ചെന്നൈ:
പ്രതീക്ഷിക്കാതെ റെയില്‍ഗതാഗതം താളംതെറ്റുമ്പോള്‍ മൊത്തം ഗതാഗതം അവതാളമാവുമ്പോള്‍ ആപ്പില്‍ കാണിക്കുന്നത് തെറ്റായ സമയമായിരിക്കും.
ഗതാഗതം നേരെയാക്കാന്‍ റെയില്‍വേ ട്രാഫിക് വിഭാഗം ഒന്നാം പരിഗണന കൊടുക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. തീവണ്ടിയുടെ ഓട്ടത്തെപ്പറ്റി അറിയാന്‍ മുപ്പതോളം ആപ്പുകളാണ് ഇപ്പോൾ നിലവിലുള്ളത്. റെയില്‍വേയുടെ സ്വന്തം ആപ്പായ എന്‍.ടി.ഇ.എസാണ് (നാഷണല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റം) മറ്റുള്ള ആപ്പുകളുടെ അടിസ്ഥാനം.
എന്‍.ടി.ഇ.എസില്‍നിന്നുള്ള ഡേറ്റയില്‍നിന്നാണ് മറ്റ് ആപ്പുകളിലും സമയവിവരം ലഭ്യമാവുന്നത്. സാധാരണ ഓരോ സ്റ്റേഷനും പിന്നിടുമ്പോള്‍ അതത് സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ കൊടുക്കുന്ന സമയവിവരമാണ് എന്‍.ടി.ഇ.എസിലേക്കെത്തുന്നത്. അപ്രതീക്ഷിതമായി വണ്ടികള്‍ നിശ്ചലമാവുമ്പോള്‍ സ്റ്റേഷന്‍മാസ്റ്റര്‍മാരില്‍നിന്നുള്ള വിവരങ്ങള്‍ നിലയ്ക്കുന്നതിനാല്‍ പിന്നീടുള്ള വിവരങ്ങള്‍ ലഭ്യമാവില്ല.
പിന്നീട് എന്‍.ടി.ഇ.എസ്. ആപ്പ് ഓട്ടോമാറ്റിക് സംവിധാനത്തിലേക്കു മാറും. സ്റ്റേഷനുകള്‍ തമ്മിലുള്ള ദൂരവും പിന്നിടാനുള്ള സമയവും കണക്കാക്കിയുള്ള ഓട്ടോമാറ്റിക് വിവരംപുതുക്കലാണ് പിന്നെ നടക്കുന്നത്. റദ്ദാക്കലും, വഴിതിരിച്ചുവിടല്‍, സംബന്ധിച്ച തീരുമാനവും ചെന്നൈയിലെ ചീഫ് പാസഞ്ചര്‍ ട്രാഫിക് മാനേജര്‍ (സി.പി.ടി.എം.) ഓഫീസില്‍ നിന്നാണുണ്ടാവുന്നത്.
ഇത് ഡല്‍ഹിയില്‍ റെയില്‍വേ ആസ്ഥാനത്തെത്തുമ്പോഴാണ് അനുമതിയുണ്ടാവുക. അധികൃതരുടെ ശ്രദ്ധ മുഴുവന്‍ ഇത്തരം കാര്യങ്ങളിലേക്കു മാറുമ്പോള്‍ ആപ്പിലെ വിവരങ്ങള്‍ പുതുക്കാൻ ഒരുപാട് സമയമെടുക്കുന്നു. മൂന്നോ നാലോ മണിക്കൂറിനു ശേഷമായിരിക്കും പുതിയ വിവരങ്ങള്‍ ആപ്പില്‍ വന്നുതുടങ്ങുക. ഇത്തരം പ്രശ്‌നങ്ങള്‍ കാരണം, ടിക്കറ്റ് റദ്ദാക്കുന്ന സന്ദര്‍ഭങ്ങളിലും പ്രയാസമുണ്ടാവും. തീവണ്ടി സ്റ്റേഷനില്‍ എത്തുംമുമ്പ് ടിക്കറ്റ് റദ്ദാക്കാന്‍ ശ്രമിച്ചാലും തീവണ്ടി കടന്നുപോയതിനാല്‍ റദ്ദാക്കാനാവില്ലെന്നാവും മറുപടി കിട്ടുക.