Sun. Dec 22nd, 2024
ലക്നോ:

വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എസ്.പി-ബി.എസ്.പി സഖ്യം പിന്തുണച്ച സ്ഥാനാർത്ഥി തേജ് ബഹാദൂർ യാദവിന്റെ നാമനിർദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. പ്രതിപക്ഷ സഖ്യം ആദ്യം പ്രഖ്യാപിച്ച ശാലിനി യാദവിനെ പിൻവലിച്ചാണ് തേജ് ബഹദൂറിന് പിന്തുണ നൽകിയത്.

പത്രിക അപൂർണമാണെന്ന് വിലയിരുത്തിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. രണ്ടു സെറ്റ് പത്രികയാണ് തേജ് ബഹാദൂർ സമർപ്പിച്ചിരുന്നത്. രണ്ടാം സെറ്റ് പത്രികയിൽ ബി.എസ്.എഫിലെ ജോലിയുടെ വിവരങ്ങൾ നൽകിയിരുന്നില്ല. ഇതിൽ വ്യക്തത വരുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. പതിനൊന്നു മണിക്ക് മുന്നേ രേഖകൾ ഹാജരാക്കാൻ ആയിരുന്നു നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ അനുവദിച്ച സമയത്തിനുള്ളിൽ മതിയായ വിശദീകരണം ലഭിക്കാതിരുന്നതോടെ വരണാധികാരി പത്രിക തള്ളുകയായിരുന്നു.

എന്നാൽ രേഖകൾ സമർപ്പിച്ചിട്ടും നാമനിർദേശ പത്രിക തള്ളി എന്നാണ് തേജ് ബഹാദൂർ യാദവ് ആരോപിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തേജ് ബഹാദൂർ യാദവിന്‍റെ നാമനിർദേശ പത്രിക തള്ളിയതോടെ പ്രതിപക്ഷത്തിന്റെ മഹാസഖ്യത്തിൽ നിന്നും മോദിക്കെതിരേ ആരും മത്സര രംഗത്തുണ്ടാകില്ല എന്നുറപ്പായി. നേരത്തെ വാരണാസിയിൽ മോദിക്കെതിരെ പ്രിയങ്ക ഗാന്ധിയെ പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാർത്ഥിയായി മത്സരിപ്പിക്കുമെന്നു അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ അതിനു തയ്യാറാകാതെ മായാവതിയും, അഖിലേഷ് യാദവും മുൻ രാജ്യസഭാ ഉപാധ്യക്ഷനും, കോൺഗ്രസ് നേതാവുമായ ശ്യാംലാൽ യാദവിന്റെ മരുമകളായ ശാലിനി യാദവിനെ മഹാസഖ്യത്തിന്റെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. എന്നാൽ അവസാന നിമിഷത്തെ നാടകീയ നീക്കത്തിലൂടെ മഹാസഖ്യം ശാലിനി യാദവിനെ മാറ്റി പകരം തേജ് ബഹാദൂർ യാദവിനെ മത്സരത്തിനിറക്കുകയായിരുന്നു.

സൈനികർക്ക് നൽകുന്ന ഭക്ഷണം നിലവാരമില്ലാത്തതാണെന്ന പരാതിയുമായി 2017-ൽ തേജ് ബഹാദൂർ യാദവ് സാമൂഹികമാധ്യമങ്ങളിൽ വീഡിയോ പുറത്തുവിട്ടത് വൻ വിവാദമായിരുന്നു. അച്ചടക്കം ലംഘിച്ചതിന്റെ പേരിൽ അദ്ദേഹത്തെ സൈന്യത്തിൽനിന്ന് പുറത്താക്കുകയായിരുന്നു.

ഇനി കോൺഗ്രസിന്‍റെ അജയ് റായ് മാത്രമാണ് മോദിക്കെതിരേ മത്സരിക്കുന്നവരിൽ പ്രമുഖൻ. രാഹുൽ ഗാന്ധി യു.പിയിൽ മായാവതിയെയും, അഖിലേഷിനെയും കടന്നാക്രമിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ എസ്.പി – ബി.എസ്.പി യുടെ മഹാസഖ്യം പിന്തുണയ്ക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. “മോദിക്കെതിരെ കഴിഞ്ഞ അഞ്ചു വർഷം പോരാടിയത് കോൺഗ്രസാണ്. തനിക്ക് മോദിയെ പേടിയില്ല. അഞ്ചു വർഷം മോദിയോട് എസ്‍.പിയോ, ബി.എസ്‍.പിയോ പോരാടിയില്ല. മായാവതിയുടെയും, അഖിലേഷിന്‍റെയും കൺട്രോളർ മോദിയുടെ കയ്യിലാണെന്നും” ആയിരുന്നു രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രസംഗം.

Leave a Reply

Your email address will not be published. Required fields are marked *