ഗ്രീസിലെ ഒരു പുരാതന ട്രോയ് നഗരത്തില്‍ നിന്ന് കണ്ടെത്തിയ നിധി ശേഖരം പുരാവസ്തു ഗവേഷകര്‍ വെളിപ്പെടുത്തി. ടെനിയന്‍ നഗരത്തില്‍ നടത്തിയ ഖനനത്തിലാണ് വിളക്കുകള്‍, നാണയങ്ങള്‍, ആഭരണങ്ങള്‍, ശില്‍പങ്ങള്‍, കുളിപ്പുരകള്‍ തുടങ്ങിയ അമൂല്യമായ പുരാവസ്തുക്കള്‍ കണ്ടെത്തിയത്.
2013 ല്‍ ഈ പ്രദേശത്ത് ഉദ്ഖനനം തുടങ്ങിയിരുന്നുവെങ്കിലും ഇത് പുരാതന നഗരമായ ടെനിയയാണ് എന്ന് സ്ഥിരീകരിച്ചിരുന്നില്ല. കഴിഞ്ഞവര്‍ഷമാണ് ഇവിടം ടെനിയന്‍ നഗരമാണ് എന്ന് സ്ഥിരീകരിച്ചത്. അന്നുമുതല്‍ അവ വെളിച്ചത്തുകൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു ഗവേഷകർ.
670 മീറ്റര്‍ വിസ്തൃതിയുള്ള വീടുകളുടെ നിരയും സ്വര്‍ണ്ണവും വെള്ളിയും, നിറച്ച ശവകുടീരങ്ങളും കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നുണ്ട്. പുരാതന ഐതിഹ്യങ്ങള്‍ അനുസരിച്ച് ട്രോയ് യുദ്ധത്തിന് ശേഷമുള്ള യുദ്ധത്തടവുകാരെ പാര്‍പ്പിക്കാനാണ് ടെനിയന്‍ നഗരം നിര്‍മിച്ചത്. ടെനിയയുടെ സമ്പദ്‌സമൃതിയുടെ തെളിവ് നല്‍കുന്നതാണ് അവിടെ നിന്നും കണ്ടെത്തിയ വിലയേറിയ കരകൗശല വസ്തുക്കള്‍ എല്ലാം.
എന്നാല്‍ ഈ നഗരം ഉപേക്ഷിക്കപ്പെട്ടത് എങ്ങനെയാണ് എന്നത് ആർക്കും അറിയില്ല. അതിനായുള്ള ഗവേഷകരുടെ അന്വേഷണം തുടരുകയാണ്. 2013 ല്‍ ഉദ്ഖനനം തുടങ്ങി അഞ്ച് വര്‍ഷത്തോളവും ഇത് ടെനിയന്‍ നഗരമാണെന്ന് സ്ഥിരീകരിക്കാന്‍ പുരാവസ്തു ഗവേഷകര്‍ക്ക് സാധിച്ചിരുന്നില്ല. അതിന് വ്യക്തമായ തെളിവുകള്‍ വേണമായിരുന്നു. ഇവിടെ നിന്നും ഇനിയും ഏറെ നിധികളും മറ്റും കണ്ടെത്താനുണ്ട് എന്നാണ് ഗവേഷകര്‍ പറയുന്നത്.