Tue. Jan 7th, 2025
പ്രീത ഷാജിയെ പിന്തുണച്ചു കൊണ്ടുള്ള സമരം
കൊച്ചി
ആശാരുപറമ്പില്‍ മുരളീധരന്‍
വായ്പാതട്ടിപ്പിന് ഇരയായ ആശാരുപറമ്പില്‍ മുരളീധരന്‍, പനമ്പുകാട്ടെ വീടിന്‍റെ അടച്ചുറപ്പില്ലാത്ത അടുക്കളയില്‍

സ്വന്തം വീട്ടില്‍ താമസിക്കാന്‍ വേണ്ടി ഭവനഭേദനം നടത്തുന്നവരെപ്പറ്റി കേട്ടിട്ടുണ്ടോ?  കേള്‍ക്കുമ്പോള്‍ വിചിത്രമെന്നു തോന്നുന്ന രീതിയില്‍  കിടപ്പാടം തിരികെപ്പിടിച്ച് താമസമുറപ്പിക്കേണ്ടി വന്ന ഇവര്‍ ഉത്തരേന്ത്യന്‍ വിദൂരഗ്രാമങ്ങളിലൊന്നുമല്ല ജീവിക്കുന്നത്.  എറണാകുളം നഗരത്തിന്‍റെ തൊട്ടടുത്ത ദ്വീപായ പനമ്പുകാട്ടെ 14ഓളം പട്ടികജാതി കുടുംബങ്ങളാണ് ഭൂമാഫിയയുടെ ചതിക്കിരയായി ഇത്തരമൊരു അറ്റകൈക്കു തുനിഞ്ഞത്.

ബാങ്ക് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ കണ്ണികളായ ഭൂമാഫിയയുടെ ഇടപെടലില്‍ കിടപ്പാടം നഷ്ടപ്പെട്ടവരെ തൂത്തു പുറത്തെറിയാന്‍ സര്‍ഫാസി നിയമത്തിന്‍റെ സംരക്ഷണം കൂടിയായതോടെ ആലംബമില്ലാതെ നിലയില്ലാക്കയത്തിലേക്കു താഴ്ന്നവര്‍, ചെറുത്തുനില്‍പ്പു സമരത്തിന്‍റെ ഭാഗമായാണ് പൂട്ടു പൊളിച്ച് അകത്തു കയറി കുടിപാര്‍ത്തത്. എങ്കിലും ഇവരെ കുടഞ്ഞെറിഞ്ഞ കേന്ദ്രനിയമം ഡെമോക്ലീസിന്‍റെ വാള്‍ പോലെ ഇരകളുടെ തലയ്ക്കു മുകളില്‍ത്തന്നെ ഇപ്പോഴും നില്‍ക്കുന്നുവെന്നതാണ് വാസ്തവം.

ദരിദ്രദളിത് വിഭാഗങ്ങള്‍ കൂടുതലുള്ള എറണാകുളം ജില്ലയിലെ കാക്കനാട്, പനമ്പുകാട്, വല്ലാര്‍പാടം, പുതുവൈപ്പ്, പെരുമ്പിള്ളി, മുളവുകാട്,  മുളന്തുരുത്തി, ഇരുമ്പനം, പൂത്തോട്ട, കാഞ്ഞിരമറ്റം പ്രദേശങ്ങളിലാണ് പ്രധാനമായും ഈ വായ്പാത്തട്ടിപ്പ് അരങ്ങേറിയത്. ഒരു ലക്ഷം രൂപ വായ്പ എടുത്ത കൊച്ചിന്‍ പോര്‍ട് ട്രസ്റ്റ് ജീവനക്കാരനായിരുന്ന പനമ്പുകാട് സ്വദേശി പി ഡി രവിക്കു കിടപ്പാടവും മാനവും നഷ്ടപ്പെട്ട് വീടിറങ്ങേണ്ടി വന്നത് ഓഫിസില്‍ നിന്നു വീട്ടിലേക്കു വന്ന ഒരു സായാഹ്നത്തിലാണ്. അതേപ്പറ്റി നിഴല്‍ മൂടിയ ഓര്‍മ്മകളില്‍ നിന്ന് ക്ലേശിച്ച്  രവി തന്നെ പറയുന്നത് കേള്‍ക്കാം,

പി ഡി രവി ” അന്ന് ഇന്നത്തെപ്പോലെ മൊബൈല്‍ ഫോണൊന്നും വ്യാപകമല്ല. വൈകുന്നേരം ഓഫിസ് വിട്ടു വന്നപ്പോള്‍,  പോലിസ് വീട് വളഞ്ഞ് ആകെ ഭീകരാന്തരീക്ഷമായിരിക്കുന്നു. കഞ്ഞിക്കലം താഴെ തൂവി വീണിരിക്കുന്നു. പേടിച്ചരണ്ട് അടുത്ത വീട്ടില്‍ അഭയം പ്രാപിച്ച ഭാര്യ, എത്തും പിടിയും കിട്ടാതെ അപമാനിതനായി മകന്‍, എങ്ങനെ സാഹചര്യം കൈകാര്യം ചെയ്യാനാകുമെന്നറിയാതെ വേവലാതിപ്പെട്ട് പോയ ഞാനും ”

കൊടിയ വഞ്ചനയ്ക്ക് ഇരയായെന്നതു മാത്രമല്ല, കേന്ദ്രജീവനക്കാരനായതിനാല്‍ത്തന്നെ നല്ല നിലയില്‍ ജീവിക്കാന്‍ സാഹചര്യമുണ്ടായിട്ടും ബാങ്കിനെ വഞ്ചിച്ചെന്ന ദുഷ്പേരും മാനഹാനിയും, സാമ്പത്തികഞെരുക്കം,  മാനസികസമ്മര്‍ദ്ദം അങ്ങനെ പലവിധ പ്രശ്നങ്ങളാല്‍ ഒരു പതിറ്റാണ്ടിന്‍റെ ദുരിത ജീവിതം. ഇതിന്‍റെയെല്ലാം തിക്തഫലമെന്നോണം  ഇന്ന് പാര്‍ക്കിന്‍സണ്‍സ് രോഗിയായി മാറിയിരിക്കുകയാണ് അദ്ദേഹം.

ആശാരു പറമ്പില്‍ മുരളീധരന്‍, ഭാര്യ മനോന്മണി
ആശാരു പറമ്പില്‍ മുരളീധരനും ഭാര്യ മനോന്മണിയും വീടിനു മുമ്പില്‍

ഇതിനേക്കാള്‍ പരിതാപകരമാണ് ആശാരുപറമ്പില്‍ മുരളീധരന്‍റേത്. മാനസിക വെല്ലുവിളി അനുഭവിക്കുന്ന മകന്‍ ഉള്‍പ്പെടെ മൂന്നു മക്കളുള്ള അദ്ദേഹം 2008ലാണ് ഭാര്യാസഹോദരനു വേണ്ടി വായ്പയെടുത്തു കൊടുത്തത്. മകളുടെ വിവാഹത്തിനു വേണ്ടി 3.7 ലക്ഷം രൂപയാണ് വായ്പ എടുത്തതായി അറിയിച്ചത്. ഈ സാഹചര്യത്തിലാണ് പനമ്പുകാട് സ്വദേശി ഷാനവാസ് വഴി ഏജന്‍റ്  ഇബ്രാഹിം പള്ളിത്തറ സമീപിച്ചത്.  സെന്‍ട്രല്‍ ബാങ്കിന്‍റെ പള്ളിമുക്ക് ശാഖയില്‍ നിന്നാണ് വായ്പയെടുത്തത്. മൂന്നു ഗഡുക്കളായാണ് ആ പണം നല്‍കിയത്. മുരളീധരന്‍റെ പേരിലും  ഷാനവാസിന്‍റെ പേരിലും  അ‍ഞ്ച് ലക്ഷം വീതം  വായ്പയെടുത്തതടക്കം ആകെ 17 ലക്ഷം രൂപയാണ് വായ്പയെടുത്തതെന്നാണ് ബാങ്ക് ഇവരെ അറിയിച്ചത്.

മുരളീധരന്‍റെ വീടിന്‍റെ അടുക്കള
മുരളീധരന്‍റെ വീടിന്‍റെ അടുക്കള

വീട് ഇരുനിലയാണെന്നും എയര്‍ കണ്ടീഷന്‍ അടക്കമുള്ളവയുണ്ടെന്നും രേഖപ്പെടുത്തിയാണ് ബാങ്കിനെ ഏജന്‍റുമാര്‍ വഞ്ചിച്ചതെന്നും ഇവര്‍ പറയുന്നു. എന്നാല്‍ വളരെ ഇടുങ്ങിയ ഒറ്റക്കട്ട വെച്ചു പണിത വീട്ടില്‍ അടച്ചുറപ്പില്ലാത്ത  അടുക്കളയും ഇടുങ്ങിയ മുറികളുമുള്ള വീടാണ് ഇവിടെ കാണാനാകുക. വീട്  ജപ്തി ചെയ്യുമെന്ന നിലയിലെത്തിയപ്പോള്‍ ഒരു തവണ 20,000 രൂപ വായ്പയടച്ചതായി മുരളീധരനും ഭാര്യാസഹോദരന്‍റെ സ്ഥലം കൂടി ഇതിന്‍റെ പേരില്‍ തട്ടിയെടുക്കാനുള്ള ശ്രമം ഈ മാഫിയ ശ്രമിച്ചുവെന്ന് ഭാര്യ മനോന്മണിയും പറയുന്നു. ഇന്ന് മകന്‍റെ മരുന്നിന് തന്നെ ആഴ്ചയില്‍ 8,000 രൂപ ചികിത്സാച്ചെലവ് വരും. അതെല്ലാം ഓര്‍ക്കുമ്പോള്‍ എന്തു ചെയ്യണമെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ലെന്ന് മനോന്മണി പറയുന്നു.

”ബന്ധുവിനു വേണ്ടി സഹായം ചെയ്ത് കെണിയിലായതാണ് താന്‍. എന്നാല്‍ എന്നെപ്പോലുള്ളവര്‍ കാര്യങ്ങള്‍ മനസിലാക്കാതെ ഇത്തരം ചതികളില്‍ പെടാന്‍ കാരണം നാട്ടിലെ ബാങ്കുകളുടെ തങ്ങളോടുള്ള നിലപാടാണ്. ഇതിനു മാറ്റം വരണം.  ഒപ്ഇപംത്തരം ക്രിമിനലുകളെ  കണ്ടെത്തി മാതൃകാപരമായി ശിക്ഷിച്ച്, പാവപ്പെട്ടവരെ ഇവരില്‍ നിന്നും സംരക്ഷിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ എടുക്കേണ്ടത്”, മുരളീധരന്‍ ആവശ്യപ്പെടുന്നു.

കരാര്‍ ജോലികള്‍ ചെയ്തു വരുന്ന പനമ്പുകാട് സ്വദേശിയായ രതീഷിനും ഇതേ കഥ തന്നെയാണ് പറയാനുള്ളത്.  വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ ബാങ്കുകള്‍ നൂറു കൂട്ടം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തള്ളിക്കളയും, ”ഇവിടെ വരമ്പും പാടവുമാണ് വഴിയില്ല എന്നൊക്കെയാണ് അവര്‍ വായ്പ നിഷേധിക്കാന്‍ പറയുന്ന കാരണങ്ങള്‍. ബിസിനസ് ആവശ്യത്തിനായി രണ്ടേകാല്‍ ലക്ഷം ആവശ്യമായി വന്നപ്പോഴാണ് താന്‍ ഇതില്‍ പെട്ടു പോയത്.  ഇതേ ബാങ്കുകാര്‍ ഏജന്‍സികള്‍ വഴി പാസാക്കിയത് 16 ലക്ഷം രൂപയ്ക്കാണ്. 2010ല്‍ തമിഴ്നാട് മെര്‍ക്കന്‍റയില്‍ ബാങ്കില്‍ നിന്നാണ് വായ്പയെടുത്തത്, അതും മൂന്നു ഗഡുക്കളായാണ്  വായ്പാത്തുക റിലീസ് ചെയ്തു തന്നത്. ചെക്ക് ലീഫൊന്നുമില്ലാതെ,  തന്നെക്കൊണ്ട് ഒരു സ്ലിപ്പ് ഒപ്പിടുവിച്ച് കൊണ്ടു പോയാണ് അവര്‍ വായ്പയെടുത്തത്. അന്ന് ആവശ്യത്തിന് ഉപകരിച്ചതുമില്ല, 16 ലക്ഷം രൂപയെടുത്തതിന്‍റെ പേരില്‍ ബാങ്കിനു കടക്കാരനുമായി. ഇതു കൂടാതെ, എടുത്ത തുകയ്ക്കുള്ള പലിശ അടക്കേണ്ടി വന്നു” ഇതാണ് ഇരകളുടെ അവസ്ഥയെന്ന് രതീഷ് ചൂണ്ടിക്കാട്ടുന്നു. വളരെ ആസൂത്രിതമായാണ് വായ്പാമാഫിയ ഇക്കാര്യങ്ങളെല്ലാം നടപ്പാക്കുന്നത്.

രതീഷ് പി ബി
രതീഷ് പി ബി, വായ്പാതട്ടിപ്പിന് ഇരയായി ജപ്തി ഭീഷണി നേരിട്ട കരാറുകാരന്‍

” അധികം താമസിക്കാതെ നോട്ടിസ് വരുകയും മറ്റും ചെയ്തതോടെ കുഴപ്പമുണ്ടെന്നു മനസിലായി. എന്നാല്‍ വളരെ ബുദ്ധിപൂര്‍വ്വമാണ് അവര്‍ കരുക്കള്‍ നീക്കിയത്.  പ്രശ്നമൊന്നുമില്ലെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ തട്ടിപ്പുസംഘം തന്നെ അഭിഭാഷകനെ ഏര്‍പ്പെടുത്തി തന്നു. അതു വഴി കാര്യങ്ങള്‍ വീണ്ടും രണ്ടു വര്‍ഷത്തേക്ക് നീട്ടിക്കൊണ്ടു പോകാന്‍ അവര്‍ക്കു സാധിച്ചു. പിന്നീട് സര്‍ഫാസി വിരുദ്ധ സമര സമിതി വന്നതോടെയാണ് ട്രൈബ്യൂണലിനെയും സര്‍ക്കാരിനെയും സമീപിച്ച് വീട് തിരിച്ചു പിടിക്കാന്‍ നീക്കങ്ങള്‍ തുടങ്ങിയത്. അപ്പോഴും കേസ് പിന്‍വലിക്കണമെന്ന് പ്രലോഭനവും അപേക്ഷകളുമായി വീട് റജിസ്റ്റര്‍ ചെയ്യപ്പെട്ടവര്‍ തങ്ങളെ സമീപിച്ചു. എന്നാല്‍ അതു ചതിയാണെന്നു ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് പറ്റില്ലെന്ന് തറപ്പിച്ചു പറഞ്ഞു” രതീഷ് ഓര്‍ക്കുന്നു.

ഇത്തരം ചൂഷണങ്ങളുടെ തുടക്കം നമ്മുടെ പൊതുമേഖലാ ബാങ്കിംഗ്, സര്‍ക്കാര്‍ ധനകാര്യസ്ഥാപന സംവിധാനങ്ങളുടെ നടത്തിപ്പില്‍ നിന്ന്  ദുര്‍ബല ജനവിഭാഗങ്ങള്‍ എങ്ങനെ അകറ്റിനിര്‍ത്തപ്പെടുന്നുവെന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു. ദളിത് മഹാസഭയുടെ സംസ്ഥാന പ്രസിഡന്‍റും സര്‍ഫാസി വിരുദ്ധ ജനകീയ സമിതി നേതാവുമായ  സിഎസ് മുരളി പറയുന്നത് ഇങ്ങനെയാണ്

സി എസ് മുരളീ ശങ്കര്‍
മുരളിശങ്കര്‍ സി എസ്, സര്‍ഫാസി വിരുദ്ധ ജനകീയ സമിതി

” ദളിത് വിഭാഗങ്ങള്‍ക്ക് സാധാരണഗതിയില്‍ ബാങ്കുകള്‍ വായ്പ കൊടുക്കാറില്ല. ചികിത്സ, വിവാഹം, വീടു നിര്‍മാണം എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ക്കാണ് ആയുഷ്കാല സമ്പാദ്യം ചെലവാക്കാന്‍ ആളുകള്‍ തയാറാകുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആവശ്യമായി വരുന്ന വന്‍തുകയ്ക്ക് ആരെയും ആശ്രയിക്കാനാകില്ല. അങ്ങനെയുള്ള സാഹചര്യത്തിലാണ് ബാങ്ക് വായ്പ തരപ്പെടുത്തിക്കൊടുക്കാന്‍ സഹായിക്കുന്ന ഏജന്‍റുമാരുടെ കെണിയില്‍ ഇവര്‍ വീഴുന്നത്. ബസ് സ്റ്റോപ്പുകളിലും വഴിയരികിലും ഇത്തരം പരസ്യങ്ങള്‍ ഫോണ്‍ നമ്പര്‍ സഹിതം വെച്ചിരിക്കുന്നതു കാണാറില്ലേ. ഇവര്‍ വായ്പാതട്ടിപ്പ് മാഫിയസംഘങ്ങളുടെ കണ്ണികളാണ്. ഇവരുമായി ബന്ധപ്പെടുന്നവരുടെ തുണ്ടു ഭൂമികള്‍ പണയപ്പെടുത്തി ആവശ്യമുള്ള പണം സംഘടിപ്പിച്ചു കൊടുക്കാമെന്ന് അവര്‍ ഏല്‍ക്കും. എന്നാല്‍ എത്ര രൂപയ്ക്കാണ് പണയം വെച്ചിരിക്കുന്നതെന്നോ എത്ര രൂപ തിരിച്ചടയ്ക്കണമെന്നോ ഇവരെ ബോധിപ്പിക്കാറില്ല. ആവശ്യപ്പെട്ട തുക കിട്ടുന്നതോടെ ഇരകള്‍ സന്തോഷിക്കുന്നു”. ഇതാണ് ആദ്യ പടി, ഒരു സന്തോഷകരമായ തുടക്കം. എന്നാല്‍ ഇതിന് അധികം ആയുസ്സില്ല.

നാം മുന്‍പ് പരിശോധിച്ച രവിയുടെ കേസ് എടുത്തു നോക്കിയാല്‍ ഇതു പെട്ടെന്നു മനസ്സിലാക്കാം.  വീടു പുതുക്കിപ്പണിയാനും മകളുടെ വിവാഹത്തിനുമായി 2009ല്‍ ഒരു ലക്ഷം വായ്പയെടുത്തതോടെയാണ് പി ഡി  രവി കടക്കെണിയിലായത്. അഞ്ചു സെന്‍റ് ഭൂമി പണയം വെച്ച് നാലു ലക്ഷം രൂപയാണ് വായ്പ എടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍, ബാങ്കുകള്‍ വായ്പ നിഷേധിച്ചു.  അങ്ങനെയാണ് വായ്പ ശരിപ്പെടുത്തിത്തരാം എന്ന് വാഗ്ദാനം ചെയ്യുന്ന പരസ്യം കണ്ട് ഫോണ്‍ ചെയ്യുന്നത്. ഇബ്രാഹിം പള്ളിത്തറ എന്ന വൈപ്പിന്‍, നായരമ്പലം സ്വദേശിയാണ് ഏജന്‍റ്, ഇയാളടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്.

രവിയുടെ സ്ഥലം വിശ്വാസത്തീറു വാങ്ങിയ ഇബ്രാഹിം 3.8 ലക്ഷം രൂപയാണ് അദ്ദേഹത്തിനു നല്‍കിയത്. ഇതിനായി സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ കച്ചേരിപ്പടി ശാഖയില്‍ നിന്ന് രവിയുടെ പേരില്‍ ഒരു എക്കൗണ്ട് എടുത്തു നല്‍കി. ചെക്ക് ബുക്കും പാസ് ബുക്കും ഈ സംഘം വാങ്ങിവെച്ചു. 28 ലക്ഷം രൂപയാണ് രവിയുടെ ഭൂമിക്ക് തട്ടിപ്പുസംഘം മതിപ്പുവില കാണിച്ചിരുന്നത്. അക്കാലത്ത് അവിടെ അത്രയും സ്ഥലത്തിന് പരമാവധി എട്ടു ലക്ഷം വരെയായിരുന്നു  വില. എന്നാല്‍ വായ്പാതട്ടിപ്പു സംഘത്തിലുള്‍പ്പെട്ട ബാങ്ക് മാനെജരടക്കമുള്ളവര്‍ അറിഞ്ഞു കൊണ്ട് വീടിനും സ്ഥലത്തിനും വില കൂട്ടി കാണിക്കുകയായിരുന്നു. സംഘം 15 ലക്ഷം രൂപ സംഘം രവിയുടെ പേരില്‍ വായ്പയെടുത്തിരുന്നു.

യഥാര്‍ത്ഥത്തില്‍ നാലു ലക്ഷം രൂപയാണ് പാസായതെന്നും 20,000 രൂപ മാമൂലനുസരിച്ച് കമ്മിഷനെടുക്കുന്നുവെന്നുമാണ്  സംഘം ബോധ്യപ്പെടുത്തിയത്. രവിക്കു കൊടുത്ത തുച്ഛമായ തുക കഴിഞ്ഞുള്ള  സംഖ്യ ഈ സംഘം പങ്കിട്ടെടുത്തു. രവി വാങ്ങിയ 3.80 ലക്ഷം രൂപയുടെ പലിശ കൃത്യമായി സംഘം ഏര്‍പ്പെടുത്തിയ ആളുടെ കൈവശം ഏല്‍പ്പിക്കുകയും ചെയ്തു പോന്നു. എന്നാല്‍ ഇത് ബാങ്കില്‍ എത്തിയതായിപ്പോലും അറിയില്ല. ഈ സമയം15ലക്ഷം രൂപയുടെ പലിശ ബാങ്കില്‍ കുമിഞ്ഞു കൂടുകയാണ്.  എന്നാല്‍ പുതിയ ബാങ്ക് മാനെജര്‍ വന്നതോടെ കുടിശികനിര്‍മാര്‍ജ്ജന നടപടികളെടുക്കുകയും ചെയ്യുന്നതോടെ രവി കുടുക്കിലാകുന്നു.

2002ലെ സര്‍ഫാസി നിയമമനുസരിച്ചാണ് ബാങ്ക് പോലിസ് അടക്കമുള്ള സര്‍വ്വ സന്നാഹങ്ങളുമായി ജപ്തിനടപടികള്‍ക്കെത്തിയത്. പത്രപ്പരസ്യം നല്‍കിയ ശേഷം മൂന്നു തവണത്തെ തിരിച്ചടവ് മുടങ്ങിയെങ്കില്‍ കോടതിയനുമതി ഇല്ലാതെ തന്നെ ബാങ്കിന് ജപ്തിനടപടികളുമായി മുന്നോട്ടു പോകുന്നു. അങ്ങനെ ആഗ്രഹിച്ചു വാങ്ങിയ വീട് ഉപേക്ഷിച്ച് ആറു വര്‍ഷത്തോളം നാടുവിട്ട് മകളുടെ വീട്ടില്‍ അഭയാര്‍ത്ഥിയാകുകയും വാടകയ്ക്ക് താമസിക്കുകയും വേണ്ടി വന്നു. എന്നാല്‍ മാഫിയാസംഘത്തിന്‍റെ കളി അവിടെ തുടങ്ങുന്നതേയുള്ളൂ. ജപ്തി ചെയ്ത വീട് ബാങ്ക് ലേലത്തില്‍ വെക്കുമ്പോള്‍,  ഇതേ സംഘത്തില്‍പ്പെട്ട ആളുകള്‍ തന്നെ വീട് ലേലത്തില്‍ വാങ്ങുന്നു. വീട് പരിഷ്കരിച്ച ശേഷം വീണ്ടും ഓപ്പണ്‍ മാര്‍ക്കറ്റില്‍ വില്‍ക്കുന്നു ഇതാണ് നടക്കുന്നത്.

പി ഡി രവി
പി ഡി രവി, തട്ടിപ്പുകാരില്‍ നിന്ന്തിരിച്ചു പിടിച്ച വീടിനു മുന്നില്‍

ഇങ്ങനെ വില്‍ക്കാനിരുന്ന വീട്ടിലേക്കാണ് രവി സര്‍ഫാസി വിരുദ്ധ ജനകീയസമിതിയുടെ നേതൃത്വത്തില്‍ കയറി താമസിച്ചത്. എന്നാല്‍ ഈ വീട് പുതുക്കിയ വകയില്‍ തനിക്കു ചെലവായ തുക വേണമെന്നു കാണിച്ച് വീടു വാങ്ങിയ ആള്‍ കോടതിയെ സമീപിച്ചു. അങ്ങനെ സ്വന്തം വീട് തിരിച്ച് എടുത്ത വകയില്‍ കോടതിയില്‍ കെട്ടിവെച്ച ഏഴു ലക്ഷത്തിനു പുറമെ ഇപ്പോഴും പണം കൊടുക്കാനുണ്ട് എന്നാണ് സ്ഥിതി. ഒരു ലക്ഷം രൂപ വായ്പ വാങ്ങിയ ശേഷം കടക്കെണിയിലായ രവി, സ്വന്തം വീട് മറിച്ചു വാങ്ങിയ ആളില്‍ നിന്ന് ഏഴു ലക്ഷത്തിനു വാങ്ങേണ്ടി വരുന്നുവെന്നതാണ് വസ്തുത.

ഇതിനിടയില്‍ ചതിക്കൊപ്പം വഞ്ചനയുമെന്നതു പോലെ മാസാമാസം ബാങ്കിലേക്കുള്ള തിരിച്ചടവ് കടലില്‍ കായം കലക്കിയതു പോലെ ഒന്നിനും തികയാത്ത അവസ്ഥയിലെത്തി. വീട്ടില്‍ തിരിച്ചു കയറാനായതും സര്‍ഫാസി നിയമ വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധത്തിന്‍റെ ഭാഗമായാണ്. നിരവധി സ്ഥലങ്ങളില്‍ നിരന്തര സമരങ്ങളാണ് സമിതി നടത്തിയത്. കാക്കനാട് കളക്റ്ററേറ്റിനു മുന്‍പിലെ കണ്ണു കെട്ടി സമരം, വല്ലാര്‍പാടം ജംക് ഷനിലെ പ്രതിഷേധസമരം, തിരുവനന്തപുരം അടക്കമുള്ള ഭരണസിരാകേന്ദ്രങ്ങളില്‍ നടത്തിയ സമരവും ഇടപെടലും, ഒടുവില്‍ പ്രതിയായ ഇബ്രാഹിം പള്ളിത്തറയുടെ നായരമ്പലത്തെ വീടിനു മുന്നില്‍ നടത്തിയ സമരം വരെ. എന്നാല്‍  കൊവിഡിനെത്തുടര്‍ന്ന് ഈ പ്രതിഷേധം  നിര്‍ത്തി വെക്കുകയായിരുന്നു.

2002ലാണ് കേന്ദ്ര സര്‍ക്കാര്‍ സര്‍ഫാസി എന്ന പേരില്‍ അറിയപ്പെടുന്ന സെക്യുരിറ്റൈസഷന്‍ ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസെറ്റ്‌സ് ആന്‍ഡ് എന്‍ഫൊഴ്‌സ്‌മെന്‍റ് ഓഫ് സെക്യുരിറ്റി ഇന്‍ട്രസ്റ്റ് ആക്റ്റ് പാസ്സാക്കുന്നത്. നവലിബറല്‍ സാമ്പത്തിക നയത്തിന്‍റെ കാലത്ത് ഇന്ത്യന്‍ ബാങ്കിങ് മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക, ധന വിപണിയിലെ കഴുത്തറപ്പന്‍ മൽസരങ്ങളില്‍ പിടിച്ചു നില്‍ക്കാനുള്ള ശേഷി ഉയര്‍ത്തുക എന്ന ലക്ഷ്യങ്ങള്‍ വച്ചു കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവരുന്നത്. എന്നാലിത്  പാവങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുത്താന്‍ ഇടയാക്കുന്ന ഒരു കരിനിയമമാകുന്നതെങ്ങനെയെന്നു നോക്കാം.

മുന്‍‍ കാലങ്ങളില്‍ കടം തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ സിവില്‍ നിയമമനുസരിച്ച് സിവില്‍ കോടതികളെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ സിവില്‍ കോടതികളിലെ നടപടികളുടെ കാലദൈര്‍ഘ്യം ആഗോളീകരണത്തിന്റെ കാലത്ത് ബാങ്കുകളുടെ മൽസരശേഷിയെ ബാധിക്കുമെന്നതിനാലാണ് സര്‍ക്കാര്‍ വിപുലമായ അധികാരം ബാങ്കുകള്‍ക്ക് നല്‍കിയത്. ഇതനുസരിച്ച് ബാങ്ക് വായ്പ തിരിച്ചടക്കുന്നതില്‍ 60 ദിവസത്തെ കാലതാമസം വരുത്തിയാല്‍ വായ്പക്ക് ഈടായി നല്‍കിയ വസ്തുവിന്മേല്‍ ബാങ്കിന് നടപടികള് സ്വീകരിക്കാം. മൂന്നു സാധ്യതകളാണ് ഇതുപ്രകാരം ബാങ്കിനുള്ളത്. ബാങ്കിന് നേരിട്ട് വസ്തു ഏറ്റെടുക്കാം അല്ലെങ്കില് ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ച് വസ്തു ജപ്തി ചെയ്യാം അതുമല്ലെങ്കില്‍ ഡെബ്റ്റ് റിക്കവറി ട്രൈബ്യുണല് വഴി നടപടികള് സ്വീകരിക്കാം. ഇതില്‍ എതായിരുന്നാലും പഴയ സിവില്‍ നടപടിക്രമങ്ങള്‍ പോലെ പരിശോധനകള്‍ ഒന്നുമില്ലാതെ വളരെ പെട്ടെന്ന് തന്നെ ബാങ്കുകള്‍ക്ക് വസ്തു ജപ്തി ചെയ്ത് കടം തിരിച്ചു പിടിക്കാനാവും.

എന്നാല്‍ കേരളത്തിന്റെ പ്രത്യേക സാമ്പത്തിക-സാമൂഹ്യ പശ്ചാത്തലത്തില്‍ സര്‍ഫാസി നിയമത്തിന്റെ പ്രയോഗം വലിയ സാമൂഹ്യ ദുരന്തത്തിനാണ് വഴിവെച്ചത്. ഇവിടെ ഏറവും അധികം ബാധിക്കപ്പെടുക ദരിദ്ര വിഭാഗങ്ങളാണ്. കേരളത്തിലെ ബാങ്ക് വായ്പകള്‍ പരിശോധിച്ചാല്‍ അതില്‍ നല്ലൊരു പങ്കും സ്വന്തമായി സ്ഥലം വാങ്ങുന്നതിനും വീടുവെക്കുന്നതിനും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും ചികിൽസാ ചെലവിനും വിവാഹ ചിലവുകള്‍ക്കും മറ്റും ആണെന്ന് കാണാം. തങ്ങളുടെ ചെറുകിട വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ക്കു മൂലധനമായി ബാങ്ക് വായ്പ സ്വീകരിക്കുന്നവരും ഉണ്ട്. പക്ഷെ കോര്‍പ്പറേറ്റു ഭീമന്മാരുടെ വായ്പയുമായി തട്ടിച്ചു നോക്കുമ്പോള്‍ ചെറുകിട വ്യവസായ വായ്പകള്‍ തീരെ ചെറുതാണ്. ഇത്തരക്കാര്‍ക്ക് നേരെയാണ് ബാങ്കുകള്‍ സര്‍ഫാസി നിയമം ഉപയോഗിക്കുന്നത്. സ്വന്തം ഭൂമിയില്‍ നിന്നും കിടപ്പാടത്തില്‍ നിന്നും തെരുവിലേക്ക് ആട്ടിയിറക്കപ്പെടുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടി വരികയാണ്.

 

ഈ നിയമത്തിന്റെ പശ്ചാത്തലത്തില്‍ അരങ്ങേറുന്ന വായ്പാ തട്ടിപ്പാണ് മറ്റൊരു പ്രശ്‌നം. ദരിദ്രരാണ് കൂടുതലും ഈ തട്ടിപ്പിന് ഇരയാകുന്നവര്. പ്രത്യേകിച്ച് ദരിദ്ര ദളിത് വിഭാഗങ്ങള്. ഭൂപരിഷ്‌കരണത്തട്ടിപ്പിലൂടെ 3 സെന്റ് 5 സെന്റ് കോളനികളില് തളച്ചിടപ്പെട്ട ദളിതര്‍ക്കു വായ്പ നല്‍കുന്നതില്‍  ബാങ്കുകള്‍ വലിയ താല്പര്യം കാണിക്കാറില്ല. അവരുടെ കൈവശമുള്ള ഭൂമി മതിയായ ഈടാവുകയില്ല അല്ലെങ്കില്‍ തിരിച്ചടക്കാനുള്ള ശേഷിയില്ല തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് വായ്പ നിഷേധിക്കുകയാണ് ബാങ്കുകളുടെ പതിവെന്ന് ഇതിനകം മനസിലായല്ലോ. ഈ സാഹചര്യം മുതലെടുത്ത് രംഗത്തെത്തുന്ന ക്രിമിനല്‍ സംഘങ്ങള്‍ വായ്പ ശരിയാക്കി തരാമെന്നു പറഞ്ഞ് അവരുടെ വിശ്വാസം നേടിയെടുക്കുകയും വായ്പ ലഭിക്കാനായുള്ള തന്ത്രമെന്ന നിലയില്‍ ഭൂമി താൽകാലികമായി ഈ ക്രിമിനല്‍ സംഘത്തിലെ ആരുടെയെങ്കിലും പേരില്‍‍ തീറാധാരം രജിസ്‌റ്റര്‍ ചെയ്തു വാങ്ങിക്കുകയും ആ തീറാധാരം പണയപ്പെടുത്തി വായ്പയെടുക്കുകയും ചെയ്യുന്നതാണ് നാം മേല്‍പ്പറഞ്ഞ കേസുകളില്‍ കണ്ടത്.

വായ്പാ തുക ഈ ക്രിമിനല്‍ സംഘം വീതിച്ചെടുക്കുകയും ഒരു വിഹിതം പറ്റിക്കപ്പെട്ട യഥാര്‍ത്ഥ വസ്തുവുടമക്ക് നല്‍കുകയും ചെയ്യും. കിട്ടിയ വിഹിതത്തിനാനുപാതികമായി ഒരു തുക തിരിച്ചടച്ചാല്‍ മതിയെന്നും അതും നേരിട്ട് ബാങ്കില്‍ പോകേണ്ട തങ്ങളുടെ കയ്യില് ഏല്പ്പിച്ചാല് മതിയെന്നും അവര്‍ പറഞ്ഞുവിശ്വസിപ്പിക്കുന്നതനുസരിച്ചു വഞ്ചനക്ക് ഇരയായ വസ്തുവുടമ അയാളുടെ വിഹിതം ഈ ക്രിമിനലുകളെ എല്‍പ്പിച്ചിരിക്കും. അവസാനം ബാങ്കില്‍ നിന്നും ജപ്തി നടപടി വരുമ്പോള്‍ മാത്രമാണ് താന്‍ വഞ്ചിക്കപ്പെട്ടെന്നു ഇര തിരിച്ചറിയുക. സര്ഫാസി നിയമത്തിന്‍റെ വേഗതക്കും കാര്‍ക്കശ്യത്തിനും മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ അപമാനിതനായി ഹതാശനായി തന്‍റെ ഭൂമിയില്‍ നിന്ന്  ഇറങ്ങികൊടുക്കേണ്ടിവരികയും ചെയ്യും.

സര്‍ഫാസി കേന്ദ്ര നിയമമായതിനാൽ തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെയും അതിനു നേതൃത്വം നൽകുന്ന രാഷ്ട്രീയ നേതാക്കന്മാരുടെയും നിലപാട്. എന്നാൽ ഈ നിയമം ജനങ്ങൾക്ക്‌ അനുകൂലമായ തരത്തിൽ ഭേദഗതി ചെയ്യുന്നതിനും,സർഫാസി നിയമപ്രകാരമുള്ള ജപ്തി നടപടികൾ നിറുത്തിവെക്കാനും കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്താൻ ഇവരാരും തയ്യാറാവുന്നില്ല.മാത്രവുമല്ല വായ്പാ തട്ടിപ്പിനിരയായവർക്ക് അവരുടെ നഷ്ടപ്പെട്ട ഭൂമി വീണ്ടെടുത്തു നൽകാനും,വായ്പാ തട്ടിപ്പിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കാനും സർക്കാർ തയ്യാറാകുന്നില്ല.

ഈ സാഹചര്യത്തിൽ ആണ് പ്രസ്തുത വിഷയത്തിൽ ഇടപെടുകയെന്ന ലക്ഷ്യത്തോടെ സർഫാസി -ബാങ്ക് വായ്പാ വഞ്ചനക്കെതിരായ സമരസമിതി രൂപീകരിക്കപ്പെടുന്നത്. 2013ല്‍ കാക്കനാട് നിലംപതിഞ്ഞി കോളനിയിലെ ചോതി ബാബുവിന്‍റെ ആറു സെന്‍റ് ഭൂമി കൈവശപ്പെടുത്താനുള്ള ഭൂമാഫിയ സംഘത്തിന്‍റെ നടപടികളെ ചെറുത്തു തോല്‍പ്പിച്ചതുമായി ബന്ധപ്പെട്ടാണ് സമിതി പ്രവര്‍ത്തനം തുടങ്ങാനിടയായത്. മകളുടെ വിവാഹത്തിന് ഒന്നര ലക്ഷം രൂപ വായ്പ സംഘടിപ്പിച്ചു കൊടുത്ത മാഫിയ, പിന്നീട് നിരന്തരം പണം തിരിച്ചു നല്‍കാനാവശ്യപ്പെട്ട് ശല്യം തുടങ്ങി. ഒടുവില്‍ ഭീഷണിക്കു വഴങ്ങി  സ്ഥലത്തിന്‍റെ ആധാരം ഇവരെ ഏല്‍പ്പിച്ചു. ഇത് പണയം വെച്ച് 4.8 ലക്ഷം രൂപ ചോതി ബാബുവിനു സംഘം നല്‍കി. ഇതിന്‍റെ തിരിച്ചടവ് നടത്തി വ രുന്നതിനിടെയാണ്  ജപ്തി നോട്ടിസ് വന്നത്. വീടിന്‍റെ ആധാരം വെച്ച് തട്ടിപ്പു സംഘം എടുത്തത് 4.8 ലക്ഷമല്ല മറിച്ച്, 40 ലക്ഷമായിരുന്നുവെന്ന ഞെട്ടിക്കുന്ന വസ്തുത ചോതി ബാബു അപ്പോഴാണ് അറിയുന്നത്!
ഇതേത്തുടര്‍ന്നാണ് ഇത്തരം തട്ടിപ്പിനിരയായവരെക്കുറിച്ച്  അന്വേഷിക്കേണ്ടതുണ്ടെന്ന് മനസിലാക്കിയതെന്ന് മുരളീശങ്കര്‍ പറയുന്നു. ഇരകളില്‍  മൂന്നു നാലും സെന്‍റ് ഭൂമി മാത്രമുള്ള ദരിദ്ര ദളിത് വിഭാഗങ്ങളാണെന്ന തിരിച്ചറിവ് സമരസമിതിക്കു രൂപം നല്‍കേണ്ടത് അനിവാര്യമായ തിരിച്ചറിവിലേക്കു നയിച്ചു. ഇത്തരമൊരു പ്രസ്ഥാനത്തിന്‍റം അവശ്യകതയറിഞ്ഞ് ദളിത് സംഘടനകളോടൊപ്പം സമാനമനസ്കരും ഒഴുകിയെത്തുകയായിരുന്നു. എന്നാല്‍ അധികൃതര്‍ക്ക് ആളെ പെട്ടെന്നു കുടിയിറക്കാന്‍ ശക്തിസ്രോതസായി വര്‍ത്തിക്കുന്ന  സര്‍ഫാസി നിയമത്തെക്കുറിച്ച് ആര്‍ക്കും അന്ന് പിടിയില്ലായിരുന്നു. ഇതേത്തുടര്‍ന്ന് പ്രഭാഷണങ്ങളും തെരുവുനാടകങ്ങളും ഹ്രസ്വചിത്രങ്ങളും ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളുമുപയോഗിച്ചുള്ള പ്രചാരണങ്ങളും മനുഷ്യാവകാശപ്രവര്‍ത്തകരെയടക്കം ഉള്‍പ്പെടുത്തിയ  നിയമസഭാമാര്‍ച്ച് പോലുള്ള നീക്കങ്ങളും കൊണ്ട് ഇതിനെതിരേ ജനവികാരം ആകര്‍ഷിക്കാന്‍ കഴിഞ്ഞു.

സമിതിയുടെ ചരിത്രത്തിലെ സുപ്രധാന ഏടായിരുന്നു എറണാകുളം ജില്ലയിലെ ഇടപ്പള്ളിക്കടുത്തുള്ള മാനാത്തുപാടത്തു നടന്ന പ്രീത ഷാജി എന്ന വീട്ടമ്മയുടെ സമരം. ഭര്‍ത്താവിന്‍റെ സുഹൃത്ത് ചേരനല്ലൂര്‍ സ്വദേശി സാജന് വര്‍ക്ക് ഷോപ്പ് തുടങ്ങാനായി ലോഡ്കൃഷ്ണ ബാങ്കില്‍ നിന്ന് രണ്ടു ലക്ഷം രൂപ ലോണെടുക്കേണ്ടിവന്നു.  ഷാജിയാണ് ജാമ്യം നിന്നത്. ലോണെടുത്തയാള്‍ അടച്ചില്ല, കടബാധ്യത പലിശസഹിതം പെരുകി രണ്ടരക്കോടിയോളമായി.  സര്‍ഫാസി നിയമപ്രകാരം ഷാജിയുടെ വീടും പുരയിടവും ബാങ്കുകള് ലേലം ചെയ്തു. ബാങ്കിംഗ്  പരിഷ്കരണ നയങ്ങളുടെ ഭാഗമായി ലോഡ് കൃഷ്ണ ബാങ്ക്  എച്ച്ഡിഎഫ്‌സിയില്‍ ലയിച്ചതോടെ  അവര്‍ വായ്പ തിരിച്ചടപ്പിക്കാനുള്ള നടപടിയെടുത്തതോടെയാണ് പ്രശ്നം രൂക്ഷമായത്.

പ്രീത ഷാജി
പ്രീത ഷാജി, സമരവേദിയില്‍ (ഫേസ് ബുക്ക് ഫോട്ടൊ)
ഇതിനെതിരെയാണ് ഷാജിയുടെ ഭാര്യ പ്രീത വീട്ടുമുറ്റത്ത് ചിതയൊരുക്കി സമരം തുടങ്ങിയത്. പിന്നീട് സമരച്ചിത ബാങ്കിന്റെ മുന്നിലേക്ക് മാറ്റി. പുതിയ ബാങ്കിംഗ് നയങ്ങളുടെയും നോട്ട് നിരോധനത്തിന്‍റെയും പശ്ചാത്തലത്തില്‍
ബാങ്കിലേക്ക് പണം നിക്ഷേപിച്ചാലും പിന്‍വലിച്ചാലും ഉപയോക്താവിന് നഷ്ടം ഉറപ്പാണ്. ഒളിച്ചു വച്ചതും അല്ലാത്തതുമായ നിരവധി സേവനങ്ങളുടെ പേരില്‍ കസ്റ്റമറെ പിഴിയുന്നതാണ് പുതിയ പരിഷ്കാരങ്ങള്‍ വന്നപ്പോള്‍ നാം കണ്ടത്. ഇടത്തരക്കാരും ചെറുകിടക്കാരും മാത്രമല്ല, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരും ബാങ്കിന്റെ ഉരുക്കുമുഷ്ടികളിലാണ്.
എല്ലാവരെക്കൊണ്ടും അക്കൗണ്ടെടുപ്പിച്ചതിലൂടെയാണ് കേന്ദ്രസര്‍ക്കാര്‍ വാരിക്കുഴി രൂപപ്പെടുത്തിയത്. ഇവിടെയാണ് പ്രീതാഷാജി എന്ന വീട്ടമ്മയുടെ ചിതകൂട്ടി സമരം മനഃസാക്ഷിയെ മുറിപ്പെടുത്തുന്നത്. കൂട്ടുകാരനെ സഹായിക്കാന്‍ വേണ്ടിയാണ് ഈ കെണിയില്‍പ്പെട്ടത് എന്നോര്‍ക്കുമ്പോള്‍ സാധാരണക്കാര്‍ക്കിടയില്‍ ജാമ്യം നില്‍ക്കാനും ഇനി ആളെ കിട്ടാതെവരും. ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവും നിസ്സഹകരണവുമുണ്ടാക്കുന്ന ഈ സാഹചര്യം  ആത്യന്തികമായി ദരിദ്രര്‍ക്കും പിന്നാക്കക്കാര്‍ക്കും തന്നെയാണ് തിരിച്ചടിയാകുക. അതേസമയം കോടീശ്വരന്മാരാകട്ടെ, ശതകോടികള്‍ വെട്ടിച്ചുകൊണ്ട് സുഖമായി മുങ്ങി വിദേശത്ത് സുഖജീവിതം  നയിക്കുകയും ചെയ്യുന്നു.
പ്രീതാ ഷാജിയുടെ സമരം നടന്നതോടെ മുഖ്യമന്ത്രിയടക്കമുള്ളവര്‍ സമരപ്പന്തലിലെത്തി. കേരള നിയമസഭയില്‍ 2017ല്‍ പ്രമേയമവതരിപ്പിച്ചു. അഞ്ച് സെന്‍റില്‍ കവിയാത്ത സ്ഥലത്ത് വീടും പുരയിടവുമുള്ളവരെ  സര്‍ഫാസി നിയമത്തിന്‍റെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. സര്‍ഫാസി നിയമത്തില്‍ ഭേദഗതി വേണമെന്ന് മുഖ്യമന്ത്രി തന്നെ ആവശ്യപ്പെട്ടു. കിടപ്പാടങ്ങള്‍ ജപ്തി ചെയ്യില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കുകയും ചെയ്തു. പ്രീത ഷാജിമാരെപ്പോലെ ചതിയില്‍പ്പെട്ടവര്‍ക്ക് വേണ്ടി നിയമം കൊണ്ടു വരുമെന്ന് ധനമന്ത്രിയും പ്രഖ്യാപിച്ചു.
ഇതോടൊപ്പം നിയമം നടപ്പാക്കിയതിനെത്തുടര്‍ന്നുണ്ടായ സ്ഥിതിവിശേഷം പഠിക്കുന്നതിനും നിയമത്തെ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങളും പരാതികളും സ്വീകരിക്കുന്നതിനുമായി നിയമസഭാസമിതിക്കും സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കി.  കമ്മിറ്റിയില്‍ 11 അംഗങ്ങളാണ് ഉള്ളത്. സര്‍ഫാസി നിയമം സംബന്ധിച്ചുള്ള നിര്‍ദേശങ്ങളോ പരാതികളോ ആര്‍ക്കും രേഖാമൂലം സെക്രട്ടറിയേറ്റില്‍ നല്‍കുന്നതിനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തി.  സമരം നടത്തി 13 ഓളം വീടുകള്‍ തിരിച്ചുപിടിക്കാനായതും ആത്മഹത്യാമുനമ്പില്‍ നില്‍ക്കുകയായിരുന്നു 500ഓളം കുടുംബങ്ങളെ രക്ഷപെടുത്താനായി. ജില്ലയിലെ എല്ലാ രാഷ്ട്രീയ കക്ഷികളും നേതാക്കളും വിഷയത്തിന്‍റെ പ്രാധാന്യം മനസിലാക്കി ഇടപെട്ടതും സമരത്തിന്‍റെ വിജയമാണ്.
ഈ നിയമത്തിന്റെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന വായ്പാ തട്ടിപ്പാണ് മറ്റൊരു പ്രശ്നം. ദരിദ്രരാണ് കൂടുതലും ഈ തട്ടിപ്പിന് ഇരയാകുന്നവർ. പ്രത്യേകിച്ച് ദരിദ്ര ദളിത്‌ വിഭാഗങ്ങൾ.ഭൂപരിഷ്കരണത്തട്ടിപ്പിലൂടെ 3 സെന്റ്‌ 5 സെന്റ്‌ കോളനികളിൽ തളച്ചിടപ്പെട്ട ദളിതർക്കു വായ്പകൾ നൽകുന്നതിൽ ബാങ്കുകൾ വലിയ താല്പര്യം കാണിക്കാറില്ല.അവരുടെ കൈവശമുള്ള ഭൂമി മതിയായ ഈടാവുകയില്ല അല്ലെങ്കിൽ തിരിച്ചടക്കാനുള്ള ശേഷിയില്ല തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് വായ്പ നിഷേധിക്കുകയാണ് പതിവ്.ഈ സാഹചര്യം മുതലെടുത്ത്‌ രംഗത്തെത്തുന്ന ക്രിമിനൽ സംഘങ്ങൾ വായ്പ ശരിയാക്കി തരാമെന്നു പറഞ്ഞ് അവരുടെ വിശ്വാസം നേടിയെടുക്കുകയും വായ്പ ലഭിക്കാനായുള്ള തന്ത്രമെന്ന നിലയിൽ ഭൂമി താല്ക്കാലികമായി ഈ ക്രിമിനൽ സംഘത്തിലെ ആരുടെയെങ്കിലും പേരിൽ തീറാധാരം രജിസ്റെർ ചെയ്തു വാങ്ങിക്കുകയും ആ തീറാധാരം പണയപ്പെടുത്തി വായ്പയെടുക്കുകയും ചെയ്യും.
വായ്പാ തുക ഈ ക്രിമിനൽ സംഘം വീതിച്ചെടുക്കുകയും ഒരു വിഹിതം പറ്റിക്കപ്പെട്ട യഥാർത്ഥ വസ്തുവുടമക്ക് നൽകുകയും ചെയ്യും. കിട്ടിയ വിഹിതത്തിനാനുപാതികമായി ഒരു തുക തിരിച്ചടച്ചാൽ മതിയെന്നും അതും നേരിട്ട് ബാങ്കിൽ പോകേണ്ട തങ്ങളുടെ കയ്യിൽ ഏൽപ്പിച്ചാൽ മതിയെന്നും അവർ പറഞ്ഞു വിശ്വസിപ്പിക്കുന്നതനുസരിച്ചു വഞ്ചനക്ക് ഇരയായ വസ്തുവുടമ അയാളുടെ വിഹിതം ഈ ക്രിമിനലുകളെ എൽപ്പിച്ചിരിക്കും.അവസാനം ബാങ്കിൽ നിന്നും ജപ്തി നടപടി വരുമ്പോൾ മാത്രമാണ് താൻ വഞ്ചിക്കപ്പെട്ടെന്നു അയാൾ തിരിച്ചറിയുക.സർഫാസി നിയമത്തിന്റെ വേഗതക്കും കാർക്കശ്യത്തിനും മുന്നിൽ പിടിച്ചു നിൽക്കാനാവാതെ അപമാനിതനായി, ഹതാശനായി തന്‍റെ ഭൂമിയിൽ നിന്ന് ഇറങ്ങിക്കൊടുക്കേണ്ടി വരികയും ചെയ്യും.
മുന്‍പൊക്കെ ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ബാങ്ക് വായ്പകള്‍, എടുത്തവരുടെ ജപ്തി നടപടികള്‍ നീട്ടി വെക്കാനോ, ഗഡുക്കളായി അടയ്ക്കാന്‍ സാവകാശം വാങ്ങിക്കൊടുക്കാനോ സംവിധാനം ഉണ്ടാക്കി കൊടുക്കാനോ അവസരമുണ്ടായിരുന്നു. കളക്റ്റര്‍ക്ക് ഇതിനുള്ള അധികാരമുണ്ടായിരുന്നു.  ഇപ്പോള്‍ സര്‍ഫാസി നിയമപ്രകാരം ജപ്തി ചെയ്യാന്‍ സര്‍വീസ് സഹകരണബാങ്കുകള്‍ക്കു പോലും അവകാശമുണ്ടെന്ന് വന്നിരിക്കുന്നു. ഇത് വ്യക്തിക്ക് യാതൊരുവിധ സാവകാശവും നല്‍കാതെ അയാളുടെ കിടപ്പാടം തന്നെ തട്ടിയെടുക്കാന്‍ ബാങ്കുകള്‍ക്ക് അനുവാദം നല്‍കുന്നതിലൂടെയാണ് ഇത് കരിനിയമമെന്ന ആക്ഷേപം പേറേണ്ടി വന്നിരിക്കുന്നത്.
വായ്പാതട്ടിപ്പ് സംഘങ്ങള്‍ക്കെതിരായ ബഹുജന കണ്‍വെന്‍ഷന്‍
വായ്പാതട്ടിപ്പ് സംഘങ്ങള്‍ക്കെതിരായ ബഹുജന കണ്‍വെന്‍ഷന്‍
കൊവിഡ് വന്നതോടെ സര്‍ഫാസി നിയമം വലിയൊരു വാളായി ഇരകളുടെ തലയ്ക്കു മീതെ വന്നിരിക്കുന്നു. വായ്പകളുടെ മൊറട്ടോറിയം പിന്‍വലിക്കപ്പെടുന്നതോടെ കൂടുതല്‍ പേര്‍ വായ്പ തിരിച്ചടവിനു കഴിയാതെ നിയമത്തിന്‍റെ പേരില്‍ വഴിയാധാരമായേക്കും. ഒരു വര്‍ഷമായി വരുമാനം നിലച്ച മട്ടിലാണ് സാധാരണക്കാര്‍. ബാങ്കുകളിലും നിക്ഷേപം കുറഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തില്‍ വേഗത്തിലുള്ള റിക്കവറി നടപടികള്‍ക്കാണ് ബാങ്കുകള്‍ തുനിയുന്നതെങ്കില്‍ കൂടുതല്‍ പേര്‍ പ്രതിസന്ധിയിലാകുമെന്നുറപ്പ്. ഇത് ഒഴിവാക്കാന്‍ കാര്‍ഷിക വായ്പ എഴുതിത്തള്ളിയതും മത്സ്യത്തൊഴിലാളി കടാശ്വാസ പദ്ധതിയും  പോലൊരു പായ്ക്കെജ് അനുവദിക്കണമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പലരും ആവശ്യപ്പെടുന്നത്. ഇത്തരമൊരു പായ്ക്കെജിന് പട്ടികജാതി വികസന വകുപ്പ് സഹായമനുവദിക്കണം, എന്നിട്ട് ഇത് പ്രതികളില്‍ നിന്ന് വസൂലാക്കണം. അല്ലാത്ത പക്ഷം വലിയൊരു ദുരന്തത്തിന് സംസ്ഥാനം സാക്ഷിയായേക്കാമെന്നാണ് ഇവരുടെ ആശങ്ക.  ഇരകള്‍  പലരും കൂട്ട ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു എന്നു പറഞ്ഞിട്ടാണ് വിളിക്കുന്നത്. അവരെ സമാധാനിപ്പിച്ച് പിന്തിരിപ്പിക്കുന്നതാണ് ഇപ്പോഴത്തെ തങ്ങളുടെ ഒരു പ്രധാന ജോലിയെന്ന് മുരളീ ശങ്കര്‍ പറയുന്നു.
പറ്റിക്കപ്പെട്ടവര്‍ക്ക് നിയമപരമായ നിരക്ഷതയാണ് ഈ വിഷയത്തില്‍ ഗൗരവമായി കാണേണ്ടതെന്ന് നിയമവിദ്ഗധനായ ബോബി പോള്‍ വോക്ക് മലയാളത്തോടു പറ‌ഞ്ഞു. ” പലരും നിയമത്തെപ്പറ്റി അജ്ഞരാണ്. വിസാ തട്ടിപ്പു പോലുള്ള കാര്യങ്ങളില്‍ നാം ഇത് കണ്ടതാണ്.  ആത്മഹത്യക്കു തയാറാകുന്നവര്‍ പോലും മിഥ്യാധാരണയില്‍ ആശ്വാസം കൊള്ളുന്നു.  തങ്ങളുടെ വായ്പാഭാരം സര്‍ക്കാര്‍ എഴു തള്ളുമെന്നൊക്കെ കരുതുന്നവരുണ്ട്. എന്നാല്‍ അതല്ല യഥാര്‍ത്ഥത്തില്‍ സംഭവിക്കാറുള്ളത്. അങ്ങനെ തെറ്റിദ്ധാരണ മാധ്യമങ്ങളടക്കം പടര്‍ത്തുന്നു. ഇതേപ്പറ്റി അവരെ ബോധവാന്മാരാക്കേണ്ടതുണ്ട് ”
മറ്റൊന്ന് ബാങ്കുകളുടെ സഹകരണം ഉറപ്പാക്കി, വലിയ തോതില്‍ കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിയ ഇളവുകളില്‍ ചെറിയൊരു ശതമാനം നല്‍കാനാകും. സ്റ്റേറ്റ് തല ബാങ്കേഴ്സ് സമിതിക്കെല്ലാം ഇതിനുള്ള നടപടിയെടുക്കാം. ഏതായാലും വലിയ അധോലോക സംഘങ്ങള്‍ വായ്പാ, ഭൂമാഫിയയുടെ പിന്നിലുണ്ട്. ഇരകള്‍ക്കു നേരേ ഉയരുന്ന ഭീഷണികളും സര്‍ഫാസി വിരുദ്ധ ജനകീയ സമിതിപ്രവര്‍ത്തകര്‍ക്കു നേര്‍ക്കുള്ള ആക്രമണങ്ങളും ഇതാണ് സൂചിപ്പിക്കുന്നത്. ഇവരില്‍ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കുകയാണ് വേണ്ടത്. അതിന് വിഘാതം നില്‍ക്കുന്ന കരിനിയമങ്ങളെ ഇല്ലാതാക്കാനും അവയുടെ ദംഷ്ട്രകള്‍ കൊഴിക്കാനുതകുന്ന ഭേദഗതി വരുത്താനുമാണ് ഭരണാധികാരികള്‍ തയാറാകേണ്ടത്.