#ദിനസരികള്‍ 918
കാര്‍ട്ടൂണുകളെക്കുറിച്ച് ആലോചിക്കുമ്പോള്‍ത്തന്നെ ആദ്യം മനസ്സിലേക്ക് ഓടി വരിക വിഖ്യാതനായ കാര്‍ട്ടൂണിസ്റ്റ് ശങ്കറിനോട് ഡോണ്‍ട് സ്പെയര്‍ മി ശങ്കര്‍ എന്ന് നെഹ്രു അഭ്യര്‍ത്ഥിച്ചുവെന്ന കഥയാണ്. നിരവധിയാളുകള്‍ പലപ്പോഴായി ഉദ്ധരിച്ചിട്ടുള്ള ആ കഥയിലെത്ര കാര്യമുണ്ടായാലും ഇല്ലെങ്കിലും കാര്‍ട്ടൂണുകള്‍ക്കുള്ള പ്രസക്തിയും പ്രാധാന്യവും സൂചിപ്പിക്കാന്‍ ഈ സംഭാഷണത്തിന് കഴിയുന്നുണ്ട് എന്നതാണ് വസ്തുത. അതായത് നമ്മുടെ രാഷ്ട്രീയ – സാംസ്കാരിക – സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവഗണിക്കാനാകാത്തവിധത്തിലുള്ള പ്രഹരശേഷി കാത്തുസൂക്ഷിക്കാന്‍ കാര്‍ട്ടൂണുകള്‍ക്ക് കഴിയുന്നുവെന്നതാണ് നെഹ്രുവും ശങ്കറും നടത്തിയതായി പറപ്പെടുന്ന സംഭാഷണം ചൂണ്ടിക്കാണിക്കുന്നത്.
നമുക്ക്, കേരളത്തിന്, കാര്‍ട്ടൂണിന്റെ ചരിത്രത്തില്‍ ഒട്ടും പ്രാധാന്യം കുറയാത്ത സ്ഥാനമുണ്ട്. ഒരു പക്ഷേ കാര്‍ട്ടൂണുകളിലെ ചിത്രമെന്ന സങ്കല്പത്തെ മാറ്റി നിറുത്തിയാല്‍ ആ പാരമ്പര്യത്തിന്റെ വേരുകള്‍ കുഞ്ചനോളം ചെന്നെത്തും. അത് ശങ്കറിലും അബുവിലും കുട്ടിയിലും മന്ത്രിയിലുമെന്നതുപോലെത്തന്നെ ഈവിയിലും സഞ്ജയനിലും ചെമ്മനത്തിലും നമുക്ക് കണ്ടെത്താനും കഴിയും. രാജ്യം ഭരിക്കുന്ന അരചനേയും പാടത്തു തൂമ്പ പിടിക്കുന്ന കൃഷീവലനേയും ഒന്നുപോലെ വിമര്‍ശിക്കുവാനുള്ള ശേഷിയും ശേമുഷിയും നമ്മുടെ ഹാസ്യസാമ്രാട്ടുകള്‍ എക്കാലത്തും പുലര്‍ത്തിപ്പോന്നിട്ടുണ്ട്. അധികാരത്തോട് ചിലപ്പോഴൊക്കെ ഇണങ്ങിയും പലപ്പോഴും ഇടഞ്ഞുമാറിയും തന്നെയാണ് ആ പാരമ്പര്യം ഇന്നു നാം കാണുന്ന സര്‍വ്വതന്ത്രസ്വതന്ത്രമായ ആവിഷ്കാരത്തിന്റെ ഒരു തലത്തിലേക്ക് എത്തപ്പെട്ടു നില്ക്കുന്നത്. കൂത്തു പറഞ്ഞുകൊണ്ടിരിക്കുന്ന ചാക്യാര്‍ക്ക് ആരേയും പരിഹസിക്കാമെന്ന കീഴ്‌വഴക്കം സൃഷ്ടിക്കപ്പെട്ടത് ഹാസ്യത്തോട് നാം സ്വീകരിച്ചുപോന്ന വിശാലമായ സമീപനത്തിന് ഉദാഹരണമാണ്. അല്ലയോ പശുവേ നിനക്കും പക്കത്താണോ ഊണ് എന്ന ചോദ്യം നിലപാടിന്റെ ബഹിര്‍സ്ഫുരണവുമാണ്.
ഉയര്‍ന്ന ചിന്താശേഷിയും സാമൂഹികതയിലൂന്നിയ മാനവികതയും കാത്തുപോരുന്ന ലോകത്തെ ഏതൊരു സമൂഹത്തിലും കാര്‍ട്ടൂണുകളോട് ഈ തരത്തിലുള്ള സമീപനം തന്നെയാണ് പുലര്‍ത്തിപ്പോരാറുള്ളത്. ഘോഷയാത്രയില്‍ തനിയെ എന്ന പുസ്തകത്തില്‍ വിജയന്‍ വാക്കുകളില്‍ പകര്‍ത്തിയ ഒരു കാര്‍ട്ടൂണ്‍ കാണുക:- “ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അടുത്തൂണ്‍ വര്‍ദ്ധിപ്പിക്കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യം ഉന്നയിക്കപ്പെട്ട കാലം. ചിത്രത്തില്‍ നാം ഒരു വീട്ടകം കാണുന്നു. ഭാര്യ വിരുന്നുമുറിയില്‍ പത്രം വായിച്ചുകൊണ്ടിരിക്കുന്നു. പത്രത്തില്‍ വാര്‍ത്ത –രാജകുടുംബം എത്ര കണ്ട പാപ്പരാണ്?
ഭര്‍ത്താവ് ജനലിലൂടെ പുറത്തേക്ക് നോക്കുന്നു. പുറത്ത് തെരുവില്‍ നാലുകുതിരകളെപ്പൂട്ടിയ ഒരു വണ്ടി അകമ്പടിക്കാരോടൊപ്പം വന്നു നില്ക്കുന്നു. സംഭ്രമിച്ച ഭര്‍ത്താവ് ഭാര്യയോട് പറയുന്നു – ‘പ്രിയേ, നീയൊരു പാര്‍ടൈം വേലക്കാരിക്കു വേണ്ടി പരസ്യം ചെയ്തത് ഓര്‍മ്മയുണ്ടോ?’ വണ്ടിയില്‍ എലിസബത്തു രാജ്ഞിയാണ് വന്നതെന്ന് എടുത്തു പറയേണ്ടതില്ലല്ലോ.” എത്ര ശക്തമാണ് ഈ കാര്‍ട്ടൂണിന്റെ ഭാഷ എന്നു നോക്കുക. ഒരു രാജ്യത്തിലെ സാമ്പത്തിക പ്രതിസന്ധി ഇതിലും ശക്തമായി എങ്ങനെയാണ് ചിത്രീകരിക്കാന്‍ കഴിയുക? മഹാറാണി തന്നെ ഈ അവസ്ഥയിലായിരിക്കുമ്പോള്‍ സാധാരണക്കാരന്റെ അവസ്ഥയെക്കുറിച്ച് ആലോചിക്കേണ്ടതില്ലല്ലോ. കാര്‍ട്ടൂണുകള്‍ സമൂഹത്തോട് പുലര്‍ത്തുന്ന ഉത്തരവാദിത്ത ബോധത്തിനുകൂടി ഈ കാര്‍ട്ടൂണ്‍ ഉദാഹരണമാകുന്നു.
എന്നാല്‍ വിപരീതമായ ഒരു വശത്തെ – “ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റിന്റെ ചുമതല ബ്രിട്ടനിലേയോ അമേരിക്കയിലേയോ കാര്‍ട്ടൂണിസ്റ്റുകളെക്കാള്‍ എത്രയോ കനത്തതും അര്‍ത്ഥവത്തുമാണ്. ഈ ചുമത നിര്‍വ്വഹിക്കാമെങ്കില്‍ അവന്റെ കാര്‍ട്ടൂണുകള്‍ ക്ലാസിക്കുകളായി പിറന്നുവീഴും.” എന്ന് വിജയന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വിജയന്റെ ഈ പ്രസ്താവന നമ്മുടെ കാര്‍ട്ടൂണിസ്റ്റുകളെ ഒരു പരിധിവവരെ പ്രതിസ്ഥാനത്തു നിറുത്തുന്നതാണ്. അവര്‍ അന്നന്നത്തെ കൈയ്യടിക്കുവേണ്ടി കോമാളിത്തങ്ങള്‍ കാണിച്ചു കൂടുന്നു. കക്ഷിരാഷ്ട്രീയത്തിന്റെ കള്ളികളിലേക്ക് സ്വയം വലിച്ചെറിഞ്ഞുകൊണ്ട് കീഴ്പ്പെട്ടുകൊടുക്കുന്നു. ഉടമസ്ഥരുടെ താല്പര്യങ്ങള്‍ക്കിണങ്ങുന്ന വിധം തങ്ങളുടെ പെന്‍സിലുകളെ ചെത്തിക്കൂര്‍മ്പിക്കുന്നു. കൈവിട്ടു പോകുന്നതാകട്ടെ സമൂഹത്തോടും കാലത്തോടും അവര്‍ക്കുള്ള അനുകമ്പാര്‍ദ്രമായ ഉത്തരവാദിത്തവും.
ഇങ്ങനെ വിനീത വിധേയനായി വേഷം കെട്ടിയാടുന്ന കാര്‍ട്ടൂണിന് ഉദാഹരണമായി ശബരിമലയില്‍ യുവതിപ്രവേശനത്തിന് അനുകൂലമായ വിധിയുണ്ടാക്കിയ കോളിളക്കത്തെത്തുടര്‍ന്ന് കേരളത്തില്‍ ജാതി മത രാഷ്ട്രീയ സംഘടനകളുടെ കൂട്ടായ്മകളുണ്ടാക്കിയ പ്രതിഷേധങ്ങളുടെ കാലത്ത് മാതൃഭൂമിയില്‍ ഗോപീകൃഷ്ണന്‍ വരച്ച സ്റ്റാച്യൂ ഓഫ് നവോത്ഥാന എന്ന കാര്‍ട്ടൂണിനെ ചൂണ്ടിക്കാണിക്കട്ടെ. എത്ര ഉത്തരവാദിത്തമില്ലായ്മയും അസത്യപ്രഘോഷണവുമാണ് ആ കാര്‍ട്ടൂണില്‍ നിറച്ചിരിക്കുന്നതെന്ന് ആലോചിച്ചു നോക്കുക. കോടതി വിധി നടപ്പിലാക്കാന്‍ ബാധ്യതപ്പെട്ടിരിക്കുന്ന ഒരു മുഖ്യമന്ത്രി തന്റെ കര്‍ത്തവ്യം ചെയ്തുതീര്‍ക്കാന്‍ ശ്രമിക്കുന്നതിനെയാണ്, കേരളത്തിലെ നവോത്ഥാന നായകരെ കാഴ്ചക്കാരാക്കി ക്ഷേത്രങ്ങള്‍ പൊളിച്ചെടുത്ത് സ്വന്തം പ്രതിമയുണ്ടാക്കുവാനുള്ള പ്രയത്നമായി ചിത്രീകരിച്ചിരിക്കുന്നത്.
എത്ര അസംബന്ധമാണതെന്ന് ആലോചിച്ചു നോക്കുക. ഒരു സമുദായത്തെത്തന്നെ പ്രതിക്കൂട്ടിലേക്ക് കയറ്റി നിറുത്തു ജഗുപ്സാവഹമായ മറ്റൊരു കാര്‍ട്ടൂണ്‍ കൂടി കാണുക. വി പി പി മുസ്തഫയുടെ ഒരു പ്രസ്താവന വിവാദമായതിനെത്തുടര്‍ന്നാണ് ഗോപീകൃഷ്ണന്റെ ഈ കാര്‍ട്ടൂണ്‍ പുറത്തുവരുന്നത്. മുസ്തഫ ജനിച്ച മതത്തെക്കൂടി ആക്ഷേപിച്ചുകൊണ്ട് പുറത്തുവന്ന ആ കാര്‍ട്ടൂണ്‍ ഏറെ വിവാദമുണ്ടാക്കി. മുട്ടുകുത്താന്‍ പറഞ്ഞാല്‍ നിലത്തിഴയുന്ന ഇത്തരം കാര്‍ട്ടൂണുകള്‍ എന്താണ് ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന മൂല്യങ്ങളെന്ന ചോദ്യത്തിന് അന്നന്നത്തെ അപ്പം നേടാനുള്ള കുറുക്കുവഴി എന്നതല്ലാതെ വേറെ ഉത്തരമൊന്നുമില്ല.
ഇക്കാലങ്ങളിലെ നമ്മുടെ കാര്‍ട്ടൂണുകള്‍ ജനാധിപത്യത്തെ കൂടുതലായി ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. അര്‍ത്ഥവത്തായ സാമൂഹ്യവിമര്‍ശനത്തിന്റെ തീക്ഷ്ണ സൂര്യനെയാണ് അത് ഉല്പാദിപ്പിക്കേണ്ടത്. അല്ലാതെ സങ്കുചിതമായ കാഴ്ചപ്പാടുകളില്‍ വരയ്ക്കപ്പെടുന്ന കാര്‍ട്ടൂണുകള്‍ നമ്മുടെ മുന്‍ഗാമികളില്‍ പലരും പുലര്‍ത്തിപ്പോരുന്ന വിശാലമായ കാഴ്ചപ്പാടുകളെ ഇല്ലാതാക്കുന്നു. “കാര്‍ട്ടൂണ്‍ വളരുന്നു. കാര്‍ട്ടൂണ്‍ പുതിയ താര്‍ക്കികാവയവങ്ങളെ ഉള്‍ക്കൊള്ളുന്നു. ഇതു കേവലം രൂപനിബദ്ധമായ ഒരു വളര്‍ച്ചയോ പരിഷ്കൃതിയോ അല്ല. മനഷ്യന്റെ പൊതുവിജ്ഞാനീയത്തിനു സംഭവിച്ചിട്ടുള്ള സമഗ്രതയും സങ്കീര്‍ണതയും കാര്‍ട്ടൂണിസ്റ്റിനെയും സ്പര്‍ശിക്കുകയാണെന്ന് മാത്രം. ഈ സ്പര്‍ശം നടന്നില്ലെങ്കിലാകട്ടെ, കാര്‍ട്ടൂണിസ്റ്റ് അധമമായ ഒരു പ്രകാശനശൈലിയുടെ ഉടമസ്ഥന്‍ മാത്രമായി താഴുകയാവും ഫലം,” എന്ന് ഒ വി വിജയന്‍ ചൂണ്ടിക്കാണിക്കുന്നത് മറക്കാതിരിക്കുക.
മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.
അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.