Wed. Jan 22nd, 2025
ലെബനന്‍:

 

ലെബനന്‍ പ്രധാനമന്ത്രി സാദ് ഹരീരി രാജി  സന്നദ്ധത പ്രഖ്യാപിച്ചതോടെ ആഘോഷത്തിമിര്‍പ്പില്‍ രാജ്യത്തെ ജനങ്ങള്‍. തങ്ങളുടെ പ്രക്ഷോഭം വിജയം കണ്ടതിന്റെ പശ്ചാത്തലത്തില്‍  പ്രതിഷേധക്കാര്‍ ലെബനന്‍ തെരുവിലുടനീളം ആഘോഷപ്രകടനങ്ങള്‍ നടത്തിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു ഭരണകൂടത്തിനെതിരെ ദീര്‍ഘകാലമായി നടത്തുന്ന യുദ്ധം വിജയം കണ്ടുവെന്നാണ് ഭൂരിഭാഗം പേരും പ്രതികരിച്ചത്. എന്നാല്‍ പ്രാരംഭജയം മാത്രമാണിതെന്നും ലെബനന്‍ ജനത പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതും റിയാദ് അൽ സോളില്‍ നൂറുകണക്കിന് ലെബനൻവാസികൾ ഒത്തുകൂടി ദേശീയഗാനത്തിനായി ഒരുമിച്ച് നിന്നു.

പലരും പരസ്പരം ആലിംഗനം ചെയ്തു. ഒത്തുകൂടിയവരില്‍ പലരുടെയും കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു.

‘ഇത് നല്ലൊരു തുടക്കമാണ്, പക്ഷേ ഞങ്ങൾ ഇപ്പോഴും തെരുവുകളിൽ തന്നെ തുടരുകയാണ്, ”21 കാരനായ ചലച്ചിത്ര നിർമ്മാതാവ് പിയറി മൗസന്നാർ തലസ്ഥാനമായ ബെയ്റൂട്ടില്‍ അൽ ജസീറയോട് പറഞ്ഞു.

ഹരിരി ലെബനിലെ പ്രശ്നത്തിന്റെ ഭാഗമാണ്, പക്ഷേ എല്ലാ പ്രശ്നങ്ങള്‍ക്കും അദ്ദേഹമാണ് കാരണമെന്ന് ഞങ്ങള്‍ കരുതുന്നില്ലെന്നും പിയറി പറഞ്ഞു. പ്രധാനമന്ത്രി രാജിവെച്ചെങ്കിലും ഞങ്ങളുടെ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കണമെന്നും പ്രതിഷേധിച്ചവര്‍ പറയുന്നു.

By Binsha Das

Digital Journalist at Woke Malayalam