Tue. Nov 5th, 2024
റായ് ബറേലി:

 

“മിഷൻ 2022” പ്രചാരണത്തിന്റെ ഭാഗമായി സോണിയ ഗാന്ധിയുടെ മണ്ഡലത്തിലുള്ള ബ്യൂമ ഗസ്റ്റ്ഹൗസിൽ വെച്ച് പ്രവർത്തകർക്കായി സംഘടിപ്പിച്ച മൂന്നു ദിവസ പരിശീലന പരിപാടിയിൽ പ്രിയങ്ക ഗാന്ധി പങ്കെടുത്തു.

പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ. പാർട്ടി നേതാക്കൾ പുതിയതായി നിയമിതരായ ഭാരവാഹികൾക്ക് പുതിയ തന്ത്രങ്ങളെ കുറിച്ചുള്ള കാര്യങ്ങൾ വിശദീകരിച്ചു. മാധ്യമങ്ങൾക്കു വിലക്കേർപ്പെടുത്തി അടച്ചിട്ട മുറിയിലായിരുന്നു പരിശീലനം.

“കൂടുതൽ അറിവുകൾ നൽകുകയും സാമൂഹിക മാധ്യമങ്ങളെക്കുറിച്ചു കൂടുതൽ അവബോധരാക്കുകയുമാണ് പ്രിയങ്ക ഗാന്ധി നയിക്കുന്ന പരിശീലന പരിപാടിയുടെ പ്രധാന ലക്‌ഷ്യം” കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് പങ്കജ് തിവാരി പറഞ്ഞു.

കോൺഗ്രസ്സ് ഉത്തർപ്രദേശ് സംസ്ഥാന അധ്യക്ഷൻ അജയ് കുമാർ ലല്ലുവും പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ (എഐസിസി) ആറിലധികം ഭാരവാഹികൾ 2022 ലെ തിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ തന്ത്രത്തെക്കുറിച്ച് ലല്ലുവിന്റെ ടീമിനെ സജ്ജമാക്കിയെടുക്കുവാൻ പരിശ്രമിക്കുന്നുണ്ട്.

കോൺഗ്രസ് നിയമസഭാംഗങ്ങളായ അദിതി സിങ്ങിനും രാകേഷ് സിങ്ങിനും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നാരോപിച്ച് നോട്ടീസ് അയച്ച സമയത്താണ് പ്രിയങ്കയുടെ “പാഠശാല” സംഘടിപ്പിക്കുന്നത്.

ഈ രണ്ടംഗങ്ങളും പരിപാടിയിൽ പങ്കെടുക്കുന്നുണ്ടോ ഇല്ലയോ എന്ന കാര്യം ഇതുവരെയും പുറത്തുവിട്ടിട്ടില്ല.