Sun. Dec 22nd, 2024
ന്യൂ ഡല്‍ഹി:

ചന്ദ്രയാൻ 2ന്‍റെ വിക്രം ലാൻഡറിനെ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തുന്നതില്‍ യുഎസ് ബഹിരാകാശ ഏജൻസിയായ നാസ വീണ്ടും പരാജയപ്പെട്ടു.

ഈ മാസം ആദ്യം, നാസയുടെ ബഹിരാകാശ വാഹനം വിക്രത്തിന്‍റെ ലാൻഡിംഗ് സൈറ്റിന്‍റെ ഫോട്ടോകള്‍ എടുത്തിരുന്നെങ്കിലും ലാന്‍റര്‍ കണ്ടെത്താന്‍  സാധിച്ചില്ല.

യുഎസ് ഏജന്‍സിയെടുത്ത ഫോട്ടോകളില്‍ കാണുന്ന സ്ഥലത്തിന് പുറത്തായി ചന്ദ്രന്‍റെ നിഴല്‍ ഭാഗത്തായാണ് വിക്രം ലാന്‍റര്‍ കിടക്കുന്നത്. അതിനാലാണ് തങ്ങളുടെ ബഹിരാകാശ പേടകത്തിന് വിക്രം ലാന്‍ര്‍ കണ്ടെത്താന്‍ സാധിക്കാതിരുന്നതെന്ന് നാസയിലെ ഒരു ശാസ്ത്രജ്ഞന്‍ വിശദമാക്കി.

ജൂലൈ 22 നായിരുന്നു, 978 കോടി രൂപ ചെലവില്‍ ഇന്ത്യ നിര്‍മ്മിച്ച ചന്ദ്രയാന്‍-2 ജിഎസ്എല്‍വി മാർക്ക് -III പേടകത്തില്‍ ചന്ദ്രോപരിതലത്തിലേക്ക് വിക്ഷേപിച്ചത്.

ഓർബിറ്റർ (ഭാരം 2,379 കിലോഗ്രാം, എട്ട് പേലോഡുകൾ), വിക്രം (1,471 കിലോഗ്രാം, നാല് പേലോഡുകൾ), പ്രഗ്യാന്‍ (27 കിലോ, രണ്ട് പേലോഡുകൾ) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായിരുന്നു ചന്ദ്രയാൻ-2 ബഹിരാകാശ പേടകത്തിനുണ്ടായിരുന്നത്.

ഭൂമിയില്‍ നിന്ന് അഞ്ച് ഭ്രമണപഥങ്ങൾ ഉയർത്തുന്ന പ്രവർത്തനങ്ങൾക്ക് ശേഷമാണ് ചന്ദ്രയാൻ-2 ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തിയത്. സെപ്റ്റംബർ 2നാണ് വിക്രം ഭ്രമണപഥത്തിൽ നിന്ന് വേർപിരിഞ്ഞത്. തുടര്‍ന്ന് സെപ്റ്റംബർ ഏഴിനായിരുന്നു ചരിത്രപരമായ ലാൻഡിംഗ് ശ്രമം നടത്തിയത്.

നാസയുടെ അഭിപ്രായത്തിൽ, ചന്ദ്രന്‍റെ ഉയര്‍ന്ന പ്രദേശത്തുള്ള മിനുസമാര്‍ന്ന സമതലങ്ങളായ സിംപെലിയസ് എൻ, മൻസിനസ് സി ഗർത്തങ്ങൾക്കിടയിലുള്ള ഒരു ചെറിയ പാച്ചിലായിരുന്നു വിക്രം ഇറങ്ങാൻ ശ്രമിച്ചത്. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍റിങ്ങിനുള്ള ഇന്ത്യയുടെ ആദ്യ ശ്രമമായിരുന്നു ഇത്.

എന്നാല്‍ വിക്രം ലക്ഷ്യമിട്ട ലാൻഡിംഗ് സൈറ്റ്, ദക്ഷിണധ്രുവത്തിൽ നിന്ന് 600 കിലോമീറ്റർ (370 മൈൽ) താരതമ്യേന പുരാതന ഭൂപ്രദേശത്താണ് (70.8AoS അക്ഷാംശം, 23.5AoE രേഖാംശം) സ്ഥിതി ചെയ്യുന്നതെന്ന് യുഎസ് ഏജൻസി അറിയിച്ചു.

നാസയുടെ അഭിപ്രായത്തിൽ വിക്രമിന്‍റേത് ഹാര്‍ഡ് ലാൻഡിംഗ് ആയിരുന്നു, അതിനാലാണ് ചന്ദ്രോപരിതലത്തില്‍ പേടകത്തിന്‍റെ സ്ഥാനം ഇനിയും കണ്ടെത്താന്‍ സാധിക്കാത്തത്.