ഇന്ന് വേഗം വളർന്നുകൊണ്ടിരിക്കുന്ന ഒരു വിപണിയാണ് ഉണക്ക മത്സ്യങ്ങളുടേത്. പണ്ട് തൊട്ടേ മീൻ കഴുകി ഉണക്കി ഉപ്പിട്ട് വെച്ച് സൂക്ഷിച്ച് കഴിക്കാറുണ്ടായിരുന്നു എല്ലാവരും. കേടുകൂടാതെ ഒരുപാട് നാൾ നിൽക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ ആവശ്യക്കാർ ഏറെ ആണ്.
കേരളത്തിലെ മത്സ്യസമ്പത്ത് കുറഞ്ഞതോടെ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വന്നു. ഇതോടെ മീനിന്റെ ഗുണങ്ങളും നഷ്ടമായി. ഇന്ന് പ്രകൃതിദത്ത മാർഗങ്ങളും, ഗുണമേന്മയും, കൈവിട്ട് മനുഷ്യ ശരീരത്തിൽ രാസ പ്രക്രിയ കുത്തിനിറയ്ക്കാനുള്ള ഓട്ടത്തിലാണ് ഓരോ മാർക്കറ്റുകളും.
കഴുകി ഉപ്പിട്ട് ഉണ്ടാക്കുന്നതിനു പകരം രാസവസ്തുക്കൾ ഇട്ട മീനാണ് ഇന്ന് വിപണിയിൽ എത്തുന്നത്. വൃത്തിഹീനമായ സ്ഥലത്ത് വെച്ച് ഉണ്ടാക്കുന്ന ഇത്തരം ഉണക്കമീനുകളിൽ ചീഞ്ഞതും, കേടായതുമായ മീനുകളും ഉൾപ്പെടുന്നുണ്ട്. കൂടുതൽ കാലം കേടുകൂടാതിരിക്കാൻ മാരക രാസവസ്തുക്കളാണ് മീനുകളിൽ ഉപയോഗിക്കുന്നത്.
ഇതു കാഴ്ചയിൽ ഭംഗി തോന്നിപ്പിക്കുകയും മണവും നല്കുന്നുണ്ട്. ഇതിൽ ചേർക്കുന്ന ഫോർമാലിൻ എന്ന രാസവസ്തു ഒരു തവണ അകത്തെത്തിക്കഴിഞ്ഞാൽ ശരീരത്തിനകത്ത് പലതരത്തിലുള്ള വിഷങ്ങൾ ഉത്പാദിപ്പിച്ചു കൊണ്ടിരിക്കുകയും, ഇതുവഴി കരൾ രോഗം, കാഴ്ച നഷ്ടപ്പെടൽ എന്നിവയ്ക്കു വരെ സാധ്യത ഉണ്ട്.
ഇതു മനസ്സിലാക്കാൻ അത്ര എളുപ്പമല്ല. അതിനാൽ വാങ്ങുന്ന ഉണക്കമീനിന്റെ സ്രോതസ് മനസ്സിലാക്കി വെക്കുകയും, സംശയം തോന്നുകയാണെങ്കിൽ ഭക്ഷ്യപരിശോധന ലാബുകളിൽ പോയി സുരക്ഷ ഉറപ്പു വരുത്തേണ്ടതുമാണ്.