Mon. Nov 25th, 2024
റിയാദ്:

കഴിഞ്ഞ ഡിസംബറിൽ നിയമിതനായ ഇബ്രാഹിം അൽ അസഫിന് പകരമായി, സൗദി അറേബ്യ രാജകുമാരൻ ഫൈസൽ ബിൻ ഫർഹാൻ അൽ സൗദിനെ രാജ്യത്തിന്റെ പുതിയ വിദേശകാര്യമന്ത്രിയായി തിരഞ്ഞെടുത്തു.

സൗദി പ്രസ് ഏജൻസി ബുധനാഴ്ച പ്രസിദ്ധീകരിച്ച രാജകീയ ഉത്തരവുകൾ ഉദ്ധരിച്ച് അറബ് ന്യൂസാണ് നിയമനത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്.

വിദേശകാര്യ മന്ത്രിയായി നിയമിക്കുന്നതിനുമുമ്പ് ഫൈസൽ രാജകുമാരൻ 2019 മാർച്ച് മുതൽ ജർമ്മനിയിലെ സൗദി അംബാസഡറായി സേവനമനുഷ്ഠിച്ചു വരികയാണ്.

അതിനുമുമ്പ്, 2017 മുതല്‍ 2019 വരെ വിദേശകാര്യ മന്ത്രാലയത്തിലെ ഉപദേശകനും വാഷിംഗ്ടണിലെ സൗദി എംബസിയിലെ മുതിർന്ന ഉപദേശകനുമായിരുന്നു.

ബോയിംഗ് ഇൻഡസ്ട്രിയൽ ടെക്‌നോളജി ഗ്രൂപ്പിന്‍റെ പ്രതിനിധി, അൽസലാം എയ്‌റോസ്‌പേസ് കമ്പനിയുടെ വൈസ് ചെയർമാൻ, പിന്നീട് കമ്പനിയുടെ ബോര്‍ഡ് ചെയർമാൻ തുടങ്ങി 2001 മുതല്‍ 2019 വരെ സ്വകാര്യ-പൊതു മേഖലകളിലായി വിവിധ തലങ്ങളിൽ ഫൈസല്‍ രാജകുമാരന്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.

2017 ൽ സൗദി മിലിട്ടറി ഇൻഡസ്ട്രീസ് കോർപ്പറേഷന്‍റെ ഡയറക്ടർ ബോർഡ് അംഗവും എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാനുമായിരുന്നു ഫൈസല്‍ രാജകുമാരന്‍.

സൗദി ഡേറ്റാ ആന്‍ഡ് ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സ് അതോറിറ്റിയുടെ തലവനായി അബ്ദുല്ല ബിൻ ഷറഫ് അൽ ഗാംദിയെയും, ഡെപ്യൂട്ടി ഹെഡായി സാലിഹ് മുഹമ്മദ് അൽ-ഒതൈമിനെയും നിയമിക്കാന്‍ പുതിയ ഉത്തരവില്‍ തീരുമാനമായിട്ടുണ്ട്.

കൂടാതെ, ദേശീയ ഡാറ്റാ മാനേജ്‌മെന്‍റ് ഓഫീസിലെ തലവനായി താരിഖ് അബ്ദുല്ല അൽ ഷെദ്ദിയും ദേശീയ വിവര കേന്ദ്രത്തിന്‍റെ ഡയറക്ടറായി എസ്സാം അബ്ദുല്ല അൽ വഖിത്തിയും നിയമിതരായി.

കഴിഞ്ഞ മാസം സൗദി അറേബ്യയ്ക്ക് ശേഷം സൽമാൻ രാജാവിന്‍റെ മകനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെ മൂത്ത സഹോദരനുമായ പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനെ സൗദിയുടെ പുതിയ ഊര്‍ജ്ജ മന്ത്രിയായി നിയമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രിയായി ഫൈസല്‍ രാജകുമാരന്‍റെ നിയമനം.