ങിയിട്ടും ആണിപ്പഴുത് ആഴത്തിലുള്ളതാകയാല്‍ അതുണങ്ങാത്തതുകൊണ്ട് തെളിവായി കാണിക്കപ്പെട്ടുവെന്നും അഭിപ്രായങ്ങള്‍. അതെന്തുതന്നെയായാലും കൊല്ലപ്പെട്ടതും നാം കേട്ടതുപോലെയൊന്നുമല്ലെന്നാണ് മൈക്കിള്‍ വാദിച്ചുറപ്പിച്ചത്.

വിശ്വാസികള്‍ക്ക് പക്ഷേ സ്വാഭാവികമായും ഒരു കാര്യത്തിലും സംശയമില്ല എന്നതൊഴിച്ചാല്‍ യേശുവിന്റെ വിശുദ്ധ ജനനം മുതല്‍ വിശുദ്ധ മരണം വരെയുള്ള എല്ലാ കാര്യങ്ങളും എന്നും വിവാദത്തിലായിരുന്നു. മരണം കൊണ്ട് എല്ലാം അവസാനിച്ചുവെന്ന് കരുതരുത്. അദ്ദേഹത്തിന്റെ “മരണാനന്തര” ജീവിതവും ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഉയിര്‍‌ത്തെഴുന്നേറ്റുവെന്ന് സങ്കല്പിക്കപ്പെടുന്ന മൂന്നാമത്തെ ദിവസത്തിനു ശേഷം യേശു എവിടെയപ്പോയി എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഹോള്‍ഗര്‍ കേസ്റ്റന്റെ “യേശു ഇന്ത്യയില്‍ ജീവിച്ചിരുന്നു” എന്ന പുസ്തകം. യേശുവിന്റെ അജ്ഞാതവാസക്കാലവും കേസ്റ്റന്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

“ഇന്ത്യയുടെ പല ഭാഗങ്ങളിലും കാണപ്പെടുന്ന നാഥയോഗികളുടെ സംഘത്തില്‍ നാഥനാമാവലി എന്ന എന്ന സൂത്രത്തില്‍ പതിനാലാമത്തെ വയസ്സില്‍ ഇന്ത്യയിലെത്തി എന്ന് പറയുന്ന ഈശാനാഥ് എന്ന പുണ്യപുരുഷനെക്കുറിച്ച് വിവരിക്കുന്നുണ്ട്. സ്വരാജ്യത്ത് മടങ്ങിയെത്തി പ്രബോധനങ്ങള്‍ നടത്തുന്ന സമയത്ത് അദ്ദേഹം ഗൂഢാലോചനക്ക് ഇരയാകുകയും ക്രൂശിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ഇന്ത്യയിലായിരുന്ന സമയത്ത് സ്വായത്തമാക്കിയിരുന്നു യോഗബലം മൂലം വധശ്രമത്തെ അതിജീവിക്കുകയും ഒടുവില്‍ അദ്ദേഹം ഇന്ത്യയിലെത്തി ഹിമാലയത്തിന്റെ അടിവാരത്തില്‍ ഒരു ആശ്രമം സ്ഥാപിക്കുകയും ചെയ്തു” (പേജ് 39) ഈയൊരു കാഴ്ചപ്പാടിനെ ആസ്പദമാക്കി യേശുവിന്റെ ഇന്ത്യന്‍ ജീവിതത്തെക്കുറിച്ചുള്ള അന്വേഷണങ്ങളും കണ്ടെത്തലുകളുമാണ് ഈ പുസ്തകം.

ഗിരിപ്രഭാഷണങ്ങളിലെ വ്യത്യസ്തമായ രുചികൊണ്ട് അതിന്റെ ഉറവിടം ബുദ്ധനിലേക്ക് നീണ്ടെത്തുന്നുവെന്നാണ് കേസ്റ്റന്‍ ഉദാഹരണങ്ങളെ നിരത്തി സ്ഥാപിക്കുന്നത്. ബുദ്ധനുമായുള്ള ആത്മബന്ധം വ്യക്തമാക്കുന്ന നിരവധി സദൃശങ്ങളുള്ളതുപോലെ കൃഷ്ണന്റെ ജീവിതവും യേശുവിന്റെ ജീവിതവും തമ്മിലുമുണ്ട്. സാരൂപ്യങ്ങള്‍ കൊണ്ട് കൃഷ്ണകഥകളില്‍ നിന്നും പ്രചോദനം ഉള്‍‌ക്കൊണ്ടായിരിക്കും യേശുവിന്റെ പരിവേഷങ്ങള്‍ പലതും രൂപപ്പെട്ടുവന്നത് എന്ന് പുസ്തകം ആലോചിക്കുന്നു. ഈ രണ്ടു ജീവിതങ്ങളും തമ്മിലുള്ള ചില ബന്ധങ്ങളെ പലരും ഇതിനുമുമ്പും ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.

ഏറെ രസകരമായും ചടുലമായും വായിച്ചു പോകാവുന്ന ഈ പുസ്തകം പരമ്പരാഗതമായ നമ്മുടെ പല സങ്കല്പങ്ങളേയും അട്ടിമറിയ്ക്കുന്നുണ്ട്. ഒറ്റയൊറ്റ വ്യക്തികളായി മാറി നിന്ന് കൂട്ടംതെറ്റി നിലനിന്നുപോകുവാന്‍ നമുക്ക് കഴിയില്ലെന്നും പരസ്പരം കൊണ്ടും കൊടുത്തും നേടിയെടുത്ത അറിവുകളുടെ അടിസ്ഥാനത്തില്‍ ഓരോ വ്യക്തിയും ഒട്ടധികം വ്യത്യസ്തമായ ആശയങ്ങളുടെ കേന്ദ്രീകരണമാണെന്നും അതുകൊണ്ടു തന്നെ ഒന്ന് ശരി എന്ന വാശിയല്ല, മനുഷ്യന് ഏതൊക്കെയാണ് മുന്നോട്ടുള്ള പ്രയാണത്തില്‍ ഗുണമാകുക എന്ന വിവേചന ബുദ്ധിയാണ് നമ്മെ നയിക്കേണ്ടതെന്നും ഇത്തരം പുസ്തകങ്ങള്‍ നമ്മെ ചിന്തിപ്പിക്കുന്നു. ഒന്നു മാത്രമാണ് ശരിയെന്ന് ശഠിക്കുന്നവര്‍ ഒരാശയത്തേയും നേരാംവണ്ണം മനസ്സിലാക്കിയിട്ടില്ല എന്നു വേണം കരുതാന്‍. അങ്ങനെ കരുതണമെന്നാണ് ചരിത്രം നമ്മോട് ആവശ്യപ്പെടുന്നതും.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *