ഇസ്ലാമാബാദ്:
മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നു ഡോക്ടർ വെള്ളിയാഴ്ച ഇസ്ലാമാബാദ് ഹൈക്കോടതിയെ അറിയിച്ചു. അഴിമതിക്കേസിൽ മുൻ പ്രധാനമന്ത്രിയുടെ ശിക്ഷ സസ്‌പെൻഡ് ചെയ്യണമെന്നും ആരോഗ്യ കാരണങ്ങളാൽ ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ട ഹരജിയിലെ വാദം കേൾക്കുന്നത് മാറ്റിവയ്ക്കാനും കോടതിയോട് ആവശ്യപ്പെട്ടു.
പാക്കിസ്ഥാൻ മുസ്ലിം ലീഗ്-നവാസ് (പിഎംഎൽ-എൻ) പ്രസിഡന്റും മുൻ പ്രധാനമന്ത്രിയുടെ സഹോദരനുമായ ഷെഹ്ബാസ് ഷെരീഫാണ് വ്യാഴാഴ്ച ഷെരീഫിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും പരിഗണിക്കണമെന്നും നിവേദനം നൽകിയിരുന്നതായി ദി എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു.
ജസ്റ്റിസുമാരായ അമീർ ഫാറൂഖ്, മൊഹ്‌സിൻ അക്തർ കയാനി എന്നിവരടങ്ങുന്ന രണ്ട് അംഗ ബെഞ്ച് നിവേദനം പരിഗണിച്ച് മുൻ പ്രധാനമന്ത്രിയുടെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചു.
ഇതേത്തുടർന്നാണ് മെഡിക്കൽ ബോർഡിലെ അംഗമായ സർവീസസ് ഹോസ്പിറ്റലിലെ മെഡിക്കൽ സൂപ്രണ്ട് സലീം ചീമ – നവാസ് ഷെരീഫിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് കോടതിയെ അറിയിച്ചത്.
നിരവധി പരിശോധനകൾ നടത്തേണ്ടതുണ്ടെന്നും എത്രയും പെട്ടെന്ന് വിദഗ്ദ്ധ ചികിത്സ നൽകിയില്ലെങ്കിൽ നവാസ് ഷെരീഫിന്റെ ജീവൻ തന്നെ അപകടത്തിലാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.