Wed. Jan 22nd, 2025
LGBT March

സാന്ത്വനത്തിന്റെ കരസ്‌പര്‍ശം എടുത്തുമാറ്റപ്പെട്ടതോടെ വീടു വിട്ടിറങ്ങിയ കുട്ടികളായി കേരളത്തിലെ ട്രാന്‍സ്‌ ജെന്‍ഡര്‍ സമൂഹത്തെ കാണാം. സ്വന്തം അമ്മയോ വീട്ടുകാരോ മാറോട്‌ ചേര്‍ക്കാനില്ലാതെ വരുമ്പോള്‍ തെരുവില്‍ വലിച്ചെറിയപ്പെട്ട അവരെ പിന്തുണയ്‌ക്കാന്‍ വൈകിയാണെങ്കിലും നിയമങ്ങളുണ്ടായി. എന്നാല്‍ നിയമങ്ങള്‍ക്കുള്ള മനുഷ്യമുഖം അതിന്റെ പാലകര്‍ക്കോ അധികൃതര്‍ക്കോ സമൂഹത്തിനോ ഇല്ലെങ്കില്‍ ഫലത്തില്‍ അവ വെറും ചുവരെഴുത്തുകള്‍ മാത്രമാകും.

ആരോരുമില്ലാത്ത ട്രാന്‍സ്‌ ജെന്‍ഡര്‍മാരുടെ രക്ഷകര്‍തൃത്വം സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും ആ പിന്തുണയ്‌ക്കു പോലും തങ്ങളുടെ ജീവിതത്തിന്റെ ദുര്‍ഗതി മാറ്റുക ദുര്‍ഘടമാകുകയാണെന്ന്‌ ഇതേ സമൂഹത്തില്‍ നിന്നുള്ള സന്നദ്ധപ്രവര്‍ത്തകര്‍ പറയുന്നു. ഒരു ആപത്ത്‌ വരുമ്പോഴാണ്‌ കൂടെ നില്‍ക്കുന്നവരെയും തകര്‍ക്കാന്‍ ശ്രമിക്കുന്നവരെയും കൈമലര്‍ത്തിക്കാണിക്കുന്നവരെയുമെല്ലാം തിരിച്ചറിയാനാകുക. കൊവിഡ്‌ കാലം അത്തരമൊരു തിരിച്ചറിവിന്റെ കൂടി കാലമാണിവര്‍ക്ക്‌.

ശീതള്‍ ശ്യാം ട്രാന്‍സ്‌ ജെന്‍ഡര്‍ ആക്‌റ്റിവിസ്‌റ്റ്
ശീതള്‍ ശ്യാം ട്രാന്‍സ്‌ ജെന്‍ഡര്‍ ആക്‌റ്റിവിസ്‌റ്റ്

ട്രാന്‍സ്‌ ജെന്‍ഡര്‍ ആക്‌റ്റിവിസ്‌റ്റും ”ദ്വയ” ട്രാന്‍സ് ജെന്‍ഡേഴ്സ് ആര്‍ട് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി  എന്ന സംഘടനയുടെ രക്ഷാധികാരിയുമായ ശീതള്‍ ശ്യാം കൊവിഡ്‌ കാലത്തെ ട്രാന്‍സ്‌ സമൂഹത്തിന്റെ സാഹചര്യത്തെക്കുറിച്ച്‌ പറയുന്നത്‌ ഇങ്ങനെയാണ്‌. ”കോവിഡ്‌ വന്നതിനു ശേഷം ട്രാന്‍സ്‌ ജെന്‍ഡേഴ്സിന്‍റെ , പ്രത്യേകിച്ചു ട്രാന്‍സ്‌ സ്ത്രീകളുടെ ജീവിതം മുന്‍പില്ലാത്ത വിധം ക്ലേശകരമായി മാറുകയാണുണ്ടായത്‌. കേരളത്തിലേത്‌ കുടുംബത്തിന്‌ പ്രാധാന്യം കല്‍പ്പിക്കുന്ന സമൂഹ്യവ്യവസ്ഥയാണ്‌. അവിടെ കുടുംബത്തില്‍ നിന്ന്‌ നിഷ്‌കാസിതരായവരാണ്‌ ട്രാന്‍സ്‌ സമൂഹമെന്നു പറയാം. പലരും ലൈംഗികസ്വത്വം തുറന്നു പറഞ്ഞുവെന്നതിനാല്‍ വീട്‌ ഉപേക്ഷിക്കേണ്ടി വന്നവരാണ്‌. കോവിഡ്‌ പോലുള്ള മഹാമാരി തൊഴിലുകള്‍ നഷ്ടപ്പെടുത്തി, സാമ്പത്തികവും സാമൂഹികവുമായി അരക്ഷിതാവസ്ഥയിലെത്തിച്ചപ്പോള്‍ കുടുംബത്തില്‍ നിന്നു കിട്ടേണ്ടിയിരുന്ന പിന്തുണ കിട്ടാന്‍ സാഹചര്യമില്ലാതെ വന്നവരാണ്‌ തങ്ങള്‍”

സൂര്യ ഇഷാന്‍ ട്രാന്‍സ് ജെന്‍ഡര്‍ ആര്‍ടിസ്റ്റ് സംരംഭക
സൂര്യ ഇഷാന്‍
ട്രാന്‍സ് ജെന്‍ഡര്‍ ആര്‍ടിസ്റ്റ് സംരംഭക

കൊവിഡ്‌ കാലത്ത്‌ കലാരംഗത്തും മറ്റും അവസരങ്ങള്‍ കുറഞ്ഞതോടെ ആ മേഖലകളില്‍ ജീവിതം കരുപ്പിടിപ്പിക്കാന്‍ തുടങ്ങിയ പലരും ലൈംഗികതൊഴിലിലേക്ക്‌ തിരിച്ചു പോകാന്‍ നിര്‍ബന്ധിതരായെന്ന്‌ ”ദ്വയ” പ്രസിഡന്‍റും  ട്രാന്‍സ്‌ ജെന്‍ഡര്‍  വെല്‍ഫെയര്‍ ബോര്‍ഡ്‌ അംഗവുമായ  സിനിമ- ടിവി താരം സൂര്യ ഇഷാന്‍ പറയുന്നു. ” കൊവിഡ്‌ വന്നതോടെ പൊതു പരിപാടികള്‍ തന്നെ ഇല്ലാതായി. പല സാധാരണക്കാരായ ട്രാന്‍സ്‌ വുമണ്‍മാരും അമ്പലപ്പറമ്പിലും മറ്റുമുള്ള നൃത്തവേദികളിലാണ്‌ പ്രോഗ്രാം ചെയ്യുന്നത്‌. അത്തരം വേദികള്‍ പാടേ ഇല്ലാതായല്ലോ. ഇവന്റ്‌ മാനെജ്‌മെന്റുകളിലും ടിവിയിലും അവസരങ്ങള്‍ കുറഞ്ഞു. പലരും സെക്‌സ്‌ വര്‍ക്കിലേക്ക്‌ തിരികെ പോകാന്‍ സന്നദ്ധരായി. അവരെ തടയാനോ അത്‌ ചെയ്യരുതെന്നു പറയാനോ നമുക്കു കഴിയില്ല. നിവൃത്തികേടു കൊണ്ടാണത്‌”

സജ്ന ഷാജി ട്രാന്‍സ് ജെന്‍ഡര്‍ സംരംഭക
സജ്ന ഷാജി
ട്രാന്‍സ് ജെന്‍ഡര്‍ സംരംഭക

കൊവിഡ്‌ കാലത്ത്‌ എല്ലാവരും ഏറെ ശ്രദ്ധിച്ച ഒരു അതിജീവനകഥ ട്രാന്‍സ്‌ വുമണ്‍ സജ്‌ന ഷാജിയുടേതാകും. ഒരേ സമയം വിവിധ കോണുകളില്‍ നിന്ന്‌ നേരിട്ട സമ്മര്‍ദ്ദങ്ങള്‍ അതിജീവിച്ചാണ്‌ സജ്‌ന സംരംഭവുമായി ഓരം ചേര്‍ക്കപ്പെട്ടവര്‍ക്കു മാതൃകയായത്‌. മുന്‍പ്‌ ഓണ്‍ലൈന്‍ ഡെലിവറി നടത്തിയിരുന്ന സജ്‌ന ഷാജി കൊവിഡ്‌ വന്നതോടെയാണ്‌ ബിരിയാണി പാചകം ചെയ്‌തു വില്‍ക്കുന്നതിലേക്കു തിരിഞ്ഞത്‌.

“കൊവിഡിന്‍റെ തുടക്കത്തില്‍ ഒരു ജോലിയും ലഭിക്കാത്ത സാഹചര്യമായിരുന്നു. പലരും വളരെയധികം കഷ്ടപ്പെട്ടു. താന്‍ തന്നെ ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനത്തിനു വേണ്ടി ജോലി ചെയ്‌തെങ്കിലും അത്‌ നഷ്ടപ്പെട്ടു. അങ്ങനെ ഒരു നിവൃത്തിയുമില്ലാത്ത സാഹചര്യത്തിലെത്തി. അതിനേക്കാള്‍ പ്രശ്‌നമായിരുന്നു കൂടെയുള്ള മറ്റു പലരുടെയും സ്ഥിതി. ഞങ്ങളുടെ വിഭാഗത്തില്‍ വലിയൊരു വിഭാഗം ഇപ്പോഴും സെക്‌സ്‌ വര്‍ക്കേഴ്‌സാണ്‌. അവര്‍ക്ക്‌ പുറത്തു പോകാന്‍ പറ്റാതെയായി. മറ്റു ജോലികള്‍ കിട്ടാനും ബുദ്ധിമുട്ടായി. ഒരു നേരത്തെ അന്നത്തിനു പോലും ഒരുപാട്‌ കഷ്ടപ്പെടേണ്ടി വന്നു. ഇപ്പോഴും സാഹചര്യം മാറിയെന്നു പറയാറായിട്ടില്ല,” സജ്‌ന ഷാജി പറയുന്നു.

“പലരും തൊഴില്‍ കണ്ടെത്തിയിരുന്നത്‌ സ്റ്റേജ്‌ പ്രോഗ്രാം, ഡാന്‍സ്‌, മേക്കപ്പ്‌, സെക്‌സ്‌ വര്‍ക്ക്‌ തുടങ്ങിയ മേഖലകളിലാണ്‌. കോവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ക്‌ ഡൗണും സാമൂഹികഅകലം പാലിക്കലും വന്നതോടെ ഇത്തരം അവസരങ്ങള്‍ ഒന്നാകെ നഷ്ടപ്പെടുകയായിരുന്നു. ഉത്സവങ്ങളും ഇവന്റുകളും ഇല്ലാതായി. സെക്‌സ്‌ വര്‍ക്ക്‌ ചെയ്യുന്നവര്‍ക്ക്‌ രാത്രിയില്‍ പുറത്തിറങ്ങാന്‍ പറ്റാതായി. സോഷ്യല്‍ ഡിസ്‌റ്റന്‍സിംഗ്‌ ഉള്ളതിനാല്‍ ഈ സമയത്ത്‌ അവരെല്ലാം അക്ഷരാര്‍ത്ഥത്തില്‍ പട്ടിണിയിലായി. ഇതോടെ പലരും തെരുവിലിറങ്ങി, വീണ്ടും സെക്‌സ്‌ വര്‍ക്കിലേക്കു തിരിയേണ്ടി വന്നു. കൊറോണ പിടിച്ചാലും സാരമില്ല, പട്ടിണി കിടന്നു മരിക്കാന്‍ വയ്യ എന്നായിരുന്നു അവരുടെ വാദം. അങ്ങനെ നിവൃത്തികേടു കൊണ്ട്‌ ഇറങ്ങിയവരെ സാമൂഹ്യ പ്രവര്‍ത്തകരെന്ന്‌ അവകാശപ്പെടുന്ന ചിലരും പോലിസും ചേര്‍ന്ന്‌ വീണ്ടും ബുദ്ധിമുട്ടിച്ചു,” ശീതള്‍ ശ്യാം ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ഇതിനകം അതിജീവനത്തിന്റെ പാഠങ്ങള്‍ പഠിച്ചെടുത്ത സൂര്യയെപ്പോലുള്ളവര്‍ മറ്റു സാധ്യതകളിലേക്ക്‌ തിരിഞ്ഞു. “കോവിഡ്‌ ഉടനെയൊന്നും മാറാന്‍ പോകുന്നില്ലെന്നു മനസിലാക്കിയ സാഹചര്യത്തിലാണ്‌ സ്വയം തൊഴിലുമായി ബന്ധപ്പെട്ട്‌ അച്ചാര്‍ നിര്‍മാണവും വിപണനവുമായി സംരംഭകത്വത്തിലേക്കു നീങ്ങിയത്‌. വാട്‌സാപ്‌ ഗ്രൂപ്പുകള്‍ വഴിയാണ്‌ വിപണനം. കേരളത്തിനകത്തും പുറത്തും വിപണനം നടത്തുന്നുണ്ട്‌. എങ്കിലും പഴയതു പോലെയല്ല ജീവിതം,” സൂര്യ വ്യക്തമാക്കി.

ഇപ്പോള്‍ നിരവധി സ്വയം തൊഴില്‍ സംരംഭങ്ങളിലേക്ക്‌ ട്രാന്‍സ്‌ ജെന്‍ഡര്‍ സമൂഹം തിരിഞ്ഞിട്ടുണ്ട്‌. സര്‍ക്കാര്‍ 100 ട്രാന്‍സ്‌ ജെന്‍ഡര്‍മാര്‍ക്ക്‌ 50,000 രൂപ വീതം സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കായി നല്‍കി. സാമൂഹ്യനീതി വകുപ്പ്‌ ട്രാന്‍സ്‌ ജെന്‍ഡര്‍മാര്‍ക്കു വകയിരുത്തിയ തുകയില്‍ നിന്നാണിത്‌. കോഴിക്കോട്‌ സ്വയം തൊഴില്‍ സംരംഭമായി കൃഷി ആരംഭിച്ചിട്ടുണ്ട്‌. ജില്ലകളില്‍ റജിസ്റ്റര്‍ ചെയ്‌ത ട്രാന്‍സ്‌ ജെന്‍ഡര്‍ കുടുംബശ്രീകള്‍ വഴി മസാലപ്പൊടികള്‍ വില്‍ക്കാന്‍ തുടങ്ങി. അത്തരം ശാക്തീകരണപദ്ധതികള്‍ ഇപ്പോള്‍ കൂടുതലായി നടന്നു വരുന്നു.

സജ്നയുടെ ബിരിയാണി കിയോസ്ക്
സജ്നയുടെ ബിരിയാണി കിയോസ്ക്, ചിറ്റേത്തു കര, കാക്കനാട്

ഇന്ന്‌ എറണാകുളത്ത്‌ മൂന്നു സ്ഥലങ്ങളില്‍ സജ്‌ന ഷാജിക്ക്‌ ബിരിയാണി കിയോസ്‌കുകളുണ്ട്‌. കാക്കനാട്‌ ചിറ്റേത്തുകരയിലും ഇരുമ്പനത്ത്‌ രണ്ടിടത്തും. “സജ്‌നാസ്‌ സ്‌പെഷ്യല്‍ ചിക്കന്‍ ബിരിയാണി എന്ന പേരില്‍ 60 രൂപ നിരക്കിലാണ്‌ ബിരിയാണി നല്‍കുന്നത്‌. അഞ്ചു പേര്‍ക്കു ജോലി നല്‍കുന്നു. മിനിമം 2000 ബിരിയാണി വരെ ഉണ്ടാക്കാനുള്ള സംവിധാനം ഇപ്പോഴുണ്ട്‌. എങ്കിലും ഇപ്പോള്‍ അത്തരം ചടങ്ങുകള്‍ ഇല്ലല്ലോ, അതിനാല്‍ അതിലും കുറഞ്ഞ ഓര്‍ഡറുകളും സ്വീകരിക്കുന്നു. അറിയുന്നവരും സ്ഥിരം കസ്റ്റമര്‍മാരും സഹകരിക്കുന്നുണ്ട്‌. തെറ്റില്ലാതെ മുന്നോട്ടു പോകുന്നു,” സജ്‌ന ഷാജി പറയുന്നു.

സര്‍ക്കാര്‍ ഇടപെടലുണ്ടായിട്ടും അതിനെയെല്ലാം കവച്ചു വെക്കുന്ന ദുരിതകാലമായിരുന്നു ഇതെന്ന്‌ ശീതള്‍ ശ്യാം വോക്ക് മലയാളത്തിനോട് പറഞ്ഞു. “സര്‍ക്കാര്‍ കിറ്റ്‌ നല്‍കിയത്‌ സഹായമായെങ്കിലും അത്‌ പര്യാപ്‌തമായില്ല, സന്നദ്ധസംഘടനകളും വ്യക്തികളും നല്‍കിയ സഹായം കൊണ്ട്‌ പിടിച്ചു നില്‍ക്കാനായി. എങ്കിലും ലോക്ക്‌ ഡൗണ്‍ സമയത്തു വളരെയധികം ബുദ്ധിമുട്ടി. സര്‍ക്കാര്‍ സാധാരണക്കാര്‍ക്കു കൊടുക്കുന്ന കിറ്റുകള്‍ പൊതുവിതരണസംവിധാനം വഴിയാണ്‌ വിതരണം ചെയ്യുന്നത്‌. എന്നാല്‍ ട്രാന്‍സ്‌ ജെന്‍ഡേഴ്‌സിന്‌ നല്‍കുന്നത്‌ തങ്ങള്‍ക്കു മാറ്റി വെച്ച ഫണ്ട്‌ ഉപയോഗിച്ച്‌ നല്‍കുന്നതാണ്‌. സാമൂഹ്യനീതി വകുപ്പ്‌ ആണ്‌ അത്‌ ജില്ലാ ഓഫിസുകള്‍ വഴി നല്‍കുന്നത്‌. അത്‌ രണ്ടു തവണയേ കിട്ടിയിട്ടുള്ളൂ. അതു കൊണ്ട്‌ മാത്രം ജീവിതം മുന്നോട്ടു പോകില്ല, വാടക, വൈദ്യുതി ചാര്‍ജ്‌, വെള്ളക്കരം അങ്ങനെ നിരവധി അടിസ്ഥാന പ്രശ്‌നങ്ങളുണ്ട്.”

തൊഴില്‍ ചെയ്യുന്ന മേഖലകളില്‍ തങ്ങള്‍ അസംഘടിതരായതിനാല്‍ തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കിട്ടാറില്ലെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടുന്നു. എങ്കിലും ചില വ്യക്തികളും സംഘടനകളും സഹായിച്ചിട്ടുണ്ട്‌. നടി മഞ്‌ജു വാര്യര്‍ നടന്‍ ജയസൂര്യ മാര്‍ത്തോമ സഭയുടെ യുവജനവിഭാഗം തുടങ്ങിയവര്‍ ഭക്ഷ്യകിറ്റുകളും മറ്റും നല്‍കി. കേരളത്തിലങ്ങോളമിങ്ങോളം സംഘടനകള്‍ വഴി ഇത്‌ എത്തിക്കാന്‍ കഴിഞ്ഞു. അതേസമയം, തൊഴില്‍ രംഗത്ത്‌ പലപ്പോഴും അസംഘടിതരായി തന്നെയാണ്‌ ട്രാന്‍സ്‌ വിഭാഗം ഇപ്പോഴും നിലകൊള്ളുന്നത്‌. സിനിമാ- ടെലിവിഷന്‍ മേഖലയിലും മെയ്‌ക്കപ്പ്‌ വിഭാഗത്തിലും മറ്റും ഫ്രീലാന്‍സ്‌ ആയിത്തന്നെയാണ്‌ പലരും ജോലിചെയ്യുന്നതെന്ന്‌ ശീതള്‍ ശ്യാം ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ അത്തരം മേഖലകളിലെ സംഘടനാപരമായി കിട്ടേണ്ട അവകാശങ്ങള്‍ കിട്ടാറില്ല. സ്ഥാപനങ്ങള്‍ക്കും തങ്ങളുടെ കാര്യം അന്വേഷിക്കേണ്ട ബാധ്യതയില്ലല്ലോ. ട്രെയിനിലും മറ്റും നടന്ന്‌ ഉപജീവനത്തിനു വഴി തേടിയവര്‍ക്ക്‌ ലോക്ക്‌ ഡൗണ്‍ വലിയ അനിശ്ചിതത്വം സൃഷ്ടിച്ചു.

”ഇതരസംസ്ഥാനക്കാരായ ഭിക്ഷാടകര്‍ക്കും മറ്റുമാണ്‌ അതിന്റെ പ്രശ്‌നങ്ങളനുഭവിക്കേണ്ടി വന്നിരുന്നത്‌. പലരും ഇതരസംസ്ഥാന തൊഴിലാളികളായ നിര്‍മാണത്തൊഴിലാളികളുടെ കൂടെ ലേബര്‍ ക്യാംപുകളിലും മറ്റുമാണ്‌ കഴിഞ്ഞത്‌. അവിടെയൊക്കെ പലര്‍ക്കും ക്രൂരമായ ലൈംഗിക പീഡനം നേരിടേണ്ടി വന്നതായി വിവരം കിട്ടി. എന്നാല്‍ ഇതൊന്നും പരാതിയാക്കാന്‍ അവര്‍ സമ്മതിച്ചില്ല, അവരുടെ ഉള്ള അഭയം കൂടി നഷ്ടപ്പെടുമോ എന്ന ഭയം കാരണമാണിത്‌. ചിലര്‍ വാടകയ്‌ക്ക്‌ മാറിയെങ്കിലും അതിനുള്ള വരുമാനം കിട്ടാത്തതിനാല്‍ ഒഴിഞ്ഞു പോകേണ്ടി വന്നു. കേരളത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്ന ട്രാന്‍സ്‌ വുമണ്‍മാരില്‍ പലരും കെട്ടിട നിര്‍മാണമേഖലയിലും സെക്‌സ്‌ വര്‍ക്കിലുമാണ്‌ വ്യാപരിക്കുന്നത്‌. അവരും ഇത്തരം ക്യാംപുകളില്‍ തന്നെ കഴിയുന്നു” ശീതള്‍ ശ്യാം വോക്ക് മലയാളത്തിനോട് പറഞ്ഞു.

ട്രാന്‍സ്‌ ജെന്‍ഡേഴ്‌സിന്‌ തുല്യതാവകാശം നല്‍കിയ സുപ്രീംകോടതി വിധി വന്നത്‌ 2014ലാണ്‌. തുടര്‍ന്ന്‌ 2015 ല്‍ രാജ്യത്ത്‌ ആദ്യമായി കേരളം ട്രാന്‍സ്‌ ജെന്‍ഡര്‍ നയം നടപ്പിലാക്കി. കേരളം നേടിയ മുന്നേറ്റങ്ങളില്‍ സവിശേഷതയുള്ള നടപടി. ട്രാന്‍സ്‌ ജെന്‍ഡര്‍ വിഭാഗത്തെ പിന്തുണയ്‌ക്കാനാണ്‌ നയം നടപ്പാക്കിയത്‌.

ഈ വിഭാഗത്തിന്റെ തുല്യതയും സ്വാതന്ത്ര്യവും ഉറപ്പാക്കുകയാണ്‌ ലക്ഷ്യം. ട്രാന്‍സ്‌ ജെന്‍ഡര്‍ അവകാശ സംരക്ഷണബില്‍ നവംബര്‍ 28ന്‌ പാര്‍ലമെന്റ്‌ പാസാക്കി. 2019 ഓഗസ്‌റ്റ്‌ അഞ്ചിന്‌ ലോക്‌സഭപാസാക്കിയ ബില്‍ രാജ്യസഭയും അംഗീകരിച്ചതോടെയാണ്‌ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസത്തിനുള്ള അവസരസമത്വം ഈ വിഭാഗത്തിനു കൂടി ഉറപ്പാക്കണമെന്ന്‌ വ്യവസ്ഥ ചെയ്യുന്ന നിയമം യാഥാര്‍ത്ഥ്യമായത്‌. ജന്മനാ ലഭിച്ച ലൈംഗിക സ്വത്വത്തില്‍ നിന്ന്‌ വ്യതിയാനം പ്രദര്‍ശിപ്പിക്കുന്ന വ്യക്തിത്വങ്ങളെയാണ്‌ ട്രാന്‍സ്‌ ജെന്‍ഡര്‍മാരായി പരിഗണിക്കുന്നത്‌.

എന്നാല്‍ പുരുഷാധിപത്യത്തിലൂന്നിയ സദാചാരബോധം മൂലക്കല്ലായ നമ്മുടെ വ്യവസ്ഥാപിത സമൂഹത്തില്‍ ലൈംഗികന്യൂനപക്ഷങ്ങളോടുള്ള വിവേചനം ഇന്നും പ്രകടമാണ്‌. അവരെ അംഗീകരിക്കാന്‍ പുറമേക്ക്‌ പുരോഗമനം നടിക്കുകയും ഉള്ളില്‍ യാഥാസ്ഥിതികത്വം പേറുകയും ചെയ്യുന്ന സമൂഹത്തിന്‌ വൈമുഖ്യമുണ്ട്‌. “കുടുംബത്തില്‍ നിന്ന്‌ മാനസികമായി ലഭിക്കുന്ന പിന്തുണ വളരെ വലുതാണ്‌. അതിനെക്കുറിച്ച്‌ ആലോചിക്കാന്‍ പോലും പറ്റാത്ത സമൂഹമാണു തങ്ങളുടേത്‌. ലോക്ക്‌ ഡൗണ്‍ സമയത്തു വളരെയധികം ബുദ്ധിമുട്ടി. അതിലുപരി മാനസികമായി ബുദ്ധിമുട്ടുകളുണ്ടായി. ജോലിയില്ല, വരുമാനമില്ല അതിനാല്‍ നിങ്ങളാരെങ്കിലും സഹായിക്കണം എന്ന്‌‌ കുടുംബാംഗങ്ങളോട്‌ തുറന്നു പറയാന്‍ സാധാരണക്കാര്‍ക്ക്‌ പറ്റും. എന്നാല്‍ തങ്ങള്‍ക്ക്‌ അതു പറയാന്‍ പോലും ആരുമില്ല. ഒറ്റയ്‌ക്കാണ്‌ പലരും ജീവിതത്തെ നേരിടുന്നത്‌. ഇത്തരമൊരു സാഹചര്യത്തില്‍ മാനസികമായി തളര്‍ത്തുന്ന കാര്യമാണ്‌ പിന്തുണയ്‌ക്കാനാരുമില്ലാതെ വരുകയെന്നത്‌. പലരും സ്വന്തമായി ഒരിടം കണ്ടെത്തുന്നതു പോലും വളരെ ക്ലേശിച്ചാണ്‌. അത്തരം ഇടങ്ങള്‍ നഷ്ടപ്പെട്ടു. ലോഡ്‌ജുകളിലും മറ്റും വാടക കൊടുക്കാന്‍ കഴിയാതെ നഷ്ടപ്പെട്ടു. വരുമാനം ഉണ്ടാകണമെങ്കില്‍ തൊഴില്‍ വേണം. ഇതില്ലാത്തതിനാല്‍ പലരെയും താമസിക്കുന്ന ഇടങ്ങളില്‍ നിന്ന്‌ ഇറക്കിവിട്ടു,” ശീതള്‍ ശ്യാം നിസ്സഹായാവസ്ഥ വെളിപ്പെടുത്തി.

കേരളത്തില്‍ എല്‍ജിബിടി സമൂഹത്തില്‍ 35,000 പേരുണ്ടെന്നാണ്‌ 2015ലെ സര്‍വേയിലെ കണക്ക്‌. അന്ന്‌ 4000 പേര്‍ സര്‍വേയില്‍ ലൈംഗികവ്യക്തിത്വം വെളിപ്പെടുത്തി സര്‍വേയില്‍ പങ്കെടുത്തു. കൊച്ചിയില്‍ അഞ്ഞൂറോളം പേരുണ്ടാകും, തൃശൂരില്‍ അതിന്റെ പകുതിയോളം പേര്‍ വരും. 1999 മുതല്‍ ഹോമോ സെക്ഷ്വല്‍ വ്യക്തികളുടെ കൂട്ടത്തോടെയുള്ള കുടിയേറ്റം ആരംഭിച്ചു.

2004 മുതല്‍ സംഘടനകള്‍ രൂപീകരിച്ചു തുടങ്ങി. 2011ല്‍ പത്തോളം സംഘടനകള്‍ പദ്ധതികള്‍ ഏറ്റെടുത്തു നടത്തി. എറണാകുളത്ത്‌ തന്നെ ട്രാന്‍സ്‌, എല്‍ജിബിടി വിഭാഗത്തിലായി ആറോളം സംഘടനകളുണ്ട്‌. മെട്രൊ നഗരമെന്ന നിലയില്‍ കൊച്ചിയിലാണ്‌ ഏറ്റവും കൂടുതല്‍ പേരെ കാണുന്നത്‌. സെക്‌സ്‌ വര്‍ക്ക്‌ ചെയ്യുന്നവരില്‍ കൂടുതല്‍ പേരും ഇവിടെയാണെന്നാണ്‌ ധാരണ. എന്നാല്‍ ഏറ്റവും കൂടുതല്‍ സാമ്പത്തികവരുമാനം ലഭിക്കുന്നത്‌ തൃശൂര്‍ ജില്ലയിലാണ്‌. എറണാകുളം ജില്ലയില്‍ സെക്‌സ്‌ വര്‍ക്ക്‌ ചെയ്യുന്ന ട്രാന്‍സ്‌ വുമണ്‍മാരുടെ എണ്ണം നൂറ്‌ ആണെന്ന്‌ ഒരു സമ്മേളനത്തില്‍ വ്യക്തമായി.

ട്രാന്‍സ് ജെന്‍ഡര്‍മാരുടെ പ്രതിഷേധം
വിദ്വേഷപ്രചാരണത്തിനെതിരേ
ട്രാന്‍സ് ജെന്‍ഡര്‍മാരുടെ പ്രതിഷേധം
ഫോട്ടോ, ദ് ന്യൂസ് മിനുറ്റ്

മലയാളിസമൂഹം പൊതുവില്‍ ഇന്നും ആക്ഷേപത്തോടെയും അറപ്പോടെയുമാണ്‌ തങ്ങളെ കാണുന്നതെന്നാണ്‌ ഇവരില്‍ ഭൂരിപക്ഷവും ചൂണ്ടിക്കാട്ടുന്നത്‌. ഈ മനോഭാവത്തില്‍ മാറ്റം വരുത്തണമെന്നും ഇവരെ ചേര്‍ത്തു പിടിക്കണമെന്നും പറയുമ്പോള്‍ത്തന്നെ വലിയ രീതിയിലുള്ള വിദ്വേഷപ്രചാരണം ഇവര്‍ നേരിടുന്നു. പോലിസ്‌, ഉന്നതാധികാരികള്‍, രാഷ്ട്രീയക്കാര്‍ എന്നിങ്ങനെ പൊതു ജീവിതവുമായി അടുത്ത്‌ ബന്ധപ്പെടുന്നവര്‍ തന്നെ ഇത്തരം പ്രചാരണങ്ങള്‍ക്ക്‌ വളം വെക്കുന്നു. ഇത്‌ ട്രാന്‍സ്‌ ജെന്‍ഡര്‍മാരോട്‌ ഭയപ്പാടും വെറുപ്പും സൃഷ്ടിക്കുന്നതില്‍ പ്രധാനമാണ്‌.

രക്ഷകരെന്നു കരുതുന്നവര്‍ പോലും സ്വാര്‍ത്ഥ താത്‌പര്യങ്ങള്‍ക്കും ചൂഷണത്തിനും വിധേയരാക്കുന്നുവെന്നാണ്‌ അവര്‍ നിരീക്ഷിക്കുന്നത്‌.
“ലോക്ക്‌ ഡൗണ്‍ കാലത്ത്‌ ട്രാന്‍സ്‌ വിമണിനെതിരേയുള്ള അതിക്രമങ്ങള്‍ കൂടിയിട്ടുണ്ടെന്നത്‌ റിപ്പോര്‍ട്ടുകളില്‍ നിന്ന്‌ വ്യക്തമാണ്‌. കഴിഞ്ഞ ദിവസം തൃശൂരില്‍ ട്രാന്‍സ്‌ വുമണ്‍മാരെ പിന്തുടരുകയും ശല്യപ്പെടുത്തുകയും ചെയ്‌ത ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ തങ്ങള്‍ പതിഷേധിച്ചു. ശസ്‌ത്രക്രിയ നടത്തിയ സ്‌ത്രീകളുടെ അടുത്തു ചെന്ന്‌ കൗതുകത്തിനെന്ന പേരില്‍ അവരെ അപമാനിക്കുന്ന നടപടികളുണ്ടായി. ട്രാന്‍സ്‌ ജെന്‍ഡേഴ്‌സിനെ ഉപദ്രവിക്കരുതെന്നും സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യണമെന്നും ഡിജിപിയുടെ സര്‍ക്കുലര്‍ നിലവിലുള്ളപ്പോഴാണിതെന്നോര്‍ക്കണം,” ശീതള്‍ ശ്യാം ചൂണ്ടിക്കാട്ടുന്നു.

സജ്നാസ് സ്പെഷ്യല്‍ ബിരിയാണി ഫേസ് ബുക്ക് ചിത്രം
സജ്നാസ് സ്പെഷ്യല്‍ ബിരിയാണി
ഫേസ് ബുക്ക് ചിത്രം

സജ്‌ന ഷാജിയുടെ കാര്യം തന്നെ ഉദാഹരണം. സജ്‌നയും ട്രാന്‍സ്‌ സമൂഹത്തിലെ സുഹൃത്തുക്കളും ചേര്‍ന്നാണ്‌ കൊവിഡ്‌ വന്നതോടെ വഴിയരികില്‍ ബിരിയാണി തയാറാക്കി വിറ്റത്‌. എന്നാല്‍ അതിനിടെ ചില സാമൂഹ്യവിരുദ്ധര്‍ അവരെ കൈയേറ്റം ചെയ്യുകയും കച്ചവടം തടസപ്പെടുത്തുകയുമായിരുന്നു. ഇതേത്തുടര്‍ന്ന്‌ കടുത്ത മാനസികസംഘര്‍ഷത്തിലായ സജ്‌ന പിന്നീട്‌ അഭ്യുദയകാംക്ഷികളുടെ പിന്തുണയോടെ തിരിച്ചു വരുകയും കൂടുതല്‍ സ്ഥലങ്ങളില്‍ വിപണനകേന്ദ്രങ്ങള്‍ തുടങ്ങുകയും ചെയ്‌തു.

“ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനത്തിനു വേണ്ടി ജോലി ചെയ്‌തു വരികയായിരുന്ന തന്റെ തൊഴില്‍ കൊവിഡ്‌ കാലത്ത്‌ നഷ്ടപ്പെട്ടു. അങ്ങനെ ഒരു നിവൃത്തിയുമില്ലാത്ത സാഹചര്യത്തിലെത്തി. തൊഴില്‍ നഷ്ടപ്പെട്ടതിന്റെ അനിശ്ചിതത്വത്തെ മറി കടന്നെങ്കിലും ജീവിക്കാന്‍ അനുവദിക്കില്ലെന്ന വാശിയിലാണ്‌ തങ്ങള്‍ക്കെതിരേ അന്നു ചിലര്‍ തിരിഞ്ഞത്‌. ജീവിക്കാന്‍ വേണ്ടി ഇത്തരമൊരു സംരംഭവുമായി ഇറങ്ങിയിട്ടും കഷ്ടപ്പാട്‌ വിട്ടൊഴിയുന്നില്ല. നേരത്തേ 350- 400 ബിരിയാണികള്‍ വരെ വിറ്റിരുന്ന സാഹചര്യം മാറി, ഇപ്പോള്‍ 100- 120 ബിരിയാണി വരെയായി വില്‍പ്പന ഇടിഞ്ഞിട്ടുണ്ട്‌. ഈ വിഭാഗത്തില്‍ തന്നെ താഴെക്കിടയിലുള്ളവര്‍ എങ്ങനെ ജീവിക്കുന്നുവെന്ന്‌ അധികം ആരും അറിയുന്നില്ല. പലരും രാത്രി ഒളിച്ചും പാത്തും നിന്നു കിട്ടുന്ന തുച്ഛമായ തുക കൊണ്ട്‌ അഡ്‌ജസ്റ്റ്‌ ചെയ്‌തു ജീവിക്കേണ്ട അവസ്ഥയാണുള്ളത്,” എന്ന്‌ സജ്‌ന ഷാജി.

ട്രാന്‍സ്‌ ജെന്‍ഡര്‍ നയത്തിന്റെയും ലൈംഗിക ന്യൂനപക്ഷാവകാശങ്ങളെപ്പറ്റിയുള്ള ബോധവത്‌കരണപ്രക്രിയകളുടെയും ഫലമായി സ്ഥിതിഗതികളില്‍ ചെറിയ മാറ്റം വന്നിട്ടുണ്ട്‌. എല്‍ജിബിടി, ക്വീര്‍ സ്വാഭിമാന റാലികള്‍ ഇവിടെ വലിയ രീതിയില്‍ ആഘോഷിക്കപ്പെടുകയും ഇതര സംസ്ഥാനങ്ങളിലേക്ക്‌ പോയ മലയാളികളും അവിടത്തുകാരുമായ ട്രാന്‍സ്‌ ജെന്‍ഡര്‍ വിഭാഗം സുരക്ഷിതത്വത്തിന്റെ പേരില്‍ ഇങ്ങോട്ട്‌ ആകര്‍ഷിക്കപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. എങ്കിലും വലിയൊരു മാറ്റമെന്നു പറയാനായിട്ടില്ലെന്നാണ്‌ സൂര്യയുടെ അഭിപ്രായം.

“ട്രാന്‍സ്‌ സമൂഹത്തിന്‌ പൊതുജനങ്ങള്‍ക്കിടയില്‍ മുമ്പത്തേക്കാള്‍ അവസരങ്ങള്‍ കിട്ടിയിട്ടുണ്ട്‌. യഥാര്‍ത്ഥത്തില്‍ മാറ്റം എന്നതിനേക്കാള്‍ വിസിബിളിറ്റി കിട്ടി എന്നു പറയുന്നതാകും ഉചിതം. എന്നാല്‍ അതു കൊണ്ടു മാത്രം എല്ലാമാകുന്നില്ല. സിനിമയില്‍പ്പോലും ട്രാന്‍സ്‌ ജെന്‍ഡര്‍മാര്‍ക്ക്‌‌ അത്തരം റോളുകള്‍ക്കപ്പുറം മറ്റൊരു റോള്‍ ആരും തരാന്‍ തയാറാകുന്നില്ല. അതു തന്നെ അപ്രധാന റോളുകളാകും കിട്ടുക. ഒരു കഥാപാത്രം എന്ന നിലയില്‍ കൂടുതല്‍ പ്രാധാന്യമുള്ള സ്‌ത്രീകഥാപാത്രങ്ങളുടെയോ പുരുഷ കഥാപാത്രങ്ങളുടെയോ വേഷം തരാന്‍ ആരും തയാറാകുന്നില്ല. മറ്റു രംഗങ്ങളിലെന്ന പോലെ കലാരംഗത്തും ട്രാന്‍സ്‌ ജെന്‍ഡര്‍മാര്‍ രണ്ടാംകിട പൗരന്മാരെപോലെയാണ്‌ പരിഗണിക്കപ്പെടുന്നത്‌,” അവര്‍ വോക്ക് മലയാളത്തിനോട് പ്രതികരിച്ചു.

ആളുകളുടെ മുന്‍വിധിയെയും പൊതുബോധത്തെയും തൃപ്‌തിപ്പെടുത്തുന്ന വേഷമാണ്‌ പലപ്പോഴും ലഭിക്കാറുള്ളതെന്നും സൂര്യ ഇഷാന്‍ ചൂണ്ടിക്കാട്ടുന്നു. “മുന്‍പേ നൃത്തരംഗത്തുണ്ടെങ്കിലും ഒരു ടിവി ആര്‍ടിസ്റ്റ്‌ എന്ന നിലയിലാണ്‌ കലാരംഗത്ത്‌ കൂടുതല്‍ പ്രശസ്‌തയായത്‌. എന്നാല്‍ അവിടെ കുറച്ചു നാള്‍ നിന്നപ്പോള്‍ കോമഡി സ്‌കിറ്റുകളിലെ അപൂര്‍വ്വം റോളുകള്‍ക്കപ്പുറം വലിയ സാധ്യതയുള്ള വേഷങ്ങള്‍ കിട്ടില്ലെന്നു മനസിലായി. ഇതിന്‌ ശരിയായ ഒരു മാറ്റം വരണമെങ്കില്‍ സാങ്കേതിക രംഗത്തും മറ്റും കൂടുതല്‍ പേര്‍ ഈ സമൂഹത്തില്‍ നിന്ന്‌ എത്തേണ്ടതുണ്ട്.”

കൊറോണയുടെ പശ്ചാത്തലത്തില്‍ പരിശോധിച്ചാല്‍ തന്നെ ട്രാന്‍സ്‌ ജെന്‍ഡര്‍ വിഭാഗത്തിന്റെ വര്‍ത്തമാനകാലവും ഭാവിജീവിതവും ക്ലേശകരമായാണ്‌ നീങ്ങുന്നതെന്നു മനസിലാക്കാം. ഹോര്‍മോണ്‍ ചികിത്സ ചെയ്‌തവരില്‍ പലര്‍ക്കും അതിന്റെ വൈദ്യചികിത്സ തുടരാന്‍ പറ്റിയില്ല. പലരും കൂട്ടി വെച്ച പണമോ കടം വാങ്ങിയ തുകയോ ഉപയോഗിച്ചാണു ശസ്‌ത്രക്രിയകള്‍ ചെയ്‌തത്‌. ഇപ്പോള്‍ വരുമാനം ഇല്ലാതായതോടെ വിചാരിച്ചതു പോലെ കടം വാങ്ങിയ തുക തിരിച്ചു കൊടുക്കാന്‍ പറ്റുന്നില്ല. അതും മാനസികമായി ബുദ്ധിമുട്ടിക്കുന്നു. ലോക്ക്‌ ഡൗണ്‍ സമയത്ത്‌ മരുന്നു കിട്ടാനും ഡോക്‌റ്റര്‍മാരെ കാണാനുമുള്ള ബുദ്ധിമുട്ട്‌ പുറമെ.

ഇതൊരു വലിയ പ്രശ്‌നം തന്നെയാണ്‌. ഹോര്‍മോണ്‍ ചികിത്സ നടക്കുന്നവര്‍ക്ക്‌ പാര്‍ശ്വഫലങ്ങളുണ്ടാകുകയും അത്‌, മറ്റു പല അസുഖങ്ങളിലേക്കും നയിക്കുകയും ചെയ്‌തേക്കാം. അതെല്ലാം ഈ സമയത്ത്‌ രൂക്ഷമായി. ട്രാന്‍സ്‌ വുമണ്‍മാരുടെ പ്രശ്‌നത്തേക്കാള്‍ ഒട്ടും വ്യത്യസ്‌തമല്ല ട്രാന്‍സ്‌ മാന്‍മാരുടെ പ്രശ്‌നമെന്ന്‌ ശീതള്‍ ശ്യാം പറയുന്നു. “ട്രാന്‍സ്‌ മെന്‍ ആയവരെ ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ കഴിയില്ല. അതിനാല്‍ അവര്‍ക്ക്‌ തൊഴിലിടങ്ങളിലോ സാമൂഹ്യജീവിതത്തിലോ ആക്രമണങ്ങള്‍ നേരിടുന്നത്‌ കുറവായിരിക്കാം. എന്നാല്‍ അവര്‍ക്ക്‌ സെക്‌സ്‌ വര്‍ക്ക്‌ ചെയ്യാനാകില്ല. പലരും സര്‍ക്കാര്‍ ഷെല്‍ട്ടര്‍ ഹോമുകളിലാണ്‌ കഴിഞ്ഞിരുന്നത്‌. അത്‌ പലയിടത്തും പൂട്ടി. വളരെയധികം അസ്വസ്ഥകളിലൂടെയാണ്‌ അവര്‍ പോകുന്നത്‌. പലരും വീടുപേക്ഷിച്ചിറങ്ങിയവരാണ്‌. യഥാര്‍ത്ഥത്തില്‍ ട്രാന്‍സ്‌ വുമണിനേക്കാള്‍ ഭീകരമാണ്‌ അവരുടെ സ്ഥിതി, എന്നാല്‍ അവരുടെ പ്രശ്‌നങ്ങള്‍ ആരാലും കാണപ്പെടാതെ പോകുന്നുണ്ട്‌.”

ഈ വിഭാഗത്തില്‍ തന്നെ താഴെക്കിടയിലുള്ളവര്‍ എങ്ങനെ ജീവിക്കുന്നുവെന്ന്‌ അധികം ആരും അറിയുന്നില്ലെന്ന്‌ ചൂണ്ടിക്കാട്ടുന്ന സജ്‌ന ഷാജി. ”സര്‍ക്കാരിനു കീഴിലുള്ള ജില്ലാതല ബോര്‍ഡുകളുടെ നേതൃത്വത്തില്‍ കിറ്റുകളും മരുന്നുകളും നല്‍കുന്നുണ്ട്‌. ഷെല്‍ട്ടര്‍ ഹോമുകള്‍ പൂട്ടിയത്‌ വലിയ രീതിയില്‍ ബുദ്ധിമുട്ടുണ്ടാക്കി. വളരെ ചെറുപ്പത്തിലേ വീടു വിട്ടിറങ്ങിയവരുടെയൊക്കെ കാര്യമാണ്‌ വലിയ കഷ്ടത്തിലായത്‌. ഷെല്‍ട്ടര്‍ ഹോമുകള്‍ എന്‍ജിഒകളുടെ കീഴിലാക്കാനുള്ള നീക്കം നടക്കുന്നതായി കേള്‍ക്കുന്നു. അതിനാല്‍ സര്‍ക്കാര്‍ സംവിധാനത്തിനു കീഴിലുള്ള ഹോമുകള്‍ അടച്ചു പൂട്ടുകയാണ്‌. ഇത്‌ വലിയ തോതില്‍ ട്രാന്‍സ്‌ സമൂഹത്തെ ബാധിക്കും,” എന്ന്‌ സജ്‌ന പറയുന്നു.

കൊവിഡ്‌ മഹാമാരി എന്ന്‌ മാറുമെന്ന്‌ ഇപ്പോഴും പറയാനാകാത്ത സാഹചര്യത്തില്‍ പ്രോട്ടോക്കോള്‍ പാലിച്ച്‌ മുന്നോട്ടു പോകുക തന്നെയാണ്‌ മാര്‍ഗമെന്ന്‌ ശീതള്‍ ശ്യാം. “ഇപ്പോള്‍ത്തന്നെ കമ്യൂണിറ്റിയുമായി ഓണ്‍ലൈന്‍ മീറ്റിംഗുകള്‍ നടത്തുന്നു, ഞാന്‍ തന്നെ ഫോട്ടൊ ഷൂട്ടുകള്‍ നടത്തി. പലരും ഇതേപ്പറ്റി ബോധവാന്മാരായി. ഗ്ലൗസ്‌, സാനിറ്റൈസര്‍, മാസ്‌ക്‌ എന്നിവ പലരും ജീവിതത്തിന്റെ ഭാഗമാക്കി. ബ്യൂട്ടി പാര്‍ലര്‍, മസാജിംഗ്‌ പാര്‍ലര്‍, ഹോം നഴ്‌സിംഗ്‌ മേഖലകളില്‍ അണ്‍ലോക്ക്‌ ഡൗണ്‍ ആയതിനു ശേഷം ഉണര്‍വ്വ്‌ വന്നിട്ടുണ്ട്‌. എങ്കിലും പഴയതു പോലെ ജീവിതം മുന്നോട്ടു കൊണ്ടു പോകാനാകില്ല.”

ഇപ്പോള്‍ കുറച്ചു പേരെങ്കിലും സെക്‌സ്‌ വര്‍ക്ക്‌ വിട്ടു മറ്റു മേഖലകളിലേക്ക്‌ വരാന്‍ തുടങ്ങി. സ്വയം തൊഴില്‍, വ്യവസായ സംരംഭങ്ങള്‍, കൃഷി തുടങ്ങിയ പ്രവര്‍ത്തനങ്ങളിലേക്ക്‌ വന്നു തുടങ്ങി. എന്നാല്‍ സ്ഥിരം വരുമാനം കിട്ടുമോ എന്നതാണ്‌ ഇതിന്റെ പ്രധാന പ്രശ്‌നം. വരുമാനം ഉണ്ടെങ്കില്‍ മാനസികസംഘര്‍ഷം കുറയും, പിന്തുണയ്‌ക്കാന്‍ ആളുണ്ടാകും, താമസസ്ഥലം കിട്ടും. എന്നാല്‍ ഈ രംഗത്തേക്ക്‌ വളരെ കുറച്ചു പേര്‍ മാത്രമാണ്‌ വരുന്നത്‌. പണം കിട്ടുന്നത്‌ ഇപ്പോഴും സെക്‌സ്‌ വര്‍ക്കില്‍ നിന്ന്‌ തന്നെയാണ്‌ എന്നതാണ്‌ ട്രാന്‍സ്‌ വുമണ്‍മാരെ സംബന്ധിച്ചിടത്തോളം ഇതില്‍ത്തന്നെ നില്‍ക്കാന്‍ കാരണം. മറ്റു വരുമാനം കിട്ടുന്ന മേഖലകളുമുണ്ട്‌. എന്നാല്‍ അതിനുള്ള അവസരങ്ങള്‍ കുറവാണ്‌ എല്ലാവര്‍ക്കും കിട്ടണമെന്നില്ല റിസ്‌കും കൂടുതലാണ്‌.

ഒരു ഇവന്‍റിനു പോകുമ്പോള്‍ അതിരാവിലെ മുതല്‍ രാത്രി വൈകുവോളം നില്‍ക്കേണ്ടി വരുന്നു. സിനിമയില്‍ മെയ്‌ക്ക്‌ അപ്പിനും ഷൂട്ടിംഗ്‌ വേളയില്‍ മുഴുവന്‍ സമയവും ആ പ്രോജക്‌റ്റിനൊപ്പം വേണം. ബ്രൈഡല്‍ മെയ്‌ക്കപ്പിനു വേണ്ടി പോകുന്നവര്‍ക്ക്‌ കഴിവിനനുസരിച്ച്‌ ഒരു ദിവസം ലക്ഷങ്ങള്‍ വരെ സമ്പാദിക്കുന്നവരും ട്രാന്‍സ്‌ ജെന്‍ഡര്‍ സമൂഹത്തില്‍ ഇന്നുണ്ട്‌. ഈ രംഗത്തു സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നത്‌ പത്തോളം സംഘടനകളാണ്‌. അതില്‍ വിവിധ രാഷ്ട്രീയ കക്ഷികളുടേതടക്കം ആറോളം സംഘടനകള്‍ ട്രാന്‍സ്‌ ജെന്‍ഡേഴ്‌സിനു വേണ്ടി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ സംഘടനകള്‍ക്കു തന്നെ ഇത്തരം വിഷയങ്ങളില്‍ വലിയ ബോധവത്‌കരണം കിട്ടിയിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ പോഷകസംഘടനകളില്‍പ്പെട്ട ട്രാന്‍സ്‌ ജെന്‍ഡേഴ്‌സിനു സീറ്റ്‌ നല്‍കാന്‍ മുഖ്യാധാര പാര്‍ട്ടികള്‍ തയാറാകാത്തതിനു കാരണവും മറ്റൊന്നല്ലെന്ന്‌ ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവര്‍ ട്രാന്‍സ്‌ ജെന്‍ഡര്‍ സമൂഹത്തില്‍ ഇന്നുണ്ടെങ്കിലും അവരെ അംഗീകരിക്കാന്‍ പൊതു സമൂഹം മടിക്കുന്നതായി ശീതള്‍ ശ്യാം പറയുന്നു. ”ട്രാന്‍സ്‌ ജെന്‍ഡേഴ്‌സ്‌ വ്യക്തിത്വങ്ങളെ അംഗീകരിക്കാന്‍ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക്‌ പോലും താത്‌പര്യമില്ല എന്ന്‌ കാണാം. ഈ സമൂഹത്തിനു വേണ്ടി പലതും ചെയ്യുന്നു എന്ന്‌ അവകാശവാദമുയര്‍ത്താന്‍ മാത്രം തങ്ങളെ ഉള്‍പ്പെടുത്തുന്നവരാണ്‌ പല പാര്‍ട്ടികളും. എന്നാല്‍ പുരുഷാധിപത്യ പ്രവണതകളാണ്‌ പാര്‍ട്ടികളെ ഭരിക്കുന്നത്.‌ അതേസമയം, തൊഴില്‍ രംഗത്ത്‌ പലപ്പോഴും അസംഘടിതരായി തന്നെയാണ്‌ ട്രാന്‍സ്‌ വിഭാഗം ഇപ്പോഴും നിലകൊള്ളുന്നത്. സിനിമാ- ടെലിവിഷന്‍ മേഖലയിലും മെയ്‌ക്കപ്പ്‌ വിഭാഗത്തിലും മറ്റും ഫ്രീലാന്‍സ്‌ ആയിത്തന്നെയാണ്‌ പലരും ജോലിചെയ്യുന്നത്. അതിനാല്‍ അത്തരം മേഖലകളിലെ സംഘടനാപരമായി കിട്ടേണ്ട അവകാശങ്ങള്‍ കിട്ടാറില്ല. സ്ഥാപനങ്ങള്‍ക്കും തങ്ങളുടെ കാര്യം അന്വേഷിക്കേണ്ട ബാധ്യതയില്ലല്ലോ‌”

ട്രെയിനിലും മറ്റും നടന്ന്‌ ഉപജീവനത്തിനു വഴി തേടിയവര്‍ക്ക്‌ ലോക്ക്‌ ഡൗണ്‍ വലിയ അനിശ്ചിതത്വം സൃഷ്ടിച്ചു. ഇതരസസംസ്ഥാനക്കാരായ ഭിക്ഷാടകര്‍ക്കും മറ്റുമാണ്‌ അതിന്റെ പ്രശ്‌നങ്ങളനുഭവിക്കേണ്ടി വന്നിരുന്നത്‌. പലരും ഇതരസംസ്ഥാന തൊഴിലാളികളായ നിര്‍മാണത്തൊഴിലാളികളുടെ കൂടെ ലേബര്‍ ക്യാംപുകളിലും മറ്റുമാണ്‌ കഴിഞ്ഞത്‌. അവിടെയൊക്കെ പലര്‍ക്കും ക്രൂരമായ ലൈംഗിക പീഡനം നേരിടേണ്ടി വന്നതായി വിവരം കിട്ടി. എന്നാല്‍ ഇതൊന്നും പരാതിയാക്കാന്‍ അവര്‍ സമ്മതിച്ചില്ല, അവരുടെ ഉള്ള അഭയം കൂടി നഷ്ടപ്പെടുമോ എന്ന ഭയം കാരണമാണിത്‌. ചിലര്‍ വാടകയ്‌ക്ക്‌ മാറിയെങ്കിലും അതിനുള്ള വരുമാനം കിട്ടാത്തതിനാല്‍ ഒഴിഞ്ഞു പോകേണ്ടി വന്നു. കേരളത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്ന ട്രാന്‍സ്‌ വുണ്‍മാരില്‍ പലരും കെട്ടിട നിര്‍മാണമേഖലയിലും സെക്‌സ്‌ വര്‍ക്കിലുമാണ്‌ വ്യാപരിക്കുന്നത്‌. അവരും ഇത്തരം ക്യാംപുകളില്‍ കഴിയുന്നു.

എന്തു കൊണ്ട്‌ ഈ വിഭാഗത്തില്‍ നിന്നു കഴിവു തെളിയിച്ചവരെ ആരും ഇലക്ഷനു നിര്‍ത്തുന്നില്ലെന്ന്‌ ഇവര്‍ ചോദിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രമുഖപാര്‍ട്ടികള്‍ ട്രാന്‍സ് ജെന്‍ഡര്‍മാര്‍ക്ക്  സീറ്റ് വാഗ്ദാനം ചെയ്ത ശേഷം പിന്നീട് പിന്മാറിയത് ഉദാഹരണം.  മനുഷ്യാവകാശ, സാമൂഹ്യസേവന, രാഷ്ട്രീയ മേഖലയിലുമായി നിരവധി പേര്‍ ഈ മേഖലയില്‍ ഇന്നുണ്ട്‌. പല സംഘടനകളും ബന്ധത്തിന്റെ പുറത്ത്‌ തങ്ങളെ ഉയര്‍ത്തിക്കാട്ടാറുണ്ട്‌. പലരും ഇത്‌ ഔദാര്യമെന്ന നിലയിലോ പേരിനും പ്രശസ്‌തിക്കുമായോ ആണ്‌ ഉപയോഗിക്കുന്നത്‌. എന്നാല്‍ അതെല്ലാം തങ്ങളുടെ ഭരണഘടനാപരമായ അവകാശമാണെന്ന ചിന്ത പലര്‍ക്കുമില്ല.

പിഎസ് സി അപേക്ഷകളില്‍ ട്രാന്‍സ് ജെന്‍ഡേഴ്സിന് പ്രത്യേകം കോളമില്ല. പല മേഖലകളിലും ഇവരെ പരിഗണിക്കാറില്ല  അവഗണനയും അപമാനവും മൂലം  ഉന്നത പദവികള്‍ പോലും വിട്ടൊഴിയാന്‍ നിര്‍ബന്ധിതരായവരുണ്ട്.  രാജ്യത്തെ ആദ്യ കോളെജ് പ്രിന്‍സിപ്പല്‍ മാനബി ബന്ദോപാധ്യായ  അടക്കമുള്ളവരുടെ നിരവധി ഉദാഹരണങ്ങള്‍ നമുക്കു മുന്നില്‍ നില്‍ക്കുന്നു.  പശ്ചമിബംഗാളിലെ കൃഷ്ണനഗര്‍ വിമന്‍സ് കോളെജിലെ പ്രിന്‍സിപ്പലായിരുന്ന മാനബിക്ക് സഹപ്രവര്‍ത്തകരുടെ നിസ്സഹകരണം മൂലമാണ് ജോലി രാജി വെക്കേണ്ടി വന്നത്. അവസരസമത്വം എല്ലാ രംഗത്തും വരണമെന്നും അത്തരത്തില്‍ ഒരു ചിന്ത എല്ലാവരിലും വളരണമെന്നും ഒരു ചിന്ത  ട്രാന്‍സ്‌ ജെന്‍ഡര്‍  സമൂഹം മനസിലാക്കണം.  അത്തരമൊരു ബോധവത്‌കരണം എല്ലാ അംഗങ്ങളിലുമെത്തിക്കുന്നതിനാണ്‌ ഞങ്ങളെപ്പോലുള്ളവര്‍ ലക്ഷ്യമിടുന്നതെന്ന്‌ ശീതള്‍ ശ്യാം പറയുന്നു.

ട്രാന്‍സ്‌ ജെന്‍ഡേഴ്‌സിനു വേണ്ടി പ്രഖ്യാപിക്കപ്പെട്ട പദ്ധതികള്‍ പലതും ഇന്നും നടപ്പാക്കിയിട്ടില്ലെന്ന്‌ ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലാണ്‌ കൂടുതല്‍ ക്ഷേമ നടപടികള്‍ വന്നതെന്നു പറയാനാകില്ല.  ഒരു നയമുണ്ടാക്കി എന്നത്‌ വലിയ കാര്യമാണെങ്കിലും പ്രായോഗിക വിഷയങ്ങളില്‍ പല ബുദ്ധിമുട്ടുകളും നേരിടുന്നതായി ഈ രംഗത്തെ ആക്‌റ്റിവ്‌സ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. “കേരളത്തില്‍ ട്രാന്‍സ്‌ സമൂഹം നേരിടുന്ന പ്രധാന പ്രശ്‌നമാണ്‌ ടോയ്‌ലെറ്റുകള്‍. ട്രാന്‍സ്‌ ജെന്‍ഡര്‍മാര്‍ക്ക്‌ നിലവിലെ പൊതുശൗചാലയങ്ങള്‍ പറ്റില്ല. പുരുഷന്മാരുടെ ഉപദ്രവം ആണ്‍ ടോയ്‌ലെറ്റുകളില്‍ നിന്നും സ്‌ത്രീകളുടെ വിശ്വാസക്കുറവ്‌ പെണ്‍ ടെയ്‌ലെറ്റുകളില്‍ നിന്നും അവരെ വിലക്കുന്നു. ഇത്‌ ആരും പരിഗണിക്കുന്നേയില്ല” സൂര്യ ഇഷാന്‍ വോക്ക് മലയാളത്തിനോട് പറഞ്ഞു.

എന്നാല്‍ ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായമാണ്‌ ശീതള്‍ ശ്യാമിനുള്ളത്‌. “ടോയ്‌ലെറ്റുകള്‍ എല്ലായിടത്തും ട്രാന്‍സ്‌ വിമണ്‍ സൗഹാര്‍ദ്ദപരമാകണം എന്ന വാദത്തോടൊന്നും വ്യക്തിപരമായി താത്‌പര്യമില്ല. കോമണ്‍ ആയി എല്ലായിടത്തും അടച്ചുറപ്പുള്ള ടോയ്‌ലെറ്റുകള്‍ വേണം. ഇത്തരം വിവേചനം മാളുകളിലും പഴയ തിയെറ്ററുകളും ഒഴികെയുള്ള സ്ഥലങ്ങളിലൊന്നും കാണാറില്ല. കേരളത്തില്‍ ഈ വിവേചനം നിലനില്‍ക്കുന്നതു കൊണ്ടാണത്‌. അതു തന്നെ വലിയ വിവേചനമായി തോന്നുന്നു. പൊതു ശൗചാലയങ്ങള്‍ വൃത്തിയാക്കുന്നതിനും കൂടുതല്‍ ഇടങ്ങളില്‍ അവ സ്ഥാപിക്കുന്നതിനുമാണ്‌ പ്രാധാന്യം കൊടുക്കേണ്ടത്.‌” എന്നാണ് ശീതളിന്‍റെ നിലപാട്.

ഒരു സമൂഹം വികസിക്കുന്നതിനൊപ്പം ഉണ്ടാകുന്ന സ്വാഭാവികമായ ഭിന്നതകളും ട്രാന്‍സ്‌ ജെന്‍ഡറുകളുടെ ഇടയില്‍ നിലനില്‍ക്കുന്നു. എന്നാല്‍ പൊതു താത്‌പര്യത്തിനുപരിയായി വിഭാഗീയതകളിലേക്ക്‌ തിരിയുന്നതായി ഈയിടെ ഉണ്ടായ ചില സംഭവങ്ങളുടെ പേരില്‍ ഇവരില്‍ ചിലര്‍ വിചാരിക്കുന്നു. ഇത്തരം ഭിന്നതകള്‍ ഉയര്‍ന്നു വരുന്ന സമൂഹത്തെ പിന്നോട്ടടിപ്പിക്കുമെന്ന്‌ സജ്‌ന ഷാജി വോക്ക് മലയാളത്തിനോട്  പറഞ്ഞു. “ജീവിക്കാന്‍ എന്തു പരിപാടിയുമായി മുന്നോട്ടു വന്നാലും സാമൂഹ്യവിരുദ്ധര്‍ നമ്മെ ഉപദ്രവിക്കും. ഇപ്പോഴും പ്രശ്‌നങ്ങളുണ്ടാക്കാന്‍ ബോധപൂര്‍വ്വം പിന്നാലെ കൂടുന്നവരുണ്ട്‌. എന്നാല്‍ ഇതോടൊപ്പം സ്വന്തം വിഭാഗത്തിലെ ചിലര്‍ കൂടി നമ്മെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അത്‌ കൂടുതല്‍ വേദനയുണ്ടാക്കുന്നു. കൂടെയുണ്ടായ ചിലര്‍ പ്രശ്‌നമുണ്ടാക്കിയപ്പോഴാണ്‌ അവരെ ഒഴിവാക്കിയത്‌. താഴേക്കിടയിലുള്ള വിഭാഗങ്ങള്‍ക്ക്‌ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ അവിടെ തുല്യമായി വിതരണം ചെയ്യപ്പെടണം. എന്നാലേ അവഗണിക്കപ്പെടുന്ന ഈ വിഭാഗത്തിന്‌ പുരോഗതിയുണ്ടാകൂ. ട്രാന്‍സ്‌ സമൂഹത്തിന്റെ പൊതു നന്മയ്‌ക്കു വേണ്ടിയാണ്‌ താന്‍ ശ്രമിച്ചിട്ടുള്ളത്.”

രാഷ്ട്രീയ ചേരിതിരിവുകള്‍ ഇവിടെയുമുണ്ടെന്ന്‌ ശ്യാം ശീതളും സമ്മതിക്കുന്നു. ”മുമ്പ്‌ ട്രാന്‍സ്‌ ജെന്‍ഡേഴ്‌സിന്റെ പുരോഗമനം എന്ന ഒറ്റ ആശയത്തില്‍ ആയിരുന്നു എല്ലാവരും കേന്ദ്രീകരിച്ചത്‌. എന്നാല്‍ ഇപ്പോള്‍ കക്ഷി രാഷ്ട്രീയം വന്നതോടെ ചെറുതല്ലാത്ത വിഭാഗീയത ഉടലെടുത്തുവെന്നത്‌ സത്യമാണ്‌. തങ്ങളുടെ സര്‍ക്കാരാണ്‌ അത്‌ ചെയ്‌തത്‌ എന്നതു പോലുള്ള അവകാശവാദങ്ങളുമായി വിവിധ ഗ്രൂപ്പുകള്‍ രംഗപ്രവേശം ചെയ്‌തതോടെ അത്തരം കൂട്ടായ്‌മയ്‌ക്ക്‌ ഇടിവു സംഭവിച്ചിട്ടുണ്ട്‌.” എന്നായിരുന്നു ഈ വിഷയത്തില്‍ അവര്‍ വോക്ക് മലയാളത്തോട് പ്രതികരിച്ചത്.

പൊതുധാരയിലേക്ക്‌ പ്രവേശിപ്പിക്കാന്‍ സഹായിക്കാനെന്ന പേരില്‍ പലരും തങ്ങളെ കൂടെ കൂട്ടുന്നത്‌ അവരുടെ നേട്ടത്തിനു വേണ്ടിയാണെന്ന്‌ ട്രാന്‍സ്‌ ജെന്‍ഡര്‍ സമൂഹം ഇപ്പോള്‍ മനസിലാക്കി കഴിഞ്ഞിരിക്കുന്നു. ”ഏതു സംഘടനയായാലും അവര്‍ക്ക്‌ ആളെക്കൂട്ടാന്‍ നമ്മളെക്കൂടി ഉള്‍പ്പെടുത്തും. എല്ലാ സംഘടനകള്‍ക്കും ആളുകളുടെ എണ്ണമാണ്‌ പ്രധാനം. അതു വെച്ച്‌ നമ്മളെ പിന്തുണയ്‌ക്കാന്‍ വേണ്ടി ആരും വരണമെന്നില്ല” ശീതള്‍ ശ്യാം വോക്ക് മലയാളത്തിനോട് പറഞ്ഞു.

കൊച്ചി മെട്രോയിലെ ട്രാന്‍സ് ജെന്‍ഡര്‍ ജീവനക്കാര്‍
കൊച്ചി മെട്രോയിലെ ട്രാന്‍സ് ജെന്‍ഡര്‍ ജീവനക്കാര്‍ , ഫോട്ടോ സ്കൂപ്പ് വൂപ്പ്

കൊച്ചി മെട്രൊ റെയില്‍ ജീവനക്കാരായി ട്രാന്‍സ്‌ വിഭാഗത്തില്‍പ്പെട്ടവരെ ഉള്‍പ്പെടുത്തിയത്‌ ഉദാഹരണം. പലരും അധികം കഴിയാതെ ജോലി വിട്ടിറങ്ങി. വരുമാനം തന്നെയാണ്‌ പ്രശ്‌നം കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ ആ ജോലികളില്‍ തിരികെ പ്രവേശിച്ചിട്ടുണ്ട്‌.

എങ്കിലും അതിലൊരു പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്‌. യഥാര്‍ത്ഥത്തില്‍ കെഎംആര്‍എല്‍ അല്ല, കുടുംബശ്രീയാണ്‌ റിക്രൂട്ടിംഗ്‌ ഏജന്‍സിയായി പ്രവര്‍ത്തിച്ചത്‌. പലര്‍ക്കും കിട്ടിയ വേതനം അപര്യാപ്‌തമായതിനാല്‍ ജോലി ഉപേക്ഷിക്കുകയായിരുന്നു. കാരണം ഒരു ദിവസം മുന്നൂറ്‌ രൂപയായിരുന്നു കൂലി. ഇത്‌ വെച്ച്‌ എറണാകുളം നഗരത്തില്‍ ജീവിക്കാന്‍ സാധ്യമല്ല.

കുടുംബശ്രീ തന്നെ നാം നേരത്തേ പറഞ്ഞ ‘കുടുംബം’ എന്ന സംവിധാനത്തിനു കീഴിലാണല്ലോ നിലനില്‍ക്കുന്നത്‌. കുടുംബിനികള്‍ക്ക്‌ ഇത്ര ചുരുങ്ങിയ വേതനം മതിയെന്ന്‌ ചിന്തിക്കുന്നത്‌ അതിനെ ഭരിക്കുന്ന പുരുഷാധിപത്യത്തിലൂന്നിയ പൊതുബോധമാണ്‌. വീട്ടില്‍ നിന്നു ചോറും കെട്ടി ജോലിക്കു വരുന്ന പ്രിവിലെജ്‌ അനുഭവിക്കുന്ന സ്‌ത്രീകളാണ്‌ കുടുംബശ്രീയിലുള്ളത്‌.

എന്നാല്‍ ഒരു ട്രാന്‍സ്‌ വുമണ്‍ അങ്ങനെയല്ല, അവര്‍ക്ക്‌ വാടക കൊടുക്കണം, ചികിത്സയ്‌ക്കും ഭക്ഷണത്തിനു കാശ്‌ മുടക്കണം അങ്ങനെ പല ചെലവുകളുണ്ട്‌. ഇതെല്ലാം നൂറു തവണ ഉന്നയിച്ചെങ്കിലും അത്‌ അവഗണിക്കുകയായിരുന്നു. മെട്രൊ റെയിലില്‍ നമ്മളൊരു ഹൗസ്‌ കീപ്പിംഗ്‌ ജോലിയാണ്‌ ചെയ്യുന്നതെങ്കില്‍ അതിനു ലഭിക്കേണ്ട വരുമാനം സംബന്ധിച്ച്‌ നമുക്ക്‌ ഒരു ബോധ്യമുണ്ടാവുമല്ലോ.

സര്‍ക്കാരിനു കീഴിലുള്ള കെഎംആര്‍എല്‍ നിശ്ചയിച്ചിരിക്കുന്ന വേതനം തന്നെ വളരെ തുച്ഛമാണ്‌. ഇവിടെ 300 രൂപ കിട്ടുമ്പോള്‍ സെ്‌ക്‌സ്‌ വര്‍ക്കിനു പോകുന്ന ഒരാള്‍ക്ക്‌ ഇതിന്റെ പത്തിരട്ടി തുക വരെ ലഭിക്കുന്നു. കോവിഡ്‌ കാലത്ത്‌ പലരും ജോലിയില്‍ പ്രവേശിക്കാന്‍ സന്നദ്ധരായത്‌ തുച്ഛമെങ്കിലും ആ തുകയെങ്കിലും പട്ടിണി മാറ്റുമല്ലോ എന്നു കരുതിയാണ്‌.

എന്നാല്‍ ലോക്ക്‌ ഡൗണ്‍ കഴിഞ്ഞതോടെ പലരും സെക്‌സ്‌ വര്‍ക്ക്‌ തിരഞ്ഞെടുത്തു. കാരണം ഇപ്പോള്‍, ഓണ്‍ലൈന്‍ മുറികളും ക്ലയന്റ്‌സിന്റെ അപ്പാര്‍ട്ട്‌ മെന്റുകളിലുമൊക്കെ അതിന്‌ അവസരം ലഭിക്കുന്നു. പിന്നെന്തിന്‌ തുച്ഛമായ വേതനത്തിനു ജോലി ചെയ്യണമെന്ന്‌ അവര്‍ ചോദിക്കുന്നു. അവിടെ സെക്‌സ്‌ വര്‍ക്ക്‌ ചെയ്യാന്‍ പാടില്ലെന്ന്‌ പറയുന്നതില്‍ വലിയ അര്‍ത്ഥമുണ്ടെന്നു തോന്നുന്നില്ല,” ‌ശീതള്‍ ശ്യാം നിലപാട്‌ വ്യക്തമാക്കുന്നു.

ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ ശക്തി ഏറ്റവും ദുര്‍ബ്ബല വിഭാഗങ്ങളിലേക്കും അതിന്റെ കാറ്റും വെളിച്ചവും എത്തുമ്പോഴാണ്‌ ദൃശ്യമാകുക. വളര്‍ച്ചയുടെ പ്രത്യേകഘട്ടത്തില്‍ പൗരസമൂഹം ചില പക്വതകള്‍ കാണിച്ചിട്ടുള്ളതിനാലാണ്‌ ദളിത്‌, ന്യൂനപക്ഷങ്ങളില്‍ നിന്ന്‌ ഉന്നതസ്ഥാനങ്ങളിലേക്ക്‌ പലരും എത്തിയത്‌. ഇന്ന്‌ നവമാധ്യമങ്ങളിലും യുവാക്കള്‍ക്കിടയിലും പൊതുവേദികളിലും കാണുന്ന മാറ്റം ആശാവഹമാണ്‌.

ട്രാന്‍സ്‌ ജെന്‍ഡര്‍ സമൂഹം കളിയാക്കലുകള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും വിധേയരാകേണ്ടവരല്ലെന്ന ബോധ്യം പതിയെയാണെങ്കിലും ഉയര്‍ന്നു വരുന്നുണ്ട്‌. ഇത്‌ ഒഴിവാക്കലില്‍ നിന്ന്‌ ഉള്‍ക്കൊള്ളലിലേക്ക്‌ നയിക്കുമെന്നു പ്രത്യാശിക്കാം. മുന്‍വിധികളൊഴിവാക്കിക്കൊണ്ട് ട്രാന്‍സ് സമൂഹത്തെ നെഞ്ചോടു ചേര്‍ക്കുമ്പോഴാണ് വൈവിധ്യങ്ങളുടെ സമന്വയത്തിന്‍റെ സൗന്ദര്യം നമുക്ക് കാണാന്‍ കഴിയുകയുള്ളൂ.