ഷാങ്ഹായ്:
ഇലക്ട്രിക്ക് വാഹന നിർമാണ രംഗത്തെ അതികായരായ ടെസ്‌ലക്കു ചൈനയിൽ പുതിയ നിർമാണ ഫാക്ടറി തുടങ്ങുവാൻ അനുമതി നൽകി ചൈനീസ് സർക്കാർ. അംഗീകൃത ഓട്ടോമോട്ടീവ് നിർമ്മാതാക്കളുടെ സർക്കാർ പട്ടികയിൽ വ്യവസായ, വിവര സാങ്കേതിക മന്ത്രാലയം ടെസ്‌ലയെ ഉൾപ്പെടുത്തി.
വ്യവസായ വിവര സാങ്കേതിക മന്ത്രാലയമാണ് പുതിയ ലിസ്റ്റ് പുറപ്പെടുവിച്ചത്. ചരിത്രത്തിലാദ്യമായാണ് പൂർണമായും വിദേശ ഉടമസ്ഥതയിലുള്ള ഒരു കമ്പനിക്ക് ചൈന നിർമാണ പ്ലാന്റ് സ്ഥാപിക്കുവാൻ അനുമതി നൽകുന്നത്. കാർ വിപണിയിൽ ബെയ്‌ജിങ് സാക്ഷ്യം വഹിക്കുന്ന വിശാലമായ ഒരു മാറ്റമായി ഇതിനെ കാണുവാൻ സാധിക്കും.
“ടെസ്‌ലക്കു എപ്പോൾ വേണമെങ്കിലും അവരുടെ നിർമാണം ആരംഭിക്കാം” ഷാങ്ഹായ് ആസ്ഥാനമായുള്ള കൺസൾട്ടൻസി ഓട്ടോമോട്ടീവ് ഫോർസൈറ്റ് മേധാവി യേൽ ഷാങ് പറഞ്ഞു.
ഈ അംഗീകാരത്തോടു കൂടി, ചൈനയിലെ നിർമാണ പ്ലാന്റ്, ടെൽസയുടെ ആദ്യ വിദേശ പ്ലാന്റ് ആയി മാറും. യൂറോപ്പിൽ വാഹന വിപണി പിടിച്ചെടുക്കുവാൻ വേണ്ടി 2013 ൽ ഹോളണ്ടിലെ റ്റിൽബുർഗിൽ 18,900 ചതുരശ്ര മീറ്റർ സ്ഥലത്തു ടെസ്‌ല തങ്ങളുടെ നിർമാണ പ്ലാന്റ് തുടങ്ങിയിരുന്നു. ടെസ്‌ലക്കു ചൈനയിൽ മൊത്തം 24 വിതരണ കേന്ദ്രങ്ങൾ ഉണ്ടെന്നു ഫോർബ്‌സ് റിപ്പോർട്ട് ചെയ്തു.
“ജിഗാഫാക്ടറി ഷാങ്ഹായ് രൂപം കൊണ്ടുകൊണ്ടിരിക്കുന്നു, നിർമാണ പ്ലാന്റിനായുള്ള ആദ്യഘട്ട ഉപകരണങ്ങൾ ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാതത്തിൽ തന്നെ എത്തിച്ചു. പ്രതി വർഷം 150,000 യൂണിറ്റ് ശേഷിയുള്ള മുൻ മോഡൽ ആയ മോഡൽ 3 ലൈനിനെക്കാളും ലളിതവും ചിലവു കുറഞ്ഞതുമാവും പുതിയ മോഡൽ. മോഡൽ 3 യുടെ രണ്ടാം തലമുറയിലുള്ള പുതിയ രൂപത്തിന്റെ പണി പുരോഗതിയിലാണ്.
യുഎസിലെ പോലെ തന്നെ RMB 328,000 തന്നെ ആയിരിക്കും മോഡലിന്റെ അടിസ്ഥാന വില. പെട്രോൾ വാഹന നിർമാതാക്കളോട് കിടപിടിക്കുന്ന വില തന്നെയാണിത്. കഴിഞ്ഞ വർഷം മാത്രം അഞ്ചു ലക്ഷത്തിലധികം പ്രീമിയം സെഡാൻ മോഡൽ കാറുകൾ ചൈനീസ് ജനത വാങ്ങിച്ചു, ഇങ്ങനെയുള്ള മാർക്കറ്റ് ടെസ്‌ലക്കു ഒരുപാട് പ്രതീക്ഷ തരുന്ന ഒന്നാണ്. ഈ വർഷം അവസാനത്തോട് കൂടി തന്നെ നിർമാണ പ്ലാന്റ് പൂർണ്ണ ഗതിയിലാവും. ജൂൺ 30, 2020 വരെയുള്ള അടുത്ത 12 മാസ സമയത്തു ലോകവ്യാപകമായി 500,000 വണ്ടികൾ ഉത്പാദിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് ടെസ്‌ല അവരുടെ ഓഹരി ഉടമകൾക്ക് ജൂലൈയിൽ അയച്ച കത്തിൽ രേഖപ്പെടുത്തി.