Mon. Dec 23rd, 2024
സിഡ്‌നി :

സ്വയം പ്രഖ്യാപിത ആത്മീയ ഗുരുവും, ബി.ജെ.പി നേതാക്കളുടെ അടുപ്പക്കാരനുമായ ആനന്ദ് ഗിരി എന്ന ഇന്ത്യൻ യോഗ ഗുരു ആസ്‌ത്രേലിയയിൽ അറസ്റ്റിലായി. ആസ്‌ത്രേലിയയിൽ വെച്ച് രണ്ടു വ്യത്യസ്ത സംഭവങ്ങളിൽ പ്രാർത്ഥനക്കു എത്തിയ രണ്ട് സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ച കേസിലാണ് 38 വയസ്സുകാരനായ ആനന്ദ് ഗിരിയെ ആസ്ട്രേലിയൻ പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് മൗണ്ട് ഡ്രൂയിറ്റ് പൊലീസ് ഏരിയ കമാന്റിന് പരാതി ലഭിച്ചതിനെത്തുടർന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്ന് ഓക്സലെ പാർക്കിൽ നിന്നും ഇയാളെ ഞായറാഴ്ച വെളുപ്പിനെ പന്ത്രണ്ടരയോടെ അറസ്റ്റ് ചെയ്തതു. തുടർന്ന് മൗണ്ട് ഡ്രൂയിറ്റ് ലോക്കൽ കോടതിയിൽ ആനന്ദ് ഗിരിയെ ഹാജരാക്കി. ആനന്ദ് ഗിരിക്ക് ജാമ്യം അനുവദിച്ചു നൽകണമെന്നും ഓക്സലെ പാർക്കിലുള്ള ക്ഷേത്രത്തിൽ തങ്ങാൻ അനുവദിക്കണമെന്നും ഗിരിയുടെ അഭിഭാഷകൻ കോടതിയോട് അഭ്യർത്ഥിച്ചുവെങ്കിലും കോടതി ഈ അഭ്യർത്ഥന നിരസിക്കുകയായിരുന്നു . മാത്രമല്ല ഇയാൾക്ക് ജാമ്യം നിഷേധിക്കുകയും ചെയ്തു.

2016-ലാണ് കേസിനാസ്പദമായ ആദ്യ സംഭവം നടക്കുന്നത്. പ്രാര്‍ത്ഥന നടത്താനായി സിഡ്‌നിക്കടുത്ത റൂട്ടി ഹില്ലിലുള്ള ഒരു സ്ത്രീയുടെ വീട്ടില്‍ എത്തിയ ഇയാള്‍ 29-കാരിയായ സ്ത്രീയോട് അപമര്യാദയായി പെരുമാറി എന്നാണ് പരാതി. ഇതിന് ശേഷം 2018 നവംബറില്‍ പ്രാര്‍ത്ഥനയ്ക്കായെത്തിയ മറ്റൊരു വീട്ടില്‍ വച്ച് ഇയാള്‍ 34-കാരിയോടും മാന്യമല്ലാത്ത രീതിയില്‍ പെരുമാറിയെന്നും പൊലീസ് പറഞ്ഞു.

തന്റെ ആശയങ്ങൾ പ്രചരിപ്പിക്കാനും യോഗ പരിശീലനം നൽകാനുമാണ് ഗിരി ആസ്ട്രേലിയൻ പര്യടനം നടത്തിയത്. ആറ് ആഴ്‍ച്ചകള്‍ നീണ്ടുനില്‍ക്കുന്ന പ്രചരണ പരിപാടിക്ക് വേണ്ടി ഗിരി ഓസ്ട്രേലിയയില്‍ എത്തിയപ്പോൾ മെയ് അഞ്ചിനായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്.

ആത്മീയ നേതാവായ മഹാനന്ദ് നരേന്ദ്ര ഗിരിയുടെ ശിഷ്യനായി സ്വയം പ്രഖ്യാപിച്ച ആനന്ദ് ഗിരി സമൂഹമാധ്യമങ്ങളിലും സജീവമാണ്. തനിക്ക് 12-ാം വയസ്സില്‍ ആത്മീയഞ്ജാനം ലഭിച്ചെന്നാണ് സോഷ്യല്‍ മീഡിയയിലെ പേജിലൂടെ ഗിരി പറയുന്നത്.

ആത്മീയതയും, യോഗയും പ്രചരിപ്പിക്കുന്ന ആനന്ദ ഗിരിക്ക് ബി.ജെ.പി നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്, കേന്ദ്ര മന്ത്രി വി.കെ.സിംഗ്‌, യോഗ ബിസിനസുകാരൻ രാംദേവ് എന്നിവരുമായുള്ള ആനന്ദഗിരിയുടെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *