Mon. Dec 23rd, 2024
വല്ലാര്‍പാടം റെയില്‍ പാതയുടെ മൂലമ്പിള്ളിയില്‍ നിന്നുള്ള കാഴ്ച

 

പിറന്ന മണ്ണില്‍ നിന്ന് ഇറങ്ങേണ്ടി വന്നിട്ട്  വര്‍ഷം പന്ത്രണ്ട്.  ആയുഷ്കാല സമ്പാദ്യമായ വീടും തൊഴിലുപകരണങ്ങളും വീണ്ടെടുക്കാനുള്ള അവകാശപ്പോരാട്ടത്തിന് വേണ്ടി അതില്‍ പകുതിയോളം കാലം പാഴാക്കിയതിന്‍റെ മാനസിക-ശാരീരിക  സംഘര്‍ഷം. വീട്, ജോലി, പുനരധിവാസം പൂര്‍ണമാകും വരെ വീട്ടുവാടക എന്നീ ഉറപ്പുകള്‍ പാഴ് വാക്കായി. അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ക്കായി കാത്തു കാത്തിരുന്ന് മരണപ്പെട്ടത് മുപ്പതോളം പേര്‍…വല്ലാര്‍പാടം കണ്ടെയ്‌നര്‍ റെയില്‍- റോഡ്‌ വികസനത്തിനായി സ്ഥലം വിട്ടു കൊടുത്തവരുടെ അവസ്ഥ ഇത്തരം പദ്ധതികള്‍ക്ക്‌ വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട ഇരകള്‍ക്ക്‌ ഒരു പാഠമാണ്‌.

വല്ലാര്‍പാടം റെയില്‍വേ
വല്ലാര്‍പാടം റെയില്‍വേ

ജനാധിപത്യ സര്‍ക്കാരുകളില്‍ ജനത്തിനാണ്‌ ആധിപത്യം എന്നത്‌ വാചികമായി മാത്രമാണ്‌ ശരിയെന്നും, സ്ഥാപിത താത്‌പര്യങ്ങളാണ്‌ സര്‍ക്കാര്‍ സംവിധാനത്തെ നയിക്കുന്നതെന്നുമുള്ള തിരിച്ചറിവിന്റെ പാഠം. ഉദ്യോഗസ്ഥരുടെ മോഹനവാഗ്‌ദാനങ്ങളില്‍ മുഴുകിപ്പോകരുതെന്നും യുക്തിഭദ്രമായ തീരുമാനങ്ങളെടുക്കണമെന്നും ഒരു വ്യാഴവട്ടക്കാലമായിട്ടും നീതിക്കായി കാത്തിരിക്കുന്നവര്‍ പറയുന്നു. പോരാടി നേടിയ പാക്കെജ്‌ പോലും നടപ്പാകുമ്പോള്‍ ഇത്തരം സ്ഥാപിത താത്‌പര്യങ്ങള്‍ക്കു വിധേയമായി വഴിതിരിച്ചു മാറ്റപ്പെടുമെന്ന്‌ വല്ലാര്‍പാടം പദ്ധതിക്കായി ഭൂമി വിട്ടു കൊടുത്തവര്‍  ഇന്നു മനസിലാക്കുന്നു. ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍ക്ക്‌ മനുഷ്യമുഖം നഷ്ടപ്പെടുമ്പോള്‍ ഭരണം കിരാതമാകുന്നുവെന്ന്‌ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഇവര്‍ പറയുന്നത്‌. വികസനത്തേക്കാള്‍ ആരുടെയൊക്കെയോ സ്ഥാപിത താത്‌പര്യങ്ങളാണ്‌ ഇത്തരം വന്‍കിട പദ്ധതികളുടെ ധൃതിപ്പെട്ടു നടപ്പാക്കുന്നതിനു പിന്നിലെന്ന്‌ വഞ്ചിതരായപ്പോഴാണ്‌ അവര്‍ സംശയിക്കുന്നത്‌.

 

വല്ലാര്‍പാടം പ്രദേശത്തെ ഒരു വീട്
വല്ലാര്‍പാടം പ്രദേശത്തെ ഒരു വീട്

വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിലേക്ക്‌ റെയില്‍വേ ലൈന്‍ നിര്‍മ്മിക്കാന്‍ സ്ഥലം വിട്ടു നല്‍കിയ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള മൂലമ്പിള്ളി പാക്കെജ്‌ നടപ്പാക്കണമെന്ന്‌ ഹൈക്കോടതി നിര്‍ദേശം നിലവില്‍ ഉണ്ടായിരിക്കെ, കുടിയൊഴിപ്പിക്കപ്പെട്ടവരുടെ കണ്ണീരു കാണാതെ സര്‍ക്കാരും മുഖം തിരിക്കുകയാണെന്ന്‌ സ്ഥലവാസികള്‍ ആരോപിക്കുന്നു. പാക്കെജ്‌ അനുവദിച്ചിട്ടും പൂര്‍ണമായി നടപ്പാക്കാതെ സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്ന്‌ ഇരകള്‍ പറയുന്നു.

വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡ്‌ പദ്ധതി
മൂലമ്പിള്ളിയിലേക്ക് വല്ലാര്‍പാടം റോഡിലെ ചൂണ്ടു പലക
മൂലമ്പിള്ളിയിലേക്ക് വല്ലാര്‍പാടം റോഡിലെ ചൂണ്ടു പലക

കളമശേരിയില്‍ നിന്ന്‌ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിലേക്കുള്ള 18.2 കിലോമീറ്റര്‍ റെയില്‍ പാത 2011ല്‍ പൂര്‍ത്തീകരിച്ചു, 2012-ൽ ഈ പാത നാലുവരിയാക്കി ഉയർത്തി. 2014ല്‍ ഇതു സഞ്ചാരയോഗ്യമാക്കി.  ടെർമിനൽ പ്രദേശത്തേക്കുള്ള ദേശീയപാതയ്ക്ക് (966 എ) കേന്ദ്രസർക്കാർ 872 കോടി രൂപ മുടക്കി.  പാതയെ കളമശ്ശേരിയിലൂടെ കടന്നു പോകുന്ന ദേശീയപാത 544-മായി ബന്ധിപ്പിച്ചിരിക്കുന്നു. ടെർമിനൽ പ്രദേശത്തേക്കുള്ള റയിൽപാതയ്ക്ക് 364 കോടി രൂപയാണ് നിർമ്മാണച്ചെലവ്. ഈ പാതയുടെ നീളം 8.86 കിലോമീറ്ററാണ്. ഈ പാതയിൽ 4.62 കിലോമീറ്റർ ദൂരം വേമ്പനാട് പാലമാണ്.

മൂലമ്പിള്ളിയില്‍ സംഭവിച്ചത്‌

മൂലമ്പിള്ളിയില്‍ കൂടുതല്‍ പേരുടെ സ്ഥലം നഷ്ടപ്പെട്ട സ്ഥലത്ത് ഉയര്‍ന്ന ഫ്ലാറ്റ്
മൂലമ്പിള്ളിയില്‍ കൂടുതല്‍ പേരുടെ സ്ഥലം നഷ്ടപ്പെട്ട സ്ഥലത്ത് ഉയര്‍ന്ന ഫ്ലാറ്റ്

2008 ഫെബ്രുവരി ആറിന്‌ വല്ലാര്‍പാടം റെയില്‍ – റോഡ്‌ പദ്ധതിക്കായി 316 കുടംബങ്ങളെ കുടിയൊഴിപ്പിച്ചു. മൂലമ്പിള്ളി, മുളവുകാട്‌, ചേരാനല്ലൂര്‍, ഏലൂര്‍, ഇടപ്പള്ളി, കളമശേരി, കടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലെ റോഡ്‌ അലൈന്‍മെന്റില്‍പ്പെട്ട ഭൂമിയിലെ താമസക്കാരെയാണ്‌ കുടിയിറക്കിയത്‌. വന്‍കിട പദ്ധിതികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്ന പ്രത്യേക മാനദണ്ഡങ്ങളൊന്നും പാലിക്കാതെയുള്ള പൊടുന്നനെയുള്ള നടപടി പ്രദേശത്ത്‌ ഭീകരാന്തരീക്ഷവും സംഘര്‍ഷവും സൃഷ്ടിച്ചു. ഇത്‌ പിന്നീട്‌ പ്രത്യക്ഷസമരത്തിലേക്കു നീങ്ങി. കളക്‌റ്ററേറ്റിലേക്കുള്ള മാര്‍ച്ച തടഞ്ഞതിനെത്തുടര്‍ന്ന്‌ മറൈന്‍ഡ്രൈവില്‍ കുടില്‍ കെട്ടി 46 ദിവസം സമരം ചെയ്‌തു. സമരത്തിനൊടുവില്‍ മാര്‍ച്ച് 19ന് സര്‍ക്കാര്‍ പാക്കെജ്‌ പ്രഖ്യാപിച്ചു.

മൂലമ്പിള്ളി പാക്കേജും അപാകതകളും 

1) സെന്‍റിന്‌ രണ്ട്‌ ലക്ഷം രൂപ വീതം നഷ്ടപരിഹാരം

വിവിധ കാറ്റഗറികളിലായി 16ഓളം സ്ഥലങ്ങളില്‍പ്പെട്ടവര്‍ക്ക് വ്യത്യസ്തവിലയാണ് നിര്‍ണയിച്ചത്. പദ്ധതിക്കായി വീടും പറമ്പും നഷ്ടപ്പെട്ടവരേക്കാള്‍ നാമമാത്ര സ്ഥലം മാത്രം നഷ്ടപ്പെട്ടവര്‍ക്ക് സാമ്പത്തികനേട്ടം. ഇത് ഇരകള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കി.

2) വീടു നിര്‍മിക്കാന്‍ ഭൂമി കണ്ടെത്തി നല്‍കും വരെ പ്രതിമാസം 5000 രൂപ വാടകക്കാശ്‌.

മൂലമ്പിള്ളി പായ്ക്കെജിന്‍റെ ഭാഗമായി സമാശ്വാസകരവും മനുഷ്യമുഖമുള്ളതെന്നും തോന്നിപ്പിച്ച വാഗ്ദാനം. എന്നാല്‍ 2013ല്‍ തുതിയൂരില്‍ ഇന്ദിര നഗര്‍, ആദര്‍ശ്‌ നഗര്‍ എന്നിവിടങ്ങളില്‍ പുനരധിവാസത്തിനായി സ്ഥലം കണ്ടെത്തിയതോടെ ഇത്‌ മുടങ്ങി.

3)കുടുംബത്തില്‍ ഒരാള്‍ക്ക്‌ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ ജോലി.

സ്വപ്നപദ്ധതിക്കായി സ്ഥലമൊഴിഞ്ഞു കൊടുത്തവരുടെ പ്രതീക്ഷയും അത്യാകര്‍ഷകവുമായ വാഗ്ദാനം. പൂര്‍ണമായും സര്‍ക്കാര്‍ പദ്ധതിയാണെന്ന പ്രചാരണത്തില്‍ മുഴുകി മൂലമ്പിള്ളിനിവാസികള്‍ ഇതില്‍ വിശ്വസിച്ചു. എന്നാല്‍ പദ്ധതി തന്നെ സര്‍ക്കാരിന്‍റേതല്ലെന്നു പറഞ്ഞ് അധികൃതര്‍ കൈയൊഴിഞ്ഞതോടെ ഇവിടത്തെ യുവാക്കളുടെ പ്രതീക്ഷ അസ്തമിച്ചു.

4) വീട്‌ വെക്കാന്‍ അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ നാല്‌ സെന്റ്‌ ഭൂമി

ഓരോ കുടുംബത്തിനും മൂന്നേമുക്കാല്‍ സെന്റ്‌ സ്ഥലമാണ്‌ കണ്ടെത്തി‌യത്‌. എന്നാല്‍   കണ്ടെത്തിയ സ്ഥലം താമസയോഗ്യമല്ലാത്ത, ചതുപ്പും കാടും നിറഞ്ഞ വാസയോഗ്യമല്ലാത്ത ഭൂമി. അവിടെ സ്വന്തം നിലയ്‌ക്ക്‌ മണ്ണിട്ട്‌ നികത്തിയാണ്‌ ആകെ ഒരു കുടുംബം വീടു വെച്ചത്‌. റോഡ്‌, കുടിവെള്ളം, ഡ്രെയിനെജ്‌ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളില്ലായിരുന്നു.

5) വീടുനിര്‍മാണത്തിനുള്ള പൈലിംഗിനായി 75,000 രൂപ വീതം

പ്രായോഗികമായി ഈ തുകയ്ക്ക് പൈലിംഗ് നടത്താനായില്ലെന്ന് ഗുണഭോക്താക്കള്‍. സ്ഥലത്ത് പൈലിംഗ്  ചെയ്യുന്തോറും ഭൂമി കൂടുതല്‍ ഇളകി വശായി.

6) നഷ്ടപരിഹാരത്തുകയ്‌ക്ക്‌ നികുതി ഒഴിവാക്കും.
ഇതേ വരെ പൂര്‍ണമായി പലിക്കപ്പെട്ടിട്ടില്ല. ആശയക്പകുഴപ്പം നിലനില്‍ക്കുന്നു. പലര്‍ക്കും ഫൈന്‍ അടയ്ക്കാന്‍ നോട്ടിസയച്ചു. ചിലര്‍ പ്രതീക്ഷയോടെ ഇരിക്കുന്നു.

വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡ്
വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡ്

സര്‍ക്കാരിന്‍റെ ഇപ്പോഴത്തെ നിലപാട് 

കേന്ദ്രസര്‍ക്കാരിന്‍റെ സ്വപ്നപദ്ധതിയാണെന്നും ഇതിനായി വീട്  നഷ്ടപ്പെടുന്ന കുടുംബങ്ങളിലെ ഒരാള്‍ക്ക് തൊഴില്‍ നല്‍കുമെന്നതായിരുന്നു ആദ്യ വാഗ്ദാനം. അന്നത്തെ റെവന്യൂ സെക്രട്ടറി നിവേദിത പി ഹരന്‍ ആണ് ഈ വാഗ്ദാനം രേഖാമൂലം അറിയിച്ചതെന്ന് മൂലമ്പള്ളി സമരസമിതി കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനറായ ഏലൂര്‍ മഞ്ഞുമ്മല്‍ സ്വദേശി വില്‍സണ്‍ പറയുന്നു. എന്നാല്‍ പദ്ധതി ബിഒടി വ്യവസ്ഥയിലുള്ളതാണെന്നാണ് ഇപ്പോഴത്തെ നിലപാട്. ഇത് ശരിക്കും വഞ്ചനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇപ്പോള്‍ ഇത്തരം കാര്യങ്ങളിലൊന്നും വിശ്വാസമില്ലാതെ ആരോടും ഒന്നും സംസാരിക്കാന്‍ പോലുമാകാതെ നിരാശയില്‍ കഴിയുകയാണ് ഇവിടത്തുകാര്‍. ഒരുപാട് വാഗ്ദാനം ലഭിച്ചെങ്കിലും ഒന്നും നടപ്പായി കണ്ടില്ലെന്ന് മൂലമ്പിള്ളി കായലോരത്തു പുനരധിവസിക്കപ്പെട്ട കെ സി പ്രദീപ് കുമാര്‍ പറയുന്നു.

കെ സി പ്രദീപ് കുമാര്‍
കെ സി പ്രദീപ് കുമാര്‍ വല്ലാര്‍പാടം പാത പദ്ധതിക്ക് സ്ഥലം നല്‍കിയ മൂലമ്പിള്ളി നിവാസി

” ഇങ്ങനെ അന്വേഷിച്ചു വരുന്നവരോട്‌ പ്രതികരിക്കാന്‍ താത്‌പര്യമില്ല. ഈ റോഡ്‌ പോകുന്നത്‌ എന്‍റെ നെഞ്ചത്തു കൂടിയാണ്‌. ഇങ്ങോട്ട്‌ ഇറങ്ങി വരാന്‍ ഒരു നല്ല റോഡ്‌ ഉണ്ടോ, കാന പണിതു തരാമെന്നു പറഞ്ഞിട്ട്‌ ഇതേ വരെ ചെയ്‌തിട്ടില്ല. കുടിവെള്ളവിതരണത്തിനു വരാറുള്ള ടാങ്കര്‍ ലോറി ഇങ്ങോട്ട്‌ എത്താറില്ല. രണ്ട്‌ കിലോമീറ്റര്‍ കല്ലും മെറ്റലും നിറഞ്ഞ റോഡിലൂടെ കയറ്റം കയറിയിറങ്ങി പോകേണ്ടി വരുന്നു. 13 വീടുകള്‍ക്ക് അനുമതിയുള്ള  ഇവിടെ ആറു വീടുകളുണ്ട്‌. ഒരു പാട്‌ ഭീഷണികളും പ്രലോഭനങ്ങളുണ്ടായിട്ടും ഇവിടെ നിന്ന്‌ മാറി പോകേണ്ട എന്നു ശക്തമായ നിലപാടെടുത്തവരാണ്‌ തങ്ങള്‍. ഇവിടെ നിന്നു പോയവരുടെ അവസ്ഥയോര്‍ക്കുമ്പോള്‍ അതു നല്ല തീരുമാനമായിരുന്നുവെന്നും തോന്നും. പ്രളയമുണ്ടായപ്പോള്‍, മാറി താമസിച്ചെങ്കിലും ഈ പ്രദേശത്ത്‌ വെള്ളം കയറിയില്ല”

നഷ്ടപരിഹാര വിതരണം നീതിപൂര്‍വ്വകമല്ലെന്നും പ്രദീപ്‌ അഭിപ്രായപ്പെടുന്നു. ”പായ്‌ക്കെജ്‌ അനുസരിച്ച്‌ അധികം സ്ഥലം വിട്ടു കൊടുത്തവര്‍ക്ക്‌ ആനുപാതികമായ നേട്ടം ഉണ്ടായിട്ടില്ല. പദ്ധതിക്കായി 45 സെന്‍റ്‌ സ്ഥലം വിട്ടു കൊടുത്തെങ്കിലും പായ്‌ക്കെജ്‌ അനുസരിച്ച്‌ കിട്ടിയത്‌ ആറു സെന്‍റാണ്‌. എന്നാല്‍ ചിലര്‍ക്ക്‌ അത്‌ ഭാഗ്യമായി. രണ്ട്‌ സെന്റ്‌ സ്ഥലം പോയവര്‍ക്ക്‌ അഞ്ചു സെന്‍റ്‌ കിട്ടി. എന്നാല്‍ അഞ്ചു സെന്‍റിനു  മുകളില്‍ എത്ര ഭൂമി വിട്ടു കൊടുത്തവര്‍ക്കും ആറു സെന്‍റ് ‌ മാത്രമാണ്‌ കിട്ടിയത്‌. ഇതാണ്‌ റോഡ്‌ എന്റെ നെഞ്ചത്തു കൂടിയാണ്‌ പോകുന്നതെന്ന്‌ പറയാന്‍ കാരണം. നഷ്ടപരിഹാരത്തുകയ്‌ക്ക്‌ നികുതി അടയ്‌ക്കേണ്ടി വന്നു. ഇതിന്‌ ഇളവു നല്‍കണമെന്ന്‌ പായ്‌ക്കെജില്‍ പറയുന്നു. ഇതനുസരിച്ച്‌ 1.4 ലക്ഷം രൂപ ഈയിനത്തില്‍ തിരിച്ചു കിട്ടാനുണ്ട്‌”

മൂലമ്പിള്ളിയിലെ കായലോരത്തു പുനരധിവസിക്കപ്പെട്ടയിടത്തേക്കുള്ള പൊട്ടിപ്പൊളിഞ്ഞ സര്‍വീസ് റോഡ്
മൂലമ്പിള്ളിയിലെ കായലോരത്തു പുനരധിവസിക്കപ്പെട്ടയിടത്തേക്കുള്ള പൊട്ടിപ്പൊളിഞ്ഞ സര്‍വീസ് റോഡ്

വീടുകള്‍ക്കുള്ള നഷ്ടം മാത്രമാണ്‌ പായ്‌ക്കെജില്‍ പരിഗണിച്ചതെന്ന്‌  വില്‍സണ്‍ പറയുന്നു. ”വീടുകള്‍ മാത്രമല്ല നഷ്ടപ്പെട്ടത്‌. പലരുടെയും കച്ചവടസ്ഥാപനങ്ങളും വര്‍ക്ക്‌ഷോപ്പുകളും പൊളിച്ചു മാറ്റപ്പെട്ടു. പിന്നാക്കപ്രദേശമായ മൂലമ്പിള്ളിയിലെ ജനങ്ങളുടെ പ്രധാന ഉപജീവന മാര്‍ഗങ്ങള്‍ ചെറുകിട കച്ചവടവും ഉള്‍നാടന്‍ മത്സ്യബന്ധനവും പൊക്കാളി കൃഷിയും കൂലിപ്പണിയുമായിരുന്നു. കുറഞ്ഞ വരുമാനത്തിനിടയിലും കരുപ്പിടിപ്പിച്ചെടുത്ത വീടും തൊഴിലുപകരണങ്ങളും നഷ്ടമായത്‌ പലരെയും മാനസികമായി തകര്‍ത്തു. വീടിന്‍റെ കാര്യം മാത്രമാണ് പായ്ക്കെജില്‍ പരിഗണിച്ചിട്ടുള്ളത്. കടകള്‍, വര്‍ക് ഷോപ്പുകള്‍, ചീനവലകള്‍ തുടങ്ങി ജീവനോപാധികള്‍ നഷ്ടപ്പെട്ടതിനൊപ്പം കിട്ടിയ സ്ഥലത്ത്‌ വീടു പണിയാനാകാത്ത സ്ഥിതി കൂടി വന്നത്‌ പലരെയും വല്ലാത്ത ആശങ്കയിലാഴ്‌ത്തി. കുടിയൊഴിപ്പിക്കപ്പെട്ടവരില്‍ 30 പേര്‍ ഇക്കാലയളവില്‍ പ്രായാധിക്യ മൂലവും അസുഖങ്ങളാലും മരിക്കുകയുണ്ടായി. അവരുടെ മരണാനന്തരമെങ്കിലും അവകാശികള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാനുള്ള ശ്രമമാണ് സമിതി ഇപ്പോള്‍ നടത്തുന്നത്. പ്രശ്നപരിഹാരത്തിന്  അസിസ്‌റ്റന്റ്‌ കളക്‌റ്ററുടെ കീഴില്‍ സ്ഥിരമായി ഒരു നോഡല്‍ സംവിധാനമൊരുക്കുകയാണ്‌ ഇതിനൊരു പരിഹാരം, എന്നാല്‍ സര്‍ക്കാര്‍ അത് അംഗീകരിക്കുന്നില്ല”

മൂലമ്പിള്ളിയില്‍ ഏറ്റവും കൂടുതല്‍ പോലിസ് ഭീകരതയുണ്ടായത് കണ്ടെയ്ന്ര്‍ റോഡിലെ ഒമ്പതാം വാര്‍ഡിലാണ്. തീരെ അപ്രതീക്ഷിതമായി പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് സമരസമിതിയംഗങ്ങളായ പനക്കല്‍ ഫ്രാന്‍സിസും ഭാര്യ മേരി ഫ്രാന്‍സിസും ഓര്‍ക്കുന്നു. ഭയപ്പെടുത്തി ആളുകളെ ഒഴിവാക്കുകയായിരുന്നു ഉദ്യോഗസ്ഥരുടെ ലക്ഷ്യമെന്ന് ഫ്രാന്‍സിസ് പറഞ്ഞു.

പനക്കല്‍ ഫ്രാന്‍സിസ്- മേരി ഫ്രാന്‍സിസ് ദമ്പതിമാര്‍
പനക്കല്‍ ഫ്രാന്‍സിസ്- മേരി ഫ്രാന്‍സിസ് ദമ്പതിമാര്‍ മൂലമ്പിള്ളി സമരസമിതി

”പെട്ടെന്ന്‌ ഒരു രാത്രിയില്‍ ഈ തീരുമാനം അടിച്ചേല്‍പ്പിക്കുകയായിരുന്നു. ഒഴിയണമെന്ന്‌ പോലിസ്‌ ആവശ്യപ്പെട്ടത്‌ രാത്രി ഏഴു മണിയോടെയായിരുന്നു. ആദ്യം മാധ്യമങ്ങളുടെ ഇടപെടല്‍ പോലും ഉണ്ടാകാത്ത സമയത്ത്‌ സഭയാണ്‌ ഇടപെട്ടത്‌. വീട്‌ പൊളിക്കുന്ന ദിവസം പള്ളിയില്‍ ചെന്ന്‌ പറഞ്ഞപ്പോള്‍ വികാരി മാര്‍ട്ടിന്‍ കുറ്റിക്കാട്ടില്‍, അരമനയില്‍ വിളിച്ചു പറഞ്ഞ്‌ സ്‌കൂളില്‍ താമസിക്കാന്‍ അനുവാദം തന്നു. തൊട്ടടുത്ത പഞ്ചായത്തുകളിലെ ആളുകളും ആദ്യമൊന്നും തങ്ങളുടെ നിലപാടിനോട്‌ യോജിക്കുകയോ സഹകരിക്കുകയോ ഉണ്ടായില്ല. എന്നാല്‍ മൂലമ്പിള്ളി പാക്കെജ്‌ അനുവദിച്ചപ്പോള്‍അവര്‍ക്കാണ്‌ കൂടുതല്‍ ഗുണം ലഭിച്ചത്‌. മൂലമ്പിള്ളിയേക്കാള്‍ കൂടുതല്‍ വില ലഭിച്ചത്‌ നഗരത്തോട്‌ അടുത്ത പ്രദേശങ്ങള്‍ക്കാണ്‌. കോതാട്‌, ചേരാനല്ലൂര്‍, വടുതല, മഞ്ഞുമ്മല്‍, ചേരാനല്ലൂര്‍ എന്നിവിടങ്ങളില്‍പ്പെട്ടവരും പാക്കെജിന്‌ അര്‍ഹരായി”

”ആദ്യഘട്ടത്തില്‍ത്തന്നെ പണം വാങ്ങരുതെന്ന്‌ നിലപാടെടുത്തവരായിരുന്നു ഞങ്ങള്‍ മൂലമ്പിള്ളി റെയില്‍ പോകുന്ന പ്രദേശത്ത്‌ 23 വീടുകളാണ്‌ പൊളിച്ചു നീക്കിയത്‌. ആദ്യം പുനരധിവാസം എന്ന ആവശ്യമുയര്‍ത്തിയത്‌ തങ്ങളായിരുന്നു” – മേരി ഫ്രാന്‍സിസ്‌ വ്യക്തമാക്കി.  ” കോതാട്‌ 32 വീട്ടുകാരെ ഒഴിപ്പിച്ചിരുന്നു. അവര്‍ക്ക്‌ സെന്റിന്‌ 70,000 രൂപ വെച്ചു കിട്ടി. മൂലമ്പിള്ളിയില്‍ നിന്നുള്ള 10 വീട്ടുകാരും അവരോടൊപ്പം പോയി. അന്ന്‌ ആദ്യം സര്‍ക്കാര്‍ വെച്ചു നീട്ടിയ ആനുകൂല്യങ്ങള്‍ വാങ്ങി പോയവര്‍ക്ക്‌ ദീര്‍ഘവീക്ഷണം കുറവായിരുന്നു. കാക്കനാട്‌ തുതിയൂരിലെ പുനരധിവാസസ്ഥലം നഗരത്തില്‍ നിന്ന്‌ ഏറെ മാറിയാണ്‌. സൗജന്യ സ്ഥലമെന്ന ആകര്‍ഷണത്തില്‍ കുടുങ്ങിയെങ്കിലും ഭാവിയില്‍ തൊഴിലിനും ഉപജീവനത്തിനും ഏറെ ദൂരം താണ്ടേണ്ടി വരുമെന്ന്‌ അവര്‍ മനസിലാക്കിയില്ല. ഇവിടെ താമസിച്ചു പഴകിയവര്‍ക്ക്‌ ചെങ്കല്‍പ്പാതയും കുന്നും കൂടിയ കാക്കനാട്‌ പ്രദേശത്ത്‌ ജീവിക്കുക ദുസ്സാധ്യമാണ്‌. അവിടെ പോയി നോക്കിയപ്പോള്‍ അവിടെ പിടിച്ചു കയറാനൊന്നും പറ്റിയില്ല. അങ്ങനെ ഇവിടെയെവിടെയെങ്കിലും വീട്‌ വെക്കാന്‍ സ്ഥലം തന്നാല്‍ മതിയെന്നു പറഞ്ഞു ”

സാധാരണക്കാരന്‌ ഒന്നും കൊടുക്കാതെ ഒഴിപ്പിക്കാനായിരുന്നോ പദ്ധതിയെന്നു സംശയിച്ചിരുന്നതായി ഫ്രാന്‍സിസ്. ”ബ്രിട്ടിഷുകാരുടെ കാലത്തെ സമ്പ്രദായമാണ്‌ പൊന്നും വില. തുച്ഛമായ തുകയേ ഈ പേരില്‍ നല്‍കുന്നുള്ളൂ. തരിശായ ഭൂമിക്ക്‌ പൊന്നും വില കൊടുത്ത്‌ വാങ്ങുന്നത്‌ അംഗീകരിക്കാം. എന്നാല്‍ ജനവാസ പ്രദേശത്ത്‌ ഈ വില കൊടുത്തു വാങ്ങുന്നത്‌ ന്യായമല്ല. ഇത്‌ ചതുപ്പു പ്രദേശമാണെന്നാണ്‌ ഇതിന്‌ നിരത്തുന്ന വാദം. എന്നാല്‍ അങ്ങനെ നോക്കുകയാണെങ്കില്‍ കൊച്ചി നഗരത്തില്‍ ചതുപ്പല്ലാത്ത ഏതു പ്രദേശമാണുള്ളത്‌. വഴിയില്ലെന്നായിരുന്നു അടുത്ത വാദം, എന്നാലിത്‌ വളരെ ജനസാന്ദ്രതയുള്ള പ്രദേശമാണെന്ന കാര്യം പരിഗണിച്ചുമില്ല. ഇതിനു വേണ്ടി ആറു വര്‍ഷം പാഴാക്കി. തൊഴിലും സമയവും കളഞ്ഞ്‌ ഇതിനു പുറകെ നടക്കേണ്ടി വന്നു. നഷ്ടപരിഹാരം ഇവിടെ സെന്റിന്‌ 23,000 രൂപ വെച്ചാണ്‌ കിട്ടിയത്‌. അതിന്‌ നികുതി അടയ്‌ക്കേണ്ടിയും വന്നു. അത്‌ ഒഴിവാക്കി കിട്ടാന്‍ നിവേദവും അപേക്ഷയുമായി വീണ്ടും നടക്കേണ്ടി വന്നു. മരപ്പണിയായിരുന്നു അതിന്‌ വേണ്ടി വായ്‌പയെടുത്ത തുക അടച്ചു തീര്‍ന്നിരുന്നില്ല”

 

മൂലമ്പിള്ളി പുനരധിവാസപ്രദേശം
മൂലമ്പിള്ളി പുനരധിവാസപ്രദേശം

ഒരു പദ്ധതിക്കായി സ്ഥലമേറ്റെടുക്കുമ്പോള്‍ ഏറ്റവും കൂടിയ തുക എല്ലാ ഇരകള്‍ക്കും നല്‍കുന്നതാണ്‌ തികച്ചും നീതിപൂര്‍വ്വകം. എന്നാല്‍ കണ്ടെയ്‌നര്‍ റോഡിനു വേണ്ടി കുടിയൊഴിപ്പിച്ചവരെ എട്ടു കാറ്റഗറികളായി തിരിച്ചാണ്‌ വില നിര്‍ണയിച്ചത്‌. കളമശേരി, മഞ്ഞുമ്മല്‍, ഏലൂര്‍, കോതാട്‌, ചേരാനല്ലൂര്‍, മൂലമ്പിള്ളി, ഇടപ്പള്ളി, വടുതല, മുളവുകാട്‌, വല്ലാര്‍പാടം എന്നിങ്ങനെ സ്ഥലങ്ങളിലാണ്‌ കുടിയൊഴിപ്പിക്കല്‍ വേണ്ടി വന്നത്‌. നികത്തുഭൂമിയാണ്‌ പദ്ധതിക്കായി ഉപയോഗിച്ചതെന്നതിനാല്‍ വല്ലാര്‍പാടത്ത്‌ വീടുകള്‍ അത്രയധികം നഷ്ടപ്പെട്ടിരുന്നില്ല. വടുതല ടൗണ്‍ ആയതിനാല്‍ സെന്‍റിന്‌ മൂന്നു മുതല്‍ നാലു ലക്ഷം വരെ വിലയുണ്ടായിരുന്നു.

വീട്‌ ഒരു ആയുഷ്‌കാല സമ്പാദ്യവും വികാരവുമാണ്. അതു നഷ്ടപ്പെട്ടത് ഓര്‍ക്കാനിഷ്ടപ്പെടുന്നില്ലെന്നും ഫ്രാന്‍സിസ് ” കളമശേരി- വല്ലാര്‍പാടം റോഡിന്റെ ഇടതു വശത്തായിരുന്നു പഴയവീട്‌. 1987ലാണ്‌ ആ വീടിനു തറ കെട്ടിയത്‌. എങ്കിലും 1989ലാണ്‌ താമസിക്കാന്‍ പറ്റിയത്‌. അന്ന്‌ വള്ളക്കടവില്‍ നിന്ന്‌ തലച്ചുമടയാണ്‌ ചരലും ഇഷ്ടികയുമെല്ലാം കൊണ്ടു വന്നത്‌. അത്രയ്‌ക്കു ശാരീരികമായി കഷ്ടപ്പെട്ട്‌ നിര്‍മിച്ച വീടാണ്‌ ഒരു രാത്രിയില്‍ ഇല്ലാതായത്‌. അത്‌ ആയുസില്‍ മറക്കാന്‍ കഴിയില്ല. ഹിന്ദിക്കാരൊക്കെ വന്ന്‌ ചുറ്റികയ്‌ക്ക്‌ അടിച്ചാണ്‌ വീട്‌ പൊളിച്ചത്‌. ചെറിയ രീതിയില്‍ സംഘര്‍ഷമുണ്ടായി. സെലെസ്റ്റീന്‍ മാസ്റ്ററുടെ വീടാണ്‌ ആദ്യം പൊളിക്കാനെത്തിയത്‌. പോലിസുകാര്‍ എത്തി മാഷിന്റെ മകനെ ക്രൂരമായി മര്‍ദ്ദിച്ചു. അങ്ങനെയാണ്‌ മാഷിന്റെ വീടില്‍ എല്ലാവരും ഒരുമിച്ചു കൂടിയത്‌. പിന്നീട്‌ അതൊരു വലിയ സമരമായി മാറിയ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. അക്രമം കാണിച്ച്‌ ആളുകളെ പേടിപ്പിക്കാന്‍ നോക്കി. അനാവശ്യ നടപടികളായിരുന്നു ഉദ്യോഗസ്ഥര്‍ അന്നു നടത്തിയത്‌. കുട്ടികളുടെ ചോറ്റു പാത്രം, ഗ്ലാസ്‌, വെള്ളം സംഭരിച്ച ഡ്രമ്മുകള്‍ എല്ലാം തകര്‍ത്തു”

” അന്ന്‌ തറവാട്‌ മറ്റുള്ളവര്‍ക്കു ഓഹരി നല്‍കി വീട്‌ വെക്കുകയായിരുന്നു. രണ്ടു വര്‍ഷം വാടകയ്‌ക്ക്‌ താമസിച്ചത്‌ അടുത്തുള്ള പൊട്ടിപ്പൊളിഞ്ഞ വീടിലാണ്‌. ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ ഫ്ളെക്‌സ്‌ ഒക്കെ വിരിച്ചാണ്‌ പിഞ്ചു പേരക്കുട്ടികളുമായി കഴിഞ്ഞത്‌. അതൊക്കെ വല്ലാത്ത അനുഭവമായിരുന്നു. വലിയ മാനസികസംഘര്‍ഷത്തിലൂടെയാണ്‌ കഴിഞ്ഞു പോയത്‌. അത്രയും പോലും സാഹചര്യമില്ലാതെ അടിസ്ഥാനസൗകര്യമില്ലാത്ത എല്‍ പി സ്‌കൂളില്‍ കഴിഞ്ഞവരുടെ അനുഭവമോര്‍ക്കുമ്പോള്‍ അത്‌ നിസാരമാണെന്നു തോന്നും” മേരി ഉള്‍ക്കിടിലത്തോടെ ഓര്‍ക്കുന്നു.

ഇരകള്‍ക്ക്‌ ജോലി കിട്ടുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷയെന്ന് സമരരംഗത്തു സജീവമായിരുന്ന ഈ ദമ്പതിമാര്‍ പറയുന്നു. വിദ്യാഭ്യാസ യോഗ്യത അനുസരിച്ചു ജോലി ലഭിക്കുമെന്നായിരുന്നു പ്രചാരണം. എന്നാല്‍ പിന്നീട്‌ പോര്‍ട്ട്‌ ട്രസ്‌റ്റും സര്‍ക്കാരും തങ്ങളെ ഇട്ടു പന്ത്‌ തട്ടുകയായിരുന്നു. മന്ത്രിസഭയാണ്‌ തീരുമാനമെടുക്കേണ്ടത്‌. അതിന്‌ ഒരു മോണിറ്ററിംഗ്‌ കമ്മിറ്റി ഉണ്ടാക്കുകയൊക്കെ ചെയ്‌തിരുന്നു. 316 കുടുംബങ്ങള്‍ വലിയ ബാധ്യതയായി മാറുമെന്നാണ്‌ അധികൃതരുടെ വാദം. മൂലമ്പിള്ളിക്കാര്‍ക്കു മാത്രം ജോലി തന്നാല്‍ മറ്റുള്ളവരും അവകാശവാദമുയര്‍ത്തിയേക്കാമെന്നും അവര്‍ ഭയപ്പെടുന്നുണ്ടാകാം. അത്‌ ഒഴിഞ്ഞു പോകുമെന്നായിരുന്നിരിക്കാം അവരുടെ ധാരണയെന്നും അവര്‍ പറഞ്ഞു.

മൂലമ്പിള്ളിയിലെ ഇടവഴി
മൂലമ്പിള്ളിയിലെ ഇടവഴി

 

പുനരധിവാസം പരാജയമാണെന്ന് വില്‍സണ്‍ പറയുന്നു. ” ആളുകള്‍ക്ക് ജോലി ചെയ്യാനുള്ള അവസരവും മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളും ലഭിക്കണം. എന്നാല്‍ മൂലമ്പിള്ളി പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെട്ട് സര്‍ക്കാര്‍ നിര്‍ദേശിച്ച സ്ഥലത്തേക്ക് മാറിത്താമസിച്ചവര്‍ സത്യത്തില്‍ നഗരത്തിന്‍റെ പുറമ്പോക്കിലേക്ക് തള്ളപ്പെടുകയായിരുന്നു. വലിയ വിസനങ്ങള്‍ നടക്കുന്ന എല്ലാ മഹാനഗരങ്ങളുടെയും പിന്നാംമ്പുറത്ത് ചേരികള്‍ സൃഷ്ടിക്കപ്പെടുന്നുവെന്നതാണ് പുതിയ കാലത്തെ വികസനത്തിന്‍റെ മുഖ്യ പ്രശ്നം. ആളുകളുടെ ഉപജീവനമാര്‍ഗങ്ങള്‍ നഷ്ടപ്പെട്ടു. മൂലമ്പിള്ളിയില്‍ ജീവിച്ചിരുന്നവര്‍ ദ്വീപില്‍ മത്സ്യബന്ധനവും മരപ്പണിയും വര്‍ക്ക് ഷോപ്പും ചെറുകിട കച്ചവടവുമൊക്കെയായി കഴി‍ഞ്ഞു പോന്നിരുന്നവരാണ്. അവരെ കാക്കനാട് തുതിയൂരിലേക്കും കൂനനാഞ്ഞിലിക്കല്‍ പ്രദേശത്തേക്കും മറ്റും  മാറ്റിയപ്പോള്‍ ജീവിതമാര്‍ഗം അടഞ്ഞു. പാക്കെജ്  നടപ്പിലാക്കുന്നതിലെ അപാകത കാരണം പലര്‍ക്കും സാമ്പത്തികനഷ്ടം സംഭവിച്ചു.  വരുമാനം കുറഞ്ഞതോടെ നഷ്ടപരിഹാരത്തുക എടുത്തു ചെലവാക്കി. ഇതില്‍  നിന്ന് നികുതി പിടിക്കുക കൂടി ചെയ്തതോടെ പലരും കടക്കെണിയിലായി. പലരും മൂലമ്പിള്ളിയിലും പരിസരപ്രദേശങ്ങളിലും വാടകയ്ക്കും പണയത്തിനും വീടെടുത്തു താമസിക്കുകയാണ്. ജോലി വാഗ്ദാനവും ഇനിയും കിട്ടാത്ത സാമ്പത്തിക സഹായവും കാത്ത് കിടക്കുന്ന അവരുടെ സ്ഥിതി ദയനീയമാണ്”

 

മൂലമ്പിള്ളിയിലേക്കു ഹൈവേയില്‍ നിന്നുള്ള ഇടുങ്ങിയ വഴി

മൂലമ്പിള്ളിയിലേക്കു ഹൈവേയില്‍ നിന്നുള്ള ഇടുങ്ങിയ വഴി

മൂലമ്പിള്ളി, കോതാട്, തൈക്കാവ് കളം, കോരാമ്പാടം, മുളവുകാട്, തുതിയൂർ, വടുതല എന്നിവിടങ്ങളിലാണ് പുനരധിവാസത്തിന് സ്ഥലം അനുവദിച്ചത്.  ഇതില്‍ മിക്ക ഭൂമിയും വാസയോഗ്യമല്ല. എങ്കിലും മൂലമ്പിള്ളിക്കു പുറമെ  എറണാകുളം നഗരത്തിനോട് ചേര്‍ന്ന വടുതല,  കോരാമ്പാടം, മുളവുകാട് എന്നിവിടങ്ങളില്‍ ജനസാന്ദ്രത കൂടുതലെങ്കിലും ആളുകള്‍ താമസിക്കാന്‍ തയാറായി. വിസ്ഫോടനാത്മകമായ രീതിയിലാണ് ഇവിടെ ജനസംഖ്യ. ഈ പ്രദേശങ്ങളിലെ റോഡുകള്‍ ഞരമ്പുകള്‍ പോലെ ഇടുങ്ങിയതാണ്. കുപ്പിക്കഴുത്തു പോലുള്ള കവലകളില്‍ പലതിലും ട്രാഫിക് ജാമുകള്‍ കൊണ്ട് ഏറെ നേരം യാത്രക്കാര്‍ നരകിക്കുന്നതും പതിവു കാഴ്ച.

അതില്‍ നിന്നു വ്യത്യസ്തമാണ് കാക്കനാട് തുതിയൂര്‍ പ്രദേശത്തു കിട്ടിയ ഭൂമി. എന്നാല്‍ നേരത്തേ പറഞ്ഞ സൗകര്യങ്ങളുടെ കുറവ് ഇവിടേക്ക് ആളുകളുടെ ആകര്‍ഷണം കുറയ്ക്കുകയാണ്. മൂലമ്പിള്ളി സ്വദേശിയായ സേവ്യര്‍ മാത്രമാണ്‌ തുതിയൂരിലെ ഇന്ദിരാനഗറില്‍ വീടു വെച്ച്‌ താമസിച്ചത്‌. ടാങ്കര്‍ ലോറി ജീവനക്കാരനായിരുന്ന സേവ്യറിന്‌‌ അഞ്ച്‌ സെന്റ്‌ ഭൂമിയായിരുന്നു ഉണ്ടായിരുന്നത്‌. ഏഴു മുറി വീടിനും പറമ്പിനും 4.86 ലക്ഷം രൂപ കിട്ടി. എന്നാല്‍ അന്നു പുതുതായി എടുത്ത അടുക്കളയും മുറിക്കും കൂടി ഒരു ലക്ഷം രൂപയിലേറെ ചെലവായെന്ന് സേവ്യര്‍ പറയുന്നു.

സേവ്യര്‍
സേവ്യര്‍; ഇന്ദിരാനഗറിലെ ഏക താമസക്കാരന്‍

”അന്നു കിട്ടിയ നഷ്ടപരിഹാരത്തുക കൊണ്ട്‌ കീഴ്‌മാട്‌ ഒരു പഴയവീട്‌ ആദ്യം വാങ്ങി താമസിച്ചു. അധികനാള്‍ വാടക കൊടുത്തു താമസിക്കുന്നത്‌ വിവേകമായിരിക്കില്ല എന്നു മനസിലാക്കിയാണ്‌ അങ്ങനെ ചെയ്‌തത്‌. പിന്നീട്‌ അത്‌ വിറ്റ തുകയും ലോണുമെല്ലാം കൊണ്ടാണ്‌ ഈ വീട്‌ വെച്ചത്‌. കുടിയൊഴിപ്പിക്കപ്പെട്ട മൂലമ്പിള്ളിയിലെ മറ്റുള്ളവര്‍ക്ക്‌ അവിടെ സ്ഥലവും വീടുമൊക്കെ ഉണ്ടായിരുന്നു. ഒന്നുമില്ലാത്ത തന്നെപ്പോലുള്ളവരെ സംബന്ധിച്ചിടത്തോളം ഇത്‌ വലിയ അനുഗ്രഹമാണ്‌. തുടക്കത്തില്‍ വീടും നാടും വിട്ടു പോന്നതിന്റെ വിഷമമുണ്ടായിരുന്നു. യാത്രാസൗകര്യങ്ങളുടെ കുറവ്‌, കുടിവെള്ളപ്രശ്‌നം എന്നിവയുണ്ടായിരുന്നു. എന്നാല്‍ പിന്നെ അതെല്ലാം പരിഹരിക്കപ്പെട്ടു. നിശബ്ദമായ പ്രദേശം, വെള്ളക്കെട്ടില്ല. ഇപ്പോള്‍ ഏറെക്കുറെ ഹാപ്പിയാണെന്നു പറയാം. നാട്ടില്‍കിടക്കുന്ന സുഖം കിട്ടില്ലെന്നതു നേര്‌. പിന്നെ ഇപ്പോള്‍ എല്ലാവര്‍ക്കും മൊബൈല്‍ ഫോണൊക്കെയുള്ളതു കൊണ്ട്‌ വിവരങ്ങളൊക്കെ അറിയുന്നുണ്ടല്ലോ. ഇവിടെ സ്ഥലക്കച്ചവടക്കാരൊക്കെ വരുന്നുണ്ട്‌. എന്നാല്‍ ഐഒസി പ്ലാന്റ്‌ അടുത്തുള്ളതിനാല്‍ ഫ്‌ളാറ്റ്‌ പണിയാന്‍ പറ്റില്ല. വില്ലകള്‍ പണിയാം. ബ്രഹ്മപുരം മാലിന്യപ്ലാന്റ്‌ അടുത്തുള്ളതിനാല്‍ ചിലപ്പോള്‍ കാറ്റ്‌ അടിക്കുമ്പോള്‍ ദുര്‍ഗന്ധം വരും”

ഇന്ദിരാ നഗര്‍ തുതിയൂര്‍ കാക്കനാട്
ഇന്ദിരാനഗര്‍, തുതിയൂര്‍ , കാക്കനാട്

തൊട്ടടുത്ത് സേവ്യറിന്‍റെ സഹോദരിയുടെ മകള്‍ തിട്ടയില്‍ ഷീലയുടെ വീട്‌ പണി നടക്കുന്നു. മൂലമ്പിള്ളിയില്‍ നിന്ന് ഇവിടെ കുടിയേറ്റക്കാരായി എത്തിയവരുടെ രണ്ടാമത്തെ വീടാണിത്‌.  മൂലമ്പിള്ളിയില്‍ നിന്ന് വന്ന സാഹചര്യത്തെക്കുറിച്ചും  അതിലെ നഷ്ടത്തെക്കുരിച്ചുമെല്ലാം സേവ്യറിന്‍റെ മകന്‍ ബുഷി പറയുന്നു  ”വിഎസ്‌ സര്‍ക്കാരിന്റെ കാലത്ത്‌ ആളുകള്‍ കടുത്ത പ്രതിഷേധത്തിലായിരുന്നു. പ്രദീപ്‌ ഒക്കെ താമസിക്കുന്ന പുറമ്പോക്ക്‌ സ്ഥലത്ത്‌ കുടിവെള്ള ക്ഷാമവും റോഡ്‌ പ്രശ്‌നവുമൊക്കെ ചൂണ്ടിക്കാട്ടി ആരും സ്ഥലം വാങ്ങാന്‍ കൂട്ടാക്കിയില്ല. പിന്നീട്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വന്ന സമയത്താണ്‌ പട്ടയമൊക്കെ തന്ന്‌ പ്രശ്‌നങ്ങള്‍ ഒരു വിധം പരിഹരിച്ചത്‌.
ദ്വീപ്‌ ആയിരുന്നെങ്കിലും ഏറ്റവും നല്ല പ്രദേശമായിരുന്നു. ആളുകളുമായി ബന്ധം അറ്റു പോയി. എറണാകുളത്തേക്ക്‌ ഇപ്പോള്‍ എട്ടു മിനുറ്റ്‌ മതി. ആറ്‌ കിലോമീറ്റര്‍ പോയാല്‍ ഇടപ്പള്ളിയായി. എറണാകുളത്തേക്ക്‌ എവിടേക്കും പോകാന്‍ എളുപ്പമായി. പിന്നെ വഴികളെല്ലാം ചെറുതായി. ഇവിടെ ഇതിലൂടെ മെട്രൊ റെയില്‍ വരുന്നുണ്ട്‌. അത്‌ പുഴയ്‌ക്കു മുകളിലൂടെയായതു കൊണ്ട്‌ ഭാഗ്യം അല്ലെങ്കില്‍ ഇനി ഇവിടന്നും മാറേണ്ടി വന്നേനേ. ഇനിയിപ്പോള്‍ എങ്ങോട്ട്‌ പോകാനാണ്‌” പകുതി കളിയായി പറയു മ്പോഴും നിസ്സഹായത വ്യക്തമാക്കി ഈ ചെറുപ്പക്കാരന്‍ ചോദിക്കുന്നു.

ആദര്‍ശ് നഗര്‍ വല്ലാര്‍പാടം സെറ്റില്‍മെന്‍റ് ഭൂമി കാക്കനാട്
ആദര്‍ശ് നഗര്‍ വല്ലാര്‍പാടം പദ്ധതി പുനരധിവാസ ഭൂമി കാക്കനാട്

സര്‍ക്കാരിന്‍റെ വാക്കു വിശ്വസിച്ച് ഇവിടെ എത്തി പെട്ടു പോയ അവസ്ഥയാണ് തന്‍റേതെന്ന് എളമക്കരയില്‍ വീട് നഷ്ടപ്പെട്ട വിദ്യാധരന്‍ പറയുന്നു. കാക്കനാട് തന്നെയുള്ള രണ്ടാമത്തെ പുനരധിവാസഭൂമിയായ ആദര്‍ശ്‌ നഗറിലാണ് ഇവര്‍ താമസമാക്കിയത്. ഇടപ്പള്ളി, എളമക്കര, ഏലൂര്‍ തുടങ്ങിയ മേഖലയില്‍ നിന്നുള്ള  56 വീടുകള്‍ക്കാണ് ഇവിടെ  നാലു  സെന്റ്‌ സ്ഥലം വീതം നല്‍കിയത്. മൂന്നു  വീടുകളാണ് കൂനനാഞ്ഞിലിച്ചുവടിലെ ഈ സ്ഥലത്തുള്ളത്. രണ്ടു വീട്ടുകാരാണ് ഇപ്പോള്‍ താമസിക്കുന്നത്.

”ശരിക്കും വഞ്ചിതരായ ആളുകളാണ്‌ ഞങ്ങള്‍. രാഷ്ട്രീയക്കാരും ഭരണാധികാരികളും കൂടി തങ്ങളെ പറ്റിക്കുകയായിരുന്നു. ശരിയായ ഫില്ലിംഗ്‌ പോലും നടത്താത്ത ഭൂമിയായിരുന്നു ഇത്‌. ഇവിടെ 11.40 മീറ്റര്‍ ചെളിയാണ്‌. സര്‍ക്കാര്‍ തന്ന  75,000 രൂപ കൊണ്ട്‌ പൈലിംഗ്‌ നടത്താന്‍ പറ്റുമോ. ഇതിലെ എഫ്എസിടിയുടെ തോണി സള്‍ഫറുമായി പോകുന്ന തോടായിരുന്നു ഇതെന്നു സ്ഥലവാസികള്‍ പറഞ്ഞിരുന്നു. തൊട്ടപ്പുറത്ത്‌ കാണുന്ന പായല്‍ നിറഞ്ഞ ഭാഗം പാടമായിരുന്നു. വീടിന്റെ തറ ഇരുന്നു പോയി. കഴിഞ്ഞ തവണ വീട്ടില്‍ വെള്ളം കയറി. നല്ല മഴ പെയ്‌താല്‍ ഇപ്പോഴും വീട്ടില്‍ വെള്ളം കയറും. അതു പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്‌തിട്ടില്ല. ഈ സ്ഥലം ഏറ്റെടുത്തതിനു പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നു സംശയിക്കുന്നു. സര്‍ക്കാരും ചില നേതാക്കളും കൂടി ഒത്തു കളിച്ച്‌ ഈ സ്ഥലം പാവങ്ങളുടെ തലയില്‍ കെട്ടിവെക്കുകയായിരുന്നു. ഇത്‌ ഫില്‍ ചെയ്‌ത ശേഷമാണ്‌ തങ്ങളെ വിളിച്ചു കാണിക്കുന്നത്‌”

ആദര്‍ശ് നഗറിലെ വിദ്യാധരന്‍റെ വീട്
ആദര്‍ശ് നഗറിലെ വിദ്യാധരന്‍റെ വീട്

”അന്ന്‌ താന്‍ കളക്‌റ്ററോട്‌ ചോദിച്ചു പുനരധിവസിപ്പിച്ചു കഴിഞ്ഞ ശേഷമല്ലേ പദ്ധതി തുടങ്ങാന്‍ പാടുള്ളൂ. അങ്ങനെയല്ല നിയമമെന്ന്‌ ചോദിച്ചപ്പോള്‍ കളക്‌റ്റര്‍ അന്നു പറഞ്ഞത്‌ അങ്ങനെയൊന്നുമില്ല എന്നാണ്‌. എന്നാല്‍ പിന്നീട് സ്ഥലവും വീടും കിട്ടി. അതെങ്ങനെ സംഭവിച്ചു.  അപ്പോള്‍ നിയമമുണ്ടായിട്ടും ജനങ്ങളെ പറ്റിക്കാന്‍ വേണ്ടി ഇങ്ങനെയൊരു ഭൂമി കണ്ടെത്തി കെട്ടിയേല്‍പ്പിക്കുകയായിരുന്നു. ഇപ്പോള്‍ മഴ പെയ്യുമ്പോള്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ കല്ലും   മണ്ണുമിട്ട്  ഉയര്‍ത്തേണ്ടി വന്നു. രാഷ്ട്രീയക്കാരും ഒത്തുകളിച്ചാണ് തങ്ങളെ ഈ കുഴിയില്‍ കൊണ്ടു വന്നു ചാടിച്ചത് ”

വലിയൊരു വഞ്ചനയും അഴിമതിയുമാണ് ഈ സ്ഥലത്തിന്‍റെ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നടന്നിരിക്കുകയെന്ന് സംശയിക്കാന്‍ സാഹചര്യമുണ്ടെന്ന് ഇപ്പോഴത്തെ അഴിമതിക്കഥകള്‍ കേള്‍ക്കുമ്പോള്‍ തോന്നുന്നുവെന്ന് വിദ്യാധരന്‍ പറയുന്നു. ”എളമക്കര, പോണേക്കര  പ്രദേശക്കാര്‍ക്ക് ആണ് ആദര്‍ശ് നഗറില്‍ സ്ഥലം കിട്ടിയത്. കിട്ടിയ നാലു സെന്‍റ്  സ്ഥലത്തു നിന്ന് കാല്‍ സെന്‍റ്  വഴിക്ക് വിട്ടു കൊടുക്കണമെന്ന് കോഓര്‍ഡിനേഷന്‍ കമ്മിറ്റി കൂടി തീരുമാനമെടുത്തു. അതു കൂടി പോയതോടെ തങ്ങള്‍ക്ക് വലിയ നഷ്ടമാണ്. ശരിക്ക് പാടമായിരുന്ന സ്ഥലം മാലിന്യവും പൂഴിയും ഉപയോഗിച്ച് നികത്തിയെടുക്കുകയായിരുന്നു. ഭൂമി തരും മുമ്പ് ആരും ഈ ഭൂമി കാണിച്ചു തന്നില്ല. കാക്കനാട് കളക്റ്ററേറ്റിനടുത്ത് ഏറ്റവും വിലയുള്ള സ്ഥലമാണെന്നായിരുന്നു കളക്റ്റര്‍ തങ്ങളോട് പറ‍ഞ്ഞത്. ഈ സ്ഥലം വിറ്റാല്‍ പോലും നല്ല തുക കിട്ടുമെന്നും അധികൃതര്‍ പറ‍ഞ്ഞു. എന്നാല്‍ കാക്കനാട്ടുള്ള ഏറ്റവും കുഴിഞ്ഞ സ്ഥലമാണിത്. സ്ഥലം എംഎല്‍എ അടക്കം ആരും ഇവിടെ വന്നിട്ടില്ല. വിഎം സുധീരന്‍  വന്നിരുന്നു. ഇവിടത്തെ ഇരു വിഭാഗങ്ങളുടെയും തന്ത്രമാണിത്. ഇടതുപക്ഷം ഭരിക്കുമ്പോള്‍ യുഡിഎഫിന്‍റെ ഒരു നേതാവിനെ കൂടെ കൂട്ടും. യുഡിഎഫ് ഭരിക്കുമ്പോള്‍ ഒരു ഇടതുനേതാവിനെയും കൊണ്ടു വരും. അതാണ് ഒത്തുകളിയെന്നു പറഞ്ഞത്. കോഓര്‍ഡിനേഷന്‍ കമ്മിറ്റി സമരത്തിനു വന്നപ്പോള്‍ മേധാ പാട്കര്‍ അടക്കം ഇവിടെ വന്നു. വീട്ടിലും വന്നിരുന്നു. ശരിക്ക് പറഞ്ഞാല്‍ ഈ സ്ഥലത്തു വന്ന് അടിഞ്ഞു കൂടുകയാണെന്നും പറയാം. വിറ്റ് പോകാനും കഴിയില്ല ശരിക്കു മുഴുവന്‍ തേങ്ങ കിട്ടിയ നായയുടെ അവസ്ഥയാണ് തങ്ങളുടേത്” വിദ്യാധരന്‍ തന്‍റെ അമര്‍ഷം പറഞ്ഞൊതുക്കി.

ആദര്‍ശ് നഗറിലെ ചതുപ്പു ഭൂമി
ആദര്‍ശ് നഗറിലെ ചതുപ്പു ഭൂമി

നഗരത്തിരക്കില്‍ നിന്ന് അകന്ന് ഗ്രാമീണഭംഗിയെങ്കിലും  നുകരാമെന്ന് ആശ്വസിച്ചാണ് പോണേക്കര സ്വദേശി രാജേഷ് കുമാറും കുടുംബവും ഇവിടെയെത്തിയത്. എന്നാല്‍ മനസിനിഷ്ടപ്പെട്ട വീട് വെച്ചെങ്കിലും അത് ഉറപ്പില്ലാത്ത ഭൂമിയില്‍ ഇരുന്നു പോയതിന്‍റെ വിഷമത്തിലാണെന്ന് രാജേഷിന്‍റെ ഭാര്യ നിഷ പറയുന്നു.

ആദര്‍ശ് നഗര്‍ വല്ലാര്‍പാടം സെറ്റില്‍മെന്‍റ് ഭൂമി കാക്കനാട്
ആദര്‍ശ് നഗര്‍ വല്ലാര്‍പാടം സെറ്റില്‍മെന്‍റ് ഭൂമി കാക്കനാട്

”ഇതൊരു ചാലായിരുന്നുവെന്നാണ് ഇവിടെ വന്ന ശേഷം മനസിലായത്. തൊട്ടടുത്തു പുഴയാണുള്ളത്‌. ഇപ്പോള്‍ സ്ഥലത്തിന്റെ യഥാര്‍ത്ഥ ചിത്രം ഒട്ടും മനസിലാക്കാന്‍ കഴിയുകയില്ല. മഴക്കാലത്ത്‌ വന്നു നോക്കണം. അപ്പോള്‍ ഇവിടെയെല്ലാം മുങ്ങും. വീട്‌ ശരിക്കും ഇരുന്നു പോയി. ഇപ്പോള്‍ വീടിരിക്കുന്നതിനു ചുറ്റും പലതവണ മണ്ണും കല്ലും കൊണ്ട്‌ ഇട്ട്‌ ഉയര്‍ത്തിയതാണ്‌. ഇനി പുതിയ രീതിയില്‍ ജാക്കി ഉപയോഗിച്ച്‌ ഉയര്‍ത്തണം. അതിന്‌ 20 ലക്ഷം രൂപ ചെലവാകും. ആ തുകയ്‌ക്ക്‌ വേറെ ഒരു സ്ഥലത്ത്‌ വീട്‌ പണിയാം. ഇവിടെ പൈലിംഗിനായി നോക്കിയപ്പോല്‍ ചെളിയും കറുത്ത എണ്ണപോലുള്ള ദ്രാവകവുമാണ് പുറത്തു വന്നത്.  റോഡും മറ്റു സൗകര്യങ്ങളും ഉണ്ടായിരുന്നില്ല. മഴക്കാലത്ത് വന്നു നോക്കയാലേ ഇവിടത്തെ യഥാര്‍ത്ഥ പരിതസ്ഥിതി മനസിലാകുകയുള്ളൂ. ഇവിടെ മുഴുവന്‍ മുങ്ങി വീടിരിക്കുന്നയിടം മാത്രം ഒരു ദ്വീപ് പോലെയാകും. പുഴ അടുത്തായതിനാലാണ് വെള്ളക്കെട്ട് ഉയരുന്നത്.  ഈ ഭാഗം മാത്രം കുഴി പോലെയിരിക്കുന്നു. അത്  പരിഹരിക്കാന്‍ അധികൃതര്‍ നടപടിയെടുക്കുന്നില്ല ”

കേരളത്തിന്‍റെ പ്രതിഷേധസമരങ്ങളില്‍ വിജയം കണ്ട അപൂര്‍വ്വം സമരങ്ങളിലൊന്നാണ് മൂലമ്പിള്ളി കുടിയൊഴിക്കലുമായി ബന്ധപ്പെട്ടുണ്ടായതെന്ന് അവകാശപ്പെടാം. പിന്നീടു വന്ന വിഴിഞ്ഞം തുറമുഖ സമരം, ദേശീയ പാത സ്ഥലമേറ്റെടുക്കലിനെതിരായ പ്രതിഷേധം തുടങ്ങിയ സമരമുഖങ്ങള്‍ക്കും പായ്ക്കെജുകള്‍ക്കും  ഒരു പോലെ മാതൃകയാകാന്‍ കഴിഞ്ഞുവെന്നത് അഭിമാനാര്‍ഹമാണ്. ചരിത്രത്തില്‍ത്തന്നെ  ആദ്യമായി, സമരത്തിന്‍റെ ഫലമായി ഒരു പായ്ക്കെജ് അതേ സര്‍ക്കാരിന്‍റെ കാലത്ത് വാങ്ങിയെടുക്കാനുമായി. എന്നാല്‍ ഇത്തരം അഭിമാനാര്‍ഹമായി നേട്ടങ്ങളെല്ലാം കാറ്റില്‍ പറത്താന്‍ കഴിയുന്ന, ജനകീയ സമരനേട്ടങ്ങളെ അട്ടിമറിക്കുന്ന ഒരു നിഗൂഢസംഘം സര്‍ക്കാര്‍ സംവിധാനത്തിലിരിക്കുന്നുവെന്ന ഓര്‍മപ്പെടുത്തലാണ് മൂമ്പിള്ളിയുടെ അനുഭവം. പരിഹാരമാര്‍ങ്ങള്‍ കണ്ടെത്തിയിട്ടും  യഥോചിതം നടപ്പാക്കാന്‍ കഴിയാതെ വരുന്നത് എല്ലാ പ്രതിഷേധങ്ങളുടെയും സാധുത ചോദ്യം ചെയ്യുന്നതാണ്. ഈ യാഥാര്‍ത്ഥ്യം നമുക്കു നേരെ കണ്ണു തുറിച്ചു നോക്കുന്നുവെന്ന് ഇന്നും പൂര്‍ത്തീകരിക്കാനാകാതെ കിടക്കുന്ന മൂലമ്പിള്ളി പാക്കെജിന്‍റെ  അവസ്ഥ കാണിച്ചു തരുന്നു.