അഹമ്മദ്‌നഗർ:
ജാത്യാന്തര വിവാഹം കഴിച്ചതിന്റെ പേരിൽ, ഒരു കുടുംബത്തിലെ ആളുകൾ, അവരുടെ വീട്ടിലെ പെൺകുട്ടിയേയും ഭർത്താവിനേയും തീകൊളുത്തി. മഹാരാഷ്ട്രയിലെ, അഹമ്മദ് നഗറിലെ, നിഘോജ് ഗ്രാമത്തിലെ രുൿമിണി (19), ഭർത്താവായ മംഗേഷ് റാൺസിംഗ് (23) എന്നിവരെയാണ്, കഴിഞ്ഞയാഴ്ച പെൺകുട്ടിയുടെ വീട്ടുകാർ തീ കൊളുത്തിയത്. പെൺകുട്ടി ഞായറാഴ്ച രാത്രി മരിച്ചു. ഭർത്താവ് പൂനെയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ലോഹാർ സമുദായത്തിൽപ്പെട്ട രുക്മിണിയും, പാസി സമുദായത്തിൽപ്പെട്ട മംഗേഷും കഴിഞ്ഞ ഒക്ടോബറിലാണ് വിവാഹിതരായത്. രുക്മിണിയുടെ വീട്ടിൽ നിന്ന് വിവാഹത്തിന് എതിർപ്പായിരുന്നു. രുക്മിണിയുടെ കുടുംബത്തിൽ നിന്ന് അമ്മയൊഴിച്ച് ആരും വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല.
മെയ് ഒന്നിനാണ് സംഭവം നടക്കുന്നത്. സ്വന്തം വീട്ടിലെത്തിയ രുക്മിണിയെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയതായിരുന്നു ഭർത്താവ്. ഒരു വലിയ വഴക്കിനുശേഷം, രുക്മിണിയുടെ ബന്ധുക്കളാണ്, ഒരു മുറിയിലിട്ട് ഇരുവരേയും ദേഹത്ത് പെട്രോളൊഴിച്ച് തീവെച്ചത്. രുക്മിണിയുടെ അച്ഛൻ, ആ മുറിയുടെ വാതിൽ പുറത്തുനിന്ന് അടയ്ക്കുകയും ചെയ്തു.
രുക്മിണിയുടെ ബന്ധുക്കളായ സുരേന്ദ്ര ഭാരതി, ഘൻശ്യാം സരോജ് എന്നിവരെ, ഈ സംഭവുമായി ബന്ധപ്പെട്ട് അഹമ്മദ് നഗർ പോലീസ് അറസ്റ്റു ചെയ്തു. രുക്മിണിയുടെ അച്ഛൻ രാമ ഭാരതി ഒളിവിലാണ്. ദമ്പതികളും, ബന്ധുക്കളും നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ദുരഭിമാനക്കൊലയുടെ കേസ് നടക്കുന്നത്.