Tue. Nov 5th, 2024
ഗുവാഹത്തി:

 
2021 ജനുവരി ഒന്നിന് ശേഷം രണ്ടിൽ കൂടുതൽ കുട്ടികളുള്ള ആളുകൾ സർക്കാർ ജോലികൾക്ക് യോഗ്യരല്ലെന്ന നിർണായക തീരുമാനവുമായി ആസ്സാമിലെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) സർക്കാർ.

ജനസംഖ്യാ വർദ്ധന തടയുകയെന്ന ലക്ഷ്യത്തോടെ തിങ്കളാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 2021 ജനുവരി 1 മുതൽ രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ സർക്കാർ ജോലികൾക്ക് പരിഗണിക്കില്ലെന്ന് മുഖ്യമന്ത്രി സർബാനന്ദ സോനോവാലിന്റെ ഓഫീസ് വക്താവ് അറിയിച്ചു.

ഇതോടൊപ്പം, ഭൂരഹിതരായ തദ്ദേശവാസികൾക്ക് മൂന്ന് ബിഗ കൃഷിസ്ഥലവും വീട് പണിയുന്നതിനായി പകുതി ബിഗയും അനുവദിക്കാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി. എന്നാൽ, ഏറ്റെടുക്കുന്ന ഭൂമി കുറഞ്ഞത് 15 വർഷത്തേക്ക് വിൽക്കാൻ ഗുണഭോക്താക്കൾക്ക് കഴിയില്ല.

2011 ലെ സെൻസസ് പ്രകാരം 31,169,272 ആയിരുന്ന ജനസംഖ്യ, 10 വർഷത്തിനിടെ 16.93 ശതമാനമായി ഉയർന്നതിനാൽ, ജനസംഖ്യാ വർദ്ധന സംബന്ധിച്ച ഒരു നയം 2017 ൽ അസം സർക്കാർ തയ്യാറാക്കിയിരുന്നു.

2016 ൽ അധികാരത്തിൽ വന്ന ആസാമിലെ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ 2017 മാർച്ച് 27 ന് കരട് ജനസംഖ്യാ നയം ആരംഭിച്ചു.

നിയമസഭാംഗങ്ങൾ കുടുംബാസൂത്രണ മാനദണ്ഡങ്ങൾ പാലിക്കണമെന്നും, സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരുമായി ചേർന്ന് ഈ വിഷയം കൈകാര്യം ചെയ്യുമെന്നും അസം ആരോഗ്യ-വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശർമ്മ നേരത്തെ പറഞ്ഞിരുന്നു.

“രണ്ട് കുട്ടികൾ എന്നത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള ഒരു മാനദണ്ഡമായി മാറ്റാൻ ഞങ്ങൾ കേന്ദ്ര സർക്കാരിനോട് നിർദ്ദേശിക്കും. ഒരു സംസ്ഥാന എം‌എൽ‌എ കുടുംബ മാനദണ്ഡങ്ങൾ ലംഘിക്കുകയാണെങ്കിൽ, അദ്ദേഹത്തെ  അയോഗ്യനാക്കുകയും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുകയും വേണം.” ശർമ്മ പറഞ്ഞു.

ഇതിനുപുറമെ, വിധവ പെൻഷനും, ട്രിപ്പിൾ തലാഖ് ഇരകൾക്ക് ആശ്രിത അലവൻസ് അല്ലെങ്കിൽ പെൻഷനും, നൈപുണ്യ നവീകരണ പരിശീലനവും നൽകാനും സംസ്ഥാന സർക്കാർ നിർദ്ദേശിച്ചു. തൊഴിൽ മേഖലകളിൽ സ്ത്രീകളുടെ ക്വാട്ട 50 ശതമാനം വരെ ഉയർത്തുന്നതിനുള്ള നിയമനിർമ്മാണവും സർക്കാർ പരിഗണിക്കും.

രണ്ടു കുട്ടികൾ എന്ന മാനദണ്ഡം നടപ്പിലാക്കാനുള്ള തീരുമാനം പെട്ടെന്നുള്ള നീക്കമല്ല. മറിച്ച് 2017 സെപ്റ്റംബറിലെ യുക്തിസഹമായ പുരോഗതിയാണ് “ആസാമിലെ ജനസംഖ്യയും വനിതാ ശാക്തീകരണ നയവും”.  ഈ നീക്കത്തെ  നിലവിലുള്ള സർക്കാർ ഉദ്യോഗസ്ഥർ അനുകൂലിക്കുകയും പാലിക്കുകയും ചെയ്യണം എന്നാണ് സർക്കാർ തീരുമാനം.

അടുത്തിടെ ജനറൽ വി.കെ സിംഗ്, സഞ്ജീവ് ബല്യാൻ, സത്യപാൽ സിംഗ്, മഹേഷ് ശർമ എന്നിവർ ഉൾപ്പെടെ നിരവധി ബി.ജെ.പി നേതാക്കൾ ഇത്തരം നിയമനിർമ്മാണം ആവശ്യപ്പെട്ട് ഒരു മാർച്ച് സങ്കടിപ്പിച്ചിരുന്നു. ഇന്ത്യയിൽ ജനസംഖ്യാ നിയന്ത്രണത്തിന് പ്രത്യേക നിയമം കൊണ്ടുവരാനുള്ള സാഹചര്യം മനസിലാക്കാനുള്ള ആദ്യപടിയായിരുന്നു ഈ മാർച്ച്.

ബിജെപി നേതാവ് അശ്വിനി ഉപാധ്യായയുടെ ഏകോപനത്തോടെ ജനസഖ്യ സമാധൻ ഫൌണ്ടേഷനാണ് മാർച്ച് സംഘടിപ്പിച്ചത്.

ഇന്ത്യയിൽ 5 കോടി അനധികൃത ബംഗ്ലാദേശികളും റോഹിംഗ്യകളും ഉണ്ട്, ഇത് 125 കോടി എന്ന ഔദ്യോഗിക ജനസംഖ്യ ഉയർത്തുന്നു. ജനസംഖ്യാ നിയന്ത്രണ നിയമത്തിന്റെ ആവശ്യം ശരിവയ്ക്കുന്നതാണ്‌ ഈ സ്ഥിതിവിവരക്കണക്കുകൾ.

രണ്ടിൽ കൂടുതൽ കുട്ടികളുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ പൊതുവിതരണ സമ്പ്രദായ (പിഡിഎസ്) പ്രകാരം, അയോഗ്യരാക്കുക, സാമ്പത്തിക ആനുകൂല്യങ്ങൾ നിഷേധിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ മുന്നോട്ട് വച്ച് കൊണ്ട് ജൂലൈയിൽ ബിജെപി രാജ്യസഭാ അംഗവും ആർ‌എസ്‌എസ് പ്രത്യയശാസ്ത്രജ്ഞനുമായ രാകേഷ് സിൻ‌ഹ ഒരു സ്വകാര്യ ബിൽ അവതരിപ്പിച്ചിരുന്നു.

“ഇന്ന് ഞാൻ എടുത്തുപറയാൻ ആഗ്രഹിക്കുന്ന ഒരു പ്രശ്നമുണ്ട്: ജനസംഖ്യാ വിസ്ഫോടനം. നാം ചിന്തിക്കണം, നമ്മുടെ കുട്ടികളുടെ അഭിലാഷങ്ങളോട് നീതി പുലർത്താൻ കഴിയുമോ? ഈ വിഷയത്തിൽ കൂടുതൽ ചർച്ചയും അവബോധവും നടത്തേണ്ടതുണ്ട്,” ജനസംഖ്യാ വിസ്ഫോടനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ആശങ്ക പ്രകടിപ്പിച്ചതിങ്ങനെയാണ്.