ബാഗ്ദാദ്:
ഇറാഖില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം പ്രക്ഷുഭ്ധമാകുന്നു. തൊഴിലില്ലായ്മ, അഴിമതി, പൊതുസേവനങ്ങളുടെ അഭാവം എന്നിവയ്ക്കെതിരായ രാജ്യവ്യാപകമായ പ്രതിഷേധം അഞ്ച് ദിവസം പിന്നിട്ടു.
പ്രതിഷേധത്തിന്റെ ഭാഗമായി പതിനായിരക്കണക്കിന് ഇറാഖികൾ ബാഗ്ദാദിലെ തഹ്‌രിർ സ്‌ക്വയറിൽ മാർച്ച് നടത്തി. സാമ്പത്തിക പരിഷ്കരണത്തിനും രാജ്യത്തെ രാഷ്ട്രീയ വരേണ്യവർഗത്തെ നീക്കം ചെയ്യണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.
പ്രധാനമന്ത്രി ആദില്‍ അബ്ദുള്‍ മഹിദിയുടെ സര്‍ക്കാര്‍ രാജിവയ്ക്കണമെന്നാണ് പ്രക്ഷോഭകരുടെ പരമപ്രധാനമായ ആവശ്യം.
അതേസമയം, സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തില്‍ ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ അനിശ്ചിതകാലത്തേയ്ക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. പ്രതിഷേധം അഞ്ച് ദിവസം പിന്നിട്ടതോടെയാണ് ഇന്നലെ അര്‍ധ രാത്രി മുതല്‍ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.
ഒക്ടോബര്‍ ആദ്യവാരമാണ് ഇറാഖി ജനത പ്രക്ഷോഭം ആരംഭിച്ചത്. പിന്നീട് സൈനിക നടപടികളെ തുടര്‍ന്നു പ്രതിഷേധം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ വീണ്ടും പ്രതിഷേധം തുടങ്ങുകയായിരുന്നു.
പ്രതിഷേധത്തിനിടയില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 74 ആയി ഉയർന്നതായും 3,600 ലധികം പേർക്ക് പരിക്കേറ്റതായും ഇറാഖ് അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പ്രതിഷേധക്കാരെ പിരിച്ചുവിടാനായി സൈന്യം നടത്തിയ വെടിവയ്പിനിടെയാണ് ആളുകള്‍ കൊല്ലപ്പെട്ടത്. പ്രതിഷേധകാര്‍ക്കുനേരെ കണ്ണീര്‍ വാതകവും ജലപീരങ്കിയും സൈന്യം പ്രയോഗിച്ചിരുന്നു. കണ്ണീർ വാതകം മൂലം 3,654 പ്രതിഷേധക്കാര്‍ക്കും സുരക്ഷാ അംഗങ്ങൾക്കും പരിക്കേറ്റിരുന്നു.