Wed. Jan 22nd, 2025
#ദിനസരികള്‍ 921

 
പരശുരാമനാണ് കേരളം സൃഷ്ടിച്ചതെന്ന കഥയ്ക്ക് എത്ര പഴക്കമുണ്ട്? ഗോകര്‍ണത്തു നിന്നും അദ്ദേഹം വലിച്ചെറിഞ്ഞ വെണ്‍മഴു അങ്ങു ദൂരെ കന്യാകുമാരിയില്‍ പോയി വീഴുകയും മഴു സഞ്ചരിച്ച ഇടങ്ങളില്‍ നിന്നൊക്കെ കടല്‍ പിന്‍വാങ്ങി കരയുയര്‍ന്നു വന്നുമെന്നുമാണല്ലോ കഥ. ആ കഥയുടെ പ്രായം അന്വേഷിച്ചു ചെന്നാല്‍ ഏകദേശം അഞ്ചോ ആറോ നൂറ്റാണ്ടുകാലത്തേയ്ക്ക് നാം എത്തിപ്പെടാം.

കാരണം അക്കാലങ്ങളിലാണ് കേരളോല്പത്തി എഴുതപ്പെട്ടത്. അതില്‍ നാമിങ്ങനെ വായിക്കും “കാരണ ജലത്തില്‍ ബ്രഹ്മാണ്ഡമുണ്ടായി. ബ്രഹ്മാണ്ഡത്തിന്റെ അന്തര്‍ഭാഗത്ത് പതിന്നാല് ലോകങ്ങളും ലോകങ്ങളുടെ നടുവില്‍ ഭൂലോകം. ഭൂലോകമധ്യത്തില്‍ ജംബുദ്വീപം. ജംബുദ്വീപം നവഖണ്ഡമാകുന്നു. നവഖണ്ഡത്തില്‍ തെക്കേ അറ്റത്ത് ഭാരത ഖണ്ഡം. ആ ഭുമിയില്‍ ക്ഷത്രിയന്മാര്‍ ദുഷ്ടന്മാരായി ചമഞ്ഞു. അവരെ നിഗ്രഹിക്കാന്‍ മഹാവിഷ്ണു പരശുരാമനായി പിറന്നു. ഇരുപത്തിയൊന്നുവട്ടം ക്ഷത്രിയകുലമൊടുക്കി. അപ്പോള്‍ വീരഹത്യാദോഷം ഭവിച്ചു. ആയത് പരിഹരിക്കാന്‍ സമുദ്രത്തെ നീക്കി കന്യാകുമാരി കോകര്‍ണത്തിനിട നൂറ്ററുപതു കാതം വഴി മലയാളക്കരയുണ്ടാക്കി ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തു.” അന്നുമുതല്‍ കേരളത്തിന്റെ സൃഷ്ടിയുമായി ബന്ധപ്പെട്ട് നാം പരശുരാമന്റെ അപദാനങ്ങള്‍ പാടിപ്പുകഴ്ത്തിപ്പോന്നു.

ഈയൊരു പ്രസ്താവന കൊണ്ട് എന്തൊക്കെയാണ് കേരളോല്പത്തിക്കാരനായ മഹാബ്രാഹ്മണന്‍ സാധിച്ചെടുത്തത് എന്നു കൂടി നാം പരിശോധിക്കുക. പരശുരാമന്‍ മഹാവിഷ്ണുവിന്റെ അവതാരമാണെന്നും ക്ഷത്രിയാന്തകനാണെന്നും കേരളമുണ്ടാക്കിയത് അദ്ദേഹമാണെന്നും ആ കേരളത്തെ ആകപ്പാടെത്തന്നെ ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യപ്പെട്ടതാണെന്നും സംശയലേശമെന്യേ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. മറ്റാര്‍ക്കും ഇനി കേരളത്തില്‍ എന്തെങ്കിലും അവകാശമുന്നയിക്കാന്‍ കഴിയുമോ?

ഇല്ലെന്നു മാത്രവുമല്ല, കേരളത്തിലുള്ള ബ്രാഹ്മണേതരന്മാരായ നാനാജാതി മതസ്ഥരൊക്കെ ബ്രാഹ്മണരുടെ ദയാദാക്ഷിണ്യത്തിന് വിധേയരായി ഇവിടെ കഴിഞ്ഞു കൂടാന്‍ അനുവദിക്കപ്പെട്ടവരാകുന്നു. എന്നുവെച്ചാല്‍ ബ്രാഹ്മണരുടെ ദാസര്‍. കേട്ടുകേട്ടുപോന്ന ഒരു കഥ തലമുറകള്‍ കൈമാറി നമ്മുടെ പിതാമഹന്മാരും പാടിപ്പോന്നുവെന്നല്ലാതെ ഈ കഥയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കുശാഗ്രബുദ്ധിയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടാകില്ല.

എന്തിന് കേരളത്തിന്റെ ചരിത്രമെഴുതിയവരില്‍ ഒട്ടധികം പേരും യാതൊരു അടിസ്ഥാനവുമില്ലാത്ത ഈ കുറ്റിക്കു ചുറ്റും കിടന്നു കറങ്ങുന്നതും കാണാം. “മലയാളക്കരയില്‍ മുഖ്യമായൊരു ചരിത്രഗ്രന്ഥമുണ്ടാകുന്നത് 1867 ലാണ്. പാത്തുമൂത്തതിന്റെ തിരുവിതാംകൂര്‍ ചരിത്രം. നാട്ടുരാജാക്കന്മാരും ബ്രാഹ്മണരും മറ്റു പ്രമാണിമാരും കൊണ്ടായിരുന്ന അക്കാലത്തെ കേരള ചരിത്രം കേരളോല്പത്തിയായിരുന്നു. പാച്ചുമൂത്തതിനും പ്രമാണം കേരളോല്പത്തി തന്നെ. ഒരു ദശാബ്ദത്തിനുശേഷം ശങ്കുണ്ണിമേനോന്‍ എഴുതിയ ഹിസ്റ്ററി ഓഫ് ട്രാവന്‍കൂറും വ്യത്യസ്തമായിരുന്നില്ല.” എന്നാണ് ഡോക്ടര്‍ രാജന്‍ ഗുരുക്കള്‍ ചൂണ്ടിക്കാണിക്കുന്നത്.

നിലനില്ക്കുന്ന സ്ഥലങ്ങളേയും മിത്തുകളേയും ബന്ധിപ്പിച്ചുകൊണ്ട് കേരളസൃഷ്ടിയുടെ പിതൃത്വം പരശുരാമന്റെ ചുമലിലേക്ക് എത്തിച്ചപ്പോള്‍ സാധിച്ചെടുത്തത് ബ്രാഹ്മണരെ അപ്രമാദിത്തമുള്ളവരായി സ്ഥാപിച്ചെടുക്കുക എന്ന ഗൂഢോദ്ദേശമായിരുന്നു. (നിക്ഷിപ്തതാല്പര്യക്കാരുടെ സ്ഥലപരമായ തന്ത്രങ്ങളെക്കുറിച്ച് അറിയുന്നതിന് സതീഷ് ദേശ് പാണ്ഡേയുടെ Contemporary India – A Sociological View – എന്ന പുസ്തകം നോക്കുക.) അറിഞ്ഞോ അറിയാതെയോ നാമതു പാടി നടക്കുമ്പോള്‍ ആ മുദ്രാവാക്യത്തെ സമൂഹത്തിന്റെ പൊതുമനസ്സിലേക്ക് കൂടുതല്‍ക്കൂടുതല്‍ ആഴത്തില്‍ വേരുപിടിപ്പിക്കുവാന്‍ സഹായിക്കുകയാണ് ചെയ്യുന്നത്.

“കഥകളിലൂടെ അതിമാനുഷനായി പരിലസിസിക്കുന്ന ഒരു കഥാപാത്രത്തെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള നീതിവല്‍ക്കരണങ്ങളും മഹത്വവല്‍ക്കരണങ്ങളുമാണ് പരശുരാമ കഥകള്‍ കൊണ്ട് കേരളോല്പത്തി ചമച്ചവര്‍ സാധിച്ചത്. ഇതിന് പരശുരാമന്‍ വേണമെന്നില്ല. കഥയുടെ ഭൌതിക ലക്ഷ്യം സാധിക്കാന്‍ അമാനുഷനായ ഒരു കഥാപാത്രം വേണമെന്നേയുള്ളു.അവകാശങ്ങളും അധികാരങ്ങളും ആരും ചോദ്യം ചെയ്യാതിരിക്കാനാണ് അമാനുഷ കഥാപാത്രങ്ങളെ ആശ്രയിക്കുന്നത്. കഥയുടെ നിഷേധം ഈശ്വര നിന്ദയായി ഭവിക്കുന്ന തരത്തില്‍ ആ കഥയെ ഈശ്വരനുമായി ബന്ധിപ്പിച്ചി വെയ്ക്കുന്നു” വെന്നാണ് കേരളോല്പത്തി മുതലായ കഥകളെ പവിത്രവത്കരിക്കുന്നതിന്റെ പിന്നിലുള്ള താല്പര്യമെന്ന് ഗുരുക്കള്‍ പറയുന്നതിന് വര്‍ത്തമാനകാലത്തു നിന്നുതന്നെ നമുക്ക് ഉദാഹരണങ്ങള്‍ ലഭ്യമാണ്.

മിത്തുകളുടെ അടിസ്ഥാനത്തില്‍ പരുവപ്പെടുത്തിയിരിക്കുന്ന ഇത്തരത്തിലുള്ള കഥകളെ “ചരിത്രപരമായി തെളിയിച്ചെടുക്കാനുള്ള” തത്രപ്പാടുകള്‍ രാജ്യം ഭരിക്കുന്നവരില്‍ നിന്നു തന്നെയുണ്ടാകുന്ന ഇക്കാലത്ത് നാം പ്രചരിപ്പിക്കുന്ന ഓരോ കഥകളെക്കുറിച്ചും അതില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഗൂഢതന്ത്രങ്ങളെക്കുറിച്ചും ബോധവാന്മാരാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പരശുരാമനാണ് കേരളം സൃഷ്ടിച്ചതെന്ന മിത്ത് അടുത്ത തലമുറയിലേക്ക് കൈമാറുമ്പോള്‍ നാം സത്യത്തിന്റെ വിപരീത ദിശയിലേക്ക് നടക്കാനാണ് അവരെ പഠിപ്പിക്കുന്നത് എന്ന ജാഗ്രത നമുക്ക് ഉണ്ടാകേണ്ടതു തന്നെയാണ്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.