Wed. Jan 22nd, 2025
ഹൈദരാബാദ്:

 

പ്രശ്നങ്ങൾക്കു പരിഹാരമാകാത്തതോടെ ടിഎസ്ആർടിസി ജീവനക്കാരുടെ അനിശ്ചിതകാല സമരം തുടങ്ങിയിട്ട് 18 ആം ദിവസം കഴിയുന്നു. സമരത്തിന് പരിഹാരമാവുന്നില്ലന്നു കണ്ടതോടെ പുതിയ വഴികൾ തേടുകയാണ് ജീവനക്കാർ.

പണിമുടക്കിയ ജീവനക്കാർ താൽക്കാലിക ജീവനക്കാർക്ക്, ബസുകൾ ഓടിക്കരുതെന്ന് അഭ്യർത്ഥിച്ച് പൂക്കൾ സമ്മാനിച്ചു. ഡ്യൂട്ടിയിൽ പങ്കെടുക്കാതെ അവരുമായി സഹകരിക്കണമെന്ന അഭ്യർത്ഥനയോടെ പ്രതിഷേധക്കാർ താൽക്കാലിക ഡ്രൈവർമാരെയും കണ്ടക്ടർമാരെയും കണ്ടുമുട്ടുകയും റോസാപ്പൂക്കൾ നൽകുകയും ചെയ്തു.

ടിഎസ്ആർടിസിയിലെ ഒഴിവുകൾ നികത്തുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുവാൻ കൂടെയാണ് സമരം നടത്തുന്നത്. ഇത് താൽക്കാലിക ജീവനക്കാർക്കും കൂടി ഉപകാരപ്പെടുമെന്ന്, പണി മുടക്കുന്ന തൊഴിലാളികളുടെ സംഘടനയായ ജോയിന്റ് ആക്ഷൻ കമ്മിറ്റി അംഗങ്ങൾ താൽക്കാലിക തൊഴിലാളികളെ അറിയിച്ചു.

നാല്പത്തിയെണ്ണായിരത്തിലധികം ജോലിക്കാർ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതിനായി കഴിഞ്ഞ ഒക്ടോബർ അഞ്ചാം തിയതി മുതൽ പണി മുടക്കിലാണ്. ടിഎസ്ആർടിസി യെ സർക്കാരുമായി ലയിപ്പിക്കണം അത് വഴി തങ്ങളെയും സർക്കാർ ഉദ്യോഗസ്ഥരായി കാണണം എന്നിവയാണ് പണി മുടക്കുന്നവരുടെ പ്രധാന ആവശ്യങ്ങൾ.

എന്നാൽ, സർക്കാർ, സമരത്തിന് എതിരായാണ് നിലപാട് എടുത്തിരിക്കുന്നത്.

നിയമ വിരുദ്ധമായ സമരമാണ് ഇതെന്നും സമരക്കാരുടെ എല്ലാ ആവശ്യങ്ങളും തള്ളുന്നതായും സർക്കാർ അറിയിച്ചു.

“പ്രസിദ്ധീകരിച്ച അവസാന തിയതിക്ക് മുൻപ് ജോലിയിൽ പ്രവേശിക്കാത്ത എല്ലാ ജീവനക്കാരെയും തൽസ്ഥാനത്തു നിന്നും പിരിച്ചു വിടും, നിലവിൽ ജോലിയിൽ കയറിയ 1200 പേർക്ക് തുടരാവുന്നതുമാണ്, ജോലിയിൽ നിന്ന് പിരിച്ചു വിട്ടാൽ ഒരു കാരണവശാലും തിരിച്ചെടുക്കില്ല,” സമരത്തിനെതിരെ നിലപാടുകൾ കടുപ്പിച്ചുകൊണ്ടു മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പറഞ്ഞു.

പ്രതിപക്ഷ പാർട്ടിയുടെയും, വിദ്യാർത്ഥി സംഘടനകളുടെയും, തൊഴിലാളി സംഘടനകളുടെയും പിന്തുണയോടു കൂടി സമരം പുരോഗമിക്കുകയാണെങ്കിലും, പുതിയതായി നിയമിച്ച താൽക്കാലിക ജീവനക്കാരെ വെച്ച് ബസ് നിരത്തിലിറക്കുകയാണ് ടിഎസ്ആർടിസി ഇപ്പോൾ ചെയ്യുന്നത്. നിലവിൽ പോലീസിന്റെ കാവലോടു കൂടിയാണ് 10,500 സർവീസുകൾ നടത്തുന്നത്.

ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാൻ തെലങ്കാന ഹൈക്കോടതി ഇരു പാർട്ടികൾക്കും രണ്ടുതവണ നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും പ്രതിസന്ധി ഒഴിവാക്കാൻ ഇരുപക്ഷവും മുൻകൈയെടുത്തില്ല. സർക്കാരോ ടി‌എസ്‌ആർ‌ടി‌സിയോ ക്ഷണിച്ചാൽ തങ്ങൾ ചർച്ചയ്ക്ക് തയ്യാറാണെന്ന് ജെ‌എസി കൺവീനർ അശ്വത്ഥാമ റെഡ്ഡി പറഞ്ഞു. ചർച്ച നടന്നാലും സമരം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

ജോലി നഷ്ടപ്പെട്ടതിലും സെപ്റ്റംബറിൽ ശമ്പളം ലഭിക്കാത്തതിലുമുള്ള സങ്കടം കാരണം കഴിഞ്ഞയാഴ്ച രണ്ട് ജീവനക്കാർ ആത്മഹത്യചെയ്തിരുന്നു. ഇതിനോടനുബന്ധിച്ച് പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയോടെ സംസ്ഥാന വ്യാപകമായി സർവീസുകൾ നിർത്തി വെക്കുവാൻ ജെഎസി ആഹ്വാനം ചെയ്‌തിരുന്നു, എന്നാൽ സർക്കാർ നിലപാടിൽ നിന്ന് പിന്മാറിയില്ല.

പൊതുതാൽപര്യ വ്യവഹാരങ്ങൾ (പി‌എൽ‌) സംബന്ധിച്ച വാദം

ഒക്ടോബർ 28 ന് ഹൈക്കോടതി പുനരാരംഭിക്കും. പ്രശ്‌നം പരിഹരിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് ഡിവിഷൻ ബെഞ്ചിനെ സർക്കാർ ധരിപ്പിക്കും.

സെപ്റ്റംബറിലെ ശമ്പളം നൽകാൻ ടി‌എസ്‌ആർ‌ടി‌സിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് നാഷണൽ മസ്ദൂർ യൂണിയൻ (എൻ‌എം‌യു) സമർപ്പിച്ച ഹർജിയും ഹൈക്കോടതി ജഡ്ജി പ്രത്യേകം കേൾക്കും. എന്നാൽ തങ്ങൾ ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയുന്ന അവസ്ഥയിലല്ലെന്ന് ടി‌എസ്‌ആർ‌ടി‌സി തിങ്കളാഴ്ച കോടതിയെ അറിയിച്ചു.

ഒരുമാസത്തെ സാലറി കൊടുക്കുവാൻ 239 കോടി രൂപ ആവശ്യമായുണ്ട് നിലവിൽ 7.46 കോടി രൂപ മാത്രമേ തങ്ങളുടെ കൈയിൽ ഉള്ളുവെന്ന് ടിഎസ്ആർടിസി മാനേജിങ് ഡയറക്ടർ സുനിൽ ശർമ്മ അറിയിച്ചു.

ഉത്സവ സീസണിൽ ജീവനക്കാർ നടത്തിയ പണിമുടക്ക് മൂലം ടി‌എസ്‌ആർ‌ടി‌സിക്ക് ഇതുവരെ 125 കോടി രൂപയുടെ നഷ്ടമുണ്ടായി. അദ്ദേഹം കൂട്ടിച്ചേർത്തു.

തിങ്കളാഴ്ച വൈകുന്നേരം ജെഎസി നേതാക്കൾ ഗവർണർ തമിഴ്സായ് സൗന്ദരരാജനെ തങ്ങളുടെ പ്രശ്ങ്ങളിൽ ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ടു സന്ദർശിച്ചു. ഇത് രണ്ടാം തവണയാണ് അവർ ഗവർണറെ സന്ദർശിച്ചത്.

സമരം മൂലം ജനങ്ങൾക്ക് അസൗകര്യം ഉണ്ടാവുന്നത് തടയുവാൻ സർക്കാർ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് അറിയാൻ വേണ്ടി, കഴിഞ്ഞ ആഴ്ച ഗതാഗത മന്ത്രി പി. അജയ് കുമാറിനെ ഗവർണർ വിളിപ്പിച്ചിരുന്നു. എന്നാൽ ടിഎസ്ആർടിസി സ്വീകരിച്ച ബദൽ നടപടികളെക്കുറിച്ചു വ്യക്തമാക്കാൻ സുനിൽ ശർമയെ സർക്കാർ നിയോഗിച്ചു.