Fri. Nov 22nd, 2024
ലണ്ടൻ:

 
പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പുതിയ ബ്രെക്സിറ്റ് ഇടപാട് തന്റെ മുൻഗാമിയായ തെരേസ മേ നിർദ്ദേശിച്ചതിനേക്കാൾ മോശമാണെന്ന് യുകെയുടെ പ്രധാന പ്രതിപക്ഷ കക്ഷിയായ ലേബർ പാർട്ടിയുടെ നേതാവ് ജെറമി കോർബിൻ ശനിയാഴ്ച പറഞ്ഞു.

യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തു പോകുവാനുള്ള സമയപരിധിയായ ഒക്ടോബർ 31 അടുക്കാനിരിക്കെ, വോട്ടെടുപ്പിൽ വിജയിക്കുന്നതിനായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ ശനിയാഴ്ച രാവിലെ പാർലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.

ബ്രെക്സിറ്റ്‌ കരാറിലൂടെ യുകെയ്ക്കു നിയന്ത്രണം തിരിച്ചു പിടിക്കുവാൻ സാധിക്കുമെന്നും, വടക്കൻ അയർലണ്ടിനും ഇത് ഗുണം ചെയ്യുമെന്നും പാർലമെന്റിനെ അഭിസംബോധന ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

“തെരേസ മേയുടെ കരാറിനേക്കാൾ മോശമാണിത്. പരിസ്ഥിതിക്കുള്ളതോ, തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനോ വേണ്ടിയുള്ള ഒന്നും തന്നെ ഈ കരാറിൽ ഉൾപ്പെടുത്തിയിട്ടില്ല,” മറുപടിയായി കോർബിൻ പറഞ്ഞു.

ജോലിയുടെ സുരക്ഷാ, നാഷണൽ ഹെൽത്ത് സർവീസ്, പരിസ്ഥിതി എന്നിവയെ ഇടപാടിലൂടെ കാര്യമായി ബാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

യൂറോപ്യൻ യൂണിയൻ മാർക്കറ്റിലേക്കുള്ള വഴി ഇതുവഴി കൊട്ടി അടയ്ക്കപ്പെടും. ഒരുപാടുപേരുടെ ജോലി ഇതുവഴി അനിശ്‌ചത്വത്തിലാവും.

പാർലമെന്റിലെ 320 എംപിമാരുടെ പിന്തുണയുണ്ടെങ്കിൽ മാത്രമേ കരാർ പാസ്സാക്കാൻ ജോൺസണ് ആവുകയുള്ളൂ. വൈകുന്നേരം 6.30 കൂടി ഫലം ഔദ്യോഗികമായി പുറത്തിറക്കുമെന്നാണ് കരുതുന്നത്.

“സ്വന്തം പാർട്ടിയിലുള്ള പലരും നിലവിലത്തെ കരാറിനെ അംഗീകരിക്കുന്നില്ല. ബ്രെക്സിറ്റിനെ എതിർക്കുന്നതിൽ ഞങ്ങളുടെ പാർട്ടിയിൽ എതിരഭിപ്രായങ്ങളില്ല,” കോർബിൻ പറഞ്ഞു.

യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടന് പുറത്തു പോകുവാനുള്ള അവസാന ദിവസം ഒക്ടോബർ 31 ആണ്.