Sun. Dec 22nd, 2024
ന്യൂ ഡല്‍ഹി:

അയോദ്ധ്യകേസില്‍ വിധി വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ചരിത്രത്തിലെ ചില ഏടുകള്‍ വിശകലനം ചെയ്ത് സാമൂഹ്യ മാധ്യമങ്ങള്‍. ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് 29 വര്‍ഷം മുന്‍പു നടത്തിയ പ്രസംഗമാണ് ഇത്തവണ ചര്‍ച്ച.

1990 ഒക്ടോബറില്‍ അയോധ്യയിലെ ബാബ്‌റി മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് രാമക്ഷേത്രം പണിയുന്നതിനായി ബിജെപി നേതാവ് എല്‍കെ അദ്വാനി നടത്തിയ രഥയാത്ര ബിഹാറില്‍ പ്രവേശിച്ചപ്പോള്‍, അന്ന് ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് നടത്തിയ പ്രസംഗമാണിത്.

“ഈ രഥയാത്ര റദ്ദാക്കി രാജ്യതാല്‍പ്പര്യം കണക്കിലെടുത്ത് ഡല്‍ഹിക്കു തിരിച്ചു പോകണമെന്ന് ഞാന്‍ ഒരിക്കല്‍ക്കൂടി അദ്വാനിയോട് അഭ്യര്‍ഥിക്കുന്നു. മനുഷ്യര്‍ മരിച്ചാല്‍ ആരാണു ക്ഷേത്രത്തിലെ മണിയടിക്കുക? ആരും ജീവനോടെയില്ലെങ്കില്‍ ആരാണു പള്ളിയില്‍പ്പോയി പ്രാര്‍ഥിക്കുക?

ഞാന്‍ 24 മണിക്കൂര്‍ നേരം ജാഗ്രതയിലാണ്. ഗവര്‍ണറുടെ ഭാഗത്തുനിന്നു ഞങ്ങള്‍ പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്. പക്ഷേ ഒരു രാഷ്ട്രീയ നേതാവിന്‍റെ ജീവന്‍ വിലപ്പെട്ടതാണെങ്കില്‍ അങ്ങനെതന്നെയാണ് ഒരു സാധാരണക്കാരന്‍റെയും എന്ന യാഥാര്‍ഥ്യം നമ്മള്‍ മനസ്സിലാക്കണം.

എന്‍റെ ഭരണത്തിന്‍ കീഴിലുള്ള ഈ സംസ്ഥാനത്തു ഞങ്ങള്‍ ഒരു വര്‍ഗീയ സംഘര്‍ഷവും പ്രചരിപ്പിക്കാന്‍ അനുവദിക്കില്ല. എവിടെയാണോ അപകടകരമായ കലാപങ്ങളുണ്ടാകുന്നത്, രാഷ്ട്രീയാധികാരം നഷ്ടപ്പെടുന്നത്, നമ്മളൊരിക്കലും അവിടെ വിട്ടുവീഴ്ച ചെയ്യരുത്” ഇങ്ങനെയാണ് അദ്ദേഹത്തിന്‍റെ പ്രസംഗത്തിന്‍റെ പ്രസക്തഭാഗങ്ങള്‍.

എന്നാല്‍ രഥയാത്രയില്‍ അദ്വാനി നടത്തിയ പ്രസംഗങ്ങളിലൊക്കെയും പള്ളിയുടെ സ്ഥാനത്ത് ക്ഷേത്രം പണിയണമെന്ന് കര്‍സേവകരോടുള്ള ആഹ്വാനമായിരുന്നു ഉണ്ടായത്.

ലാലു പ്രസാദ് യാദവിന്‍റെ പ്രസംഗം ആനന്ദ് പട്‌വര്‍ധന്‍ 1992-ല്‍ തയ്യാറാക്കിയ ‘രാം കേ നാം’ എന്ന ഡോക്യുമെന്‍ററിയില്‍ ഉണ്ട്.

കോണ്‍ഗ്രസ് നേതാവ് ചിരഞ്ജീവ് റാവു അടക്കം നിരവധി പേരാണ് ലാലുവിന്‍റെ പ്രസംഗം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ പ്രസംഗം എല്ലാ പ്രതിപക്ഷ നേതാക്കള്‍ക്കും വിതരണം ചെയ്യണമെന്നും,  എങ്ങനെ ഫാസിസത്തിനെതിരെ പോരാടണമെന്ന് ഇതിലൂടെ പഠിക്കണമെന്നുമാണ് റാവുവിന്‍റെ ട്വീറ്റ്.

നവംബര്‍ 17ന് ഇപ്പോഴത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കും. ഇതിനു മുന്നോടിയായി ബാബറി മസ്ജിദ്- രാമജന്മഭൂമി തര്‍ക്കവിഷയത്തില്‍ അന്തിമ വിധി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.