നെയ്യാറ്റിൻകര പോങ്ങിൽ ലക്ഷം വീട് കോളനിയിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കുടിയിറക്ക് തടയാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ് രാജനും അമ്പിളിയും മരിച്ചതറിഞ്ഞ് കേരളം നടുങ്ങിയോ? അച്ഛൻ്റെ ശവമടക്കാൻ വീട്ടുവളപ്പിൽ കുഴിയെടുത്ത മകൻ രഞ്ജിത്ത് വിരൽ ചൂണ്ടി പറഞ്ഞ ‘നിങ്ങളെല്ലാം ചേർന്നാണ് കൊന്നത്’ എന്ന വാക്കുകൾ കേരളം ഭരിക്കുന്നവർക്കും ഇതുവരെ ഭരിച്ചവർക്കും സമൂഹത്തിനും നേരെയാണ് വിരൽ ചൂണ്ടുന്നത്.
അയൽവാസിയുടെ പരാതിയെ തുടർന്നുണ്ടായ കോടതി വിധിയെ തുടര്‍ന്നാണ് മരപ്പണിക്കാരനായ രാജനും കുടുംബവും താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ബലം പ്രയോഗിച്ച് ഒഴിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചത്. ഇതിനെ പ്രതിരോധിക്കുന്നതിനാണ് രാജന്‍ ഭാര്യയെ ചേര്‍ത്ത് പിടിച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയത്. രാജന്‍ കത്തിച്ചുപിടിച്ചിരുന്ന ലൈറ്റര്‍ പൊലീസുകാരന്‍ തട്ടിത്തെറിപ്പിച്ചതാണ് തീ ആളിപ്പടര്‍ന്ന് രാജനും അമ്പിളിക്കും പൊള്ളലേല്‍ക്കാന്‍ കാരണമായത്. പൊലീസ് കുറച്ചുകൂടി മനുഷ്യത്വവും സംയമനവും കാട്ടിയിരുന്നുവെങ്കില്‍ രണ്ട് ജീവനുകള്‍ കത്തിയെരിയുന്നത് ഒഴിവാക്കാനാകുമായിരുന്നു.
രഞ്ജിത്ത് വിരല്‍ ചൂണ്ടിയത് പൊലീസുകാര്‍ക്കെതിരെ മാത്രമായിരുന്നില്ല. ഭൂപരിഷ്കരണത്തിന്‍റെയും ഭവന പദ്ധതികളുടെയും പ്രഖ്യാപനങ്ങള്‍ നിരന്തരം നടത്തുമ്പോഴും ലക്ഷക്കണക്കിന് ആളുകളെ കോളനികളിലേക്കും ചേരികളിലേക്കും പുറമ്പോക്കുകളിലേക്കും വലിച്ചെറിയുന്ന ഭരണകൂടത്തിനും ഇപ്പോള്‍ ഭരിക്കുന്നവര്‍ക്കും മുമ്പ് ഭരിച്ചിരുന്നവര്‍ക്കും ഭരണ സംവിധാനങ്ങള്‍ക്കും എതിരെ കൂടിയാണ്.
നെയ്യാറ്റിന്‍കരയില്‍ നടന്നത് ആത്മഹത്യയോ ആത്മാഹൂതിയോ ആയിരുന്നില്ല. ഭരണകൂടം നടത്തിയ കൊലപാതകമായിരുന്നു. ഈ ഭരണകൂട കൊലപാതകത്തെ കുറിച്ചാണ് DNAയുടെ പ്രതികരണം.