Mon. Dec 23rd, 2024
വാഷിംഗ്‌ടൺ:

 

പ്രമുഖ ദിനപത്രങ്ങളായ ന്യൂയോർക്ക് ടൈംസും  വാഷിംഗ്ടൺ പോസ്റ്റും വൈറ്റ് ഹൗസിൽ നിന്ന് ബഹിഷ്കരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ പത്രങ്ങൾ വ്യാജമായതിനാലാണ് വൈറ്റ് ഹൗസ് അവ ബഹിഷ്കരിക്കുന്നതെന്നാണ് ട്രംപിന്റെ വാദം. അമേരിക്കൻ മാധ്യമങ്ങൾക്കെതിരായി അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ആക്രമണമാണിത്.

തിങ്കളാഴ്ച രാത്രി ഫോക്സ്, ന്യൂസ് അവതാരകൻ സീൻ ഹാനിറ്റിക്ക് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

“മാധ്യമങ്ങൾ അഴിമതി നിറഞ്ഞതാണ്. എല്ലാ മാധ്യമങ്ങളും അല്ല. നിങ്ങൾ (ഹാനിറ്റി) ഉൾപ്പെടെയുള്ള ചില മികച്ച പത്രപ്രവർത്തകരെ എനിക്കറിയാം,” മാധ്യമങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ഇങ്ങനെയായിരുന്നു ട്രംപിന്റെ പ്രതികരണം.

“അർഹതപ്പെട്ടവർക്കല്ല യഥാർത്ഥത്തിൽ പുലിറ്റ്സർ സമ്മാനം ലഭിക്കുന്നത്. ന്യൂയോർക്ക് ടൈംസ് വ്യാജ പത്രമാണ്. ഞങ്ങൾക്ക് ഇത് വൈറ്റ് ഹൗസിൽ പോലും ആവശ്യമില്ല, മാത്രമല്ല ഞങ്ങൾ വൈറ്റ് ഹൗസിൽ നിന്ന് വാഷിംഗ്ടൺ പോസ്റ്റും ബഹിഷ്കരിക്കാൻ പോകുകയാണ്,” ട്രംപ് കൂട്ടിച്ചേർത്തു.

“ന്യൂയോർക്ക് ടൈംസും അവർ ചെയ്യുന്ന റിപ്പോർട്ടിംഗും നോക്കുക. അവയെല്ലാം തെറ്റാണ്,” ട്രംപ് പറഞ്ഞു.

എന്നാൽ, പത്രങ്ങൾ ബഹിഷ്കരിച്ചതിന്റെ മറ്റു വിശദാംശങ്ങളൊന്നും ട്രംപ് നൽകിയിട്ടില്ല. രണ്ട് പത്രങ്ങളുടെയും  മാധ്യമപ്രവർത്തകരെ നീക്കം ചെയ്യുകയാണോ, അതോ വൈറ്റ് ഹൗസിൽ അവരുടെ സബ്സ്ക്രിപ്ഷനുകൾ അവസാനിപ്പിക്കുകയാണോ ചെയ്യുന്നതെന്ന് വ്യക്തമല്ല.

മാധ്യമങ്ങളെ ആക്രമിച്ചതിനു പുറമേ, വൈറ്റ് ഹൗസിൽ ഡെമോക്രാറ്റുകളുടെ നേതൃത്വത്തിലുള്ള ഇംപീച്ച്‌മെന്റ് അന്വേഷണത്തെക്കുറിച്ചും ട്രംപ് സംസാരിച്ചു.

ഡെമോക്രാറ്റ് സ്ഥാനാർത്ഥിയെയും ഹവായ് പ്രതിനിധിയായ  തുളസി ഗബ്ബാർഡിനെയും “റഷ്യൻ അസറ്റ്” എന്ന് വിളിച്ചതിന്, 2016 ലെ  തന്റെ മുഖ്യ എതിരാളി ഹിലാരി ക്ലിന്റനെ ട്രംപ് “ഭ്രാന്തൻ” എന്ന് വിശേഷിപ്പിച്ചു.