കൊച്ചി:
മുസ്ലീം എഡ്യുക്കേഷൻ സൊസൈറ്റി (എം.ഇ.എസ്.), അവരുടെ കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിൽ, മുഖം മറയ്ക്കുന്ന വസ്ത്രം നിരോധിച്ചു. എം.ഇ.എസ്. പ്രസിഡൻറ് ഡോ. പി.കെ ഫസൽ ഗഫൂറാണ് ഇതു സംബന്ധിച്ച സർക്കുലർ പുറത്തുവിട്ടത്. കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് മുഖം മറയ്ക്കുന്ന വസ്ത്രം തങ്ങളുടെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിരോധിക്കുന്നതെന്ന് എം.ഇ.എസ്. സർക്കുലറിൽ വ്യക്തമാക്കുന്നു.
സൊസൈറ്റിയ്ക്കു കീഴിലുള്ള സ്കൂളുകളിലേയും കോളേജുകളിലേയും വിദ്യാർത്ഥിനികൾക്ക് വിലക്ക് ബാധകമായിരിക്കും. മുഖം മറയ്ക്കുന്നത്, കേരളത്തിലെ പാരമ്പര്യത്തിനും, സംസ്കാരത്തിനും, വിശ്വാസത്തിനും അനുയോജ്യമായ രീതിയല്ലെന്നും, മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചാൽ, വിദ്യാർത്ഥിനികളേയും, അധ്യാപികമാരേയും തിരിച്ചറിയാൻ പ്രയാസമാണെന്നുമാണ് എം.ഇ.എസിന്റെ അഭിപ്രായം.
എന്നാൽ പൊതുഇടങ്ങളിൽ മുഖം മറിച്ചുള്ള വസ്ത്രം ധാരണം വേണ്ടെന്ന എം.ഇ.എസ്. കോളേജിന്റെ തീരുമാനത്തിനെതിരെ മുസ്ലീം സംഘടനകൾ രംഗത്തെത്തി. തീരുമാനം അനിസ്‌ലാമികമാണെന്നും, എം.ഇ.എസിന്റെ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും സമസ്‌ത വ്യക്തമാക്കി. അതേസമയം, തീരുമാനങ്ങൾ നടപ്പിലാക്കാൻ സമസ്‌തയുടെ സമ്മതം ആവശ്യമില്ലെന്നായിരുന്നു ഫസൽ ഗഫൂറിന്റെ നിലപാട്.