Fri. Nov 22nd, 2024
അഹമ്മദാബാദ്:

ഒടുവില്‍ കര്‍ഷകര്‍ക്ക് മുന്നില്‍ ആഗോള കുത്തക ഭീമനായ പെപ്‌സിക്കോ മുട്ടുമടക്കി. ഇന്ത്യന്‍ കര്‍ഷകര്‍ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ കേസ് പിന്‍വലിക്കാന്‍ പെപ്‌സിക്കോ തീരുമാനിച്ചു. പെപ്‌സിക്കോയുടെ നീക്കത്തിനെതിരെ ഏറെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ലെയ്‌സ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്ത കര്‍ഷകര്‍ക്കെതിരെ നല്‍കിയ കേസ് പിന്‍വലിക്കുമെന്ന് ആഗോള കുത്തകഭീമനായ പെപ്‌സികോ വ്യക്തമാക്കിയത്. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് പെപ്‌സികോ ഇന്ത്യയുടെ വക്താവ് അറിയിച്ചു.

ലെയ്‌സില്‍ ഉപയോഗിക്കുന്ന തരം ഉരുളക്കിഴങ്ങ് കൃഷി ചെയ്ത ഗുജറാത്തിലെ കര്‍ഷകര്‍ ഒരു കോടി രൂപ നഷ്ട പരിഹാരം നല്‍കണമെന്നാണ് പെപ്‌സിക്കോ കോടതിയില്‍ ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് കര്‍ഷകരുടെ കോള്‍ഡ് സ്റ്റോറേജുകളില്‍ പരിശോധന നടത്താന്‍ അഹമ്മദാബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന സാമൂഹിക പ്രവര്‍ത്തകരുടെ സംഘം കത്തയച്ചെങ്കിലും കൃഷി മന്ത്രാലയം അവഗണിക്കുകയാണുണ്ടായത്.

ഗുജറാത്തിലെ സബര്‍കന്ദ, ആരവല്ലി ജില്ലകളില്‍ ഉള്‍പ്പെട്ട കര്‍ഷകര്‍ 1.5 കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും ലെയ്‌സിന്റെ നിര്‍മ്മാതാക്കളായ പെപ്‌സിക്കോ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി പരിഗണിച്ച അഹമ്മദാബാദിലെ കൊമേഴ്‌സ്യല്‍ കോടതി കര്‍ഷകര്‍ ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നതും വില്‍ക്കുന്നതും താത്കാലികമായി തടഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *