Tue. Nov 5th, 2024
പനാജി:

മഹാദയി നദിക്ക് കുറുകെ കലാസ-ബന്ദൂരി ഡാം പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി. എന്നാൽ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിൽ നിന്ന് വിഷയത്തിൽ വ്യക്തമായ പ്രതികരണം ലഭിച്ചിട്ടില്ല, ഈ സാഹചര്യത്തിലാണ് ഡാമിന് പാരിസ്ഥിതിക അനുമതി നൽകിയിരിക്കുന്നത്.

പദ്ധതിക്ക് പാരിസ്ഥിക അനുമതി നൽകിയതായി കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ ആയിരുന്നു ട്വിറ്ററിലൂടെ അറിയിച്ചത്.

ഗോവ, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് മഹാദയി നദിയിലെ വെള്ളം പങ്കിടുന്നത്. ഇത് സംബന്ധിച്ച് നിലവിലുള്ള  മഹാദയി ജല തർക്ക ട്രൈബ്യൂണൽ ഉത്തരവ് ലംഘിച്ചു കൊണ്ടാണ്പദ്ധതി നടപ്പിലാക്കുന്നതെന്ന നിലപാടാണ് ഗോവ സർക്കാർ സ്വീകരിച്ചത്.

വിഷയം ചർച്ച ചെയ്യാൻ മൂന്ന് ദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനം പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

കലാസ-ബന്ദൂരി പദ്ധതിക്കെതിരായ കേസ് വേണ്ടത്ര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യാത്തതാണ് സംസ്ഥാനത്തിനു പറ്റിയ തെറ്റെന്ന് ഗോവ ഫോർവേഡ് പാർട്ടിയുടെ തലവനും, മുൻ ഉപമുഖ്യമന്ത്രിയുമായ വിജയ് സർദേസായി ആരോപിച്ചു.

“ഗോവയുടെ സസ്യജന്തുജാലങ്ങളെ കൊല്ലാൻ മഹാദയി നദിയിൽ ഒരു ഡാം നിർമ്മിച്ച് വെള്ളം തിരിച്ചുവിടുന്നതിനേക്കാൾ മികച്ച മാർഗമില്ല.  മഹാദയിയെ അമ്മയായി കണ്ട് പ്രാർത്ഥന നടത്തുന്ന ഗോവൻ ജനത ഒരു ഉത്തരത്തിനായി കാത്തിരിക്കുകയാണ്” സർദേസായി പറഞ്ഞു.

കലാസ-ബന്ദൂരി പദ്ധതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയതിൽ താൻ ഞെട്ടിപ്പോയെന്നും, പ്രകോപിതനാണെന്നും സർദേസായി പറഞ്ഞു. “ഇത് ഒരു കുടിവെള്ള പദ്ധതിയല്ല, മറിച്ച് മഹാദയിയെ കൊല്ലുന്ന പദ്ധതി’ ആണ്. വെള്ളം വഴിതിരിച്ചുവിടുന്നത് ന്യായീകരിക്കാനാവില്ല, ഇത് ഗോവൻ ജനതയെ അപമാനിക്കുന്ന നടപടിയാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.

വിഷയം ചർച്ച ചെയ്യാൻ പ്രതിപക്ഷ നേതാവ് ദിഗംബർ കാമത്ത് നിയമസഭ പ്രത്യേക സമ്മേളനം വിളിച്ചു ചേർത്തു.

കേന്ദ്രവും കർണാടകയും ഗോവയും ഭരിക്കുന്ന ബിജെപി സർക്കാരുകൾ ഗോവയുടെ ജീവിതമാർഗമായ മഹാദയിയെ ബലിയർപ്പിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് ഗോവ കോൺഗ്രസ് അധ്യക്ഷൻ ഗിരീഷ് ചോഡങ്കർ പ്രതികരിച്ചത്.

എന്നാൽ വിഷയത്തെക്കുറിച്ച് കൂടുതൽ പഠിച്ചതിനു ശേഷം, അഭിപ്രായം അറിയിക്കാമെന്നാണ് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞത്.

വടക്കൻ ഗോവയുടെ ജീവിതമാർഗമായാണ് മഹാദയി അഥവാ മണ്ടോവി നദി അറിയപ്പെടുന്നത്.

ഗോവയും കർണാടകയും മഹാരാഷ്ട്രയും തമ്മിൽ രണ്ടു പതിറ്റാണ്ടിലേറെ നീണ്ട തർക്കം കേട്ട ശേഷം, മഹാദയി ജല തർക്ക ട്രൈബ്യൂണൽ 2018 ഓഗസ്റ്റിൽ 13.42 ആയിരം ദശലക്ഷം ഘനയടി (ടിഎംസി) ജലം കർണാടകയ്ക്കും 1.33 ടിഎംസി മഹാരാഷ്ട്രയ്ക്കും അനുവദിച്ചിരുന്നു.

കർണാടകയും ഗോവയും ഈ വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കും.അതെ സമയം, മഹാദയി നദീതടത്തിൽ നിന്ന് അധിക വെള്ളം തിരിച്ചുവിടാൻ  നിയമവിരുദ്ധമായി  അടിസ്ഥാന സൗകര്യങ്ങൾ  ഒരുക്കിയത്തിൽ, കർണാടകയ്‌ക്കെതിരെ, ഗോവ കുറ്റമാരോപിച്ചിട്ടുണ്ട്.