Fri. Nov 22nd, 2024
അമരാവതി:

 

അപകീർത്തികരവും അടിസ്ഥാനരഹിതവും തെറ്റായതുമായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമസ്ഥാപനങ്ങൾക്കെതിരെ കേസെടുക്കാൻ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി ആന്ധ്ര സർക്കാർ.

ഇന്നലെയാണ് ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത്.

മാധ്യമങ്ങളെ ചൂഷണം ചെയ്യുകയാണെന്നും, മാധ്യമങ്ങളോട് സാഹോദര്യപരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ നടത്തുന്ന പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രതിഷേധം കടുക്കുകയാണെങ്കില്‍ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കാൻ ബന്ധപ്പെട്ട വകുപ്പുകളുടെ സെക്രട്ടറിമാരെ അധികാരപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവുകൾ പുറപ്പെടുവിച്ചു.

“അച്ചടി / ഇലക്ട്രോണിക് / സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച / സംപ്രേഷണം / പോസ്റ്റ് ചെയ്ത അപകീർത്തികരമായ വാർത്തകൾക്കെതിരെ പബ്ലിക് പ്രോസിക്യൂട്ടർ വഴി നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കാന്‍ അതാത് വകുപ്പുകളിലെ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നലകിയിട്ടുണ്ട്.’-  ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ മുന്‍ സെക്രട്ടറി ടി. വിജയ് കുമാർ റെഡ്ഡി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

അതേസമയം, പ്രതിപക്ഷ നേതാവും തെലുങ്കുദേശം പാർട്ടി (ടിഡിപി) പ്രസിഡന്റുമായ എൻ. ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായി പ്രതികരിച്ചു. മാധ്യമങ്ങളോട് കാട്ടുന്നത് ക്രൂരതയാണെന്ന് ആന്ധ്രാപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രി കൂടിയായിരുന്ന നായിഡു പറഞ്ഞു.

നടപടി അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്നും, ഇത് സോഷ്യൽ മീഡിയയിലൂടെ പ്രതകിരിക്കുന്നവരെ അടിച്ചമര്‍ത്താനാണെന്നും നായിഡു വിമര്‍ശിച്ചു.

ഒരു സർക്കാരിന്റെ പരാജയങ്ങളെ ചോദ്യം ചെയ്യാനും വിമർശിക്കാനും അത് പ്രകടിപ്പിക്കാനുമുള്ള അഭിപ്രായ സ്വാതന്ത്യം ഇന്ത്യന്‍ ഭരണഘടന പൗരന് നല്‍കുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

വൈ.എസ്.ആർ.സി പാര്‍ട്ടിയും പോലീസും സർക്കാരിന്റെ നിരവധി പരാജയങ്ങൾ ചൂണ്ടികാണിക്കുന്ന മാധ്യമ സ്ഥാപനങ്ങളെയും ആളുകളെയും ഉപദ്രവിക്കാൻ തെറ്റായ കേസുകൾ സൃഷ്ടിക്കുകയാണെന്ന് നായിഡു ട്വിറ്ററില്‍ കുറിച്ചു.

ആവശ്യമെങ്കില്‍, മാധ്യമങ്ങളെ അടിച്ചമർത്തുന്ന ഈ തീരുമാനം റദ്ദാക്കുന്നത് വരെ ഞങ്ങൾ തെരുവിലിറങ്ങി പോരാട്ടം തുടരുമെന്നും നായിഡു ട്വീറ്റ് ചെയ്തു.

By Binsha Das

Digital Journalist at Woke Malayalam