Sun. Nov 24th, 2024
ന്യൂ ഡല്‍ഹി:

നിര്‍ഭയ കൂട്ടബലാത്സംഗക്കേസിൽ ശേഷിക്കുന്ന നാല് പ്രതികളുടെയും വധശിക്ഷ, ഏഴു ദിവസത്തിനകം നടപ്പാക്കുമെന്ന് തീഹാർ ജയിൽ അധികൃതർ അറിയിച്ചു.

ഇക്കാര്യം സംബന്ധിച്ച്,  തീഹാർ ജയിൽ ഭരണകൂടം പ്രതികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

” നാലു പ്രതികളിൽ മൂന്നുപേർ തീഹാർ ജയിലിലും നാലാമത്തെ പ്രതി മണ്ടോളിയിലെ ജയിൽ നമ്പർ 14 ലും ആണ് കഴിയുന്നത്. വിചാരണക്കോടതി വിധിച്ച വധശിക്ഷ ഡല്‍ഹി ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചിട്ടുമുണ്ട് ” തീഹാർ ജയിൽ, ഡയറക്ടർ ജനറൽ സന്ദീപ് ഗോയൽ വാര്‍ത്താ ഏജന്‍സിയായ ഐ‌എ‌എൻ‌എസിനോട് പറഞ്ഞു.

കുറ്റവാളികൾക്ക് വധശിക്ഷയെ ചോദ്യം ചെയ്തുകൊണ്ട് റിവ്യൂ ഹര്‍ജി സമര്‍പ്പിക്കാമായിരുന്നു, എന്നാല്‍  പ്രതികള്‍ വിധിയുടെ പുനഃപരിശോധന ആവശ്യപ്പെട്ടിട്ടില്ല.

“രാഷ്ട്രപതിക്ക് ദയാ ഹര്‍ജി സമര്‍പ്പിച്ചാല്‍, വധശിക്ഷ ജീവപര്യന്തം തടവാക്കി മാറ്റാന്‍ വകുപ്പുകളുണ്ട്. എന്നാല്‍ പ്രതികളില്‍ ആരും തന്നെ ഇത്തരമൊരു ശ്രമം നടത്തിയിട്ടുമില്ല” ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

തീഹാർ ജയിലിലെയും മണ്ടോളി ജയിലിലെയും അധികൃതർ ഒക്ടോബർ 28 നു തന്നെ പ്രതികള്‍ക്ക് നോട്ടീസ് കൈമാറിയിരുന്നു. വധശിക്ഷ പുനപരിശോദിക്കുന്നതിനു വേണ്ടി, ഏഴ് ദിവസത്തിനകം രാഷ്ട്രപതിയുടെ മുമ്പാകെ പ്രതികള്‍ക്ക്  ദയാ ഹര്‍ജി സമർപ്പിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

“ശിക്ഷാവിധിയെ സംബന്ധിച്ച നടപടികള്‍ ജയില്‍ അധികൃതര്‍, വിധി നടപ്പിലാക്കിയ വിചാരണകോടതിയെ അറിയിക്കേണ്ടതുണ്ട്. ദയാ ഹര്‍ജികളൊന്നും ഫയല്‍ ചെയ്യപ്പെട്ടിട്ടില്ലെങ്കില്‍, നിയമ നടപടികളുമായി ഞങ്ങള്‍ മുന്നോട്ട് പോകും” ഗോയല്‍ പറഞ്ഞു.

ഇതുവരെ ദയാ ഹര്‍ജികള്‍ ലഭിക്കാത്ത സാഹചര്യത്തില്‍, വിചാരണക്കോടതിയില്‍ നിന്ന് വാറണ്ട് ലഭിച്ചാല്‍ മാത്രമേ ജയില്‍ അധികൃതര്‍ക്ക് ശിക്ഷാനടപടികള്‍ തുടരാന്‍ സാധിക്കുകയുള്ളൂ.