Wed. Jan 22nd, 2025
ന്യൂഡൽഹി:

 

മധ്യ കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ടിരുന്ന ന്യൂനമർദ്ദം ഒരു ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ‘ക്യാർ’ (Kyarr) ചുഴലിക്കാറ്റ് മധ്യ കിഴക്കൻ അറബിക്കടലിൽ നിന്ന് വടക്ക് പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 7 കിലോമീറ്റർ വേഗതയിൽ കഴിഞ്ഞ 6 മണിക്കൂറായി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ചുഴലിക്കാറ്റ് സിസ്റ്റത്തിലെ കാറ്റിന്റെ പരമാവധി വേഗതയിപ്പോൾ മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർ വരെയാണ്.

2019 ഒക്ടോബർ 25 ന് പകൽ 16°N അക്ഷാംശത്തിലും 71.6°E രേഖാംശത്തിലുമായി മഹാരാഷ്ട്രയിലെ രത്‌നഗിരി തീരത്തിൽ നിന്ന് 210 കിമീ ദൂരത്തിലും തെക്കുപടിഞ്ഞാറൻ മുംബയിൽ നിന്ന് 370 കിമീ ദൂരത്തിലും ഒമാനിലെ സലാല തീരത്ത് നിന്ന് 1870 കിമീ ദൂരത്തിലുമായിരുന്നു ക്യാർ ചുഴലിക്കാറ്റിന്റെ സ്ഥാനം. അടുത്ത 12 മണിക്കൂറിൽ ഇതൊരു അതിശക്തമായ ചുഴലിക്കാറ്റ് (Severe cyclonic storm) ആയി മാറുമെന്ന് പ്രതീക്ഷിക്കുന്നു.

ശേഷമുള്ള 24 മണിക്കൂറിൽ കൂടുതൽ ശക്തിപ്രാപിച്ചു തീവ്ര ചുഴലിക്കാറ്റ് (Very severe cyclonic storm) ആയി മാറുമെന്നും ദിശ മാറി പടിഞ്ഞാറ് ദിശയിൽ തെക്കൻ ഒമാൻ, യമൻ തീരത്തെ ലക്ഷ്യമാക്കി സഞ്ചരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

കേരളം ക്യാർ ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിലില്ല. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിൽ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. ക്യാർ ചുഴലിക്കാറ്റിന്റെ സ്വാധീനമുള്ളത് കൊണ്ട് തന്നെ മത്സ്യത്തൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകാൻ പാടുള്ളതല്ല

‘ക്യാർ’ ചുഴലിക്കാറ്റിന്റെ വികാസത്തെയും സഞ്ചാരത്തെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. സിസ്റ്റത്തിന്റെ ചലനത്തിനനുസരിച്ച് കേരളത്തിലെ മഴയിൽ വരുന്ന മാറ്റങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതാണ്. ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കുകയും അതിശക്തമായ മഴയുണ്ടാകുകയും ചെയ്യുന്ന ഘട്ടത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള മുൻകരുതൽ നിർദേശങ്ങൾ കർശനമായി പിന്തുടരേണ്ടതാണ് എന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.