ജയ്‌പൂർ:
48 വർഷങ്ങൾക്കു ശേഷമാണ് ജയ്‌പൂരിൽ നിന്ന് ഒരു വനിത ലോക്സഭയിലേക്കു മത്സരിക്കുന്നത്. ജയ്‌പൂർ ലോക്സഭ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് ജ്യോതി ഖണ്ഡേൽവാലാണ്.
മഹാരാജ സവായ് മാൻസിംഗിന്റെ പത്നിയായ ഗായത്രി ദേവിയാണ്, ഇതിനുമുൻപ് 1971 ൽ അവിടെനിന്നും മത്സരിച്ചു ജയിച്ചത്. മൂന്നുപ്രാവശ്യം ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട അവരാണ് ജയ്‌പൂർ മണ്ഡലത്തിൽ നിന്നും ജയിച്ച അവസാനത്തെ സ്ത്രീ. അവർ 1962- 1977 കാലഘട്ടത്തിൽ ജയ്‌പൂരിനെ പ്രതിനിധീകരിച്ച് ലോക്സഭാംഗമായിട്ടുണ്ട്. 1962 ലെ അവരുടെ വിജയം ഗിന്നസ് ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആകെയുള്ള 2,46,516 വോട്ടിൽ, 1,92,909 വോട്ട് അന്ന് ഗായത്രി ദേവി നേടിയിരുന്നു. 1971 നു ശേഷം ജയ്‌പൂരിൽ നിന്ന് വനിതകളൊന്നും മത്സരിച്ചില്ല. സ്വതന്ത്ര പാർട്ടിയുടെ സ്ഥാനാർത്ഥിയായാണ് ഗായത്രി ദേവി മത്സരിച്ചത്. 1965 ൽ ലാൽ ബഹാദൂർ ശാസ്ത്രി അവരെ കോൺഗ്രസ്സിൽ ചേരാൻ ക്ഷണിച്ചെങ്കിലും അവർ ചേർന്നില്ല.
2009 – 2014 വരെ ജയ്‌പൂരിലെ മേയറായിരുന്നു, ജ്യോതി ഖണ്ഡേൽവാൽ. ഈ തിരഞ്ഞെടുപ്പിൽ അവർ ബി.ജെ.പിയുടെ നിലവിലുള്ള എം.പിയായ രാംചരൺ ബൊഹ്‌റയെയാണു നേരിടുന്നത്. കഴിഞ്ഞ വർഷം നടന്ന രാജസ്ഥാൻ നിയമസഭ തിരഞ്ഞെടുപ്പിൽ ജ്യോതി ഖണ്ഡേൽവാലിന് മത്സരിക്കാൻ, പാർട്ടി ടിക്കറ്റു നൽകിയിരുന്നില്ല.