Tue. Nov 5th, 2024
#ദിനസരികള്‍ 923

 
ആര്‍ക്കിയോളജിക്കല്‍ സര്‍‌വ്വേ ഓഫ് ഇന്ത്യയുടെ റീജിയണല്‍ ഡയറക്ടറായിരുന്ന കെ കെ മുഹമ്മദ് 27 ആഗസ്ത് 2017 ലാണ്, തന്റെ ആത്മകഥയായ ഞാനെന്ന ഭാരതീയന്‍ എന്ന പുസ്തകത്തെക്കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനു വേണ്ടി മാനന്തവാടിയില്‍ എത്തുന്നത്. ആ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം അയോധ്യയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു, “അയോധ്യയില്‍ ഖനനം നടത്തിയ എനിക്ക് പള്ളിയുടെ അടിയില്‍ നിന്നും ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. തെളിവുകളെ അടിസ്ഥാനത്തില്‍ പ്രസ്തുത സ്ഥലത്ത് ഒരു ക്ഷേത്രമുണ്ടായിരുന്നുവെന്നുവേണം അനുമാനിക്കാന്‍.

ആ ക്ഷേത്രത്തെ തകര്‍ത്തുകൊണ്ടാണ് അതിന്റെ സ്ഥാനത്ത് പള്ളി പണിതുയര്‍ത്തിയിരിക്കുന്നത്. ഈ രാജ്യത്തിലെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ ആരാധനാ കേന്ദ്രമായ പ്രസ്തുത ക്ഷേത്രസ്ഥലം അതുകൊണ്ടുതന്നെ ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കുകയാണ് വേണ്ടത്. അങ്ങനെ ചെയ്താല്‍ മാത്രമേ അയോധ്യ വിഷയത്തില്‍ സ്ഥായിയായ തീര്‍പ്പുണ്ടാകൂ.

എന്നാല്‍ ഈ വിഷയം അവസാനിപ്പിക്കരുതെന്ന് ഇന്ത്യയിലെ ഇടതുപക്ഷ ചരിത്രകാരന്മാര്‍ ആഗ്രഹിക്കുന്നു. അവര്‍ ഏതെങ്കിലും തരത്തിലുള്ള ഒത്തുതീര്‍പ്പിലേക്ക് ഇരുവിഭാഗങ്ങളും എത്തിച്ചേരുന്നതിന് അവര്‍ ആഗ്രഹിക്കുന്നില്ല. വിഷയം വഷളാക്കി നിറുത്തുവാന്‍ ആഗ്രഹിക്കുന്നതും ശ്രമിക്കുന്നതും അവരാണ്.” പ്രമുഖ ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബിനെ പേരെടുത്തു പറഞ്ഞുകൊണ്ട് അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

അതേ വേദിയില്‍ വെച്ചു തന്നെ അദ്ദേഹത്തോടുള്ള എതിര്‍വാദങ്ങള്‍ ഞാന്‍ അവതരിപ്പിച്ചിരുന്നു. ആറെസ്സെസ്സിന്റെ ഓരം ചേര്‍ന്ന് അവരുടെ വക്താവായി നടക്കുന്ന അദ്ദേഹം സങ്കുചിതവും വ്യക്തിപരവുമായ ലാഭങ്ങള്‍ക്കുവേണ്ടി രാജ്യത്തേയും ചരിത്രത്തേയും ഒറ്റിക്കൊടുക്കുകയാണെന്നു ഞാനന്ന് തുറന്നു പറഞ്ഞു. കൂടാതെ പിറ്റേ ദിവസം ആ ചര്‍ച്ചയെക്കുറിച്ച് ഞാനിങ്ങനെ എഴുതി:-

‍”മുസ്ലിങ്ങള്‍ക്ക് വെറുമൊരു പള്ളി, ഹിന്ദുക്കള്‍ക്ക് ശ്രീരാമജന്മസ്ഥാന്‍” എന്ന അതിവൈകാരികമായ ഒരു പ്രസ്ഥാവനയോടെ, ബാബറി മസ്ജിദ് ഹിന്ദുക്കള്‍ക്ക് വിട്ടുനല്കി നിലനില്ക്കുന്ന പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണണമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍‌വ്വേ ഓഫ് ഇന്ത്യയുടെ ഉത്തരമേഖലാ ഡയറക്ടറായിരുന്ന കെ കെ മുഹമ്മദ്, ഇന്നലെ മാനന്തവാടിയില്‍ മാതൃഭൂമി പുസ്തകോത്സവത്തോടനുബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.

അദ്ദേഹത്തിന്റെ തന്നെ ആത്മകഥയായ “ഞാനെന്ന ഭാരതീയന്‍” (മാതൃഭൂമി ബുക്സ്) എന്ന പുസ്തകത്തെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് ജനാധിപത്യഭാരതം നേരിടുന്ന സങ്കീര്‍ണമായ ഒരു പ്രശ്നത്തിന് പരിഹാരമായി ഇത്തരമൊരു നിര്‍‌ദ്ദേശം മുന്നോട്ടു വെച്ചത്. ബാബറി മസ്ജിദ് വിട്ടുകൊടുത്താല്‍ ഇന്ത്യയിലെ ഹിന്ദുക്കള്‍ അതില്‍ സന്തുഷ്ടരാകുമെന്നും പിന്നീട് പ്രശ്നങ്ങളൊന്നുമുണ്ടാകാതെ മുസ്ലിം സമൂഹത്തെ പരിപാലിക്കുന്ന ധാര്‍മിക ഉത്തരവാദിത്തം അവര്‍ ഏറ്റെടുത്തുകൊള്ളുമെന്നുമുള്ള ശുഭാപ്തിവിശ്വാസവും അദ്ദേഹം പങ്കുവെച്ചു.

ലളിതബുദ്ധിയായ കെ കെ മുഹമ്മദിന് ഫാസിസത്തിന്റെ സങ്കീര്‍ണവും കൌശലം നിറഞ്ഞതുമായ കൈവഴികളെക്കുറിച്ച് വേണ്ടത്ര ഗ്രാഹ്യമില്ലെന്ന് തെളിയിക്കുന്നതാണ് ഈ പ്രസ്ഥാവനകള്‍ എല്ലാംതന്നെ. അദ്ദേഹത്തിന്റെ ഋജുവായ ചിന്താരീതി ഒരു മുറിവിന് ഒരു മരുന്ന് എന്ന രീതിയിലാണ്. മുറിവുണ്ടാക്കപ്പെടുന്ന കാരണങ്ങളെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും അദ്ദേഹം വേണ്ടത്ര ബോധവാനാണെന്ന് ഞാന്‍ കരുതുന്നില്ല.

പള്ളി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണം എന്ന ആവശ്യത്തെത്തന്നെ ആദ്യം പരിഗണിക്കുക. ഏതു ഹിന്ദുവാണ് ബാബറി മസ്ജിദ് വിട്ടുനല്കണമെന്ന് ആവശ്യപ്പെട്ടത്? മതേതരബോധം പുലര്‍ത്തിപ്പോരുന്ന, ഇന്ത്യയുടെ ഭരണഘടനയേയും ജനാധിപത്യത്തേയും വിശ്വസിക്കുന്ന ഒരു ഹിന്ദുവും ഇവിടെ അങ്ങനെ ആവശ്യപ്പെട്ടിട്ടില്ല.

ഹിന്ദു സമം ആര്‍എസ്എസ് അല്ലെങ്കില്‍ സംഘപരിവാരം എന്നു ചിന്തിക്കാന്‍ മുഹമ്മദിനെ പഠിപ്പിച്ചതാരാണ്? സംഘപരിവാരത്തിന് ബാബറി മസ്ജിദ് അധികാരത്തിന്റെ സോപാനങ്ങളിലേക്ക് പിടിച്ചു കയറാനുള്ള ഒരു പിടിവള്ളി മാത്രമാണെന്നും അവര്‍ ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നില്ല എന്നും മനസ്സിലാക്കാന്‍ പറ്റാത്ത തരത്തിലുള്ള എന്തു ചിന്താമാന്ദ്യമാണ് കെ കെ മുഹമ്മദിനെ നയിക്കുന്നത്? ബാബറി മസ്ജിദ് പ്രശ്നം ശ്രീരാമന്റെ ജന്മസ്ഥാനവുമായോ ഹിന്ദുക്കളുടെ മറ്റു വിശ്വാസങ്ങളുമായോ ബന്ധപ്പെട്ട ഒന്നല്ലെന്നും വര്‍ഗ്ഗീയതയെ കൂട്ടുപിടിച്ച് വോട്ടുബാങ്കുണ്ടാക്കുവാനുള്ള സംഘപരിവാരത്തിന്റെ ശ്രമമാണെന്നുമുള്ള തിരിച്ചറിവ് മതേതരനെന്നഭിമാനിക്കുന്ന മുഹമ്മദിന് ഉണ്ടാകേണ്ടിയിരിക്കുന്നു.

ഇദ്ദേഹത്തിന്റെ മറ്റൊരു വാദം ബാബറി മസ്ജിദ് വിട്ടുനല്കിയാല്‍‌ ഹിന്ദുക്കള്‍ പിന്നീടങ്ങോട്ട് മുസ്ലിംസ്വത്തുകള്‍ക്കുമേല്‍ അവകാശവാദമൊന്നും ഉന്നയിക്കില്ലെന്നുള്ളതാണ്. എത്ര ബാലിശമായ ഒരു നിലപാടാണത്? ആഗ്രയിലെ താജ്മഹല്‍ മുതല്‍ നസ്രാണികളുടെ അര്‍ത്തുങ്കല്‍ പള്ളി വരെയുള്ള അവകാശവാദങ്ങളുടെ ഒരു നിരതന്നെ നമ്മുടെ മുന്നില്‍ നില്ക്കുമ്പോഴാണ് മുഹമ്മദ് ഇത് പറയുന്നതെന്ന് ഓര്‍ക്കണം.

ആയിരത്തി അഞ്ഞൂറുകളില്‍ പണിത പള്ളിയില്‍ 1949 ല്‍ കൊണ്ടുവെച്ച ശ്രീരാമവിഗ്രഹത്തിന്റെ പിന്‍ബലത്തില്‍ രാമജന്മഭൂമി പ്രശ്നം രാഷ്ട്രീയ ചൂതാട്ടത്തിന്റെ കേന്ദ്രമായി മാറ്റിക്കൊണ്ട് അധികാരത്തിന്റെ വിതാനങ്ങളിലേക്ക് സംഘപരിവാരരാഷ്ട്രീയം കയറിപ്പോകുന്ന കാഴ്ച നേരിട്ടുകണ്ടവരാണ് നമ്മള്‍. എന്നിട്ടും വിശ്വാസത്തിന്റെ പരിവേഷം ആ പ്രശ്നത്തിന് പതിച്ചു നല്കുന്നുവെങ്കില്‍ നാം ജീവിച്ചുപോകുന്നത് യാഥാര്‍ത്ഥ്യവുമായി പുലബന്ധമില്ലാത്ത ഒരു മൂഢസ്വര്‍ഗ്ഗത്തിലാണെന്ന് വ്യക്തമാണ്.അത്തരമൊരു മൂഢസ്വര്‍ഗ്ഗത്തിലാണ് കെ കെ മുഹമ്മദ് ജീവിച്ചു പോകുന്നത്.

ഫാസിസത്തിന്റെ ഓരം ചേര്‍ന്നുള്ള അദ്ദേഹത്തിന്റെ ഈ നടപ്പ് ജനാധിപത്യത്തിന് വിരുദ്ധവും മതേതരത്വത്തിന് തുരങ്കം വെക്കുന്നതും സര്‍വ്വോപരി നമ്മുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്ക് വിരുദ്ധവുമാണ്.”

ചരിത്രസ്മാരകങ്ങളോടും വസ്തുതകളോടും നിഷ്പക്ഷമായും സത്യസന്ധമായും നിര്‍ഭയമായും ഇടപെടാന്‍ ബാധ്യതപ്പെട്ട ഒരാള്‍ തന്നില്‍ നിക്ഷിപ്തമായ ഉത്തരവാദിത്വത്തിന് വിരുദ്ധമായ നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അയാളെ നുണയനെന്നാണ് വിളിക്കേണ്ടത്. ആര്‍ക്കിയോളജിക്കല്‍ സര്‍‌‍വ്വേ ഓഫ് ഇന്ത്യയുടെ ഉന്നതമായ സ്ഥാനത്തിരുന്നുകൊണ്ട് ശ്രീ കെ കെ മുഹമ്മദ് ചെയ്തുകൂട്ടിയ തെമ്മാടിത്തരങ്ങളും അദ്ദേഹം പ്രചരിപ്പിച്ച നുണകളും 2019 നവംബര്‍ 4 ലെ മാധ്യമം ആഴ്ചപ്പതിപ്പില്‍ അലിഗഡ് സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ സയ്യിദ് അലി നദിം റസാവി തുറന്നു കാണിക്കുന്നുണ്ട്. പ്രസ്തുത അഭിമുഖത്തിലേക്ക് കടക്കുന്നതിനു മുമ്പ് മുഹമ്മദിന്റെ നേട്ടങ്ങളെക്കുറിച്ച് വിക്കീപ്പീഡിയ പറയുന്നതുകൂടി വായിക്കുക.

കെ കെ മുഹമ്മദ് എന്ന പേജില്‍ അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങളെക്കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു “-1. മുഗൾ ചക്രവർത്തി അക്ബർ ദിൻ ഇലാഹി എന്ന മതം ആദ്യമായി വിളംബരം ചെയ്ത ഇബാദത്ത് ഖാന പര്യവേഷണം നടത്തി കണ്ടെത്തി 2. വടക്കേ ഇന്ത്യയിലെ ആദ്യ ക്രിസ്ത്യൻ പള്ളി (അക്ബർ ഫത്തേപ്പൂർ സിക്രിയിൽ സ്ഥാപിച്ചത്.) 3. അശോകൻ കേസരിയയിൽ നിർമ്മിച്ച ബുദ്ധ സ്തൂപം. 4. രാജ് ഗിറിലെ ബുദ്ധ സ്തൂപം. 5. അയോധ്യയിലെ തർക്ക മന്ദിരത്തിന്റെ പന്ത്രണ്ടോളം തൂണുകളുടെ താഴ്ഭാഗത്തു എ ഡി 11-12 കാലഘട്ടങ്ങളിലെ ക്ഷേത്രങ്ങളിൽ കണ്ടുവരാറുള്ള “പൂർണ്ണ കലശം” കൊത്തിവച്ചിട്ടുണ്ടെന്നും; അവിടെ ക്ഷേത്രം നിലനിന്നിരുന്നു എന്നതിന് തെളിവുണ്ടെന്നും അദ്ദേഹം ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്. (ഞാൻ എന്ന ഭാരതീയൻ; പേജ് 114)

പ്രൊഫസര്‍ സയ്യിദ് അലി നദിം റസാവിയുടെ അഭിമുഖം വായിക്കുമ്പോള്‍ തന്റെ നേട്ടങ്ങളായി അദ്ദേഹം ലോകത്തോടു വിളംബരം ചെയ്തവയെല്ലാം തന്നെ വെറും നുണകളാണെന്ന് നമുക്ക് മനസ്സിലാകും.

(തുടരും)

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.